കു(കഥ – ഉണ്ണി ചങ്കത്ത്)

by Kerala In Mumbai
0 comments

ഫോണിൽ ടോമിയായിരുന്നു. അവന്റെ ജപ്പാൻ വിസിറ്റിനുള്ള ഫോർമാലിറ്റിയൊക്കെ കഴിഞ്ഞു; നാളെ മുതൽ പത്തുപന്ത്രണ്ടു ദിവസത്തേക്ക് സ്ഥലത്തുണ്ടാവില്ല; ടോക്കിയോ, ഒസാകാ, യോക്കോഹാമ എന്നിവിടങ്ങളിൽ സന്ദർശനമാണ് പദ്ധതി. അതൊക്കെ പറയാൻ വിളിച്ചതാണ്. കച്ചവടക്കരാറുകളുടെ തിരക്കൊഴിഞ്ഞാൽ നാഗസാക്കിയിലൊരു ക്രാഷ് വിസിറ്റും പ്ലാനിലുണ്ട്.

അവന്റെ പുതിയ ബിസിനസ്സ് ബന്ധങ്ങളുടെ റോഡ്-മാപ് ജപ്പാനിലേക്കെത്തിയിരിക്കുന്നുവെന്ന് ഞാൻ അതിശയംകൂറി.

നാഗസാക്കി എന്ന് അവൻ പറഞ്ഞമാത്രയിലാണ് കുവിന്റെ മുഖം എന്റെ കണ്ണുകൾക്കുപുറകിൽ മിഴിവുള്ള കാഴ്ചയായി വന്നത്. തുടരെത്തുടരെയുള്ള ഫ്രെയിമുകൾ ചേർത്തുവച്ച മനോഹരമായ ഒരു സ്ക്രീൻസേവറിന്റെ ചടുലതയോടെ അത് മാറിമറിഞ്ഞുകൊണ്ടിരുന്നു. ടോമി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ ഓരോ വാചകത്തിനുമൊടുവിൽ ഒരു മാമൂലെന്നപോലെ യഥാക്രമമുള്ള മൂളലുകൾ എന്നിൽനിന്നുയർന്നുകൊണ്ടിരുന്നു. വലിയ കാര്യങ്ങളെന്നപോലെ അവൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആ പറച്ചിലിലേക്ക് നന്നായി ശ്രദ്ധകൊണ്ടുവരുവാൻ എനിക്ക് കു പ്രത്യക്ഷമാകുന്ന ലോലിതങ്ങളായ ഫ്രെയിമുകളെ മനഃപൂർവം അകറ്റേണ്ടിവന്നു.

കോൾ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, അവൻ നടക്കാതെപോയ ഒരാഗ്രഹം പറഞ്ഞു: “നിനക്കും എന്റെയൊപ്പം ഒന്ന് ട്രൈ ചെയ്യാമായിരുന്നു. നീ കൂടെയുണ്ടെങ്കിൽ പൊളിച്ചേനെ”

രസകരമായിത്തോന്നി ടോമിയുടെ ആ പറച്ചിൽ. എന്തെങ്കിലും പോസ്സിബിലിറ്റിയെക്കുറിച്ചു പറയുമ്പോൾ അവൻ നെറ്റി ചുളിക്കും, പുരികം വളയ്ക്കും, തല മൊത്തം കഴുത്തിന്റെ ബലത്തിൽ ചെറുക്കനെ വിറപ്പിക്കും. അങ്ങനെ അവൻ പറയുന്നത് ഞാൻ മനസ്സിൽക്കണ്ടു. ഞാൻ ഷാങ്ഹായുമായിമാത്രം കൊടുക്കൽവാങ്ങൽ നടത്തിയാൽപോരെന്ന ദ്രോഹമില്ലാത്തൊരു കുത്ത് ഈയിടെയായി അവൻ തുടങ്ങിവച്ച സംഗതിയാണ്. തുടക്കത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ഷാങ്ഹായിലേക്ക് പോയിരുന്നത്. കുറച്ചുയാത്രകൾ കഴിഞ്ഞപ്പോൾ ആദ്യമുണ്ടായ അപരിചിതത്വമൊക്കെ പോയി. രണ്ടാളും ചേർന്നുള്ള അടുത്ത യാത്ര താമസിയാതെ ടോക്കിയോവിലേക്കാവണമെന്ന് ഓങ്ങിവച്ചിരുന്നു. അതേ; ഞങ്ങൾ ഒരുമിച്ച് പോവേണ്ടതായിരുന്നു. എന്തോ, എനിക്ക് അതിനു കഴിഞ്ഞില്ല. അവന്ന് എല്ലാം ശരിയായി. ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞുവച്ചിട്ടുണ്ട് എന്നല്ലാതെ എന്തു പറയാൻ.

ഭാവിയെപ്പറ്റിയുള്ള ആകുലതകൾക്ക് അല്പവിരാമങ്ങളിട്ട് കുവിന്റെ ഫ്രെയിമുകൾ ഇടയിൽ വന്നുകൊണ്ടേയിരുന്നു.

ഞാൻ എല്ലാം അപ്പടി മൂളിക്കേട്ടത് ടോമിക്ക് ഒരു പക്ഷേ, അവിശ്വസനീയമായി തോന്നിയിട്ടുണ്ടാവാം. സ്വതവേ അവനോട് ഞാൻ വായിൽത്തോന്നിയ എന്തെങ്കിലും കൗണ്ടറടിക്കാറുണ്ട്. തിരക്കിലായിരുന്നതിനാലാവാം കൂടുതൽ സംസാരിക്കാൻ നില്ക്കാതെ അവൻ ഫോൺവെച്ചത്. എനിക്ക് കുശുമ്പുകേറിയതിനാൽ പ്രതികരണം തണുപ്പുകേറിപ്പോയതാവുമെന്ന് തോന്നിയിരിക്കാനും സാധ്യതയുണ്ട്. സ്ക്രീൻസേവർ മനസ്സുമുഴുവൻ കയ്യേറിയപ്പോൾ ടോമിയുടെ യാത്രയെ വിട്ട് ഞാൻ കുവിനെപ്പറ്റി ശാന്തമായി ഓർക്കുവാൻതുടങ്ങി. അതോടേ കുവിന്റെ മുഖം കൂടുതൽ പ്രതിഫലിച്ച്, മറ്റുള്ള ചിന്തകൾക്കുമേലെവീണ ഒരാവരണമായി സ്‌ക്രീൻസേവർ മാറി. അതിനു പിന്നാലെ, കൊങ്കൺറെയിൽവേയിലൂടെയുള്ള ഒരു അവധിക്കാലയാത്രയുടെ മെമ്മറിട്രാക്കിലേക്ക് എന്റെ സ്മൃതിവണ്ടി ചൂളംവിളിച്ചുകയറുകയുംചെയ്തു.

തലയ്ക്കു പുറകിൽ ഉയർന്നുനില്ക്കുന്ന കറുത്ത ബാക്ക്പാക്കിന്റെ ഭാരം പുറത്തു താങ്ങി, ക്ഷീണിച്ചവശനായാണ് അവൻ പ്രത്യക്ഷപ്പെട്ടത്. സീറ്റുനമ്പർ തിരഞ്ഞ് ഞങ്ങൾ ഇരുന്നിരുന്ന സെക്ഷനിൽ തളർച്ചയോടെ അവൻ വന്നുനിന്നു. ഒറ്റനോട്ടത്തിൽ ഒരു മരുന്നടിക്കാരന്റെ മട്ടും ഭാവവുമുണ്ടായിരുന്നു, അവന്. ഒതുങ്ങിക്കിടക്കാത്ത ചെമ്പിച്ച കോലൻതലമുടി. ചെറിയ തല. നേരിയ പുരികങ്ങൾക്കും ഇടുങ്ങിയ കണ്ണുകൾക്കുമിടയിലുള്ള ശ്രദ്ധേയമായുള്ള അകലം. സുഷുപ്തിപൂണ്ട സാന്ദ്രഗംഭീരമായ ഒരു ജ്വാലാമുഖിയുടെ അക്ഷോഭ്യമായ ശാന്തതയിലേക്ക് നീളുന്ന കണ്ണുകൾ. വെളുത്തുമെലിഞ്ഞ ദേഹപ്രകൃതം. അരവരെ മറച്ച, കൈകൾ മൂടിയ നേരിയ മഞ്ഞനിറത്തിലുള്ള അയഞ്ഞ നീളൻകുപ്പായവും കാൽമുട്ടിന് സ്വല്പം താഴെവരെമാത്രം ഇറക്കമുള്ള വെളുത്ത കാൽശരായിയും വേഷം. കാൽപാദംമൂടിയ കാറ്റുകയറുന്ന ചെരുപ്പണിഞ്ഞിട്ടുണ്ട്. കൊലുന്നനെ നീളമുള്ള കൈവിരലുകൾ. ഇരുപതുകളിലേറെയായെന്നു തോന്നുന്ന പ്രായം. വിദേശിപ്പയ്യനാണ്. കൊറിയനോ ജാപ്പനീയോ!

