24

ഇരുളും മനസ്സിൽ ചിരാതായി വന്നൊരാ
ഇന്നലെക്കണ്ടൊരാ പൊൻകിനാവേ,
ഇമ പൂട്ടിയാലും തെളിയുന്ന നിൻ മുഖം
ഇനിയെൻ്റെ ജീവന് സ്വന്തമല്ലോ
ഇലഞ്ഞികൾ പൂത്തോരിടവഴിക്കോണിൽ നാം
ഇരുവരുമൊന്നായ് നടന്നു നീങ്ങേ
ഇടയിലായേറുകണ്ണിട്ട നിൻ ചൊടിയിലോ
ഇളകിത്തെളിഞ്ഞു നിന്നനുരാഗവും
ഇതളായ് വിടർന്നൊരാ പൂവിൻ കപോലങ്ങൾ
ഇമ്പമാർന്നന്നു ഞാൻ നോക്കി നിൽക്കേ
ഇന്ദീവരമാകുമംഗപ്രത്യംഗങ്ങൾ
ഇടനെഞ്ചിലുണർത്തിയതേതു താളം?
ഇനിയെന്നു കാണുമെന്നൊരു വാക്കു ചൊല്ലാതെ
ഇരുളിൽ മറഞ്ഞു നീ യാത്രയാകെ
ഇടിമിന്നലാഴത്തിലല്ലോ പതിച്ചപോൽ
ഇടറിത്തെറിച്ചെൻ്റെ മാനസവും

ദീപ ബിബീഷ് നായർ
