അരിയക്കാടൻ അഹമ്മദ് ഹാജി സ്വീകരണമുറിയുടെ ജനലിലൂടെ പുറത്തേക്കുനോക്കി ഇരു ന്നു. ഏതോ ചിന്തയിൽ ആമഗ്നനായിട്ടെന്നപോലെ, നിലത്തുനോക്കി വളരെ സാവധാന ത്തിൽ സാബു നടന്നുനീങ്ങുന്നു. താനവനെ നിരാശപ്പെടുത്തിയോ, ഹാജി സ്വയം ചോദിച്ചു.
വളരെകാലത്തിനു ശേഷമാണ് സാബു കാണാൻ വരുന്നത്, ഏതാണ്ട് രണ്ടു ദശാബ്ദങ്ങൾക്കുശേഷം. അവന്റെ ആവശ്യം വളരെ ലളിതമായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിനുവേണ്ടി സുധീർ മേനോന് നൽകിയ അഭിമുഖത്തിൽ അവന്റെ അച്ഛന്റെ പേര് വ്യക്തമായി പറയരുതായിരുന്നു.
ദേശീയ രാഷ്ട്രീയത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും നീണ്ടകാലമായി ഹാജി നിരതനായിരുന്നു. കഴിഞ്ഞ ആറു ദശാബ്ദങ്ങളായി ജനസേവനമല്ലാതെ മറ്റൊരു പ്രവൃത്തിയും അദ്ദേഹം ചെയ്തിട്ടില്ല. രാഷ്ട്രീയപ്രവേശത്തിന്റെ ആരംഭത്തിൽ നിരവധി പേർ നിരുത്സാഹപ്പെടുത്തിയിരുന്നു, ഇത് ജീവിതലക്ഷ്യമാക്കരുതെന്നു അവർ പറഞ്ഞു. ഗാന്ധിജിയുടെ ആദർശങ്ങൾ പ്രസംഗിക്കാൻ കൊള്ളാം, പക്ഷെ പ്രവൃത്തിയിൽ അനു വർത്തിക്കാൻ പ്രയാസമാണ്. കുടുംബജീവിതത്തിനു വേണ്ട സാമ്പത്തികം അതുകൊണ്ടു നേടാനാകില്ല. ജീവിതത്തിൽ ഒരു കുടുംബജീവിതം വേണ്ട എന്ന് ദൃഢനിശ്ചയം ചെയ്തോ, അവർ ചോദിച്ചു. ഗാന്ധിജി കസ്തുർബയെ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ കൗമാ രപ്രായത്തിലായിരുന്നു. ലണ്ടനിൽപോയി നിയമംപഠിച്ചു ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം, അദ്ദേഹത്തിന് കാര്യമായിട്ടൊന്നും സമ്പാദിക്കാനായില്ല. എന്തിന്, ഭാര്യയ്ക്ക് ചിലവിനു കൊടുക്കാൻപോലും അദ്ദേഹത്തിന്റെ പക്കൽ പണമുണ്ടായിരുന്നില്ല. ഇന്ത്യ വിട്ടു ദക്ഷിണാഫ്രിക്കയിൽ പോയിട്ടും സാമ്പത്തികനിലയിൽ കാര്യമായ വ്യത്യാസമുണ്ടായില്ല. പക്ഷെ ഗാന്ധിജിക്കു നല്ല നിശ്ചയദാർഢ്യമുണ്ടായിരുന്നു. ലക്ഷ്യം നേടാൻ എത്ര കഷ്ട പ്പാടുകൾ സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. അഹമ്മദിന് അത്തരമൊരു ഉറപ്പുണ്ടോ? ഉണ്ടെന്നു ഉറക്കെ പറയാൻ അന്ന് കഴിഞ്ഞില്ല. പക്ഷെ ഒരു കാര്യം തീർച്ചയാക്കിയിരുന്നു, കഴിയുന്നത്ര ഗാന്ധിജിയുടെ പന്ഥാവ് പിന്തുടരണമെന്ന്. യഥാർത്ഥത്തിൽ സാബുവായോ, അയാളുടെ ഏതെങ്കിലും ബന്ധുവായോ ഹാജിക്ക് ഒരു ഇടപാടും മുമ്പ് ഉണ്ടായിട്ടില്ല. എ ന്തെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ അയാളുടെ പിതാവായ ഗോവിന്ദനുമായിട്ടായിട്ടായിരുന്നു. അതിനർത്ഥം ഗോവിന്ദനിൽനിന്ന് എന്തെങ്കിലും ആവശ്യപ്പെടുകയോ, അനുഭവിക്കുകയോ ഉണ്ടെന്നല്ല. ആവശ്യപ്പെടാതെത്തന്നെ ഒരിക്കൽ ഗോവിന്ദൻ തന്റെ ജീവൻ സംരക്ഷിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അതും അക്രമാസക്തമായ ഒരു ജനക്കൂട്ടത്തിൽ നിന്ന്.
വളരെ വർഷങ്ങൾക്കു മുമ്പാണ് ആ സംഭവം ഉണ്ടായത്. പാർട്ടിയിലും ട്രേഡ് യൂണിയൻ രംഗത്തും ഹാജി തന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന കാലത്താണ് അത് സംഭവിച്ചത്. യൂത്തു കോൺഗ്രസിലും നിലമ്പൂരിനു സമീപത്തുള്ള ചായ-റബ്ബർ തോട്ടങ്ങളിലെ ചെറിയ തൊഴി ലാളി സംഘങ്ങളിലും ഊർജ്ജസ്വലതയോടെ അന്ന് പ്രവർത്തിക്കുകയായിരുന്നു. അക്കാലത്ത് പത്തോ പതിനഞ്ചോ കിലോമീറ്റർ ദൂരം കാണും നിലമ്പൂർ ടൗണിൽനിന്ന് അവിടേക്ക്. തൊഴിലാളി സംഘങ്ങളെല്ലാം ഐ എൻ ടി യു സിയുടെ ഘടകങ്ങൾ ആയിരുന്നു. നാമമാത്രമായി ചില റബ്ബർ തോട്ടങ്ങളിൽ സി ഐ ടി യു ബന്ധമുള്ള സംഘങ്ങളും ഉണ്ടായിരുന്നു. അവരുടെ നേതാവായിരുന്നു അലിക്കുഞ്ഞ്. പാർട്ടിയുടെ ശക്തനായ നേതാവും നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയും ആയിരുന്നു അദ്ദേഹം. ഇവരുടെ നേതാക്കൾക്ക് ജീവിക്കാൻ ആവശ്യമായ ഒരു തുക അവരുടെ കേന്ദ്രതൊഴിൽ സംഘടന നൽകിയിരുന്നു. അലിക്കുഞ്ഞ് ഒരു മുൻകാല പട്ടാളക്കാരൻ ആയിരുന്നതിനാൽ അദ്ദേഹത്തിനു കരസേനയുടെ പെൻഷനും ലഭ്യമാ യിരുന്നു.