ഞങ്ങൾക്കെതിരേയുള്ള ലോവർ മിഡിൽ ബർത്തുകൾ അപ്പോൾ കാലിയായതേയുണ്ടായിരുന്നുള്ളു. എഴുന്നേറ്റുപോയവർ ബോധംകെട്ടപോലുള്ള ഉറക്കത്തിൽപ്പെട്ടിരുന്നു. മഡ്‌ഗാവ് അടുത്തെത്താറായപ്പോൾ ആദ്യം അയാൾ ഉണർന്ന് അവരെ വിളിച്ചുണർത്തി. എഴുന്നേറ്റാൽ അപരാധമായിപ്പോകുമെന്ന മട്ടിൽ അവർ ഒന്ന് തലയുയർത്തിനോക്കി, തിരിഞ്ഞുകിടന്നു പിന്നെയും ഉറക്കമായി. ട്രെയിൻ സ്ലോ ഡൌൺ ആയപ്പോൾ എന്തോ ഓർത്തെന്നപോലെ തിടുക്കത്തിലെഴുന്നേറ്റു. പൊടുന്നനെ ലഗേജ് എല്ലാം വാരിവലിച്ചെടുത്തുള്ള ഒരു ഇറങ്ങിപ്പോക്കായിരുന്നു രണ്ടുപേരുടേയും. പോകുമ്പോൾ, “ബർത്ത് താഴ്ത്തിയിടണ്ടേ” എന്ന് മാന്യനെപ്പോലിരുന്ന അയാൾ ചോദിച്ചപ്പോൾ “ഒന്ന് പെട്ടെന്ന് ഇറങ്ങാൻ നോക്ക്” എന്ന് ആശങ്കയും അതിലേറെ കാർക്കശ്യവുംകലർത്തി അവർ അയാളോട് അടക്കംപറഞ്ഞു.

കയറ്റിവച്ച മിഡിൽ ബർത്തിലും ലോവർ ബർത്തിലും അവർ ഉപയോഗിച്ചിരുന്ന കമ്പിളിയും ലിനനും തലയിണയുമൊക്കെ അലങ്കോലമായും അനാഥമായും കിടന്നു. അതിലേതെങ്കിലും ബർത്തിലേക്ക് അടുത്തതായി വരുന്നവർക്ക് നല്ലോരു പണികിട്ടിയെന്ന് ഞങ്ങൾ കൂട്ടംകൂടിയിട്ട് അധികമായിട്ടില്ല. അപ്പർബർത്തിൽനിന്ന് ചപലമായ കൂർക്കംവലിയുയരുന്നുണ്ടായിരുന്നു. അതിലുള്ളയാളും യാത്രയിൽമുഴുവൻനീളുന്ന ഉറക്കത്തിന് തയ്യാറായിവന്നപോലെ തോന്നി. സൈഡ് അപ്പർ ബർത്തിക്കിടന്നിരുന്ന, അപ്പോൾ യാത്രയിൽ പരിചയപ്പെട്ട നാവികൻ, മൊബൈലിൽനിന്ന് നോട്ടമുയർത്തി തലചെരിച്ച് ഞങ്ങളോടൊപ്പം പയ്യൻസിനെ നോക്കുന്നുണ്ടായിരുന്നു. ബോഗിയിൽ എ സി യുടെ തളർന്ന മൂളൽമാത്രം ശബ്ദമായുണ്ട്.

ഗോവയിൽ അടിച്ചുപൊളിച്ച് അലഞ്ഞുതിരിയലൊക്കെ കഴിഞ്ഞാണ് അവന്റെ വരവെന്ന് തോന്നി. സീറ്റുനമ്പർ നോക്കിയുറപ്പിച്ചു ഞങ്ങളെ ഒന്ന് നോക്കുകപോലുംചെയ്യാതെ; അനായാസമായി ദേഹം കുനിച്ചു. ലോവർബർത്തിൽ നീണ്ട ബാക്ക്പാക് ഇറക്കിവെച്ചു. ബർത്തിൽ ചിതറിക്കിടക്കുന്നവയെ ആകെയൊന്ന് വീക്ഷിച്ചു. ഇന്ത്യൻ ജനതയുടെ നിർലജ്ജമായ അപമര്യാദയെ അപ്പോൾ അവൻ പഴിച്ചിരിക്കാം. കമ്പിളി അങ്ങനെത്തന്നെയിട്ട് ബാക്കിയെല്ലാം ജനലിനരികിലെ മൂലയിലേക്ക് നീക്കിയിട്ടു. അതിനുമുകളിലേക്ക് ബാക്പാക്ക് ചാരിവെച്ചു തല മിഡിൽ ബർത്തിൽ തട്ടാതെ പ്രയാസപ്പെട്ട് ബാക്പാക്കിനടുത്തേക്ക് നുഴഞ്ഞുകയറിയിരുന്നു. ദേഹംചെരിച്ച് ചെരുപ്പുകളൂരിവെച്ച് കാലുകൾ കയറ്റിവച്ചു. ബാഗിന്റെ പുറത്തെ സെക്ഷനിലെ സിബ് തുറന്ന് അതിൽ കൈയിട്ടുചികഞ്ഞ്, കൂട്ടിക്കെട്ടിയ ചാരനിറത്തിലുള്ള സോക്സുകൾ എടുത്തു. അവയെ കെട്ടഴിച്ചു വേർപിരിച്ച് കാലുകളിടുവാനുള്ള ശ്രമംതുടങ്ങി. ഒരോ വിരലും കയറ്റിയിടുവാനായി പ്രത്യേകം കുഞ്ഞുറകളുള്ളതായിരുന്നു ആ സോക്സുകൾ. വിരലുകളോരോന്നും അതാതു ഉറകളിൽ ക്ഷമയോടെ കയറ്റിയിട്ട് സോക്‌സുകൾ വൃത്തിയോടെ ധരിച്ചു. ബാഗിലെ സെക്ഷനിൽനിന്ന് ഒരു വുളൻ തൊപ്പിയെടുത്തു തലയിലണിഞ്ഞു. അതിനു ചെവികൾ മറച്ചുവെയ്ക്കാനായുള്ള ആവരണം ഉണ്ടായിരുന്നു. പിന്നെ ബാഗെടുത്തു താഴെ ബർത്തിനടിയിലേക്ക് നിരക്കിവെച്ചു. തലയിണ വിന്ഡോയുടെ സൈഡിലേക്ക് നീക്കിയിട്ടു. അതിൽ ചാഞ്ഞുകിടന്നു. ലിനൻ എടുത്തു നെഞ്ചുവരെ പുതച്ച് സുഖമായി ചുരുണ്ടുകൂടിക്കിടന്നു. ഒരു നിമിഷംകഴിഞ്ഞ് തൊപ്പി മുഖത്തേക്കിറക്കിവെച്ച് ഉറങ്ങുവാനുള്ള ശ്രമവും തുടങ്ങി.

രസകരവും കൗതുകകരവുമായ അവന്റെ ചെയ്തികൾ ഞങ്ങൾ – ഞാനും എന്റെ ഇടതുവശംചേർന്നു ചാരിയിരുന്ന് അനുവും – കണ്ടുകൊണ്ടിരുന്നു. അവൻ ചെയ്യുന്നതൊക്കെ എന്തോ പ്രത്യേകതയുള്ളതായും വേറൊരു ലോകത്തിൽനിന്ന് വേറിട്ട രീതികൾ ഞങ്ങൾക്ക് കാട്ടിത്തരാനായി ഒരു ചെറുക്കൻ അവതരിച്ചിരിക്കുന്നതുപോലെയും തോന്നി. അവൻ ഉറപ്പായും സാധാരണയാത്രക്കാരനേക്കാൾ വിഭിന്നനാണ്. ബാക്കിയുള്ള ദൂരം അവനുമൊത്തുള്ള യാത്ര എങ്ങനെയാവും നീങ്ങുകെന്ന് ഞങ്ങൾക്ക് ഉത്കണ്ഠയായി.

ആരോ ഉപേക്ഷിച്ചുപോയ ലിനൻ അവൻ എടുത്തുപുതച്ചപ്പോൾ അനു നെറ്റിചുളിച്ചു നീരസത്തോടെ എന്നെ നോക്കി. എന്നിട്ട് എന്റെ കാതിൽ ശബ്ദമില്ലാതെ മന്ത്രിച്ചു:

“ആള് ത്തിരി പെശകാണെന്ന് തോന്നുന്നു”

“ഏയ്, കുഴപ്പക്കാരനാണെന്ന് യ്ക്ക് തോന്ന് ണില്യ”, ഞാൻ അവളുടെ ആശങ്കയകറ്റാൻ പതിയെ പറഞ്ഞു. അല്ലെങ്കിൽ ഇനി അതോർത്താവും ബാക്കിയുള്ള ദൂരത്തേക്ക് അവൾക്കുണ്ടായേക്കാവുന്ന അങ്കലാപ്പ്. കോവിഡ് മഹാമാരിക്ക് മുമ്പേ, യാത്രയ്ക്കിടയിൽ ആളുകൾക്കുണ്ടായിരുന്ന ശുചിത്വബോധവും മറ്റും ഇപ്പോൾ അത്ര കർശനമല്ലെന്ന് ഞാൻ ഓർത്തു. ഹിമാലയവും കടന്ന് അങ്ങ് അമ്പിളിമാമനെ കീഴടക്കിയ മനുഷ്യന്റെ ധാർഷ്ട്യത്തിന്റെ കൊമ്പ് കുത്തിക്കാൻ കണ്ണിൽക്കാണാനാവാത്ത ഒരു സൂക്ഷ്മാണു വരേണ്ടിവേണ്ടിവന്നു. ആ കാലംകഴിഞ്ഞിട്ട് അധികമായിട്ടില്ല. ‘ഇതിനുമേൽ ഇനി എന്ത് ഉണ്ടാവാനാ’ എന്ന കണക്കേ ആളുകൾക്കിടയിൽ നിലവിലിരുന്ന സാമാന്യമര്യാദകളെല്ലാം അവയുടെ ചട്ടക്കൂടുകളിൽനിന്നൂർന്ന് വിടുതൽ പ്രാപിച്ച് അടുക്കും ചിട്ടയും പാലിക്കാത്ത കാലം വന്നിരിക്കുന്നു.

