നന്മ കരുതി നാം ചെയ്യുന്നതൊക്കെയും
തിന്മയായ് മാറുന്ന ചീത്തകാലം
കൈസഹായം കണ്ടറിഞ്ഞു നാം ചെയ്യവേ
‘ഓസി’ലായ് കാണ്മവർ വാഴുംകാലം
ഇറ്റും കനിവിൻ നനവിൽ കുഴിക്കുവാൻ
പറ്റിനില്ക്കും സ്വാർത്ഥരുള്ള കാലം
അപ്പോൾ മുഖാമുഖം കണ്ടൊരരജ്ഞാതനെ-
‘യപ്പാ’ന്ന് ചൊല്ലിടും കെട്ടകാലം
‘ഓറ്റിപി’ ചോദിച്ചു ബാങ്കിലെ സർവ്വതും
പറ്റിച്ചു മുങ്ങുന്ന സൈബർകാലം
ഇപ്പത്തരാമെന്നു വാങ്ങിച്ചുപോയവർ
കൈപ്പണം പാടേ മറക്കുംകാലം
ദ്രവ്യം തിരിച്ചു നാം ചോദിച്ചുപോവുകി-
ലാവുന്നു ഭിക്ഷ യാചിപ്പവർ നാം
അങ്ങേപ്പറമ്പിലെ മാലിന്യമൊക്കെയു-
മിങ്ങേപ്പറമ്പിലായ് തള്ളുംകാലം
ഇത്തരം കാലങ്ങളൊക്കെയുംകൂടി നാം
സത്യത്തിൽ വട്ടംതിരിഞ്ഞകാലം
മേലെയും താഴെയും ചുറ്റിലും കണ്ണുകൾ
ചേലായ് തുറക്കേണ്ടതായ കാലം
ഇന്നലെക്കണ്ടവരിന്നില്ല; നാളെയോ
മുന്നിൽ പെരുക്കുന്നിതുത്കണ്ഠകൾ
മാനത്തുനിന്നു നാം താഴത്തുവീഴുന്നു
സ്ഥാനവും മാനവും പോയിടുന്നു
ബന്ധുമിത്രാദികൾ കണ്ടാലകലുന്നു
സന്ധികൾ ദേഹം മുറുക്കിടുന്നു
ആരും തിരിഞ്ഞുനോക്കുന്നില്ലയെന്നു നാം
കാര്യമായ് സങ്കടം ചൊല്ലിടുന്നു
നട്ടംതിരിഞ്ഞു നോക്കുന്നു നാം മേലിലാ-
യൊട്ടു തിരയുന്നതീശ്വരനേ
ആരുമില്ലാത്തോർക്ക് ദൈവം തുണയെന്നു
പാരിതിൽ വിശ്വാസമുണ്ടാകയാൽ
ബാല്യകാലം മുതൽ ശീലമാണെല്ലാർക്കും
മേലേക്കു നോക്കിപ്പരാതിപ്പെടാൻ
കൃഷ്ണ! കൃഷ്ണാ ഹരേ കൃഷ്ണ! കൃഷ്ണാ ഹരേ
കൃഷ്ണ! കൃഷ്ണാ ഹരേ കൃഷ്ണ! കൃഷ്ണാ
47