തിരുവിതാംകൂറിൽ നിന്ന് കുടിയേറി പാർത്തൊരു വ്യക്തിയുടെ വകയായി ഇത്തരം ഒരു എസ്റ്റേറ്റ് ചുള്ളിയോടുണ്ടായിരുന്നു. അവിടുത്തെ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സിയുടെ കീഴിലായിരുന്നു. അവിടെ കയറിപ്പറ്റാൻ സി ഐ ടി യു ശ്രമിച്ചുകൊണ്ടിരുന്ന കാലം. എസ്റ്റേറ്റ് ഉടമ അവിടത്തെ സമ്പ്രദായങ്ങൾ തനിക്ക് അനുകൂലമായ നിലയിൽ മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. റബ്ബർ എസ്റ്റേറ്റിൽ ഇരുന്നൂറ്റമ്പതു വൃക്ഷങ്ങളുടെ കൂട്ടത്തെ ഒരു ബ്ലോക്ക് എന്നാണ് വിളിച്ചിരുന്നത്. ഒരു തൊഴിലാളി പ്രതിദിനം ഒരു ബ്ലോക്ക് ടാപ്പ് ചെയ്യണമെന്നതായിരുന്നു കണക്ക്. ബ്ലോക്കിലെ വൃക്ഷങ്ങളുടെ എണ്ണം ഇരുന്നൂറ്റമ്പതിൽ നിന്ന് മുന്നൂറ് ആക്കാനായിരുന്നു ഉടമയുടെ ഉദ്ദേശ്യം. ഇതിനെ യൂണിയൻ എതിർത്തു. പ്രതിഷേധിച്ച പത്തൊമ്പതു തൊഴിലാളികളെ ഉടമ പിരിച്ചുവിട്ടു. പുതിയ ലക്ഷ്യം പോലെ പണിയെടുക്കാൻ തയ്യാറുള്ളവരെ നൽകാമെന്ന് അലിക്കുഞ്ഞ് വാഗ്ദത്തം നൽകി. അങ്ങ നെ പത്തൊമ്പതു പുതിയ തൊഴിലാളികളുമായി അലിക്കുഞ്ഞ് തന്റെയൂണിയൻ അവിടെ സ്ഥാപിച്ചു. പക്ഷെ അലികുഞ്ഞിന്റെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. പുതിയ തൊഴിലാളികൾ മുന്നൂറ് വൃക്ഷങ്ങൾ ടാപ്പ് ചെയ്യാൻ ആകില്ലെന്ന് തീർത്തുപറഞ്ഞു. അവർ ഹാജിയുടെ യൂണിയനിയിലേക്ക് കാലുമാറി. കുറുമാറിയവരെ സ്വീകരിക്കാനോ തള്ളാനോകഴിയാതെ ഹാജി കുഴങ്ങി. പക്ഷേ അലിക്കുഞ്ഞിന്റെ കോപം തണുപ്പിക്കാൻ അതുകൊണ്ടായില്ല.
ഒരു ദിവസം യൂണിയന്റെ ഒരു യോഗം ഓഫീസിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ചുള്ളിയോട് റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികൾ ആഴ്ചക്കൂലി വാങ്ങാൻ വരുന്ന ദിവസം, അവിടെ അവരെ ആക്രമിക്കാൻ അലിക്കുഞ്ഞ് പദ്ധതിയിടുന്നുണ്ടെന്നുള്ള വിവരം ഹാജി അറിഞ്ഞത്. എന്താണ് അവിടെ സംഭവിക്കുക എന്ന് മുൻകൂട്ടി ചിന്തിക്കാൻ അദ്ദേഹത്തിന്നു കഴിഞ്ഞു. പോലീസ് സംരക്ഷണം ലഭിച്ചേ മതിയാകൂ. നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് പോയി സബ് ഇൻസ്പെക്ടറെ കാണാൻ തീരുമാനിച്ചു. സബ് ഇൻസ്പെക്ടർ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല; വസതിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം തീരെ പ്രതീക്ഷ നൽകുന്നതായിരുന്നില്ല. രണ്ടു കോൺസ്റ്റബിൾമാരെ ചുള്ളിയോട്ടേക്കു അയക്കാമെന്നും അവരുടെ റിപ്പോർട്ട് കിട്ടിയശേഷം, ആവശ്യമെങ്കിൽ, കൂടുതൽ ആളെ അയക്കാം എന്നു മായിരുന്നു പ്രതികരണം. മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ഹാജിക്ക് അനുസരിക്കു കയേ ചെയ്യാമായിരുന്നുള്ളൂ.
മൂന്നുപേരും ചുള്ളിയോട് എത്തിയപ്പോഴേക്കും സ്ഥിതി അല്പംകൂടി വഷളായിരുന്നു. പരി സരത്ത് ചെറിയ സംഘങ്ങളുടെ എണ്ണം കുറേകൂടി വർധിച്ചിരുന്നു. ഹാജിയുടെ കൂട്ടത്തിലും ആൾക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഹാജി അവരെ നോക്കി കൈകൾ വീശി അഭിവാദ്യം ചെയ്തു. അവിടെ ഉണ്ടായിരുന്ന ഐഎൻ ടി യു സി ഓഫീസിലേക്ക് ഹാജി പോലീസുകാരെ കൂട്ടിക്കൊണ്ടുപോയി. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ആയിരുന്നു ഓഫീസ്. താഴെ ഒരു പലചരക്ക് കടയും ഉണ്ടായിരുന്നു.
ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് രണ്ടു പോലീസ്കാർക്ക് കൈകാര്യം ചെയ്യുന്നതിന് അപ്പുറം ആയിരിക്കുമെന്നും പോലീസ്കാർ സമ്മതിച്ചു. സ്ഥലത്ത് ടെലിഫോൺ സൗകര്യമില്ലാത്തതിനാൽ സ്റ്റേഷൻവരെ പോയേ മതിയാകൂ. മടങ്ങിവരുന്നതു വരെ ഹാജി ഓഫീസിൽത്തന്നെ ഇരിക്കണമെന്നും നിർദ്ദേശിച്ചു പോലീസുകാർ യാത്രയായി.