സമയനിഷ്ഠയൊന്നുമില്ലാതെ ഓടുന്ന ഒരു ഹോളിഡേ സ്പെഷ്യലായിരുന്നു ഞങ്ങളുടേത്. ബോർഡിങ് സ്റ്റേഷനിൽത്തന്നെ വണ്ടി എത്തിയത് മുക്കാൽമണിക്കൂർ ലേറ്റ് ആയാണ്. മഡ്ഗാവിൽ എത്തിയപ്പോൾ അത് ഒന്നര മണിക്കൂറായി. വഴിയിൽപ്പെട്ടുകിടക്കുന്നവർക്കൊക്കെ കയറുവാൻവേണ്ടിയാണ് വണ്ടി ലേറ്റാവുന്നതെന്ന് അനു പിറുപിറുത്തു. വണ്ടി ഒരു അനക്കവുമില്ലാതെ അങ്ങനെ കിടന്നു. ചിലപ്പോൾ വെള്ളം നിറയ്ക്കാനുള്ള പരിപാടിയുണ്ടാവും. എന്തായാലും, വണ്ടി നീങ്ങുന്നതിനുമുമ്പേ പയ്യൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.

പിന്നീട് അവൻ ഉണർന്നത് മംഗലാപുരം എത്താറായപ്പോളാണ്. നല്ല നീണ്ട ഉറക്കം. വണ്ടിയിൽ തലങ്ങുംവിലങ്ങും ഉലാത്തുന്ന വില്പനക്കാർ നീട്ടിവിളിച്ച് ബഹളംവെച്ച് കടന്നുപോയ്ക്കൊണ്ടിരുന്നപ്പോൾ അവന്റെ ഉറക്കം മുറിഞ്ഞെന്ന് തോന്നി. എഴുന്നേറ്റിരുന്ന്, അവയൊക്കെ എന്താണെന്ന് ജിജ്ഞാസയോടെ നോക്കിക്കൊണ്ടിരുന്നു. പയ്യന് വിശപ്പും ദാഹവും ഉണ്ടെന്ന് തോന്നി.

ഉറക്കം അവന്റെ ക്ഷീണത്തെ അകറ്റിയിരിക്കുന്നു, തെളിഞ്ഞ മുഖത്തോടെ അവൻ ഞങ്ങളെ നോക്കി മിതമായി ചിരിച്ചു. അവൻ ഉണർന്നിരിക്കുന്നത് കണ്ട് അത് കാത്തിരിക്കുകയായിരുന്നുവെന്നപോലെ നാവികൻ കടന്നുകയറി ചോദ്യങ്ങളുതിർത്തു..

“എക്സ്യൂസ് മീ. ആർ യു ഫ്രം ജപ്പാൻ ഓർ കൊറിയ?”

എന്റെ ഊഹം ശരിവെച്ച് അവൻ പറഞ്ഞു: “അയാം ഫ്രം ജപ്പാൻ”

“ഓഹ് ക്കെ, നൈസ് ടു സീ യു”, നാവികന്റെ അന്വേഷണം കഴിയുന്നില്ല. എത്ര ദിവസമായി ഇൻഡ്യയിലെത്തിയിട്ട്, എവിടെയൊക്കെ യാത്രചെയ്തു, എങ്ങോട്ടാണ് ഇനി പോകുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. പയ്യൻ എല്ലാത്തിനും വളരെ കൃത്യമായും വൃത്തിയായും ഉത്തരം നൽകുന്നുമുണ്ട്. നാവുകുഴഞ്ഞപോലെ അവൻ പറയുന്ന ഇംഗ്ലീഷ്; നന്നായി ശ്രദ്ധിച്ചാലേ മനസ്സിലാവൂ. ഒഴിവുകാലമായതിനാൽ തന്റെ കേരളത്തിലെ വീട്ടിലെത്തി എല്ലാരുമൊത്തുകൂടി അവധിദിനങ്ങൾ ചെലവഴിക്കുവാൻ പോവുന്നെന്ന് വിദേശച്ചുവ നാടകീയമായി വർത്തമാനത്തിൽ കലർത്തി നാവികൻ അറിയിച്ചു. അവർ രണ്ടുപേർ സംസാരിച്ചുകൊണ്ടിരുന്നു. ചുറ്റുമായി കുറച്ചുപേർ അവരവരുടെ സീറ്റുകളിൽ നിശ്ശബ്ദമായി കാതുകൾ കൂർപ്പിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞു.

ജപ്പാൻ എന്ന് കേട്ടപ്പോൾ ഓർമ്മവന്നത് ആറ്റംബോംബിനെക്കുറിച്ചും അതിനാൽ നിലംപരിശാക്കപ്പെട്ട രണ്ടു പട്ടണങ്ങളെക്കുറിച്ചുമാണ്. ഹിരോഷിമയും നാഗസാക്കിയും. മേരിട്ടീച്ചറുടെ ക്ലാസ്സിൽ ചരിത്രവും പൗരധർമ്മവും കാണിച്ചുതന്ന മൂകവും ശോകവുമായ ഒരേട്. രണ്ടാംലോകമഹായുദ്ധത്തിന്നവസാനമായി ആറ്റോമിക് ബോംബിട്ട് അമേരിക്ക തകർത്തുതരിപ്പണമാക്കിയ ജപ്പാനിലെ രണ്ടു സ്ഥലങ്ങൾ. ഗത്യന്തരമില്ലാതെ ജപ്പാൻ മുട്ടുമടക്കിയെന്നുള്ള പാഠഭാഗത്തിലെ വീമ്പുപറച്ചിൽ. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയഞ്ച് അഗസ്റ്റിലായിരുന്നു മൂന്നു ദിവസത്തിന്റെ വ്യത്യാസത്തിൽ ലോകംകണ്ട കിരാതവും ഭീകരവുമായ നരഹത്യ. രണ്ടേകാൽ ലക്ഷത്തോളം മനുഷ്യജീവനുകൾ പൊലിഞ്ഞുപോയി. ഉപരിയായി അതിഭീകരമായ നാശനഷ്ടങ്ങൾ, കണക്കറ്റ ജീവജാലങ്ങളെ ഞൊടിയിടയിൽ തുടച്ചുനീക്കിയത് വേറെ വിപത്ത്. ബോംബിങ്ങിന്റെ ആഘാതത്തിൽ സ്പന്ദനം നിലച്ചുപോയ ഘടികാരങ്ങളുടെ ബ്ളാക് & വൈറ്റ് ചിത്രങ്ങളോടൊപ്പം ആകാശവുംകഴിഞ്ഞ് അനന്തതയിലേക്ക് വൃത്താകൃതിയിൽപൊന്തി ഭീമാകാരമായ പുകച്ചുരുളുകൾ പുസ്തകത്താളിൽ പൂപോലെ വിരിഞ്ഞുനിന്നു.

പയ്യൻ വളരെ അളന്നുമുറിച്ചുള്ള മറുപടിയിലും തനിക്കു വേണ്ടുന്ന ആലോചിച്ചുറച്ചുള്ള അല്പം ചോദ്യങ്ങളിലും ഡിഫൻസായി കളിക്കുമ്പോൾ നാവികൻ ഇടതടവില്ലാതെ അവനെ വെട്ടിച്ചുപരീക്ഷിക്കുന്നുണ്ട്. ഗോൾപോസ്റ്റ് ഇല്ലാത്ത കളിക്കളത്തിൽ അത് തേടി അലക്ഷ്യമായി പന്ത് തട്ടിപ്പോവുന്ന ഫോർവേഡിനെപ്പോലെയായിരുന്നു അയാളുടെ അഭ്യാസം. അവരുടെ സംഭാഷണത്തിൽനിന്ന് പയ്യന്സിനെക്കുറിച്ച് ഏകദേശരൂപം കിട്ടി. ജൂനിയർ ഹൈസ്കൂൾ ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ പഠിപ്പുനിറുത്തി. ജപ്പാന്റെ ഡിഫെൻസ് ഫോഴ്സിൽ നിശ്ചിതകാലസേവനത്തിനുശേഷം വിരമിച്ചു. കുറച്ചുകാലമായി സ്പിരിച്വൽവഴിയിലാണ്. അത് സംബന്ധിച്ച ഒരു ഗ്ലോബൽ മീറ്റിനു ഗോവയിൽ വന്നതാണ്. തീരദേശവാസവും പഠനവും നെറ്റ്വർക്കിങ്ങും ഒക്കെ നന്നായിരുന്നുവെങ്കിലും അവിടത്തെ ഭക്ഷണം വയറിനു പിടിച്ചില്ല. മൊത്തത്തിൽ അസ്വസ്ഥതയായിരുന്നു. മൂന്നുദിവസങ്ങൾ തള്ളിനീക്കി, എന്തോ നിയോഗംപോലെ മീറ്റ് കഴിഞ്ഞു. ഇനി ഷൊറണൂരിൽ ഇറങ്ങി പാലക്കാടുവഴി കോയമ്പത്തൂരിലെ ആശ്രമത്തിലെത്തണം. അവിടെ കൂട്ടുകാരനുണ്ട്; ബ്രഹ്മചാരിയാണ്. കൂടെ ഒരുദിവസം ചെലവഴിക്കണം. പിന്നെ ചെന്നൈയിലെത്തി സിംഗപ്പുർ വഴി ടോക്കിയോയിലേക്ക് തിരിച്ചു പറക്കണം. ചെന്നൈയിൽ വന്നുപോവാനുള്ള ടിക്കറ്റുകളുണ്ട്. ഗ്ലോബൽ മീറ്റിന് ഗോവയിലേക്ക് ഫ്ലൈറ്റ് പിടിക്കുകയായിരുന്നു. ഇടയ്ക്കുള്ള യാത്ര അപ്പപ്പോൾ തോന്നുന്ന രീതിയിലാണ്.

നാവികന്റെ ആവനാഴിയിൽ അമ്പുകളൊക്കെ തീർന്നെന്നുതോന്നി. അയാൾ തൊടുക്കാത്ത ഒരമ്പ് ഞാൻ കാത്തുവെച്ചു. ഒരു ഇടവേളയിൽ അവൻ എന്നെയും അനുവിനേയും നോക്കി ഹായ് എന്ന് പറഞ്ഞു. ഞാനും പ്രതിവചിച്ചു. അവന് ഞങ്ങളുടെ മകനാവാനുള്ള പ്രായമേയുള്ളൂ.

