ഒരു നോവലിസ്റ്റും കവയിത്രിയും

by Kerala In Mumbai
0 comments

നാപൊളിയിലെ ഒരു വേനൽക്കാല സായാഹ്നം. വെയിൽ കുടിച്ചു മെലിഞ്ഞ പകലുകൾ. പ്രകൃതി അതിന്റെ ഏറ്റവും പ്രൗഢിയിൽ നിൽക്കുന്ന സമയം.

എഴുത്തുകാരി തന്റെ പഠനമുറിയിൽ പുസ്തകങ്ങളാലും പേപ്പറുകളാലും ചുറ്റപ്പെട്ട്,മൗനിയായിരിക്കുന്നു . ആ ഇരുപ്പു കണ്ടാലറിയാം അവളുടെ മനസ്സ് നിറയെ കഥകളും കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന്.

പക്ഷേ അവൾക്കുള്ളിൽ ഒരു ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നത്.
പെട്ടെന്ന്, ശ്രുതിമധുരമായ ശബ്ദത്തിൽ ആരോ ഒരു കവിത ആലപിക്കുന്നതവൾ കേട്ടു. എഴുത്തുകാരി ധൃതിയിൽ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്ക് ചെന്നപ്പോൾ, നീണ്ട കറുത്ത ചുരുണ്ട മുടിയുള്ള ഒരു സ്ത്രീ പാർക്കിലെ ഒരു ബെഞ്ചിലിരിക്കുന്നതാണ് കണ്ടത്.
അതൊരു കവയിത്രിയായിരുന്നുവെന്ന് പിന്നീടവൾ മനസ്സിലാക്കുകയായിരുന്നു.

ചിത്രശലഭങ്ങളെപ്പോലെ വായുവിൽ നൃത്തം ചെയ്യുന്ന കവിതയിലെ വരികളിൽ, ഒരു നിമിഷം നോവലിസ്റ്റായ എഴുത്തുകാരി മയങ്ങിപ്പോയി.
കവയിത്രി അവളെ ശ്രദ്ധിക്കുകയും പുഞ്ചിരിക്കുകയും ചെയ്തു, ആ നിമിഷം നോവലിസിറ്റിന്, മുജ്ജന്മത്തിലെന്നോ സ്നേഹം പകുത്തിരുന്ന ഒരു ആത്മ സുഹൃത്തിനെ ലഭിച്ചത് പോലെ തോന്നി.

അവൾ തന്റെ മുറിവിട്ടിറങ്ങി കവയിത്രിയുടെ സമിപത്തേയ്ക്കു ചെന്നു. അവർ സാഹിത്യത്തെയും ജീവിതത്തെയും അവരുടെ സുഹൃദ് വലയത്തെക്കുറിച്ചുമെല്ലാം സംസാരിക്കാൻ തുടങ്ങി,
എഴുത്തുകാരി കവയിത്രിയോട് പറഞ്ഞു : “കുറച്ചു ദിവസം മുൻപ് എന്നെ കാണാൻ ഒരു വായനക്കാരൻ വന്നിരുന്നു.
ആ ദിവസം രാത്രി കുരിരുട്ടു നിറഞ്ഞതും,നിശബ്ദവുമായിരുന്നു.ഞാൻ എന്റെ മുറിയിലിരുന്ന് മനസ്സിൽ സൃഷ്ടിച്ച ലോകത്തെ വിവരിക്കാൻ ശരിയായ വാക്കുകൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.പേന വെറുതേ പേപ്പറിന് കുറുകെ ഓടി, വാക്കുകളുടെയും വാക്യങ്ങളുടെയും രൂപത്തിലുള്ള മഷിയുടെ അടയാളങ്ങൾ മാത്രം സൃഷ്ടിച്ചു… ഒരു പാഴ് ശ്രമം.

പെട്ടെന്ന്, വാതിൽ തുറന്ന് ഒരു മനുഷ്യൻ മുറിയിലേക്ക് പ്രവേശിച്ചു. തിളക്കമുള്ള കണ്ണുകളും ജിജ്ഞാസയുള്ള മനസ്സുമുള്ള പ്രായം ചെന്ന ഒരു മനുഷ്യനായിരുന്നു അത്.അദ്ദേഹം എന്നോട് പറഞ്ഞു :

“പേടിക്കേണ്ട, ഞാൻ നിങ്ങളുടെ ഒരു നല്ല വായനക്കാരനാണ്. നിങ്ങളുടെ എല്ലാ നോവലുകളും വായിച്ചിട്ടുണ്ട്.അവയൊക്കെ എന്നെ വല്ലാതെ ആകർഷിക്കുകയും ചെയ്തിരുന്നു. “
അത്ഭുതം കൂറുന്ന മുഖഭാവത്തോടെ ഞാൻ അയാളെ നോക്കി ചോദിച്ചു.

