സാനന്ദരൂപമഖില പ്രബോധ മാനന്ദരൂപാമൃത്യ പാരിജാതം മനുഷ്യ പദ്മേഷു രവിസ്വരൂപം പ്രണൗമ്യ തുഞ്ചത്തെഴുമാര്യപാദം
രാമായണങ്ങൾ പലതുണ്ട്. പക്ഷെ മലയാളിക്ക് ഒരേ ഒരു രാമായണമേ ഉള്ളൂ- തുഞ്ചഴുത്തച്ചഛൻ്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. ലോകത്തെങ്ങുമുള്ള രാമകഥകൾ പഠിച്ച് ഗവേഷണ ഗ്രന്ഥം തയ്യാറാക്കിയ ഫാദർ കാമിൽ ബുൽക്കെ രണ്ടു വരിയിലാണ് എഴുത്തച്ഛനെ വിലയിരുത്തിയത്. ” അധ്യാത്മരാമായാണം 1575 നും 1650 നും ഇടയ്ക്ക് എഴുത്തച്ഛൻ രചിച്ചതാണ് . ഈ ഗ്രന്ഥമാണ് മലയാളികളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ രാമായണം” . അങ്ങനെ ഒരു മഹാകവിയായി താൻ ജീവിച്ചിരുന്ന കാലഘട്ടത്തിനും എത്രയോ അപ്പുറത്തേക്ക് തലമുറകളിലൂടെ വിമോചനമന്ത്രമെത്തിക്കാൻ എഴുത്തച്ഛ്ന് കഴിഞ്ഞു. അതുകൊണ്ടാണ് ” “മനുഷ്യപത്മേഷു രവി സ്വരൂപം” ഒരു ജനതതി ആ കവിയെ വിശേഷിപ്പിച്ചത്.
വ്യക്തികൾക്കു മാത്രം ലഭിക്കാവുന്ന അത്യപൂർവമായ സച്ചിദാനന്ദാനുഭൂതിയെന്ന
ആത്മീയാവസ്ഥയെ ലോകാനുഭൂതിയുടെ സാർവലൗകികതലത്തിൽ പ്രതിഷ്ഠിക്കുകയെന്ന സാംസ്കാരിക കർമമാണ് എഴുത്തച്ഛൻ രാമായണ മഹാഭാരതങ്ങളുടെ കിളിപ്പാട്ട് രചനയിലുടെ നിർവഹിച്ചെടുത്തത്.
അധ്യാത്മരാമായണത്തിലെ ഏറ്റവും പ്രമുഖമായ ഒരു സന്ദർഭമാണല്ലൊ ലക്ഷ്മണോപദേശം.
രാമാഭിഷേകം മുടങ്ങിയതറിഞ്ഞ് ക്രുദ്ധനായ ലക്ഷ്മണൻ “ബന്ധിച്ചു താതനെയും പിന്നെ ഞാൻ പരിപാലിക്ക പ്രഭുത്വം ഉള്ളതൊക്കെയും…” എന്ന് ക്രുദ്ധനായ ലക്ഷ്മണനെ കൂടാതെ സാധിച്ചുകൊള്ളുവാൻ” എന്നൊക്കെ പറഞ്ഞ് ക്രുദ്ധനായി ചാടിപ്പുറപ്പെടുമ്പോൾ രാമൻ അവനെ ഗാഢമാലിംഗനം ചെയ്ത് പിടിച്ച് നിർത്തിക്കൊണ്ട് ചെയ്യുന്ന ധർമ്മോപദേശമാണത്.
മലയാളികളുടെ അനേകതലമുറകളെ ആത്മനാശത്തിൽനിന്ന് രക്ഷിച്ച് ധർമ്മപാത കാണിച്ചുകൊടുത്ത വേദാന്തസാരം.