‘എന്താ പേര്?’, കരുതിവച്ച അമ്പ് ഞാൻ തൊടുത്തു.

നാവികൻ എന്നെ നോക്കി. തനിക്ക് മിസ്സായ ചോദ്യം! ഒരു പേരിൽ എന്തിരിക്കുന്നു എന്നയാൾ കരുതിക്കാണും. ഒരു ജാപ്പനീസ് പയ്യൻ എന്നതിൽക്കവിഞ്ഞൊന്നും അയാൾക്കറിയേണ്ടെന്ന് തോന്നി.

‘കു’, അവൻ പറഞ്ഞു

‘കു?’, എനിക്ക് അദ്‌ഭുതം അടക്കാനായില്ല. കു എന്നൊക്കെ ഒരാൾക്ക് പേര് കാണുമോ? അതോ എന്നെ കളിയാക്കിയതോ!

‘യെസ്, മൈ നെയിം ഈസ് കു’, അവൻ ഉറപ്പിച്ചുപറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആ പേര് ശരിക്കും കയറിപ്പറ്റി.

‘കോയമ്പത്തുരിൽ ഇഷയിലേക്കാണോ പോകുന്നത്?’, പയ്യനോട് ഞാൻ ചോദിച്ചു. അക്കാലത്ത് ഇഷയിലെ ആദിയോഗിപ്രതിമ ഒരു ടൂറിസ്റ്റ് ആകർഷണമായിരുന്നു.

‘അല്ല. അവിടെ ചിന്മയമിഷനിലേക്കാണ്’

അവിടെ എനിക്ക് തെറ്റി. സ്വാമി ചിന്മയാനന്ദജിയുടെ ഓർമ്മയിൽ അല്പനേരം ഇരുന്നു. ഹിമാചലിലെ സിദ്ധ്ബാരിയിലുള്ള തപോവൻ ആശ്രമത്തിൽ അദ്ദേഹത്തിന്റെ സമാധി ആയിടയ്ക്ക് സന്ദർശിച്ചത് ഞാൻ ഓർത്തു. പയ്യൻ താൻ അറിഞ്ഞ ഇൻഡ്യയെപ്പറ്റി എന്നോട് പറഞ്ഞു. അനു അതൊക്കെ സാകൂതം കേട്ടിരുന്നു. അവൾക്ക് അവനെപ്പറ്റി ആദ്യമുണ്ടായ തെറ്റിദ്ധാരണ പോയിമറഞ്ഞിരിക്കുന്നു.

നാല് വേദങ്ങളും (അവയുടെ പേരുകൾ ഓരോന്നായി കൈവിരലെണ്ണി അവൻ പറഞ്ഞു), യോഗ, യോഗിവര്യന്മാർ എന്നിവ ഇൻഡ്യയെ വേറിട്ടതാക്കുന്നു. അല്പമൊക്കെ വായിച്ചിട്ടുള്ള അറിവുണ്ട്. ആദിശങ്കരാചാര്യരുടെ ഭജഗോവിന്ദം, സ്വാമി വിവേകാനന്ദന്റെ സൂക്തങ്ങൾ, ചാണക്യനീതികൾ, വേദിക് മാത്തമാറ്റിക്സ് എന്നിവയൊക്കെ താത്പര്യമുള്ള വിഷയങ്ങളാണ്. അദ്വൈതത്തിന്റെ നാടായ ഇൻഡ്യയെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹമുള്ളതിനാൽ മീറ്റിനും അതിന്റെ പേരിൽ ആദ്യമായൊരു വിസിറ്റിനും ഇറങ്ങിയതാണ്. തെക്കേഭാഗം ഒന്ന് സ്പർശിച്ചുപോകണം. യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യരിൽ വ്യത്യസ്തങ്ങളായ ഭാഷയും ഉടുപ്പും നടപ്പും രീതികളും കാണുന്നു. വൈവിധ്യങ്ങളുടെ കലവറയാണ് ഇൻഡ്യ.

“എങ്ങനെയാണ് ഇൻഡ്യയെ അറിയാൻ കാരണം?”

പയ്യൻ കുറച്ചുകൂടി സൗഹൃദം സ്ഥാപിച്ച്‌ മനം തുറന്നത് അറിഞ്ഞ് ഞാൻ ചോദിച്ചു.

“നായർസാൻ! അദ്ദേഹമാണ് ഇൻഡ്യയെക്കുറിച്ച് എന്നിൽ കൗതുകമുണ്ടാക്കിയത്. അദ്ദേഹത്തെക്കുറിച്ച് ചെറുപ്പത്തിലേ എനിക്കറിയാമായിരുന്നു. അദ്ധ്വാനിയും രാജ്യസ്നേഹിയും വ്യവസായിയും പൊതുവെ നല്ലൊരു മനുഷ്യസ്നേഹിയുമായിരുന്നു”.

ഒരു മിന്നൽപോലെ നായർസാന്റെ മുഖം എന്റെ ഓർമ്മയിലെത്തി. ദി ഗ്രേറ്റ് അയ്യപ്പൻപിള്ളൈ മാധവൻ നായർ. നൂറുവർഷങ്ങൾക്കുമുമ്പ്, തിരുവിതാംകൂർ ഭരണത്തിനെതിരെ ശബ്‍ദമുയർത്തിയതിനു നാടുവിടേണ്ടിവന്ന പതിനെട്ടുകാരൻ. ജപ്പാനിലെത്തി നേതാജിയുമായുള്ള അടുപ്പംമൂലം ജപ്പാനിലിരുന്നുകൊണ്ടുതന്നെ ബ്രിട്ടീഷ് സിംഹാസനത്തിനെതിരെ പടയൊരുക്കം നടത്തിയ സ്വാതന്ത്ര്യസമരസേനാനി. സ്വപ്രയത്നത്താൽ പിന്നീട് ജപ്പാനിലെ പ്രമുഖനായ വ്യവസായിയായിത്തീർന്നു. സാൻ എന്ന ബഹുമതി നൽകി ജപ്പാൻ അദ്ദേഹത്തെ ആദരവോടെ നായർസാനാക്കി.

“ഇൻഡ്യയും ജപ്പാനും തമ്മിലുള്ള ബന്ധം പരിപോഷിപ്പിക്കാനും അത് ഊഷ്മളമായി പുലർത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു.”; ഞാൻ പറഞ്ഞു.

മംഗലാപുരത്ത് ചായയും കാപ്പിയും കിട്ടുമെന്നല്ലാതെ വിശപ്പടക്കാനുള്ള മറ്റു വകകൾ; അതും ഒന്നും മൂന്നുമല്ലാത്ത നേരത്ത് കിട്ടുവാനുണ്ടാവില്ല. വില്പനക്കാരുടെ പക്കലുള്ളത് കണ്ടിട്ട് അവ എന്താണെന്ന് അറിയാതെ അവൻ വീണ്ടും അതൊക്കെ നോക്കിയിരിക്കുന്നുണ്ട്. മുക്കിപ്പഴുപ്പിച്ച റോബസ്റ്റ, ബിസ്കറ്റുകൾ, പല നിറങ്ങളിലുള്ള ഹലുവകൾ, കപ്പലണ്ടിമുട്ടായി, ജെല്ലികൾ, ഭേൽ എന്നിങ്ങനെയുള്ള തീറ്റിസാധനങ്ങൾ കണ്ട് ആശങ്കയിലാണെന്ന് തോന്നി. ഞാൻ ഞങ്ങളുടെ ഭക്ഷണസഞ്ചിയിൽനിന്ന് ഒരു നേന്ത്രപ്പഴം എടുത്തു അവനുനേരെ നീട്ടി, കഴിക്കുന്നുവോ എന്ന് ചോദിച്ചു. നമ്മുടെ ന്യൂജൻ പിള്ളേർ പഴമെന്ന ഓപ്ഷൻ ഭക്ഷിക്കാനെടുക്കുക എന്നത് ഒരു മൂഡ്‌ പോലെയാണ്. അഥവാ പഴത്തിന്റെ തോല് കറുത്തുപോയെന്നാൽ പിന്നെ തൊടുകപോലും ഇല്ല. മൈദയിൽമുക്കി പൊരിച്ചെടുത്ത് പഴംപൊരിയാക്കിയാൽ പിന്നെ നോട്ടമൊന്നുമില്ല; ഇഷ്ടത്തിന് തിന്നോളും. ഇവന്റെ കാര്യം എന്താവുമാവോ. ഒന്നാമത് വിദേശി, രണ്ടാമത്തെ കാര്യം കേരളത്തിന്റെ സ്വന്തം നേന്ത്രപ്പഴം.

പ്രതീക്ഷിച്ചതുപോലെ അവൻ അത് ആകെയൊന്നു നോക്കി, ഒരു നന്ദി പറഞ്ഞുകൊണ്ട് നിരസിച്ചു. പഴം ഞാൻ തിരികെവച്ചു.

“ഇനി എവിടെയാണ് കഴിക്കുവാൻ കിട്ടുക?”, അവൻ ചോദിച്ചു.

“രണ്ടുമൂന്നു മണിക്കൂർ കഴിയണം എന്തെങ്കിലും നല്ലത് കിട്ടുവാൻ”. കണ്ണൂർ സ്റ്റേഷനിലാണ് ഭക്ഷണം എന്തെങ്കിലും; അതും എണ്ണക്കടികളായെങ്കിലും കിട്ടുക എന്നോർത്ത് ഞാൻ പറഞ്ഞു. ഓൺലൈൻ ഓപ്ഷൻസ് ഉണ്ടാവാം. ഒരു വിദേശസഞ്ചാരിയുമായി അത്തരം ഉപദേശങ്ങൾ പന്തിയല്ല.

“എന്നാൽ അത് എനിക്ക് തന്നേക്കൂ. നല്ല വിശപ്പ്”, ക്ഷമിക്കണമെന്നുള്ള ധ്വനിയുണ്ടായിരുന്നു ആ അഭ്യര്ഥനയിൽ.