ഒറ്റയ്ക്ക് ഇരിക്കുന്നത് ഈ അവസ്ഥയിൽ പന്തിയല്ലെന്ന് തോന്നിയതിനാൽ താഴെ കൂടിയി ക്കുന്ന സ്വന്തം തൊഴിലാളികളിൽ ചിലരെ ഹാജി മുകളിലേക്ക് വിളിച്ചു. വിരോധപക്ഷ ക്കാർ അക്രമാസക്തരാകാൻ എല്ലാ സാധ്യതയും ഉണ്ടെന്ന് അവർ പറഞ്ഞു. സ്വരക്ഷയ്ക്ക് വേണ്ട ആയുധങ്ങൾ ഇല്ലാത്തതിനാൽ അക്ഷമരായി അവിവേകം കാണിക്കരുതെന്ന് ഹാ ജി അവരെ ഉപദേശിച്ചു. താമസിയാതെ ആരോ അവരുടെ അടച്ചിട്ട വാതിൽ പുറത്തുനിന്ന് പൂട്ടുന്നതിന്റെ ശബ്ദം കേൾക്കാനായി. അവരെല്ലാം പരിപൂർണ്ണ നിശ്ശബ്ദത പാലിച്ചു. അവരുടെ ഹൃദയമിടിപ്പുകൾ മാത്രം കേൾക്കാമായിരുന്നു. പേടിക്കേണ്ടെന്നു ആംഗ്യം കൊണ്ട് ഹാജി അവരെ ധരിപ്പിച്ചു. പകുതി തുറന്നു കിടന്നിരുന്ന ജനലിൽക്കൂടി അലിക്കുഞ്ഞ് തന്റെ ആൾക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നത് ഹാജിക്ക് കാണാമായി രുന്നു. പുറത്തേക്ക് പോകാനുള്ള വഴി പുറത്തുനിന്ന് തടസ്സപ്പെടുത്തിയത് മൂലം ഹാജിക്കും കൂട്ടർക്കും രക്ഷപ്പെടാനുള്ള മാർഗ്ഗം അടഞ്ഞിരുന്നു. അദ്ദേഹം കൂട്ടുകാരോട് മന്ത്രിച്ചു :
“ബേജാറാവേണ്ട. കൂടുതൽ പോലീസുകാർ വരുന്നതുവരെ നമുക്ക് പിടിച്ചുനിന്നേ പറ്റൂ.” തന്റെ നിർദ്ദേശം വളരെ പൊള്ളയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.
പോലീസുകാർ മടങ്ങി വരുമോ? വന്നെങ്കിൽത്തന്നെ എത്ര പേർ വരും? തങ്ങൾ അക്രമിക്കപ്പെടുന്നതിനു മുമ്പ് അവർ എത്തിച്ചേരുമെന്ന് എന്താണ് ഉറപ്പ് ?
അലിക്കുഞ്ഞ് കെട്ടിടത്തിനടുത്ത് നിൽക്കുന്ന അനുയായികൾക്ക് എന്തോ നിർദ്ദേശം നൽകിക്കൊണ്ട് ആംഗ്യം കാണിക്കുന്നത് ഹാജി കണ്ടു. എന്തായിരിക്കും ആ നിർദ്ദേശങ്ങൾ? ഹാജിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. അല്പനിമിഷങ്ങൾക്കുശേഷം, അലിക്കുഞ്ഞ് നിൽക്കു ന്നതിന് അടുത്തുള്ള പെട്രോൾപമ്പിന് അടുത്തുനിന്ന് ഏതാനും പേർ പെട്രോൾകാനുകളു മായി വരുന്നത് ഹാജിക്ക് കാണാനായി.
ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് ജനം ഈ പരിപാടികൾ എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. സാധാരണയായി കാണുന്ന ജനക്കൂട്ടത്തെപ്പോലെ, അവർക്ക് ഒരുകൂട്ടത്തോടും ആഭിമുഖ്യം ഉണ്ടായിരുന്നില്ല.
ഹാജിയുടെ മനസ്സിൽ പെട്ടെന്ന് ഒരു മിന്നൽപ്പിണർ പടർന്നു. തങ്ങൾ ഇരിക്കുന്ന കെട്ടിടത്തിന് തീ വെക്കാനാണ് അവർ പരിപാടിയിടുന്നത് എന്ന് ഹാജിക്ക് വ്യക്തമായി. ഇതായിരിക്കാം അലിക്കുഞ്ഞ് വലിയ കയ്യാംഗ്യങ്ങളോടെ അവരോട് പറഞ്ഞത്.
പെട്ടെന്ന് ആരോ തോക്കുകൊണ്ട് വെടിവെക്കുന്ന ശബ്ദം കേട്ടു. ഇരുട്ടിനോട് അടുക്കുന്ന വെളിച്ചത്തിൽ, അലിക്കുഞ്ഞ് മുട്ടുമടക്കി വീഴുന്നതും പിന്നീട് നിലത്തേക്ക് മലർന്നു വീഴുന്നതും കണ്ടു. അലിക്കുഞ്ഞ് ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ രക്തരുഷിതമായി. ആരാ യിരിക്കും വെടി വെച്ചിരിക്കുക? എന്തിന്?
താഴെ ഒരു കോലാഹലം നടക്കുന്നു അന്ധകാരം മൂലം വ്യക്തമായി ഒന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല. വഴിയോഗങ്ങൾ കുറവാണ് ചുള്ളിയോട് ഗ്രാമത്തിൽ വളരെ അടുത്തു നട ക്കുന്ന കാര്യങ്ങൾ പോലും കാണാൻ കഴിയില്ല. ആരെല്ലാം അലിക്കുഞ്ഞിന്റെ പേര് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ജനക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.
താമസിക്കാതെ ഒരു വലിയ വണ്ടി വരുന്നതിന്റെയും കെട്ടിടത്തിന്റെ മുന്നിൽ നിർത്തുന്നതി ന്റെയും ശബ്ദം കേട്ടു ബൂട്ടുകളുടെ ശബ്ദത്തിൽനിന്ന് പോലീസ്സംഘം സ്ഥലത്തെത്തിയെന്ന് ഹാജിക്ക് മനസ്സിലായി.
