അഖിലം മധുരം –

by Kerala In Mumbai
0 comments

ആൾത്തിരക്കെല്ലാമൊഴിഞ്ഞ് പച്ചപ്പ് നിറഞ്ഞ പാടത്തിനരികിലായി ഭഗവാൻ ഏകാന്ത ധ്യാനത്തിലിരിക്കുന്ന, ഈ ക്ഷേത്രമെന്നും തൃശൂർ കേരള വർമ്മ കോളേജിലേ പഠന കാലത്തിൻ്റെ ഓർമ്മച്ചെപ്പിലെ ശേഷിപ്പായി , ഇപ്പോഴും അവിടെ, യാതൊരു മാറ്റവുമില്ലാതെ നില കൊള്ളുന്നു. സ്വച്ഛമായിരിക്കുന്ന ഭഗവാനോട് സല്ലപിക്കാൻ വരുന്നത് വളരെ കുറച്ചു പേർ മാത്രം . അവരോട് ഭഗവാൻ യഥേഷ്ടം സല്ലപിക്കും , മനസ്സു നിറയും വരെ. അവിടമാകെ കുളിർ നിലാവ് പരക്കുന്ന പ്രതീതി. പ്രാർത്ഥിച്ചു നിൽക്കുന്ന അയാളെ സശ്രദ്ധം വീക്ഷിച്ചു കൊണ്ട് പ്രായം ചെന്ന, മെലിഞ്ഞ പ്രകൃതക്കാരനായ ശാന്തിക്കാരൻ തീർത്ഥവും, പൂവും , ചന്ദനവുമായി വന്നു. തീർത്ഥം സേവിച്ച്, ചന്ദനക്കുറിയുമിട്ട് പുറത്തേക്കിറങ്ങവേ പുറകിൽ നിന്നുമൊരു നനുനനുത്ത ശബ്ദം. “ഒന്നു നിൽക്കൂ ട്ടോ”. ശാന്തിക്കാരനാണ് . അദ്ദേഹം ധൃതിയിൽ പുറത്തേയ്ക്കിറങ്ങി , മണ്ണും , കണങ്കാലോളം വളർന്നു നിൽക്കുന്ന പുല്ലും, നിറഞ്ഞ പ്രദക്ഷിണപ്പാതയുടെ ഓരത്ത് നിൽക്കുന്ന വാഴയിൽ നിന്നും ഒരില ചീന്തി തിടപ്പിളളിയിലേയ്ക്ക് നടന്നു. ക്ഷണനേരംകൊണ്ട് ഇലചീന്തിൽ ചെറു ചൂടുളള നെയ്പ്പായസവുമായി വന്നു. നെയ്യിൻ്റെയും ശർക്കരയുടേയും നറുമണം സ്വാദുമുകുളങ്ങളെയുണർത്തി. പുറത്തുള്ള ആൽത്തറയുടെ ഓരത്തിരുന്നു, പായസം രുചിച്ചു. ‘നല്ല സ്വാദ് ‘… ഭഗവാനെ ഒന്നു കൂടി തൊഴുതു. ‘മഥുരാ(മധുരാ)ധിപതേരഖിലം മധുരം’…. മനസ്സ് കോളേജ് പഠനകാലത്തേയ്ക്ക് പിൻതിരിഞ്ഞു. മാധുര്യം നിറഞ്ഞ കേരളവർമ്മ കോളേജിലെ പഠനകാല ഓർമ്മകൾ…….. ആ സ്മൃതി ഘോഷയാത്രയിൽ മുന്നിൽ നിൽക്കുന്ന ചിറ്റമ്മ. മുത്തച്ഛൻ്റെ ( ആറ്റൂർ കൃഷ്ണപിഷാരടി) വാസസ്ഥലവും ഒപ്പം തറവാടുമായ തൃശൂർ ശ്രീതിലകത്തിലെ പൂജാമുറിയിലെ ശ്രീ ഭഗവതിയ്ക്ക് എല്ലാ മലയാള മാസത്തിലെയും മുപ്പെട്ട വെള്ളിയാഴ്ചകളിൽ നെയ്പ്പായസ നിവേദ്യം നിർബന്ധമായിരുന്നു. ആ നെയ്പ്പായസം ഉണ്ടാക്കേണ്ട ചുമതല