നേന്ത്രപ്പഴം നല്ലൊരു ആഹാരമാണ്, പെട്ടെന്ന് ക്ഷീണമെല്ലാം മാറും എന്ന് പറഞ്ഞ് ഞാൻ അത് വീണ്ടുമെടുത്ത് അവന് കൊടുത്തു. ഉപചാരപൂർവ്വം നന്ദി പറഞ്ഞ്, വ്യത്യസ്തമായ അതിന്റെ വലിപ്പം സൂക്ഷ്മമായി അവലോകനം ചെയ്ത്, സാവധാനം തൊലിപൊളിച്ച് ഒരു കഷണം കടിച്ചെടുത്തു ചവയ്ക്കുമ്പോൾ അവൻ പറഞ്ഞു.

“ഹ്ങും; ടേസ്റ്റി”

നേന്ത്രപ്പഴമല്ല രുചിയുണ്ടാക്കുന്നത്, നിന്റെ വിശപ്പാണ് എന്ന് എനിക്ക് പറയുവാൻ തോന്നി.

തിന്നുകഴിഞ്ഞ് പഴത്തൊലി അവൻ വിന്ഡോടേബിളിൽ തത്കാലത്തിന് വയ്ക്കുമെന്ന് ഞാൻ കരുതി. എന്നാൽ, രണ്ടു സെക്ഷന് അപ്പുറം ഡോറിനടുത്തെ വാഷ്ബേസിന്നടിയിലെ വേസ്റ്റ് ബാസ്കറ്റിൽ അത് കളയുവാൻ അവൻ പോയിവന്നു.

ഹഠയോഗത്തെപ്പറ്റിയായി അവന്റെ തുടർന്നുള്ള വർത്തമാനം. ജൂൺ ഇരുപത്തിയൊന്ന് ലോകമെമ്പാടും യോഗദിനമായി ആചരിക്കുന്നതിനെപ്പറ്റി ഞങ്ങൾ വാചാലരായി. ഒരു പ്രഹസനമോ കാട്ടിക്കൂട്ടലോ അല്ലാതെ വളരെ ഗൗരവമായിത്തന്നെ ജപ്പാനിൽ യോഗദിനം നടക്കുന്നുവെന്നറിഞ്ഞപ്പോൾ അതിശയംതോന്നി. ചൊനൈകായ് എന്ന് വിളിക്കുന്ന പ്രാദേശികമായുള്ള അയൽക്കൂട്ടസംഘങ്ങൾക്കാണ് ഇതിന്റെ ചുമതലയത്രെ. ചൊനൈക്കായ് പരിധിയിലെ സാമൂഹ്യശുചീകരണം, സുരക്ഷ, ആഘോഷങ്ങൾ എന്നിവയെല്ലാം സ്വതവേ ഈ സമിതികളുടെ നിയന്ത്രണത്തിലാണ്. കൂടെ യോഗദിനവും ഏറ്റെടുത്തു എന്നുമാത്രം. തദ്ദേശത്തെ കമ്മ്യൂണിറ്റി സെന്ററിലോ പാർക്കുകളിലോ കൃത്യമായ സമയവും പ്രോട്ടോക്കോളുമനുസരിച്ച് നടത്തുന്ന പരിപാടിക്ക് കൃത്യമായ അജണ്ടയുണ്ട്. നല്ല പ്ലാനിങ്ങും ദിവസങ്ങളോളമെടുക്കുന്ന അഭ്യാസപരിശീലനങ്ങളും ഉണ്ട്. കൃത്യനിഷ്ഠയും അനുഷ്ഠാനപാടവവും അച്ചടക്കവും പ്രകടിപ്പിക്കുന്ന ചടങ്ങാണെന്ന് അതെന്ന് അവന്റെ വിവരണത്തിൽനിന്ന് ഞാൻ മനസ്സിലാക്കി.

രണ്ടുകൊല്ലംമുമ്പ് യോഗദിനത്തിൽ എഫ് ബിയിൽ എന്റെ സുഹൃത്ത് പോസ്റ്റുചെയ്ത ശീർഷാസനത്തിന്റെ വീഡിയോ തപ്പിയെടുത്ത് ഞാൻ മൊബൈലിൽ കുവിന് കാണിച്ചുകൊടുത്തു. അത് കണ്ടിട്ട് അവൻ കണ്ണ് വിടർത്തി പുരികം ഉയർത്തി “വോ” എന്ന് പറഞ്ഞു.

“ഹിരോഷിമയും നാഗസാക്കിയും ഇപ്പോൾ എങ്ങനെയുണ്ട്, നിന്റെ ചൊനൈകായ് അവയ്ക്കടുത്താണോ?”, ഞാൻ ചോദിച്ചു.

കുവിന്റെ മുഖം പെട്ടെന്ന് വല്ലാതായി. അതോടെ അല്പനേരം നിശ്ശബ്ദനാവുകയും ചെയ്തു. ഇരുവശത്തും കൈകൾകുത്തി നിവർന്ന് അവൻ മെല്ലെ പുറകോട്ട് ചാരിയിരുന്നു. എന്തോ ഓർത്തിട്ടെന്നപോലെ അവൻ കണ്ണുകളടച്ചു ശാന്തനായി. മൗനം ഞങ്ങളുടെയിടയിൽ കയറിക്കൂടി. അനു എന്നെ നോക്കി. എന്റെ ചോദ്യം തികഞ്ഞ അശ്രദ്ധ കലർന്നതും ബാലിശവുമായിപ്പോയി ; അത് ഒഴിവാക്കണമായിരുന്നു എന്നൊക്കെ അവളുടെ കണ്ണുകൾ താക്കീതു നല്കുന്നതുപോലെ തോന്നി. ഹിരോഷിമയെയും നാഗസാക്കിയെയും തകർത്തുതരിപ്പണമാക്കിയ ആറ്റംബോംബിനെക്കാൾ വീര്യംകൂടിയതായിപ്പോയോ എന്റെ ചോദ്യമെന്നും അതോടെ സൗഹൃദസംഭാഷണം അവസാനിച്ചേക്കുമോ എന്നും ഞാൻ സംശയിച്ചു.

“സോറി, കു. ആർ യു ഓക്കേ? എന്റെ ചോദ്യം നിനക്ക് ബുദ്ധിമുട്ടുണ്ടാക്കിയോ?”, ഞാൻ ചോദിച്ചു

“നോ, നോ, ഇറ്റ് ഈസ് ഓൾറൈറ്റ്”, അവൻ സാവധാനം എന്നെ നോക്കി.

വണ്ടി ഒരു വളവെടുക്കുകയായിരുന്നു. പുറത്തുനിന്ന് സൂര്യകിരണത്തിന്റെ ഒരു പരിഛേദപ്രകാശം ജനലിലൂടെ ഊർന്ന് കർട്ടന്റെ വിടവ് വകഞ്ഞ് ബോഗിയിലെ നനുത്ത ഘനവായുവിൽ ശോഷിച്ച് വിൻഡോ ടേബിളിൽ തളർന്നുവീണു. അതിന് മഞ്ഞനിറമായിരുന്നു. പാളങ്ങളിൽ ചക്രങ്ങളുരയുന്ന ശബ്ദം അവ്യക്തമായി കേൾക്കാം. ആർക്കുംവേണ്ടിയല്ല താൻ ഓടുന്നതെന്നപോലെ വണ്ടി ഒരു തിരക്കുമില്ലാതെ നീങ്ങിക്കൊണ്ടിരുന്നു.

“ഞങ്ങൾ ആ കാര്യത്തെപ്പറ്റി അത്ര ഓർക്കാറില്ല സർ, സംസാരവും വേണ്ടെന്നു വയ്ക്കുകയാ പതിവ്”, മൗനംവെടിഞ്ഞ് അവൻ നിർവികാരനായി പറഞ്ഞു. അത്രയുംനേരത്തേക്ക് ഉണ്ടായ എന്നോടുള്ള അടുപ്പംകൊണ്ടാണ് അവൻ അത്രയും പറഞ്ഞതുതന്നെ എന്നും അല്ലെങ്കിൽ അനിയന്ത്രിതമായ ആ ചോദ്യത്തെ പാടെ അവഗണിച്ച് അവൻ മൗനം തുടർന്നുകൊണ്ടുപോയേനെ എന്നും തോന്നി. നാവികൻ എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു.

“ജപ്പാനിന്റെ ചരിത്രത്തിൽനിന്ന്, എന്തിന് സ്‌കൂൾ പാഠപുസ്തകത്തിൽനിന്നുപോലും ഞങ്ങൾ മായ്ചുകളയുവാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്, അവ”. അവൻ പുതിയൊരു അറിവ് പൊതുവായി പറഞ്ഞു.

“നാഗസാക്കിയിൽനിന്ന് ഒരു നാല്പതുകിലോമീറ്ററുണ്ടാവും എന്റെ സ്ഥലത്തേക്ക്”, എന്റെ ചോദ്യം വാസ്തവത്തിൽ അവന് നല്ല അസ്കിതയുണ്ടാക്കിയെങ്കിലും എനിക്കുള്ള ഉത്തരം തരുവാൻ അവൻ ഉപേക്ഷ കാണിച്ചില്ല. എന്തുചെയ്യാം, അപ്പോളേക്കും ആ ഉത്തരം എനിക്ക് തീരെ അപ്രധാനമായിത്തീർന്നിരുന്നു. എങ്കിലും ഞാൻ ഓക്കേ എന്നു പറഞ്ഞ് അത് സ്വീകരിച്ചു.

