പി.എൻ.പണിക്കർ
(1909-1995)
ചരമദിനം
🔳
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. ഇദ്ദേഹത്തിന്റെ ചരമദിനം 1996 മുതൽ വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു. കേരളത്തിന്റെ വായനദിനമായ ജൂൺ 19,
2017 മുതൽ ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരു മാസക്കാലം ദേശീയവായന മാസമായും ആചരിച്ചു വരുന്നു.
🟣
ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1 ന് ജനനം. പിതാവ്: ഗോവിന്ദപിള്ള
മാതാവ്: ജാനകിയമ്മ. മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായി.1926 ൽ ജന്മനാട്ടിൽ “സനാതനധർമ്മം” എന്ന വായനശാല സ്ഥാപിച്ചു. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ചാണ് വായനശാല തുടങ്ങിയത്.
🟠
ഒരു ‘മലയാള മനോരമ’ പത്രം സൗജന്യമായി സംഘടിപ്പിക്കാൻ 12-ാം വയസ്സിൽ കോട്ടയം മനോരമ ഓഫിസിലേക്ക് 15 കിലോമീറ്റർ നടന്നുപോയ അനുഭവം പണിക്കർ പങ്കുവച്ചിട്ടുണ്ട്. അന്നത്തെ മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാപ്പിളയെക്കണ്ടു കാര്യം പറഞ്ഞു. കുട്ടിക്ക് വായനയോടുള്ള ഹരം കണ്ടറിഞ്ഞ് അദ്ദേഹം അന്നത്തെ മനോരമ പത്രം സമ്മാനിച്ചു. നാട്ടിൽ തുടർന്നു മനോരമ സൗജന്യമായി ലഭ്യമാക്കാൻ ഏർപ്പാടും ചെയ്തു.
🟤
1930 ലായിരുന്നു വിവാഹം. വിവാഹശേഷം ഭാര്യയുടെ സ്ഥലമായ അമ്പലപ്പുഴ എൽ.പി.സ്കൂളിലേക്ക് സ്ഥലം മാറി. പിന്നെ അവിടെയായി കർമ്മരംഗം.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഒരു വായനശാല ആരംഭിക്കണമെന്ന് പണിക്കർ തീരുമാനിച്ചു. പുസ്തകങ്ങളും വായനശാലയ്ക്കുവേണ്ട സാമഗ്രികളും സംഭാവനയായി സമാഹരിക്കാൻ പലരെയും സന്ദർശിച്ചു. പലരും സന്തോഷത്തോടെ നൽകുകയും ചെയ്തു. അമ്പലപ്പുഴ മുൻസിഫായിരുന്ന ശങ്കരമാരാർ പരിഹസിച്ചുകൊണ്ട് പറഞ്ഞു: അമ്പലപ്പുഴയിൽ ഒരു വായനശാല ആറുമാസം പ്രവർത്തിച്ചാൽ പണിക്കർക്ക് ഒരു സ്വർണമോതിരം സമ്മാനമായി നൽകുന്നതാണ്. ശങ്കരമാരാർ കരുതിയതിലും അപ്പുറമായിരുന്നു പണിക്കരുടെ പ്രവർത്തനമികവ്. വായനശാല വിജയിപ്പിച്ചുകൊണ്ട് പണിക്കർ അത് തെളിയിച്ചു. മാരാർ തൻ്റെ വാക്കുപാലിക്കുകയും ചെയ്തു.
🟡
സാഹിത്യപഞ്ചാനൻ പി.കെ. നാരായണപിള്ളയുടെ പേരിൽ അമ്പലപ്പുഴയിൽ സ്ഥാപിച്ച വായനശാല വലിയൊരു പ്രസ്ഥാനത്തിനു തുടക്കമാവുകയായിരുന്നു. അക്കാലത്ത് തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. അത്തരമൊരു സംഘം രൂപീകരിക്കാനായിരുന്നു പണിക്കരുടെ പിന്നീടുള്ള ശ്രമം. അമ്പലപ്പുഴയിലും സമീപദേശങ്ങളിലും ഒട്ടേറെ ഗ്രന്ഥശാലകൾ സ്ഥാപിച്ചതിനുശേഷം ഗ്രന്ഥശാലാസംഘം രൂപവത്കരിക്കാൻ ശ്രമം തുടങ്ങി. 1945ൽ ആ സ്വപ്നം യാഥാർഥ്യമായി.
🔵
1945 ൽ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ പണിക്കരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
🔴
1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.
ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. അതിനായി പ്രവർത്തിച്ചു.
ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ ഇദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് ഇദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
🟢
1971-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണത്തിനായി വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും പണിക്കർ സെക്രട്ടറിയുമായി ഒരു കണ്‍ട്രോള്‍ ബോര്‍ഡ് നിലവില്‍ വന്നു. 1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. സുദീർഘമായ 32 വർഷം ഗ്രന്ഥശാലാപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പണിക്കർ 1977ൽ സംഘത്തിൻ്റെ നേതൃത്വത്തിൽ നിന്ന് പിന്മാറി. (1991ൽ കേരള പബ്ളിക് ലൈബ്രറീസ് ആക്ട് നിലവിൽ വന്നു. ഗ്രന്ഥശാലാസംഘം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന പേര് സ്വീകരിച്ചു. നിലവിൽ 9988 ഗ്രമ്പഥശാലകൾ അംഗങ്ങളായുണ്ട്).
🟣
പിന്നീട് അനൗപചാരിക വിദ്യാഭ്യാസ രംഗത്തായി ശ്രദ്ധ. നിരക്ഷരത നിർമാർജനം ചെയ്യുന്നതിനായി അനൗപചാരിക വിദ്യാഭ്യാസ വികസനസമിതിക്ക് (കാൻഫെഡ്) രൂപംനൽകി. സാക്ഷരതാപ്രസ്ഥാന സന്ദേശവുമായി കേരളം മുഴുവൻ സഞ്ചരിച്ചു. സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിനു പിന്നിൽ ഈ മനീഷിയുടെ നിസ്തന്ദ്രപ്രയത്നം നിമിത്തമായി.
🟠
വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യം പണിക്കർ കേരളത്തിലെ അയ്യായിരത്തിലേറെ ഗ്രാമങ്ങളിൽ എത്തിച്ചു. ഇതോടെ ഗ്രന്ഥശാലകൾ സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. കേരളത്തിലെ ഗ്രന്ഥശാലകളെ നാടിന്റെ സാമൂഹിക-സാംസ്കാരിക കേന്ദ്രങ്ങളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് പി.എൻ. പണിക്കരായിരുന്നു.
⚫
ഒരു പുരുഷായുസ്സ് മുഴുവൻ അറിവിന്റെ വെളിച്ചം വിതറി നവകേരളത്തെ പ്രകാശമാനമാക്കിയ പണിക്കർ 1995 ജൂൺ 19ന് അന്തരിച്ചു.
ഭാര്യ: ചെമ്പകക്കുട്ടി.
മക്കൾ: ചന്ദ്രമതി, ലീല, വിലാസിനി, ഇന്ദിര, ബാലഗോപാലൻ, സുമംഗല, കൃഷ്ണകുമാർ.
🔵
പി.എൻ. പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, ഇദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.
✒️Prepared by
◼️Adv V V Jose Kallada◼️
📱9400586501📱