വാതിൽ പൂട്ട് പൊളിക്കുന്നതിന്റെ ശബ്ദം ശ്രവിച്ചപ്പോൾ അവരുടെ നട്ടെല്ല് വിറച്ചു. ഇപ്പോൾ എന്തും സംഭവിക്കാം വാതിൽ തള്ളി തുറക്കപ്പെട്ടപ്പോൾ രണ്ടു പോലീസുകാർ അകത്തേക്ക് കയറി. അകത്തുള്ളവരോട് അവരെ പിന്തുടരാൻ ആവശ്യപ്പെട്ടു. ഒരു കോൺസ്റ്റബിൾ മുന്നിൽ നയിച്ചു കൊണ്ടും രണ്ടാമൻ അനുഗമിച്ചും അവരെല്ലാം പുറത്ത് എത്തിയപ്പോൾ താഴെ കുറേ പോലീസുകാർ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു. സബ് ഇൻസ്പെക്ടർ അവരോട് പോലീസ് വാനിൽ കയറാൻ നിർദ്ദേശിച്ചു. വാനിൽ കയറിയ ഉടനെ തന്നെ വാഹനം മുന്നോട്ട് പറന്നു.
മുമ്പ് അവരുടെകൂടെ വന്ന പോലീസുകാരോട് അവിടെ എന്താണ് നടന്നതെന്ന് ഹാജി ചോദിച്ചെങ്കിലും ഉത്തരം കിട്ടിയില്ല. അരമണിക്കൂറിനുള്ളിൽ അവർ നിലമ്പൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു.
സബ് ഇൻസ്പെക്ടർ കുറെ നേരം ഉന്നത അധികാരികളോട് ഫോണിൽ സംസാരിച്ചു. അപ്പോഴെല്ലാം ഹാജി അല്പം വിട്ട് കസേരയിൽ ഇരിക്കുകയായിരുന്നു. ഫോണിൽ കൂടിയുള്ള
സംസാരം കഴിഞ്ഞതോടെ ഇൻസ്പെക്ടറുടെ ഭാവം ആകെ മാറിയതുപോലെയായി. മുൻ പരിചയം അദ്ദേഹത്തിന്റെ വദനത്തിൽ നിന്ന് അപ്രത്യക്ഷമായി. ഹാജിയോട് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ശബ്ദം വളരെ പരുഷമായിരുന്നു. സ്റ്റേഷന്റെ പുറത്ത് നിറുത്തിയിട്ടിരുന്ന വാനിൽ ചെന്ന് കയറാൻ അദ്ദേഹം ആവശ്യപ്പെട്ടു .
“നിങ്ങൾ എവിടേക്കാണ് ഞങ്ങളെ കൊണ്ടുപോകുന്നത്?” ഹാജി ഇൻസ്പെക്ടറോട് ചോദിച്ചു. പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല.
“അലിക്കുഞ്ഞിന് എന്താണ് പറ്റിയത് ? എവിടെയാണ് അയാൾ?” ഹാജി വീണ്ടും ചോദിച്ചു.
സബിൻസ്പെക്ടറുടെ നോട്ടം വളരെ പരുഷമായിരുന്നു. “നിങ്ങൾക്കറിയില്ലേ അയാളെ വെടിവെച്ച ശേഷവും?”
അല്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു, “നിങ്ങളെല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങളെ ജില്ലാജയിലിലേക്ക് കൊണ്ടുപോകുന്നു. ഇപ്പോൾ പോയി
വാനിൽ കയറണം.”
ഇത് കേട്ടപ്പോൾ ഹാജിയുടെ കൂടെ ഉണ്ടായിരുന്നവർ ഉറക്കെ നിലവിളിച്ചു.
“നിങ്ങൾ തമാശ പറയുകയാണ്.” ഹാജി തുറന്നു പറഞ്ഞു. “നിങ്ങളുടെ കോൺസ്റ്റബിൾ ചുള്ളിയോട്ടിലെ ഞങ്ങളുടെ മുറിക്കുള്ളിൽ ഇരിക്കാനാണ് പറഞ്ഞത്. ആരാണ് ഞങ്ങളെ അകത്തു പൂട്ടിയിട്ടത് എന്ന് ഞങ്ങൾക്കറിയില്ല. ആരാണ് പൂട്ടു തുറന്നു ഞങളെ പുറത്തേക്ക് കൊണ്ടുവന്നത് എന്ന് ഞങ്ങൾക്കറിയില്ല. ഇപ്പോൾ നിങ്ങൾ പറയുന്നു, ഞങ്ങളെ അറസ്റ്റ് ചെയ്തു എന്ന്. ഏതു കുറ്റത്തിന്? അലി കുഞ്ഞിനെ ഞങ്ങൾ വെടിവെച്ചെന്നാണോ നിങ്ങൾ പറയുന്നത് ?”
“നിങ്ങളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ ഞാൻ ആളല്ല.” സബ് ഇൻസ്പെ ക്ടറുടെ ഉത്തരം ദൃഢം ആയിരുന്നു. “ഇപ്പോൾ നിങ്ങളുടെ പേരും അഡ്രസ്സും സ്റ്റേഷൻ ക്ലാർക്കിന്നു പറഞ്ഞുകൊടുക്കണം. എന്നിട്ട് വാനിൽ കയറണം, ഞാൻ പറയുന്നു.”
ഹാജിയുടെ ആൾക്കാർക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവർ, ഹാജിയുടെ മുഖത്ത് നോക്കി, എന്തു ചെയ്യണം എന്നറിയാൻ. അവരിൽ പലരും വീട്ടിൽനിന്ന് ഇറങ്ങു മ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്നുപോലും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ഏതാനും നിമിഷങ്ങൾ ആലോചിച്ചശേഷം ഹാജി പറഞ്ഞു , “ഞങ്ങൾ ആരും ഒരു കുറ്റവും ചെയ്തിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ ഓഫീസിനുള്ളിൽ ആയിരുന്നു. അതും നിങ്ങളുടെ ആൾ ക്കാർ പറഞ്ഞിട്ട്. എന്തെങ്കിലും കുറ്റം ചെയ്യാൻ ഞങ്ങളുടെപക്കൽ ആയുധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവരോട് എങ്ങോട്ടാണ് പോകുന്നത് എന്ന് പലരും പറഞ്ഞിട്ടു പോലുമില്ല. ഞങ്ങളെ കോഴിക്കോട്ടേക്കു കൊണ്ടുപോയാൽ ഞങ്ങൾ എവിടെയാണെന്ന് അവർ എങ്ങനെ അറിയും?”
“അതൊന്നും എനിക്കറിയില്ല. ഇപ്പോൾ ഞാൻ പറയുന്നത് കേട്ട് വാനിൽ കയറുക. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും.” എസ് ഐ എല്ലാ വരും കേൾക്കാനായി ഉറക്കെ പറഞ്ഞു.