എനിക്ക് കൂടുതലൊന്നും മിണ്ടാനായില്ല. പക്ഷേ, എന്റെ ചിന്തകൾ കുവിന്റെ പ്രസ്താവനയ്ക്കു പുറകിലെ മനഃശാസ്ത്രം ചികഞ്ഞുകൊണ്ടിരുന്നു. അവന്റെ കണ്ണിലൊളിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതിയ ജ്വാലാമുഖിക്ക് പുറത്തേക്കൊഴുകിവരുവാൻ ഒരു പഴുതിട്ടതുപോലെയായിരുന്നു എന്റെ ചോദ്യമുണ്ടാക്കിയ ആന്തരികസ്പർശം. കുവിനുണ്ടായ അലോസരത്തിനപ്പുറം അവന്റെ പ്രകൃത്യാലുള്ള ശാന്തതയും സൗമ്യതയും സംയമനംപാലിച്ചുള്ള മറുപടിയും ശ്രദ്ധേയമായി. പയ്യന്റെ ആ സഹിഷ്ണുതയായിരുന്നു യാത്രയിലുടനീളവും അതു കഴിഞ്ഞും എന്റെ മനസ്സിൽനിന്ന് അവന്റെ മുഖം മായ്ചുകളയാൻ കഴിയാത്തതാക്കിയത്. അവൻ ചെറുപ്പമായിരുന്നുവെങ്കിലും മാനസികമായി എത്രയോ ഔന്നത്യംനേടിയവനായിരുന്നുവെന്നതാണു സത്യം. അതാണല്ലോ, കുവിന്റെ മുഖം ഇന്നും ഓർമ്മിക്കുവാനും ചടുലമായി മാറിക്കൊണ്ടിരിക്കുന്ന സ്ക്രീൻസേവർപോലെ, ഹിരോഷിമയെയും നാഗസാക്കിയെയുമൊന്നും മുന്നിലേക്ക് കൊണ്ടുവരാതെ ജപ്പാന്റെ നാമധേയത്തിന്റെ പ്രതീകമായി എന്റെ അകക്കണ്ണുകളിൽ അവന്റെ മുഖം പ്രതിഫലിച്ചുകണ്ടതും.

അവന്റെ അസ്വാരസ്യത്തിന് ഇടനൽകുന്ന ഒരു സംസാരവും എന്നില്നിന്നുണ്ടാവാതിരിക്കാൻ യാത്രയിൽ പിന്നീടങ്ങോട്ട് ഞാൻ വളരെയേറെ കരുതലെടുത്തെന്നുവേണം പറയാൻ. വളരെ ശ്രദ്ധിച്ചുകൊണ്ട്, സംസാരം ഞാൻ മറ്റു വിഷയങ്ങളിലേക്ക് തിരിച്ചുവിട്ടു. ഒരുപക്ഷേ, അവനും അത് മനസ്സിലായിക്കാണും. ജെൻസിയോടുള്ള സമ്പർക്കവും ഇടപെടലുകളും സൂക്ഷിച്ചുവേണം. അവനും എനിക്കുമിടയിൽ സൂക്ഷ്മമായ ഒരു മറ പ്രത്യക്ഷമായോ എന്നെനിക്ക് തോന്നിത്തുടങ്ങി. സംഭാഷണങ്ങൾ ഭക്ഷണകാര്യങ്ങളിലേക്കും രീതികളിലേക്കും തിരിഞ്ഞു. അനു അവനുമായിയുള്ള സംഭാഷണം സാവധാനം ഏറ്റെടുത്തത് എന്നെ അദ്‌ഭുതപ്പെടുത്തി. സ്കൂൾ, കോളേജ് പഠനങ്ങൾ, സമൂഹവുമായി ഒരു കുട്ടിയുടെ സംവാദങ്ങൾ ആരംഭിക്കുന്നകാലം എന്നിവയെക്കുറിച്ചൊക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഞങ്ങളുടെ വീട്ടിൽ മകനോട് അവന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ അവളുടെ ഒരു ഇടപെടലുണ്ട്. അത്തരത്തിലൊരു ലൈൻ അവളെടുത്തതായി തോന്നി. ജപ്പാനിപ്പയ്യനായാലും ഞങ്ങളുടെ മകനായാലും മാതൃസ്നേഹവും അതു കലർത്തിയുള്ള മനഃശാസ്ത്രവുംകൊണ്ട് മനസ്സിലേക്ക് കേറി അനുനയിപ്പിച്ചുള്ള ഒരു സംസാരരീതിയിൽ അവൾ വിജയിച്ചിരിക്കണം. ഞാൻ അവർക്കിടയിൽ ഇടയ്ക്കൊക്കെ ഒരു മൂളലിലും ‘യെസ്; നോ’കളിലും ഒതുങ്ങിക്കൂടി.

യാത്രയൊക്കെ കഴിഞ്ഞ് നഗരത്തിൽ തിരിച്ചെത്തി ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ഞാൻ കുവിന്റെ അമർഷത്തിന്റെ ഘടകങ്ങൾ നേരെ ഗൂഗിളിന്റെ ജാലകത്തിലൂടെ അകത്തേക്ക് ഒരു അപഗ്രഥനത്തിനായി തള്ളിക്കൊടുത്തു. ഏഷ്യയുടെ പൂർവ്വതീരത്തെ ഏകദേശം അയ്യായിരത്തിലേറെ ദ്വീപുകൾ ചേർന്നതാണ് ജപ്പാനെന്ന രാജ്യം. അധ്വാനശീലരുടെയും അദ്‌ഭുതങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും സമാധാനത്തിന്റെയും ബുള്ളറ്റ് ട്രെയ്‌നിന്റെയും അതിലുമുപരി അച്ചടക്കത്തിന്റെയും നാട്. തലസ്ഥാനമായ ടോക്കിയോയും മറ്റു പ്രധാനനഗരങ്ങളുമുള്ള ഹോൻഷു, വടക്കേ അറ്റത്ത് തണുപ്പുള്ള പ്രദേശമായ ഹൊക്കൈഡോ, അഗ്നിപർവ്വതങ്ങൾനിറഞ്ഞ ഉയർന്ന മലനിരകളുള്ള ക്യുഷു, ചെറിയ ദ്വീപായ ഷികോകു എന്നീ നാലു വലിയ ദ്വീപുകൾ ജപ്പാനിലെ ഭൂമിയുടെ തൊണ്ണൂറ്റിയേഴ് ശതമാനത്തോളം ഭൂവിസ്തൃതി ഉൾക്കൊള്ളുന്നു. ബാക്കിയുള്ള മൂന്നുശതമാനം ഭൂമി അയ്യായിരത്തിലധികം കുഞ്ഞുകുഞ്ഞുദ്വീപുകളാണ് എന്നതാണ് ആശ്ചര്യം . ‘പർവ്വതനിരകളിലെ തീവളയങ്ങൾ’ എന്നറിയപ്പെടുന്ന ഇരുന്നൂറോളം അഗ്നിപർവ്വതങ്ങളിലെ അറുപതെണ്ണവും സജീവമാണ്. എടുത്തുപറയാവുന്ന വേറൊരു കാര്യം ജപ്പാനിലെ സമുദ്രതീരത്തിന്റെ നീളമാണ്. ഏകദേശം മുപ്പതിനായിരം കിലോമീറ്റർ നീളമുള്ള ഇത് ലോകത്തിലെ ആറാമത്തേതാണ്. ദ്രുതഗതിയിലൊഴുകുന്ന നദികളും രാജ്യത്തിന്റെ പകുതിയിലധികമുള്ള വനസമ്പത്തും ജപ്പാനിലെ ജനങ്ങളെ അധ്വാനശീലരാക്കുന്നു. വർഷത്തിൽ ശരാശരി ആയിരത്തിലേറെ ചെറുതും വലുതുമായ ഭൂകമ്പങ്ങൾ അവരെ എപ്പോളും ജാഗരൂഗരാക്കിയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.