“സന്തോഷം…ഞാൻ എന്താണ് നിങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്?

” അതോ.. പറയാം. അയാൾ തുടർന്നു..
നിങ്ങൾ ഈ ലോകത്തെ നോവലിലൂടെ എങ്ങനെ സൃഷ്ടിച്ചുവെന്ന് എനിക്കറിയണം. നിങ്ങൾ എങ്ങനെയാണ് അതിനെ ഇത്ര സജീവവും യഥാർത്ഥവുമാക്കി അവതരിപ്പിക്കുന്നത്…? “

ഞാൻ പുഞ്ചിരിച്ചുകൊണ്ട് എന്റെ സൃഷ്ടിക കളുടെ കഥ പറയാൻ തുടങ്ങി. വായനക്കാരൻ ശ്രദ്ധയോടെ കേട്ടു, ഓരോ രചനയേയും കഥാപാത്രങ്ങളെയും എഴുത്തു ശൈലിയേയും കുറിച്ചെല്ലാം വിശദമായി പറഞ്ഞു കൊടുത്തു.

ഞങ്ങൾ സംസാരിക്കുമ്പോൾ, ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളും സ്ഥലങ്ങളും മുറിയിൽ നിറഞ്ഞു.
അവ തന്റെ കൺമുന്നിൽ രൂപം കൊള്ളുന്നത് പോലെ അനുഭവപ്പെട്ടെന്നും താനും ആ ലോകത്തിന്റെ ഭാഗമായതുപോലെ തോന്നിയെന്നും വായനക്കാരനും പറഞ്ഞു.
അതിന് ശേഷം ഞാൻ നോവലെഴുതുമ്പോൾ എന്റെ വായനക്കാരെ മനസ്സിൽ കണ്ടേ എഴുതാറുള്ളു. ഒരു പ്രത്യേക സന്തോഷമാണ് എഴുതുമ്പോൾ.
നോവലിസ്റ്റ് ചെറു ചിരിയോടെ തുടർന്നു..

“ആ വായനക്കാരന്റെ സ്നേഹ സഹകരണം എന്നെ പിന്നീട് അത്ഭുതകരമായ നോവലുകൾ സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു.അത് ധാരാളം ആൾക്കാർ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു.

ഇതെല്ലാം കേട്ട ശേഷം,
കവയിത്രി എഴുത്തുകാരിയോട് വേറിട്ടൊര നുഭവമാണ് പങ്കിട്ടത്. അവൾ പറഞ്ഞു :

“ഒരു സ്കൂൾ അവധിക്കാലം എന്നെക്കാണാൻ ഒരു കവി സുഹൃത്തു വന്നിരുന്നു. ആതിഥ്യ മര്യാദയുടെ ശ്രേഷ്ഠത സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വരവ് എന്നെ അമ്പരപ്പിച്ചുവെങ്കിലും എന്റെ മാനസികാവസ്ഥ മറച്ചുവെച്ച് അദ്ദേഹത്തെ സ്വീകരിച്ചു”.

അദ്ദേഹം ആദ്യം എന്റെ കവിതാരചനകളെ പ്രശംസിച്ചുവെങ്കിലും എന്റെ മലയാളം കവിതകൾ ഇംഗ്ലീഷ് കവിതകളെക്കാൾ മോശമാണെന്ന് പറഞ്ഞു.
ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിനു മുന്നേ അദ്ദേഹം തുടർന്നു:

” അനീതി കണ്ടിട്ടും മിണ്ടാതിരിക്കാനാണ് ഇന്നത്തെ എഴുത്തുകാരുടെ വിധി. പലതും നഷ്ടപ്പെടുമെന്ന ബോധമു ള്ളതുകൊണ്ടാണ് അങ്ങനെ അവർ പെരുമാറുന്നത്, അല്ലേ?”

ചോദ്യം ചോദിച്ച്,അദ്ദേഹം നിശബ്ദനായി എന്നെ നോക്കിയിരുന്നു.

ഞാൻ വളരെ ഗൗരവത്തിൽ തന്നെ അദ്ദേഹത്തോട് പറഞ്ഞു :

“നേടാനും നേടിയെടുക്കാനും ഉള്ള സ്ഥാനമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് യാതൊരു അനീതിയും കാണാൻ കണ്ണില്ലാതെ പോകുന്നത്”.

