കവിയുടെ സാന്നിധ്യം

by Kerala In Mumbai
0 comments


.


കുഞ്ഞി ക്കവിതകൾ
കുത്തിക്കുറിച്ചുകൊ –
ണ്ടോർമ്മതൻ താളിൽ
നിറഞ്ഞു നിൽക്കേ,
കവി വീണ്ടുമീനഗര
കാവ്യ സായാഹ്നത്തി –
ലെത്തുന്നു പുഞ്ചിരി –
പ്പൂക്കളുമായ്.

ഒരു തോന്നൽ മാത്രമായ്
കവിയുടെ സാന്നിധ്യ –
മെന്നുള്ളിൽ മിന്നി –
മറഞ്ഞിടുമ്പോൾ,
കവിയുടെ ചുണ്ടിലെ
കവിതയുമായ് വന്ന
കുളിർ തെന്നൽ
എന്നെ തഴുകി നിന്നു!

അഞ്ചാറു കുഞ്ഞക്ഷരങ്ങളി –
ലുയിർ കൊള്ളു –
മുണ്മകൾ വാരി വിതച്ചും,
കാവ്യാനുഭൂതി തൻ
കല്പനാരാമങ്ങൾ
ഉണ്ണികൾക്കുത്സവമായും,
അക്ഷര പ്പൂക്കളാ –
ലിത്തിരു മുറ്റത്തൊ –
രോണ പ്പൂക്കളം തീർത്തും,

അരങ്ങു തിമർക്കുന്ന
നാടകവേദിക്ക്, പിന്നിൽ –
മനസ്സു നിറഞ്ഞും,
നാലു പതിറ്റാണ്ടുകൾ
കവി പിന്നിട്ടു,
നഗര ക്കെണികൾക്കിടയിലൂടെ!

ഗ്രാമീണസന്ധ്യകൾ
തിരിവെച്ചു നിൽക്കുന്ന,
മനസ്സിൽ പൗർണ്ണമിത്തിങ്കളുമായ്,
ജീവിത യാത്രതൻ
സാഫല്ല്യമായ്, കവി
ശാന്തി തേടുന്നു ജനിച്ചമണ്ണിൽ.!

തുറന്നിട്ട ജാലക വാതിലടച്ചും
നഗരബന്ധങ്ങൾക്കു  വിടപറഞ്ഞും,
ഇടറുന്നൊരീരടി –
ചിന്തുമായിക്കവി,
ഇന്നലെ യീവഴി പോയിരുന്നു!

വിശ്വചിത്രങ്ങൾ
മനസ്സിൽ വരയ്ക്കുമാ –
കൊച്ചുമനുഷ്യന്റെ ജീവരാഗം,
തൊട്ടുണർത്തീടുക –
യാണിന്ന് നമ്മെയീ –
ചക്രവാളത്തിൻ
തുടുപ്പു കാണാൻ!.
  †

_By….. പവിത്രൻ കണ്ണപുരം_

Leave a Comment