ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരമായി അറിയപ്പെടുന്നത് റഷ്യയിലെ യാകുട്സ്ക് നഗരമാണ്. റഷ്യയുടെ ഭാഗമായ സാഖാ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഈ നഗരം, ലേന നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഏകദേശം 3.5 ലക്ഷം ജനങ്ങൾ ഇവിടെ താമസിക്കുന്നു. എന്നാൽ ഈ നഗരത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നത് അതിന്റെ അതിശൈത്യമാണ്.
യാകുട്സ്കിൽ ശീതകാലം വളരെ ദൈർഘ്യമേറിയതും കഠിനവുമാണ്. സാധാരണയായി താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസിന് താഴെയാകാറുണ്ട്. ചില സമയങ്ങളിൽ ഇത് മൈനസ് 60 ഡിഗ്രിവരെയും എത്തുന്നു. നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 64 ഡിഗ്രി സെൽഷ്യസാണ്. ഈ കടുത്ത തണുപ്പിൽ മനുഷ്യരുടെ കൺപീലികൾ വരെ ഐസായി മാറുന്ന കാഴ്ചകൾ സാധാരണമാണ്.
ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകൾ നിരവധി പാളികളുള്ള കട്ടിയുള്ള വസ്ത്രങ്ങളും മൃഗങ്ങളുടെ രോമം കൊണ്ടുള്ള തൊപ്പികളും കോട്ടുകളും ധരിച്ചാണ് പുറത്തിറങ്ങുന്നത്. തുറന്ന മാർക്കറ്റുകളിൽ വിൽക്കുന്ന മീനുകൾ പോലും ഐസ് പോലെ കട്ടിയായിരിക്കും.
യാകുട്സ്കിലെ ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത വാഹനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിശൈത്യം കാരണം വാഹനങ്ങളുടെ എഞ്ചിൻ ഓഫ് ചെയ്താൽ ഓയിൽ കട്ടിയാകുകയും പിന്നീട് വാഹനം സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടാകുകയും ചെയ്യും. അതിനാൽ പലരും വാഹനങ്ങൾ തുടർച്ചയായി പ്രവർത്തിപ്പിക്കുകയോ ചൂടുള്ള ഗാരേജുകളിൽ സൂക്ഷിക്കുകയോ ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ പെർമാഫ്രോസ്റ്റ് മേഖലയിലാണ് യാകുട്സ്ക് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വർഷം മുഴുവൻ മണ്ണ് ഉറഞ്ഞുകിടക്കുന്ന ഈ അവസ്ഥയെ ‘പെർമാഫ്രോസ്റ്റ്’ എന്നാണ് വിളിക്കുന്നത്. മണ്ണിന്റെ ഈ പ്രത്യേക സ്വഭാവം കാരണം കെട്ടിടങ്ങൾ സാധാരണ രീതിയിൽ നിർമ്മിക്കാൻ കഴിയില്ല. കോൺക്രീറ്റ് തൂണുകൾ ആഴത്തിൽ സ്ഥാപിച്ച് അതിന് മുകളിലാണ് വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കുന്നത്. അല്ലാത്തപക്ഷം കെട്ടിടങ്ങളിൽ നിന്നുള്ള ചൂട് മഞ്ഞുരുക്കുകയും മണ്ണ് താണുപോകാൻ കാരണമാവുകയും ചെയ്യും.
പ്രകൃതിവിഭവങ്ങളുടെ സമ്പന്നത കൊണ്ടും യാകുട്സ്ക് പ്രശസ്തമാണ്. ലോകത്തിലെ പ്രധാന വജ്ര ഖനന കേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശത്തെ “റഷ്യയുടെ വജ്ര തലസ്ഥാനം” എന്നും വിശേഷിപ്പിക്കാറുണ്ട്. വജ്രത്തിനൊപ്പം സ്വർണം ഉൾപ്പെടെയുള്ള നിരവധി ധാതുക്കളുടെ ഖനനത്തിനും ഈ പ്രദേശം സുപ്രസിദ്ധമാണ്.
അതിശൈത്യവും പ്രതികൂല സാഹചര്യങ്ങളും നിറഞ്ഞ യാകുട്സ്ക് വെറുമൊരു മഞ്ഞുനാട് മാത്രമല്ല. പ്രകൃതിയുടെ കടുത്ത വെല്ലുവിളികളെ മനുഷ്യൻ എങ്ങനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ നഗരം..
രാജീവൻ കാഞ്ഞങ്ങാട്