വാനിൽ കയറുന്നതിനു മുമ്പായി ക്ലാർക്ക് എല്ലാവിവരങ്ങളും ശേഖരിച്ചു. പുറത്തു വന്നപ്പോൾ, നിരവധി വ്യക്തികൾ അവരെ നിരീക്ഷിച്ച് അവിടെ നിൽപ്പുണ്ടായിരുന്നു. ആ കാംക്ഷയും ആശങ്കയും അവരുടെ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു.
അവരിൽ ഒരാളുമായി ഹാജിക്ക് മുഖപരിചയം ഉണ്ടായിരുന്നു. കൈമാടി i വിളിച്ചപ്പോൾ അയാൾ അരികെ വന്നു. ഹാജിയുടെ വീട്ടിൽ പോയി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കോഴിക്കോട്ടേക്കു കൊണ്ടുപോയെന്നും പിന്നീട് ചുള്ളിയോട് പോയി അതേപോലെ വിവരം കൂടെയുള്ളവരുടെ വീട്ടിൽ അറിയിക്കാൻ ഏർപ്പാട് ചെയ്യണമെന്നും അദ്ദേഹം ചട്ടം കെട്ടി. ഹാജിയും കൂട്ടരും വാനിൽ കയറി. വാൻ സാവധാനത്തിൽ മുന്നോട്ട് നീങ്ങി. സബ് ഇൻസ്പെക്ടർ തങ്ങളുടെ കൂടെ വാനിലില്ലെന്ന് ഹാജിക്ക് മനസ്സിലായി.
കുതിച്ചു പായുന്ന വാനിൽ ഹാജിയുടെ കൂട്ടുകാർ തമ്മിൽ തമ്മിൽ വർത്തമാനം പറയാൻ തുടങ്ങി. കുടുംബാംഗങ്ങളെ കുറിച്ച് അവർ അങ്കലാപ്പിലായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഇതുവരെ യാതൊന്നും തന്നെ വിശപ്പു മാറ്റാൻ കഴിച്ചില്ലെന്ന് അവർ മറന്നു പോയിരുന്നു. ഇപ്പോൾ വിശപ്പ് അവരെ ആക്രമിച്ചു. അവരിൽ അധികം പേരുടെ പോക്കറ്റിലും പണം ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടാൽ ആരാണ് ഭക്ഷണം നൽകുക എന്നതിനെപ്പറ്റി അറിവും ഇല്ല. കോഴിക്കോട്ടെത്തിയാൽ അവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് പറഞ്ഞു ഹാജി അവരെ സമാധാനിപ്പിച്ചു. വിവരങ്ങളെല്ലാം കുടുംബാംഗങ്ങളെ അറിയി ക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് കൂടി പറഞ്ഞപ്പോൾ അവർക്ക് സമാധാനമായി. അപ്പോ ഴാണ് അവരെങ്ങനെ ചുള്ളിയോട് എത്തിയതെന്ന് അന്വേഷിച്ചില്ലെന്ന് ഹാജി ഓർത്തത്. ഹാജിയുടെ ജീവൻ എങ്ങനെയും എടുക്കാൻ വിരോധികൾ തീരുമാനിച്ചിട്ടുണ്ടെന്ന കിംവദന്തി രാവിലെത്തന്നെ പരന്നിരുന്നു എന്നാണ് അവർ അറിയിച്ചത്. ചുള്ളിയോട്ട് അവരുടെ പാർട്ടി വളരണമെങ്കിൽ ഹാജി ജീവനോടെ ഉണ്ടാകരുതെന്ന് അവർ മനസ്സിലാക്കിയിരുന്നു, പ്രത്യേകിച്ചും സംസ്ഥാനം അവരുടെ പാർട്ടി ഭരിക്കുമ്പോൾ അത് അനുവദിക്കാൻ വയ്യ.
കോഴിക്കോട് പോലീസ് സ്റ്റേഷനിൽ അവർക്ക് വളരെ നേരം നിൽക്കേണ്ടിവന്നു. ഹാജി ക്കെങ്കിലും ഇരിക്കാൻ ഒരു കസേര നൽകണമെന്ന് അവരിൽ ഒരാൾ പോലീസിനോട് അപേക്ഷിച്ചു. എപ്പോഴാണ് ഭക്ഷണം ലഭിക്കുക എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്. രണ്ടുകൂട്ടർക്കും യാതൊരു പ്രതികരണവും ലഭിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവരെല്ലാം അവിടവിടെ നിലത്തു ഇരിക്കാൻ തുടങ്ങി. ഈ പ്രവൃത്തി പോലീസുകാരെ പ്രകോപിപ്പിച്ചു. എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ ഒരു പോലീസുകാരൻ കൽപ്പിച്ചു. ഹാജിയുടെ കൂട്ടു കാരിൽ അധികവും എസ്റ്റേറ്റ് തൊഴിലാളികൾ ആയിരുന്നതിനാൽ പോലീസ് സ്റ്റേഷനിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിവുള്ളവരായിരുന്നില്ല. അവർ പോലീസുകാരെ ശകാരിക്കൻ തുടങ്ങിയപ്പോൾ ഒരു ഇൻസ്പെക്ടർ അവരെ ഒരു ഹാളിലേക്കു് മാറ്റി. അവർ അവിടെ ഇരുന്നപ്പോൾ, ഒരു കോൺസ്റ്റബിൾ അവരെ പുറത്തുനിന്നു പൂട്ടി സ്ഥലം വിട്ടു.
ഒരു കാര്യം വ്യക്തമായി, അന്നവർക്ക് ഭക്ഷണം കിട്ടാനുള്ള സാധ്യത കുറവാണ്. ആരോടാണു ആക്ഷേപം ബോധിപ്പിക്കുക? ഒരു മൂലയിൽ ഒരു മൺകുടവും അതിൽ വെള്ളവുമുണ്ടായിരുന്നു. കുറച്ചു പേർക്കുമാത്രം അല്പാല്പം വെള്ളം ലഭിച്ചു. അധികം പേർ ഉണ്ടായിരുന്നതിനാൽ എല്ലാവർക്കും വെള്ളം ലഭ്യമായില്ല.
മറ്റൊരു കാര്യവും വ്യക്തമായി. ഉടൻതന്നെ ഇതിലും കടുപ്പമായ നടപടികൾ ഉണ്ടായേക്കാം. അങ്ങനെയാണെങ്കിൽ അവയെ എങ്ങനെ നേരിടാഠ. എന്നതിനെക്കുറിച്ചു ഒരു ജ്ഞാനവും ഉണ്ടായിരുന്നില്ല, ചില പുസ്തകങ്ങളിൽനിന്നു വായിച്ചറിഞ്ഞതൊഴിവാക്കിയാൽ. വിശേഷാൽ ഒന്നും ഉണ്ടായതായി കരുതി സാധാരണപോലെ പെരുമാറുകതന്നെ.