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നി സന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം…”
പ്രപഞ്ചായുസ്സിൽ അടയാളപ്പെടാൻ പോലുമിടയില്ലാത്ത വിധം നിസ്സാരത്തിൽ നിസ്സാരമായ ആയുർബലമാണുളളത്. പാമ്പിന്റെ വായിലകപ്പെട്ടിരിക്കുന്ന തവളയെപ്പോലെ ഇന്ദ്രിയസുഖഭോഗങ്ങൾ തേടുന്ന മനുഷ്യജന്മത്തിന്റെ നിഷ്ഫലതയെ ഓർമ്മിപ്പിച്ചു കൊണ്ടാണ് രാമൻ ലക്ഷ്മണനിൽ ക്രോധം നീക്കി വിവേകം ജനിപ്പിക്കുന്നത്. വിഷയങ്ങളെമാത്രം കാണുന്നവനിൽ അവയിൽ ആശ്രയവും ആസക്തിയും രാഗദ്വേഷങ്ങളും വർദ്ധിച്ച് വിവേകക്ഷയവും ക്രോധവുമുണ്ടായി, ഒടുവിൽ സർവ്വനാശം സംഭവിക്കുന്നു. കലുഷമായ വ്യക്തിത്വഭാവമാണ് മനുഷ്യന്റെ സകല ദുരിതങ്ങൾക്കും കാരണം.
“ബ്രാഹ്മണോഹം നരശ്രേഷ്ഠോ ഹമന്യോഹമെ-ന്നാധ്യാത്മികം കലർന്നിട്ടും ദശാന്തരെ ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം വെന്തു വെണ്ണീറായ്ച്ചമഞ്ഞു പോയീടിലാം മണ്ണിന്നു കീഴെ കൃമികളായ് പോക്കിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം.” ദേഹമാണ് ഞാൻ എന്നുള്ള തെറ്റായബോധത്തിൽ നിന്നും ഉണ്ടാവുന്ന അഹങ്കാരമാണ് ദേഷ്യവും അസൂയയും പകയും മത്സരവും കഷ്ടപ്പാടുകളും ക്രോധവും മെല്ലെ എല്ലാ തിന്മകളും വരുത്തുന്നത്. ക്രോധമല്ലോ നിജ ധർമ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം കാമക്രോധ ലോഭമോഹാദികൾ വെടിഞ്ഞ്”
‘സ്വാർത്ഥപരിത്യാഗം’ എന്ന അദ്വൈത സ്വഭാവതത്ത്വം ഗ്രഹിച്ചാൽ ശരിയായ ‘ഞാൻ’ വെളിപ്പെടും. തുഞ്ചത്താചാര്യൻ ഹരിനാമകീർത്തനത്തിൽ പറയുന്നതുപോലെ അപ്പോൾ ഞാനെന്ന ഭാവം തോന്നുന്നുമില്ലെങ്കില്ത്തന്നെ ‘അഖിലം ഞാൻ’ എന്ന വഴി തോന്നും. അതോടെയുള്ളിൽ ഭുവനങ്ങളൊന്നുമില്ല. ഗീത ഉപദേശിക്കുന്ന മനഃപ്രസാദവും (ശാന്തി) സച്ചിദാനന്ദവും അവിടെയാണ്.യോഗികൾക്കുവേണ്ടിയല്ല, ഐഹിക ജീവിതദുരിതങ്ങളിൽ നേർവഴികാണാനുഴലുന്ന സാധാരണക്കാർക്കുവേണ്ടിയാണ് എഴുത്തച്ഛൻ അധ്യാത്മരാമായണം എന്ന വേദം രചിച്ചത്. എഴുത്തച്ഛൻ അവരോട് സർവസംഗപരിത്യാഗം ആവശ്യപ്പെടുന്നില്ല. ശരിയായി ജീവിച്ചുകൊണ്ട്, ധർമ്മനിഷ്ഠയിൽ ചരിച്ചുകൊണ്ട് ഇഹലോക ജീവിതത്തിൽനിന്നുതന്നെ പരമമായ ആനന്ദം സാക്ഷാത്കരിക്കാം എന്നാണ് ഉപദേശിച്ചത്. അതുകൊണ്ടുതന്നെ ജീവിതമാണ് എഴുത്തച്ഛന്റെ അധ്യാത്മപാഠശാല.
കാവ്യം സുഗേയം കഥ രാഘവീയം
കർത്താവ് തുഞ്ച ളുവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തി മയസ്വരത്തി-
ലാനന്ദലബ്ദിക്കിനിയെന്തു വേണം.
“
കെ.വി. എസ് നെല്ലുവായ്( മുംബൈ)
Mob :+91- 9920144581.