ജപ്പാനിൽ ആറ്റംബോംബ് സൃഷ്ടിച്ച കെടുതികൾ അതുവരെ അറിഞ്ഞതിലും ഭീകരമായിരുന്നുവെന്ന് ഗൂഗിൾ പറഞ്ഞുതന്നു. അത്തരം കെടുതികൾ പച്ചയായി പകർത്തിവച്ച തുറന്ന കാഴ്ചകളെക്കൊണ്ട് പിന്നീട് പാഠപുസ്തകത്താളുകളൊരുക്കി എന്നതായിരുന്നു പിന്നീട് അവർ അറിയാതെചെയ്ത വലിയൊരു വിപത്ത്. അതുമൂലം പ്രൈമറിക്‌ളാസ്സുമുതൽ കുഞ്ഞുങ്ങൾ ആറ്റംബോംബിനെപ്പറ്റിയും ഭയം ജനിപ്പിക്കുംവിധം രാജ്യത്തിന്നുണ്ടായ തോൽവിയുടെ ചരിത്രവും പഠിക്കേണ്ടിവന്നു. വിനാശം വരുത്തിയ തകർച്ചയെക്കാൾ അതിശക്തമായ പ്രത്യാഘാതം അതുമൂലമുണ്ടായി. എല്ലാം കാണിച്ചും വായിച്ചും പഠിച്ചും ക്രമേണ കടുത്ത ഭയവും മനസികാഘാതവും കുഞ്ഞുങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന വിലയിരുത്തൽ ഭരണസംവിധാനത്തിന് ബോധമേകി. വർഷങ്ങളോളം ആവർത്തിച്ചുകൊണ്ടിരുന്ന അദ്ധ്യയനംകൊണ്ട് ജനങ്ങളിൽ കടുത്ത അപകര്ഷബോധവും മാനസികപ്രശ്നങ്ങളും ഉടലെടുത്ത സത്യം തിരിച്ചറിഞ്ഞു. വരുംതലമുറയെ അത്തരത്തിലാക്കിയെടുത്താലുണ്ടാകാവുന്ന ഭവിഷ്യത്തും പ്രത്യാഘാതവും കണക്കിലെടുത്ത് ദശാബ്ദങ്ങൾക്കുശേഷം ജപ്പാൻ വിദ്യാഭ്യാസമന്ത്രാലയം അതിനുതക്കതായ നവീകരണങ്ങൾ പാഠപുസ്തകങ്ങളിൽ കൊണ്ടുവന്നു. ഹിരോഷിമ-നാഗസാക്കി സ്‌ഫോടനങ്ങളിലെ രാഷ്ട്രീയവും, പഴിചാരിയുള്ള ചർച്ചകളും ഭീകരങ്ങളായ ചിത്രങ്ങളും വിവരണങ്ങളും എടുത്തുമാറ്റി. കുഞ്ഞുങ്ങളുടെ മുന്നിൽ യുദ്ധത്തിന്റെ ക്രൂരതയും ഭീതിയും പടർത്താതിരിക്കുവാൻ പാഠഭാഗങ്ങൾ ശ്രദ്ധയോടെ പരിഷ്കരിച്ചു. അവരിൽ മാനസികാഘാതം ഉണ്ടാക്കാത്തവിധം ആറ്റംബോംബിന്റെ സംഭവകഥനം തുലോം ലഘൂകരിച്ചു. ആണവായുധങ്ങൾ ഇനി ലോകത്തിനു വേണ്ടെന്ന സമാധാനസന്ദേശത്തിനാണിന്ന് അവ്വിധത്തിലുള്ള തിരുത്തലുകൾ മുൻഗണന കൊടുത്തിട്ടുള്ളത്. വിദ്യാർത്ഥികളെയും ജനങ്ങളെയും സമാധാനപ്രിയരാക്കുവാനും അവരിൽ മാനസികപിരിമുറുക്കം ഇല്ലാതാക്കുവാനും വേണ്ടി ഷിൻറിയോക്കു, അസഗെയ്, കിൻത്സുകി, ഇക്കിഗായ് എന്നീ പാരമ്പര്യചര്യകൾക്കു പുറമേ യോഗപോലുള്ള ശീലങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ആറ്റംബോബിന്നിരയായതിനുശേഷം ജപ്പാന്റെ രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും ബഹുതരവും വിപുലവുമായ മാറ്റങ്ങൾ ഉണ്ടായി. പാസിഫിസ്റ്റ് കോൺസ്റ്റിറ്റ്യുഷൻ ആർട്ടിക്കിൾ ഒമ്പത് പ്രകാരം അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ യുദ്ധം ഒരു മാർഗമായി ഉപയോഗിക്കുകയില്ലെന്നും രാജ്യത്തിന് സ്വന്തമായി ഒരു ഔദ്യോഗികസൈന്യം വേണ്ടെന്നും പ്രഖ്യാപനമുണ്ടായി. പകരം, അവർക്ക് സ്വയം രക്ഷയ്ക്കായുള്ള ഒരു സേന മാത്രമാണുള്ളത്. ആണവായുധവിരുദ്ധനയം കൊണ്ടുവന്ന്, അവ നിർമിക്കില്ല, കൈവശം വയ്ക്കില്ല, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയില്ല എന്നീ തത്ത്വങ്ങൾ നടപ്പിലാക്കി. യുദ്ധത്താൽ തകർന്ന് തരിപ്പണമായ ജപ്പാൻ, സൈനിക ആവശ്യങ്ങൾക്ക് പണം ചെലവഴിക്കുന്നത് നിറുത്തി സാങ്കേതികവിദ്യയും വിദ്യാഭ്യാസവും വ്യവസായവും ഉയർത്തിക്കൊണ്ടുവരുവാനുതകുന്ന സംരഭങ്ങളിൽ അത് നിക്ഷേപിച്ചു. ലോകത്തെത്തന്നെ എണ്ണംപറഞ്ഞ സാമ്പത്തികശക്തിയായുള്ള ജപ്പാന്റെ കുതിച്ചുചാട്ടം അങ്ങനെയാണ് അവർ കൈവരിച്ചത്. അതും ഇരുപതുകൊല്ലംകൊണ്ട്. മായ്ചുകളയാൻ ശ്രമിക്കുന്ന ഭീകരമായ ഓർമ്മകൾ അടിസ്ഥാനപ്പെടുത്തി ലോകത്തോട് തീക്കളി നിറുത്തുവാനും ഭൂമിയിൽ സമാധാനം പുലർത്തുവാനും ഉദ്‌ഘോഷിക്കുന്നു.

ഗൂഗിൾ എന്റെ മുന്നിൽക്കൊണ്ടുവന്ന മറ്റൊരു സത്യമായിരുന്നു ഹിബാകുഷ എന്ന വാക്ക്. ശരാശരി എൺപത്തിയാറുവയസ്സ് പ്രായമുള്ള ഏകദേശം ഒരു ലക്ഷത്തോളം ഹിബാകുഷകൾ ഇപ്പോഴും ജപ്പാനിൽ അണുവികിരണത്തിന്റെ ദുരിതം അനുഭവിച്ചുകഴിയുന്നുണ്ട്. ബോംബിന് ഇരയായ ജനങ്ങൾ എന്നാണ് ഹിബാകുഷ എന്നാൽ അർത്ഥമത്രെ. എല്ലാം ബോംബിട്ട് തരിപ്പണമാക്കിയ അമേരിക്കതന്നെ ഇവരിലുണ്ടായ റേഡിയേഷനെപ്പറ്റിയുള്ള ഗവേഷണങ്ങളിൽ മുൻകൈ എടുത്തുവെന്നാണ് വിരോധാഭാസം. സമൂഹത്തെ എങ്ങനെ നേരിടും എന്ന് വിഷമിച്ച് ആദ്യമൊക്കെ രഹസ്യമായി ജീവിതംകഴിച്ചിരുന്ന ഹിബാകുഷകൾക്ക് പിന്നെ തീരാവേദനയും മാറാരോഗവും ഉണ്ടാക്കിയ ദൈന്യംകൊണ്ട് ജീവിതം പൊറുതിമുട്ടി. അവകാശത്തിനും നിലനില്പിനുംവേണ്ടി പോരാടാനായി അവർ അരങ്ങത്തേക്ക് വന്നു. അതിജീവനത്തിനു സഹായമായി നിയമങ്ങളും ചികിത്സാപദ്ധതികളും വ്യവസ്ഥാപിച്ച് ഗവെർന്മെന്റ് അവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. സമൂഹത്തിൽ വെറുപ്പും അവജ്ഞയും നേരിടേണ്ടിവന്ന ഹതഭാഗ്യരാണ് ഹിബാകുഷകൾ. പണ്ടുകാലത്ത് കുഷ്ഠരോഗികളെ എങ്ങനെയാണ് നമ്മുടെ സമൂഹം അകറ്റിനിറുത്തിയിരുന്നത്, അതുപോലെയാവാം അതെന്ന് ഞാൻ ഊഹിച്ചു.

കുവിനെ ഞാൻ ജപ്പാന്റെ പ്രതീകമായി അന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചത്. എല്ലാം മറക്കുവാനും ഭൂതകാലത്തിലെ ഒരു ആഘാതവും വർത്തമാനത്തിൽ ഏശാതിരിക്കുവാനും മനസ്സിനെ പാകപ്പെടുത്തുന്ന ഒരു പുത്തൻതലമുറക്കാരൻ. അവൻ പിറന്നുവീണ മണ്ണിൽ മുമ്പെങ്ങോ അവനറിയാതെ നടന്ന അരുംകൊലയുടെ പേരും മുദ്രയും നാണക്കേടും അവനെന്തിനു പേറണം?

അവന്റെ മുൻതലമുറയിലാരെങ്കിലും ഹിബാകുഷകളായിരുന്നോ?. അശരണരായ അവരെ ദൈന്യവും അപമാനവും കല്പിച്ച് സമൂഹം തീണ്ടാപ്പാടകലെ അകറ്റിനിറുത്തിയിരുന്നുവോ? അതുകാരണമാവുമോ ആത്മീയവഴിയിൽ അവൻ എത്തിപ്പെട്ടത്? സ്കൂൾ കഴിഞ്ഞപ്പോൾ പഠിപ്പ് നിറുത്തിവച്ചതും ഡിഫെൻസിൽ ചേർന്നതും അതുകൊണ്ടാവുമോ? ജീവിതവഴികളിൽ ഒരാൾക്ക് കടന്നുപോകണമെങ്കിൽ എന്തൊക്കെ അനിതരസാധ്യതകൾ ഉണ്ടെവുമെന്നും എന്റെ ഊഹങ്ങൾക്കുള്ളിലുള്ള സാധ്യതകൾക്കേതെങ്കിലുമായി അവന്റേതിന് ഒരു താരതമ്യം ഉണ്ടാവുമോ എന്നും ഞാൻ ശങ്കിച്ചു. അറിയാതെ നാവിൽനിന്ന് വീണ അലസമായ ആ ചോദ്യം വേണ്ടിയിരുന്നില്ല എന്നുതോന്നി. അത്തരം ചോദ്യങ്ങൾ നമ്മളറിയാതെത്തന്നെ അന്യരെ നീറ്റിനോവിക്കുന്ന കുത്തായിത്തീരുന്നു. ഹൃദയത്തെ കുത്തിമുറിക്കുവാൻതക്ക മൂർച്ചയുണ്ടാവാം അവയ്ക്ക് എന്നൊക്കെ ഞാൻ ആലോചിച്ചുകൂട്ടി.

