ഓണത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ നെഞ്ചിലേറ്റി മുംബയിൽ നിന്നും തിരുവനന്തപുരത്ത് വിമാനമിറങ്ങി. വീട്ടിൽ പോയി ബാഗ് വച്ച് മൂത്ത സഹോദരി നൽകിയ ചായയും കുടിച്ച് നേരെ പോയത് കിഴക്കേ കോട്ടയിൽ. അവിടെ ഒരിടത്ത് ജെമിനി സർക്സ്,തൊട്ടപ്പുറത്തു ഗാന്ധി പാർക്കിൽ കഥാപ്രസംഗം പൊടിപിടിക്കുന്നു. എന്നാൽ എന്നെ കീഴ്പ്പെടുത്തിയത് അന്നത്തെ ഓണം സമാപന ദിവസത്തെ ഘോഷ യാത്രയാണ്. ജനസാഗരത്തെ ആവേശത്തിലാക്കി വിസ്മയ കാഴ്ചകളുമായി കവടിയാറിൽ നിന്നും ആരംഭിച്ച2026ലെ ഓണം ഘോഷയാത്ര കിഴക്കേക്കോട്ടയിൽ പുത്തരികണ്ടം മൈതാനത്തിനരികിലൂടെ മന്ദം മന്ദം കടന്നുപോയി. തലസ്ഥാന നഗരിയുടെ ഹൃദയം കീഴടക്കി നടന്ന ഘോഷയാത്രയിൽ വിവിധ വകുപ്പുകകുടെ 69ഫ്ലോട്ടുകളും വൈവിദ്യമാർന്ന 99 കലാരൂപങ്ങളും അണിനിരന്നു. ഘോഷ യാത്ര കടന്നുപോയ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെറോഡിന് ഇരുവശവും പതിനായിരകണക്കിന് ജനങ്ങളാണ് ഈ ദൃശ്യ വിരുന്ന് കാണാൻ തടിച്ചു കൂടിയത്. നാടൻ കലാ രൂപങ്ങളുടെയും ഗോത്ര കലകളുടെയും ഒരു വലിയ നിരതന്നെയായിരുന്നു ഇത്തവണത്തെ മുഖ്യ ആകർഷണം.
പൂക്കാവടി, ബാൻഡ് മേളം,പുതിയ ഭഗവതി, ശാസ്തപ്പൻ, നാഗകാളി, രക്‌തേശ്വരി, രുധിരകോലം, ഡ്രാഗൺ തെയ്യം തുടങ്ങി വിവിധ തെയ്യം രൂപങ്ങൾ, ഓണപ്പൊട്ടൻ, മയൂര നൃത്തം, ശിങ്കാരിമേളം, വനിതാ ശിങ്കാരിമേളം, കോൽക്കളി, പമ്പമേളം, ഓതര പടയണി, കാലൻകെട്ട്, തിറയാട്ടം, കൂളിക്കെട്ട്, അർജുന നൃത്തം, കളിമണ്ണ് പാവ രൂപങ്ങൾ, കാളയും തേരും, കുമ്മാട്ടിക്കളി, പരുന്താട്ടം, കുതിര കളി, പൂര കളി, അലാമികളി, മുടിയേറ്റ്, ദഫ്മൂട്ട്, കളരി പയറ്റ് എന്നീ വർണ്ണാഭമായ കലാരൂപങ്ങൾ അക്ഷരാർത്ഥത്തിൽ കാണികളുടെ മനം കവർന്നു.കൂടാതെ വനിതകളുടെ വിളക്കാട്ടം, മുറം ഡാൻസ്, പള്ളിവാൾ നൃത്തം, അർദ്ധനാരീ നൃത്തം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഡാൻസ്, എന്നിവയും ആവേശം പകർന്നു. ഇവയ്ക്കൊപ്പം കഥകളി, മോഹിനിയാട്ടം, ഭാരതനാട്യം, കഥക്, മണിപ്പൂരി, കുച്ചുപ്പുടി,
ഒഡിസി തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളും, വേലകളി, ചവിട്ടുനാടകം, ഇരുള നൃത്തം, സൂഫി ഡാൻസ്, മംഗലം കളി, ഒപ്പന, മാർഗം കളി തുടങ്ങിയ പ്രാദേശിക കലകളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി.
കൂടാതെ കുട്ടികളെയും കൗമാരക്കാരെയും ആവേശം കൊള്ളിക്കാൻ ഷാജി പാപ്പൻ, ദശമൂലം, ദാമൂ, എന്നീ സിനിമാ കഥാപാത്രങ്ങളും മായാവി, കുട്ടൂസൻ, ഡാകിനി തുടങ്ങിയ കാർട്ടൂൺ
കഥാപാത്രങ്ങളുടെയും പാവ പൊലിമകളും നിരവധി മാവേലി വേഷങ്ങളും അണിനിരന്നു.
പ്രാദേശിക കലാ സംഘങ്ങളുടെ പ്രകടനങ്ങളും സ്‌കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും കാണികളിൽ കൗതുകമുണർത്തി. കേരളത്തിന്റെ തനിമയ്ക്കൊപ്പം ഇതര സംഥാനങ്ങളുടെ സാംസ്‌കാരിക വൈവിദ്യവും ഘോഷയാത്രയുടെ പ്രധാന ആകർഷണമായി. തമിഴ്നാട്, ജമ്മുകാശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ,തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാസംഘങ്ങളും തങ്ങളുടെ തനത് കലാരൂപങ്ങളുമായി സമാപന ഘോഷയാത്രയിൽ പങ്കു ചേർന്നത് കലാ കേരളത്തിന് വലിയൊരു അനുഭവമായി. കേരളം കണ്ടതിൽ വച്ചേറ്റവും മികച്ച ഓണാഘോഷം സംഘടിപ്പിച്ച കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് “ഓണം ടൂറിസം വാരാഘോഷo2026 മുഴുവൻ ടീമിനും വിശിഷ്യാ തിരുവന്തപുരം നഗരസഭയ്ക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ രേഖപെടുത്തുന്നു.🙏🙏🙏
By…. ശ്രീകാന്ത് നായർ – താനെ

