മറുനാടന്‍ മലയാളികള്‍ക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏര്‍പ്പെടുത്തിയ മൂന്നാമത് ഇ ഐ എസ് തിലകന് സ്മാരക കവിതപുരസ്കാരത്തിന് മുംബൈയിലെ കല്യാണ്‍ നിവാസിയായ അമ്പിളി കൃഷ്ണകുമാര്‍ എഴുതിയ ‘മരുഭൂമിയില്‍ മാത്രം വിരിയുന്ന കറുത്ത പൂക്കള്‍’ എന്ന കവിത അര്‍ഹമായി. മുംബൈയുടെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലെ നിറതേജസ്സായിരുന്ന ഇ ഐ എസ് തിലകന്റെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാര നിര്‍ണ്ണയത്തിനു ലഭിച്ച എമ്പതോളം കവിതകളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍ പുരസ്കാരത്തിന് അര്‍ഹമായ കവിത തിരഞ്ഞെടുത്തത്. 2024 ലെ പുരസ്കാരം ഹൈദരാബാദിലെ ജി അനില്‍കുമാറിനും 2025 ലെ പുരസ്കാരം ബംഗളൂര് നിവാസിയായ രമ പ്രസന്ന പിഷാരടിക്കുമാണ് സമര്‍പ്പിച്ചത്. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിനിയാണ് അമ്പിളി കൃഷ്ണകുമാര്‍. കുടുംബത്തോടൊപ്പം കല്യാണില്‍ സ്ഥിരതാമസ്സം. ഭര്‍ത്താവ് കൃഷ്ണകുമാര്‍, മക്കള്‍ കൃഷ്ണേന്ദു, കാവ്യേന്ദു. മലയാളം മിഷന് അദ്ധ്യാപികയാണ്. ഓര്മച്ചിമിഴിലെ മഞ്ചാടി മണികള്‍, കുടകിലെ മേഘങ്ങള്‍, പാട്ടിന്‍ചാരെ പാടാതെ (എന്റെ പാട്ടോര്‍മകള്‍), ഓര്മത്തുഞ്ചത്തൊരൂഞ്ഞാല്, ഗുല്‍മോഹര്‍ തുടങ്ങി അഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തില്‍ നിരവധി സമ്മാനങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. 2026 നവംബര്‍ 21, 22 തീയതികളില്‍ മുംബൈയില്‍, എന്‍ ബി സി സി കോപ്പര്ഖൈര്ണെയുമായി സഹകരിച്ച് സമാജം ഹാളില്‍ നടക്കുന്ന സാഹിത്യ സഹവാസ ക്യാമ്പില്‍ വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ തുളസി മണിയാര്‍ അറിയിച്ചു. പ്രമുഖ നിരൂപക ഡോ. മിനി പ്രസാദ് ക്യാമ്പ് നയിക്കും. ക്യാമ്പിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് 9930878253 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
49
previous post