അല്പംകഴിഞ്ഞു ഒരു കോൺസ്റ്റബിൾ വന്ന് ആർക്കെങ്കിലും കക്കൂസ് ഉപയോഗിക്കണമേന്നുണ്ടോ എന്നന്വേഷിച്ചു. പിടിച്ചു നിറുത്താനാകാതെ അവർ ഹാൾ വൃത്തിക്കേടാക്കിയാലോ എന്ന് പേടിച്ചിട്ടാകണം. മിക്കവരും കക്കൂസിൽ പോകാൻ മുന്നോട്ടു വന്നു. ഹാജിയുടെ ഊഴം വന്നപ്പോൾ അനുഗമിച്ച പോലീസുകാരനെ മുഖപരിചയം ഉണ്ടെന്നുകണ്ട്, എന്തിനാണ് അവരെ അവിടെ വെച്ചിരിക്കുന്നത് എന്നും എന്ത് കുറ്റമാണ് അവരുടെ മേൽ ചാർത്തപ്പെടുത്തുന്നതെന്നും സൗഹൃദഭാവത്തിൽ ചോദിച്ചു. ദയ തോന്നിയിട്ടായിരിക്കണം അയാൾ മന്ത്രിക്കുന്നതുപോലെ പറഞ്ഞു, എം എൽ എയെ വധിക്കാൻ ഗൂഢാലോചന ചെയ്തെന്ന കുറ്റമാണ് അവരുടെ മേൽ ചാർത്തപ്പെടുന്നതെന്ന്. നിലമ്പൂരിൽ സർക്കാർ ആസ്പത്രിയിലെ ഡോക്ടറോട് അലിക്കുഞ്ഞു മൊഴി` കൊടുത്തിട്ടുണ്ടത്രെ, അഹമ്മദ് ഹാജിയാണ് അദ്ദേഹത്തിന് നേരെ വെടി വെച്ചതെന്ന്. ഇക്കാര്യം ആരോടും പറയരുതെന്നും, താനാണ് ഇത് പറഞ്ഞതെന്ന് പുറത്തറിഞ്ഞാൽ ജോലിക്ക് പ്രശ്നങ്ങളുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
മുൻപ് കരസേനയിൽ ജോലി ചെയ്ത് പിരിഞ്ഞു വന്നവനും ഇപ്പോൾ എം എൽ എയും ആയ അലിക്കുഞ്ഞു ഇങ്ങനെ ഒരു കല്ലുവച്ച നുണ പറഞ്ഞെന്നു കേട്ടപ്പോൾ ഹാജി നടുങ്ങിപ്പോയി, പ്രത്യേകിച്ചും രണ്ടുപേരും അന്യോന്യം നന്നായി അറിയുന്ന സ്ഥിതിക്ക്. അന്ന് രാത്രി അദ്ദേഹത്തിന്നു തീരെ ഉറങ്ങാൻ കഴിഞ്ഞില്ല, കൂടാതെ അത്താഴവും കഴിച്ചിട്ടില്ലല്ലോ.
അടുത്ത പ്രഭാതത്തിൽ ഹാജി അനുയായികൾക്ക് നിർദ്ദേശം നൽകി അവരാരും ഒരു കാരണവശാലും നേരിട്ട് അറിയാത്ത ഒരു കാര്യവും പോലീസ് ചോദിച്ചാൽ പറഞ്ഞുപോകരുതെന്ന്. മറ്റുള്ളവർ പറഞ്ഞത് കേട്ട് സത്യമെന്ന് വിചാരിച്ചു പറഞ്ഞാൽ അത് അപകടത്തെ ക്ഷണിച്ചുവരുത്തുമെന്നു അദ്ദേഹം താക്കീതു നൽകി.
അടുത്തദിവസം ഏതാണ്ട് പത്തുമണിക്ക്, അലിക്കുഞ്ഞിനെ മഞ്ചേരി താലൂക്ക് ആസ്പത്രിയിൽ അത്യന്തം അവശനിലയിൽ എത്തിച്ചിട്ടുണ്ടെന്നും അവിടെയും അലിക്കുഞ്ഞി മുമ്പത്തെപ്പോലെ മൊഴി നൽകിയിട്ടുണ്ടെന്നും ഹാജി അറിഞ്ഞു. അവിടേയും കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. അലിക്കുഞ്ഞു അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിൽനിന്ന് മൊഴിയെടുക്കാൻ രണ്ടു തവണ വന്ന മജിസ്ട്രേറ്റിനു ഇതുവരെ അതിനു കഴിഞ്ഞിട്ടില്ലെന്നും അറിഞ്ഞു.
വൈകുന്നേരത്തോടെ മരണമൊഴി നൽകാനാകാതെ അലിക്കുഞ്ഞി ഈ ലോകം വിട്ടു പോയെന്നു ഹാജിയും കൂട്ടരും മനസ്സിലാക്കി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ കൂട്ടാളികളും അവരുടെ മൊഴികൾ നൽകി, ഹാജിയെ ആക്രമിക്കാൻ വിരോധികൾ പദ്ധതി ഇട്ടിട്ടുണ്ടെന്നുള്ള കിംവദന്തി കേട്ട് അദ്ദേഹത്തെ സഹായിക്കാനാണ് തങ്ങൾ വന്നതെന്നും, തങ്ങളിലാരുംതന്നെ ആയുധങ്ങൾ കൊണ്ടുവന്നിരുന്നില്ല എന്നതുതന്നെ അതിന്നു തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ മൊഴിയിൽ ഹാജി ചൂണ്ടിക്കാണിച്ചു, താനാണ് യഥാർത്ഥത്തിൽ പരാതിക്കാരനെന്നും അന്നത്തെ സായാഹ്നത്തിൽ രണ്ടു പോലീസുകാർ തന്നെ അനുഗമിച്ചു ചുള്ളിയോട്ടിൽ എത്തിയിരുന്നുവെന്നും അവർ തന്നെ തന്റെ യൂണിയൻ ഓഫീസിൽ ഇരുത്തി പുറത്തുനിന്നു വാതിലടച്ചെന്നും, അവരാണ് വാതിൽപൂട്ട് പൊളിച്ചു തന്നെ രക്ഷിച്ചതെന്നും എന്നുള്ള വിശദവിവരങ്ങളോടെ, ജീവിതത്തിൽ ഇന്നേവരെ ഒരു തോക്ക് കൈകൊണ്ടു തൊട്ടിട്ടില്ലെന്നും തനിക്കു തോക്കു കയ്യിൽ വെക്കാനുള്ള ലൈസൻസ് ഇല്ലെന്നും പ്രത്യേകം പരാമർശിച്ചിരുന്നു.
