വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ശബ്ദം

by Kerala In Mumbai
0 comments

പ്രൊഫ. എം. എൻ. വിജയൻ ഓർമ്മയായിട്ട് 19 വർഷം

വ്യത്യസ്തമായ വിമർശനശൈലിയിലൂടെയും ചിന്തയുടെ ആഴത്തിലൂടെയും കേരളത്തിന്റെ സാംസ്കാരിക-സാഹിത്യ ഭൂമികയിൽ തന്റേതായ ഇടം നേടിയ പ്രൊഫ. എം. എൻ. വിജയൻ ഓർമ്മയായിട്ട് 19 വർഷം. ചിന്തകൻ, എഴുത്തുകാരൻ, സാഹിത്യനിരൂപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പതിറ്റാണ്ടുകളോളം അദ്ദേഹം കേരളത്തിന്റെ പൊതുബോധത്തെ സ്വാധീനിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും തെറ്റിനെ ചോദ്യം ചെയ്യാനുള്ള ധൈര്യവും അദ്ദേഹത്തിന്റെ ചിന്തയുടെ മുഖമുദ്രയായിരുന്നു.

1930 ജൂൺ 8-ന് കൊടുങ്ങല്ലൂരിൽ ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണ മേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി ജനിച്ച എം. എൻ. വിജയൻ കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. നിയമപഠനം പൂർത്തിയാക്കിയില്ലെങ്കിലും മദിരാശി സർവകലാശാലയിൽ നിന്ന് മലയാളത്തിൽ എം.എ നേടി. 1952-ൽ മദിരാശി ന്യൂ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും തലശ്ശേരി ബ്രണ്ണൻ കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1985-ൽ വിരമിക്കുന്നതുവരെ ബ്രണ്ണൻ കോളേജിൽ തുടർന്നു.

കേസരി എ. ബാലകൃഷ്ണപിള്ളയുടെ നിരൂപണപാരമ്പര്യത്തെ സർഗാത്മകമായി മുന്നോട്ടുകൊണ്ടുപോയ നിരൂപകനായിരുന്നു എം. എൻ. വിജയൻ. മലയാളത്തിലെ മനഃശാസ്ത്ര നിരൂപണത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ അദ്ദേഹം മാർക്സിന്റെ സാമൂഹികചിന്തയെയും ഫ്രോയ്ഡിന്റെ മനഃശാസ്ത്രത്തെയും തന്റെ പഠനങ്ങളിൽ പ്രയോജനപ്പെടുത്തി. കാളിദാസൻ, കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബഷീർ തുടങ്ങിയവരുടെ കൃതികളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അദ്ദേഹം സമീപിച്ചു. കവിതയും മനഃശാസ്ത്രവും ഉൾപ്പെടെയുള്ള കൃതികൾ മലയാള നിരൂപണസാഹിത്യത്തിൽ ശ്രദ്ധേയമായി.

അധ്യാപകജീവിതത്തിനു ശേഷം പ്രഭാഷകനായും സാംസ്കാരിക പ്രവർത്തകനായും അദ്ദേഹം കൂടുതൽ സജീവമായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും ദേശാഭിമാനി വാരികയുടെ പത്രാധിപരായും പ്രവർത്തിച്ചു. ഇടതുപക്ഷ ചിന്തയോട് അടുപ്പം പുലർത്തിയിരുന്നെങ്കിലും, താൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്യുന്നതിൽ അദ്ദേഹം ഒരിക്കലും മടിച്ചില്ല. രാഷ്ട്രീയവും അധികാരവും മനുഷ്യനു വേണ്ടിയുള്ളതാകണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങളുടെ അടിത്തറ.

“പാർട്ടിയുണ്ടാവും, പക്ഷേ ജനങ്ങളുണ്ടാവില്ല” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകൾ പിന്നീട് വലിയ ചർച്ചകൾക്ക് വഴിവച്ചു. പാർട്ടി ആരുടെ വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരം നഷ്ടപ്പെടുമ്പോൾ, ജനങ്ങൾക്കുവേണ്ടി രൂപപ്പെട്ട ഒരു സ്ഥാപനം തന്നെ മർദ്ദനോപകരണമായി മാറാമെന്ന മുന്നറിയിപ്പും അദ്ദേഹം മുന്നോട്ടുവച്ചു. അരവും കത്തിയും, പുരയ്ക്കു മേലെ ചാഞ്ഞ മരം തുടങ്ങിയ രചനകളിലും പ്രഭാഷണങ്ങളിലും ഈ വിമർശനാത്മക നിലപാട് വ്യക്തമായി.

ചിതയിലെ വെളിച്ചം എന്ന കൃതിക്ക് 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മനുഷ്യർ പാർക്കുന്ന ലോകങ്ങൾ, മരുഭൂമികൾ പൂക്കുമ്പോൾ, പുതിയ വർത്തമാനങ്ങൾ, നൂതന ലോകങ്ങൾ, വാക്കും മനസ്സും, ഫാസിസത്തിന്റെ മനഃശാസ്ത്രം, സംസ്കാരവും സ്വാതന്ത്ര്യവും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ നിരവധി കൃതികൾ അദ്ദേഹത്തിന്റെ ചിന്തയുടെ വൈവിധ്യം വ്യക്തമാക്കുന്നു.

2007 ഒക്ടോബർ 3-ന് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. “കേൾക്കണമെങ്കിൽ ഈ ഭാഷ വേണം” എന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തിലെ വാക്കുകൾ.

എം. എൻ. വിജയന്റെ ജീവിതം ഒരു എഴുത്തുകാരന്റെയോ അധ്യാപകന്റെയോ മാത്രം ജീവിതമായിരുന്നില്ല; ചോദ്യം ചെയ്യാനും വിയോജിക്കാനും സത്യം തുറന്നു പറയാനും മനുഷ്യനെ പ്രേരിപ്പിച്ച ചിന്തയുടെ ജീവിതമായിരുന്നു. കാലം കടന്നുപോകുമ്പോഴും അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും ഉയർത്തിയ ചോദ്യങ്ങൾ ഇന്നും പ്രസക്തമായി തുടരുന്നു.\

ഹിമ.വി.മുംബൈ

Leave a Comment