കണ്ണൂരിലെത്തുന്നതിനുമുമ്പേ ഐ ഫോണിലെ ജാപ്പനീസ് ട്രാവൽ ആപ്പിൽ, കു കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തു. ചെന്നൈ സിംഗപ്പൂർ ടോക്കിയോ സെക്ടറിൽ നിലവിലുള്ള റേറ്റ് നോക്കി കണ്ണ് തള്ളിച്ച് എന്നോട് റേറ്റൊക്കെ ആകാശം മുട്ടിയെന്നും മുന്നെത്തന്നെ ബുക്ക് ചെയ്തതിനാൽ നല്ല സേവിങ് ഉണ്ടായെന്നും പറഞ്ഞു. കണ്ണൂരിലിറങ്ങി ഞങ്ങൾ ചായയും കടികളും വാങ്ങിക്കൊണ്ടുവന്ന് ഷെയർ ചെയ്തുകഴിച്ചു. കഴിക്കുന്നതെല്ലാം ശുദ്ധമായ സസ്യാഹാരങ്ങളല്ലേ എന്ന് അവൻ അനുവിനോട് ചോദിച്ച് ഉറപ്പാക്കുന്നുണ്ടായിരുന്നു. പഴംപൊരിയും വടകളുംമറ്റും ഉണ്ടാക്കുന്നതെങ്ങനെയെന്ന് അനു അവനോട് അതിനാൽ വിസ്തരിക്കുന്നുമുണ്ടായിരുന്നു. ഒരു ടീച്ചറെ കേൾക്കുന്ന വിദ്യാർത്ഥിയെന്നപോൽ, ഒരു അമ്മയെ കേൾക്കുന്ന മകനെന്നപോൽ അവനെല്ലാം കേട്ട് ഇരുന്നു.

ഞങ്ങൾക്ക് കുറ്റിപ്പുറത്ത് ഇറങ്ങേണ്ടിയിരുന്നു. അവിടമെത്തി ഇറങ്ങുമ്പോൾ കു ഞങ്ങളുടെ ലഗേജുകൾ പ്ലാറ്റഫോമിലേക്ക് ഇറക്കിവയ്ക്കാൻ സഹായിച്ചു. ഞങ്ങളുടെ മകനെ ഏതോ വെളിനാട്ടിലേക്ക് യാത്രയയയ്ക്കാൻ റെയിൽവേസ്റ്റേഷനിൽ വന്നതുപോലെ, ഗാഢമായ വിരഹംമുറ്റിയ നിമിഷങ്ങൾ ഞങ്ങൾക്കുമുമ്പിൽ എവിടെനിന്നോ സംജാതമായി. ഇനി ഒരിക്കലും കാണില്ലെന്ന് അറിയാം. ആ സത്യത്തിനു വഴങ്ങി ഞങ്ങൾ പരസ്പരം സന്തോഷത്തോടെ ഹഗ് ചെയ്തുപിരിഞ്ഞു. ആ നിമിഷത്തിന്റെ മൗനത്തിൽമുങ്ങി വാട്ടം ബാധിച്ച മനസ്സുകളോടെ, കണ്ണിൽനിന്ന് മറയുംവരെ കൈകളുയർത്തി അവന് നിശ്ശബ്ദമായി ഞങ്ങൾ ബൈ പറഞ്ഞു. യാത്രാവസാനത്തിൽ അവനുമായെടുത്ത സെൽഫിയിലൂടെ പുഞ്ചിരിയോടെയുള്ള ശാന്തമായ കുവിന്റെ മുഖം എന്റെ പിന്കാഴ്ചക്കിലേക്ക് ഒരു സ്ക്രീൻസേവർ ഫ്രെയിം ആയി നിശ്ശബ്ദമായി അപ്പോൾ സേവ് ചെയ്യപ്പെട്ടിരുന്നു.

ക്യാബിൽ കുറച്ചുനേരം ഞങ്ങൾ മൂകരായിരുന്നു.

“നല്ലോരു പയ്യൻ”, അനു മൗനം ഭഞ്ജിച്ചു.

“ങും”

അനുവിന് പൊതുവെ അപരിചിതരുമായി അത്ര പെട്ടെന്ന് അടുക്കുവാനുള്ള സ്വഭാവമില്ല. എന്തോ, അവൾ കുവിനെപ്പറ്റിത്തന്നെ ചിന്തിക്കുകയായിരുന്നുവെന്ന് മനസ്സിലായി.

“ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചിലാണ് ജപ്പാൻ ആറ്റംബോംബിനാൽ തകർക്കപ്പെടുന്നത്. പെട്ടെന്നുതന്നെ അവർ ലോകരാജ്യങ്ങൾക്കൊക്കെ മുമ്പിൽ എത്തി. നമ്മളോ!”, അനുവിന്റെ ചിന്ത വേറെ ലെവലിലായി.

പലതരം ശാസ്ത്രീയപരീക്ഷണങ്ങൾക്കുവേണ്ടി ലാബിൽ വളർത്തുന്ന എലികളേയും മത്സ്യങ്ങളേയും തവളകളേയും മുയലുകളേയും എന്തിന്, മണ്ണിരകളേയും പന്നികളേയും ഞാൻ ഓർത്തുപോയി. രസവും ഊർജ്ജവും ജീവന്നുമേൽ തന്ത്രങ്ങളായി പരിണമിക്കുന്നതും പരീക്ഷിക്കപ്പെടുന്നതും അവകളിലാണ്. കൂടൊരുക്കി സുരക്ഷയും സുഭിക്ഷവുമായ ഭക്ഷണവുംകൊടുത്ത് ശാസ്ത്രത്തിന്റെ വ്യക്തവും അവ്യക്തവുമായ വഴിത്താരകളുടെ നിയന്ത്രണത്തിലും അല്ലാതെയും എന്തൊക്കെയോ തീരുമാനങ്ങൾക്കനുസരിച്ച് അവ ജീവിക്കുന്നു. അവയ്ക്ക് തങ്ങളുടെ ജീവിതമെന്തിനാണെന്ന് ഒരു രൂപവുമുണ്ടാവില്ല. അനുമതിയില്ലാതെ ഒരു ഇഞ്ജക്ഷനോ ഒരു ഇൻ-ടേക്കോ ആയി പുതിയ കണികകളെന്തെങ്കിലും ശരീരത്തിൽ നിക്ഷേപിക്കപ്പെടുന്നു. ശരിതെറ്റുകളുടെ പരീക്ഷണങ്ങൾക്ക് വിധേയരായി മരണമെത്തുന്നതറിയാതെ ജീവിക്കുന്നു. ശ്വസിക്കുന്നതും ഭുജിക്കുന്നതും എപ്പോളാണ് അത് പെട്ടെന്നാക്കുന്നതെന്ന് പറയാൻപറ്റാത്ത അവസ്ഥ. ഇഗ്നോറൻസ് ഈസ് ബ്ലിസ്, വാഴ്‌വിനെ അജ്ഞാതവും അനിശ്ചിതവുമായ പ്രക്ഷുബ്ധതകൾ നിറച്ച് പിരിമുറുക്കമുള്ളതാക്കി അപകടംപെരുത്ത പരീക്ഷകളുമൊരുക്കി ഭൂഖണ്ഡലാബിൽ മനുഷ്യരെയും ജീവജാലത്തെയും അജ്ഞാതനായ ഏതോ ഒരു ശാസ്ത്രജ്ഞൻ അതികഠിനമായി പരീക്ഷിക്കുന്നു. പരീക്ഷണശാലയിലെ ആ ശാസ്ത്രഞ്ജന്റെ വൈദഗ്ധ്യത്തെ ഉപേക്ഷയോടെ ആർക്കും കാണാൻ സാധിക്കയില്ല. ഭാഗ്യവും, സമയവും എന്തിന്, അവന്റെ പിഴവുകൾപോലും പുതിയതും അപരിചിതവുമായ വഴിത്താരകൾ തുറക്കുന്നുണ്ട്.

“ചിലർ ലക്ഷ്യങ്ങളിൽ വേഗം എത്തിപ്പെടുന്നു. അതിന്നായി അശ്രാന്തപരിശ്രമം ചെയ്യുന്നു. ഭാഗ്യക്കേടുകൊണ്ട് മറ്റു ചിലർക്ക് ലക്ഷ്യമെത്താൻ സമയമെടുക്കുകയോ കഴിയാതാവുകയോ ചെയ്യുന്നു. ലക്ഷ്യബോധമില്ലാത്തവർക്ക് ഇതൊന്നും ബാധകമല്ല. എത്തിയാലും എത്തിയില്ലെങ്കിലും വീണേടം വിഷ്ണുലോകം എന്ന് അവർ കരുതുന്നു”, പുറത്തെ വഴിയോരക്കാഴ്ചകളിലേക്കും കുറഞ്ഞുവരുന്ന പച്ചപ്പിലേക്കും കണ്ണോടിച്ചുകൊണ്ട് ഞാൻ പറഞ്ഞതായി ഓർക്കുന്നു.

ഫോണിൽ എന്റെ തണുത്ത പ്രതികരണമെന്തിനായിരുന്നുവെന്ന് ടോമി നിശ്ചയമായും തെറ്റിദ്ധരിച്ചുകാണും. അവനെ വിളിക്കുവാനും കുവിനെപ്പറ്റി പറയുവാനും പൊന്തിവന്ന ആഗ്രഹം ഞാൻ അടക്കി. പകരം ടോമിക്ക് ഇത് പിന്നീട് ഇമെയിൽ ആയോ വാട്സാപ്പ് ആയോ അയച്ചുകൊടുക്കാം എന്ന് വിചാരിച്ചു. അവന്റെ യാത്രയ്ക്കുള്ളിലെ ഇടവേളകളിലെപ്പോഴെങ്കിലും വായിക്കാൻ ചിലപ്പോൾ ഉപകരിച്ചേക്കും. പക്ഷേ, ഒന്നാലോചിച്ചപ്പോൾ അതും വേണ്ടെന്നുവെച്ചു. സമയംകിട്ടുമ്പോളൊക്കെ ഞാൻ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നതിൽ അവന് പണ്ടേ ഭിന്നാഭിപ്രായമുണ്ട്. രണ്ടാമത്, അവൻ നല്ലൊരു വായനക്കാരനേയല്ല. ഇതൊക്കെ കുത്തിയിരുന്നുവായിക്കുവാനുള്ള ക്ഷമയൊന്നും അവനില്ല. പൂരംകാണാൻ പോകുന്നവരോട് പൂരത്തെപ്പറ്റി വിവരിക്കുക എന്നത് വിവേകമല്ല. സീയിങ് ഈസ് ബിലീവിങ്.

ഉണ്ണി ചങ്കത്ത്

You may also like

Leave a Comment