ചിറ്റമ്മയ്ക്കായിരുന്നു. കുളിച്ച് ഈറൻ വസ്ത്രങ്ങളോടെ ചിറ്റമ്മ അതുണ്ടാക്കുമ്പോൾ അവിടെയെങ്ങും പരക്കുന്ന നെയ്പ്പായസത്തിൻ്റെ നറുമണം പൂമുഖത്ത് പഠനത്തിലേർപ്പട്ടിരിക്കുന്ന ഞങ്ങളുടെ ഘ്രാണേന്ദ്രിയത്തിൻ്റെ കടിഞ്ഞാൺ പൊട്ടിക്കും. അടുക്കള യിലേയ്ക്ക് എത്തുമ്പോൾ ചിറ്റമ്മ പായസത്തിൻ്റെ അവസാന മിനുക്കു പണിയിലായിരിക്കും. അത്രയ്ക്കും ഹൃദ്യമായിരുന്നു ചിറ്റമ്മയുടെ കൈപ്പുണ്യം. ആർദ്രമായിരുന്നു ആ മനസ്സ്. ഒഴിവു കാലങ്ങളിൽ തൃശ്ശൂർ ചെല്ലുമ്പോൾ , വൈകുന്നേരങ്ങളിൽ, കളിച്ചു തിമിർത്ത് വരുന്ന കുട്ടികളായ ഞങ്ങൾക്കുണ്ടാകുന്ന വിശപ്പിന് പരിഹാരം കാണുന്നതും ചിറ്റമ്മ തന്നെ. സന്ധ്യയാകാൻ നാഴികകൾ മാത്രം ശേഷിക്കുന്ന സമയത്തുള്ള ലഘുഭക്ഷണം മുത്തശ്ശന് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. മുത്തശ്ശനെങ്ങാനും അറിഞ്ഞാൽ എല്ലാവർക്കും ശകാരവർഷം തന്നെ. അങ്ങിനെയാണ് ‘ടു മിനിറ്റ് മാഗി’ എന്ന പോലെ ‘ഫൈവ് മിനിറ്റ് ഉപ്പുമാവ് എന്ന ആശയം ചിറ്റമ്മ പ്രാവർത്തികമാക്കിയത്. കടുക് , മുളക്, മുറ്റത്തെ കറിവേപ്പില , അല്പം പൊടിയരി, എന്നീ ചേരുവകൾ ഒത്തു ചേരുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ഉപ്പുമാവ് റെഡി. ആ ഉപ്പുമാവിലും ചിറ്റമ്മയുടെ കൈപ്പുണ്യത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയിരിക്കും.ഞങ്ങൾക്കത് അമൃതിന് സമാനം. കവിടി പിഞ്ഞാണങ്ങളിൽ ഞങ്ങൾക്കോരോരുത്തർക്കും വിളമ്പി ,ഒന്നാശ്വസിക്കാൻ തുടങ്ങുമ്പോഴാണ് ചിറ്റമ്മയ്ക്കുള്ള അടുത്ത പരീക്ഷണം ആരംഭിക്കുന്നത്. ദൂരെ നിന്നുമുള്ള മുത്തശ്ശൻ്റെ മെതിയടിയുടെ താളനിബദ്ധമായ ശബ്ദം. നിറഞ്ഞ പിഞ്ഞാണങ്ങളുമായി ഒരോട്ടമാണ് പിന്നീട് …… വിസ്തൃതമായി കിടക്കുന്ന പറമ്പിൻ്റെ പല ദിശകളിലേക്കുമുള്ള ഓട്ടം. ചിറ്റമ്മ ഇന്നില്ല. നെയ്പ്പായസം കാണുമ്പോഴും, രുചിക്കുമ്പോഴും വാത്സല്യനിധിയായ ചിറ്റമ്മയുടെ ഓർമ്മകളെന്നും സജീവമാണ്.


രഘു
പഴയന്നൂർ

Leave a Comment