അങ്ങനെ, ഹാജി പറഞ്ഞതെല്ലാം പൊളിയാണെന്ന് തെളിയിക്കേണ്ടത് പോലീസിന്റെ ചുമതലയായി മാറി.
അഹമ്മദ് ഹാജിക്ക് വേണ്ടി പ്രശസ്ത ക്രിമിനൽവക്കീലായ അയ്യപ്പനും മറ്റുള്ളവർക്കായി വക്കീൽ രത്നസിംങ്ങും ഹാജരായി. കോഴിക്കോട് ജില്ലാ സെഷൻസ്കോർട്ടിലായിരുന്നു വിചാരണ. വിചാരണയ്ക്ക് മുമ്പ് അയ്യപ്പനും ഹാജിയും തമ്മിൽ കണ്ടപ്പോൾ, സത്യം മാത്രം പറയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കിംവദന്തികൾ പൂർണ്ണമായും ഒഴിവാക്കണം. സത്യം മാത്രമേ അവസാന വിജയം വരിക്കൂ. എല്ലാ വിവരങ്ങൾക്കും തെളിവുകളുടെ പിന്തുണ വേണം, അദ്ദേഹം നിഷ്കർഷിച്ചു.
യൂണിയൻ ഓഫീസിൽ പ്രവേശിക്കുന്നതിനു മുമ്പോ അതിനുശേഷമോ ഹാജിയുടെയും അനുചാരന്മാരുടെയും പക്കൽ ഒരുവിധത്തിലും ഉള്ള ആയുധങ്ങളും ഉണ്ടായിരുന്നില്ലേ എന്നും അവരിൽ നിന്ന് എപ്പോഴെങ്കിലും ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടോ എന്നും ചോദിച്ചപ്പോൾ ഉത്തരം നിഷേധമായിരുന്നു. എങ്കിൽ ഭയപ്പെടാനില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം പ്രൊഫസ്സർ തന്നെ കാണാൻ വന്നിരുന്നെന്നും അദ്ദേഹത്തിന്റെ അറിവിൽ നിലമ്പൂർ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ത്തന്നെ അലികുഞ്ഞിന്നു ബോധം ഉണ്ടായിരുന്നില്ല എന്നും മരിക്കുന്നതുവരെ അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയിരുന്നില്ല എന്നും വക്കീൽ അയ്യപ്പൻ ഹാജിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ, ഡോക്ടർമാർക്ക് മൊഴി നൽകിയെന്ന് പറയുന്നത് വ്യാജമായിരിക്കാമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, ഡോക്ടർമാർക്ക് നൽകിയെന്ന് പറയപ്പെടുന്ന മൊഴി ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആയിരുന്നില്ല എന്നതുകൊണ്ട് ആ മൊഴികൾ കോടതി തെളിവായി സ്വീകരിക്കില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മജിസ്ട്രേറ്റ് രണ്ടുതവണ വന്നെങ്കിലും അലിക്കുഞ്ഞു അബോധാവസ്ഥയിൽ ആയിരുന്നതിനാൽ മൊഴിയെടുപ്പ് നടന്നില്ല. അലിക്കുഞ്ഞിന്റെ പാർട്ടിയാണ് അധികാരത്തിൽ ഉണ്ടായിരുന്നത് എന്നതുകൊണ്ട് പോലീസിന്റെ പ്രസ്താവന കെട്ടിച്ചമച്ചതാണെന്ന് വാദിക്കാൻ കഴിയും.
വിചാരണ അവസാനിച്ചപ്പോൾ, വിധി ഹാജിക്കും കൂട്ടർക്കും അനുകൂലമായിരുന്നു. ഹൈക്കോടതിയിൽ അപ്പീലിന്നു പോയപ്പോഴേക്കും ഭരണയന്ത്രം കൈമാറപ്പെട്ട് ഹാജിയുടെ
പാർട്ടി അധികാരത്തിലെത്തിയിരുന്നു. എന്നിരുന്നാലും, ആ തെരഞ്ഞെടുപ്പിൽ ഹാജി പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നില്ല. സ്ഥാനാർത്ഥിയായ വ്യക്തി വിജയിക്കുകയും ചെയ്തു.
അലിക്കുഞ്ഞിന്റെ മരണം ഉയർത്തിയ കൊടുങ്കാറ്റ് അണഞ്ഞ് ഏറെ താമസിയാതെ മറ്റൊരു കൊലപാതകം ഏറനാടിനെ വിറപ്പിച്ചു. വിചാരണ കാലത്ത് സെഷൻസ്കോർട്ടിൽ നിത്യം കണ്ടിരുന്ന ഒരു വ്യക്തിയും, പിന്നീട് ഹാജിയുടെ പാർട്ടിയുടെ ചൊടിയുള്ള ഒരു പ്രവർത്തകനുമായിത്തീർന്ന ഗോവിന്ദൻ എന്നൊരാൾ ഒരു അജ്ഞാത വ്യക്തിയാൽ അർദ്ധരാത്രിയുടെ അന്ധകാരത്തിൽ കുത്തിപരിക്കേൽപ്പിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന തദ്ദേശവാസികൾ ഒട്ടും വൈകാതെ അയാളെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് അന്വേഷിക്കാൻ എത്തിയ പോലീസിന്റെ മുമ്പിൽ എന്തെങ്കിലും മൊഴി നൽകാൻ മാത്രമല്ല, കുത്തിയ ആളുടെ പേര് പറയാൻ പോലും അയാൾ തയ്യാറായില്ല.