എന്റെ മറുപടി അദ്ദേഹത്തിൽ ഒരു പുഞ്ചിരി വിരിയിച്ചു.

എന്നിട്ട് വളരെയേറെ താൽപര്യത്തോടെ വിവിധ വിഷയങ്ങളെക്കുറിച്ച് വാചാലനായി:

“അവാർഡ് ദാനങ്ങളിലെ പോരായ്മകൾ, പുസ്തക പ്രസാധകരുടെ കിടമത്സരങ്ങൾ, പ്രസാധകർ അവർക്ക് ഇഷ്ടമുള്ള കുറച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത”,സത്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി അദ്ദേഹത്തോട് സംസാരിക്കാൻ ഇങ്ങനെ ഒരവസരം കിട്ടിയതിൽ.

സാഹിത്യത്തിലെ മൂല്യച്യുതി എന്നിലും ഒരു ചോദ്യചിഹ്നമായി മാറിയിരുന്നു.

കവി യാത്ര പറഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മുഖം വളരെ ശാന്തമായിരുന്നു. എന്നാൽ എന്റെ മനസ്സിൽ അക്ഷരങ്ങളുടെ ഒരു കൊടുങ്കാറ്റ് രൂപപ്പെടുകയായിരുന്നു.”
അവളുടെ ചൂടേറിയ വർത്തമാനങ്ങൾ കേട്ടിട്ടാവും പ്രകൃതിയും നിശ്ചലമായി നിന്നു.

നോവലിസ്റ്റ് ഒന്നും മിണ്ടാതെ അവളെ അത്ഭുതത്തോടെ നോക്കിയിരുന്നു.

കവയിത്രിക്ക് ലോകത്തെ കാണാനുള്ള ഒരു സവിശേഷവും അത്ഭുതകരവുമായ കഴിവുണ്ടെന്ന് നോവലിസ്റ്റായ എഴുത്തുകാരി കണ്ടെത്തി.

ആ ദിവസം മുതൽ, നോവലിസ്റ്റും കവയിത്രിയും പലപ്പോഴും പാർക്കിൽ കണ്ടുമുട്ടുകയും ആശയങ്ങളും കഥകളും കൈമാറുകയും ചെയ്യുക പതിവായി.കവയിത്രിയുടെ കണ്ണുകളിലൂടെ ലോകത്തെ കാണാൻ നോവലിസ്റ്റ് പഠിച്ചു, അവളുടെ എഴുത്തിന് ഒരു പുതിയ ആഴവും സംവേദനക്ഷമതയും കൈവന്നു.

നോവലിസ്റ്റിന്റെ നോവലുകളിൽ കവിയിത്രി പ്രചോദനം കണ്ടെത്തി, അവരുടെ കവിതകൾ കൂടുതൽ ആഖ്യാനാത്മകവും ഉജ്ജ്വലവുമായി.

കാലക്രമേണ അവരുടെ ബന്ധം വളർന്നു, പരസ്പരപൂരകമാകുന്ന രണ്ട് അറിയപ്പെടുന്ന എഴുത്തുകാരായി അവർ മാറി. നോവലിസ്റ്റും കവയിത്രിയും അവരുടെ സൗഹൃദത്തിന്റെ പരിണത ഫലമായും,സാഹിത്യത്തോടുള്ള അതിയായ താല്പര്യങ്ങൾ കൊണ്ടും വളരെ മനോഹരമായ കൃതികൾ സൃഷ്ടിച്ചു. അവർ കണ്ടുമുട്ടുമ്പോഴെല്ലാം, അവരുടെ സാഹിത്യം പുതിയതും അതിശയകരവുമായ എന്തെങ്കിലും കൊണ്ട് സമ്പന്നമാകുന്നുവെ ന്ന് അവർക്ക് തോന്നി.

അവരുടെ മനസ്സുകളിലെവിടെയോ ഉറഞ്ഞുകൂടിയിരുന്ന സാഹിത്യപരമായും സാമൂഹ്യപരമായും ഉള്ള പല ചിന്തകളും, വിമർശനങ്ങളും ശുദ്ധീകരിക്കപ്പെട്ടു.

സൗഹൃദത്തിന്റെ വസന്തകാലം പൂക്കളാലും വർണ്ണങ്ങളാലും ചേതോഹരമായി..
സാഹിത്യ നഭസ്സിലെ രണ്ട് നക്ഷത്രങ്ങളായി അവർ തിളങ്ങി..

സിസ്റ്റർ ഉഷാ ജോർജ്
ഫെർമോ, ഇറ്റലി
📚📚📚📚📚📚📚📚📚

Leave a Comment