ഈ കാര്യം അറിഞ്ഞപ്പോൾ, ഗോവിന്ദനെ പോയി കാണാൻ അഹമ്മദ് ഹാജി തീരുമാനിച്ചു. ആശുപത്രിയിൽ എത്തി ഗോവിന്ദനെ കിടത്തിയ മുറിയിൽ എത്തിയപ്പോൾ, അയാൾ പുഞ്ചിരി തൂകി സ്വീകരിച്ചു. കുത്തിയ ആളെ തിരിച്ചറിഞ്ഞോ എന്ന ചോദ്യത്തിന് അനുകൂലമായി തലയാട്ടി. പക്ഷെ പേര് പറയാൻ വിസമ്മതിച്ചു. എന്തുകൊണ്ട് പോലീസിനോട് പേരു പറഞ്ഞില്ലെന്ന് ചോദിച്ചപ്പോൾ, അല്പനേരം മൗനം പാലിച്ച ശേഷം, തനിക്ക് പോലീസിൽ വിശ്വാസമില്ലെന്ന് അയാൾ പറഞ്ഞു. അലിക്കുഞ്ഞിനെ വെടിവെച്ച ദിവസം അക്കുറ്റത്തിന് ഹാജിയെ അവർ പ്രതിയാക്കിയപ്പോൾ, കുറ്റം നേരിട്ട് സമ്മതിക്കാൻ സ്റ്റേഷനിൽ പോയതാണ്. പക്ഷെ അവർക്ക് താൻ പറയുന്നത് കേൾക്കേണ്ട; തന്നെ അവിടെ നിന്ന് ഓടിക്കുകയാണ് ഉണ്ടായത്. അവർ തന്റെ പേര് പോലും ചോദിച്ചില്ല. എന്തിനാണ് അലിക്കുഞ്ഞിനെ വെടിവെച്ചത്; പ്രത്യേകിച്ച് അവർ തമ്മിൽ യാതൊരു ശത്രുതയും ഇല്ലാതിരിക്കെ? ഹാജിയെ രക്ഷിക്കാൻ വേണ്ടിയല്ല താൻ വെടിവെച്ചത്. യൂ നിയൻ ഓഫീസിലുണ്ടായിരുന്ന 21 പേരുടെ ജീവൻ രക്ഷിക്കാനാണ്. അവരെന്തു തെറ്റാണ് അലിക്കുഞ്ഞിനോട് ചെയ്തത്? താൻ അവിടെ എത്തിയപ്പോൾ അറിഞ്ഞു, മുകളിലുള്ള ആരും രക്ഷപ്പെടാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടിട്ട് പൂട്ടിയതാണെന്ന്. അവരെ കൊന്നിട്ടു വേണോ അലിക്കുഞ്ഞിനു യൂണിയൻ ശക്തിപ്പെടുത്താൻ? അലിക്കുഞ്ഞിന്റെ ആളുകൾ പെട്രോളും കൊണ്ടുവരുന്നത് കണ്ടപ്പോൾ വ്യക്തമായി, കെട്ടിടത്തിന് അവർ തീ വെക്കാൻ പോവുകയാണെന്ന്. മനുഷ്യജീവൻ അവർക്ക് നിസ്സാരമാണെന്ന്.
തന്റെ തോക്കിൽ ഒന്നോ രണ്ടോ തിരകളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അത്രയും ആളുകളെ തടയാൻ കഴിയില്ല. അതിനാലാണ് അലിക്കുഞ്ഞിന്നു നേരെ ഉന്നം വെച്ചത്. അയാൾ വീണതോടെ തീവെപ്പുശ്രമം പാളി. തന്റെ ലക്ഷ്യം ഫലിച്ചു. പുറത്തുവന്നാൽ തന്നെ കുത്തിയവനെ താൻ നേരിട്ട് കാണുന്നുണ്ട്.
“നിങ്ങളെ രക്ഷിക്കാൻ ഞാനൊന്നും ചെയ്തിട്ടില്ല. എന്നെപ്പോലുള്ള എന്റെ നാട്ടുകാരെ രക്ഷിക്കാനാണ് ഞാൻ വെടിവെച്ചത്. എനിക്കതിൽ ഖേദമില്ല. എന്നെ ആക്രമിച്ച ആളുടെ പേർ നാട്ടുകാർ അറിയണമെന്ന് എനിക്ക് വിചാരമില്ല. അയാൾ അജ്ഞാതനായിരിക്കട്ടെ. അവനെ ഞാൻ വേണ്ട വിധത്തിൽ കണ്ടോളാം.” ഗോവിന്ദൻ സംസാരം നിറുത്തി.
ഹാജി നിരാശനായി ആശുപത്രിയിൽ നിന്നിറങ്ങി. ഗോവിന്ദനെ കുറിച്ച് ഓർത്ത് അദ്ദേഹം അഭിമാനം കൊണ്ടു. അയാൾ തന്നിൽനിന്നു ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല.
പിറ്റേദിവസം അറിഞ്ഞു, അസുഖം മൂർച്ഛിച്ചു രാത്രി ഗോവിന്ദൻ മരിച്ചുപോയെന്ന്. ഗോവിന്ദനെ കൊന്ന ആൾ ഇന്നും അജ്ഞാതനായിരിക്കുന്നു. ഗോവിന്ദന് അയാളെ വേണ്ട പോലെ കാണാൻ കഴിഞ്ഞില്ല.
ഇതെല്ലാം കഴിഞ്ഞിട്ട് അമ്പതിലേറെ വർഷം കഴിഞ്ഞു. ഹാജി ആത്മകഥ എഴുതി കൊണ്ടി രിക്കുകയാണെന്ന് വാർത്ത പരന്നപ്പോൾ, മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകൻ അഭിമുഖം നടത്താൻ വന്നു. ഗോവിന്ദന്റെ പങ്ക് അതിലുണ്ടായിരിക്കുമോ എന്ന് അയാൾക്ക് അറിയണം. തീർച്ചയായും എന്നായിരുന്നു ഹാജിയുടെ മറുപടി.
ഇപ്പോൾ സാബു വന്നത് അയാളുടെ അച്ഛന്റെ നാമം ആത്മകഥയിൽ പ്രത്യക്ഷ പ്പെടരുതെന്ന് അപേക്ഷിക്കാനാണ്. പേര് വെളിപ്പെട്ടാൽ, അത് കുടുംബത്തിന്റെ പേര് എന്നെന്നേക്കുമായി കളങ്കപ്പെടുത്തുമെന്ന് അവർ കരുതുന്നു. പേര് പരസ്യപ്പെടുത്തില്ലെന്ന് ഹാജി അവന് വാക്ക് നൽകി .
എന്റെ കുട്ടീ, ഉത്കണ്ഠ കൂടാതെ വീട്ടിൽ പൊയ്ക്കോളൂ. നിന്റെ അച്ഛന്റെ നാമം ഞാൻ വെളിപ്പെടുത്തില്ല. പക്ഷെ അദ്ദേഹത്തിന്റെ സൽകർമ്മം ലോകം അറിയണം.
BY- സത്യനാഥൻ

