കടലോരത്തുള്ള വൻനഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരാഴ്ച്ചയോളം കാലം തിന്നും, കുടിച്ചും, കളിച്ചും, കുളിച്ചും, നീന്തിയും, രാവുറങ്ങിയും മറ്റനവധി നേരംപോക്കുകളില്‍ ഏർപ്പെട്ടും ജീവിക്കാനാണ് ബഹു: സർക്കാർ അന്തര്രാഷ്ട്രീയ സംഘടനയിലെ ഒരു വിഭാഗത്തിന്റെ സെമിനാർ എന്ന പേരിൽ ആടു – കോഴി – മീൻ വകുപ്പു മന്ത്രി ആയ മിശ്രാജിയെയും, അദ്ദേഹത്തിന്റെ സഹായിയായി അസ്സിസ്റ്റന്‍റ്റ് കമ്മീഷണര്‍ എന്ന മദ്രാസിയെയും അയക്കുന്നത്.
സംഘടനയുടെ പരിപാടികൾ എല്ലാം ഇംഗ്ലീഷിൽ ആയതുകൊണ്ടും, മന്ത്രി അവർകൾക്ക് മേൽ പറഞ്ഞ ഭാഷയും ആയി പുലബന്ധം പോലും ഇല്ലാതിരുന്നതു കൊണ്ടും ആണ്, മദ്രാസിക്ക് ഇത്തരം ഒരു ഗതികേട് വരുന്നത് എന്നാണു സര്‍ക്കാരിന്റെ ഉള്‍വൃത്തങ്ങള്‍ രഹസ്യമായി പറഞ്ഞത്. അവിടെ സെമിനാറിലും, അതിനു പുറത്തും നടക്കുന്ന സംഗതികൾ എല്ലാം മഹാഭാരതത്തിലെ സഞ്ജയൻ ധൃതരാഷ്ട്രർക്ക് മഹാഭാരത യുദ്ധം വർണ്ണിക്കും പോലെ ഗോസായി ഭാഷയിൽ പറഞ്ഞു കൊടുക്കലാണ് മദ്രാസിയുടെ മുഖ്യജോലി.
കൂടാതെ, സസ്സ്യഭോജി ആയ മന്ത്രിക്കു തിന്നാൻ കൊള്ളാവുന്ന ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുത്തു മന്ത്രിയവർകളെ തീറ്റിക്കേണ്ട ‘ഹ്യൂമാനിറ്റെറിയന്‍’ ചുമതലയും മദ്രാസിക്കായിരുന്നത്രേ!
ആദ്യത്തെ രാത്രിയിലെ, ഡിന്നർ സമയത്താണ് മന്ത്രി ” മോൾഗ് ടണ്ണി” എന്ന സൂപ്പിനെ കുറിച്ച് അറിയുന്നത് തന്നെ.
“അതെന്തു സൂപ്പാഡോ? വല്ല നാൽക്കാലിയെയോ, എട്ടുകാലിയെയോ, കോഴി-താറാവ് തുടങ്ങിയ പക്ഷികളെയോ വെട്ടി ഇട്ടു തിളപ്പിച്ച്, ഉപ്പും മൊളകും ചേര്‍ത്തു ഉണ്ടാക്കുന്ന വല്ല കറിയും ആണോ?” എന്ന മന്ത്രിയുടെ ചോദ്യത്തിനു, “തുടക്കത്തിൽ ഇവൻ തനി ബ്രാഹ്മണഭോജനം ആയിരുന്നു, സർ. പക്ഷെ സായിപ്പന്മാർ ഇവനെ വിദേശത്തു കൊണ്ടു പോയ ശേഷം, ഇവനില്‍ ചെമ്മീൻ, ഞണ്ട്, കോഴി, ആട്, അന്യ പശു-പക്ഷികൾ തുടങ്ങിയ അബ്രാഹ്മണ ഭോജ്യങ്ങള്‍ ചേർത്തു, നസ്രാണി ഉപദംശം ആക്കി തീർത്തു”, എന്ന മദ്രാസിയുടെ വിശദീകരണം ബഹു.മന്ത്രിക്കു മഹാ അത്ഭുതമായിരുന്നു.
“തമിഴ് നാട്ടിലെ ഒരു യജുർവേദി ബ്രാഹ്മണന്‍ ആയിരുന്നുവത്രേ ഇതിന്റെ ബ്രഹ്മാവ്. പഴയ മദ്രാസിലെ കലക്ക്ട്ടര്‍ ആയിരുന്ന ഒരു സായിപ്പിനു വേണ്ടി സൃഷ്ടിച്ചതാണ് ദ്രാവക രൂപത്തിലുള്ള ഈ ഉപദംശത്തിന്റെ ആദ്യത്തെ എഡിഷൻ. ഇതിനു ബൃഹത്തായ ഒരു ചരിത്രം തന്നെയുണ്ട് എന്നാണു രാശിപുരത്തുകാരൻ നാരായണസ്വാമി എന്ന “ഇന്തോ അംഗ്ലിയൻ” സാഹിത്യകാരൻ എഴുതി വച്ചിട്ടുള്ളത്.”
‘അയാളും ബ്രാഹ്മണൻ ആയിരിക്കും, അല്ലേ?’ എന്നു മന്ത്രി.
“ഒട്ടും സംശയിക്കേണ്ടാ, സാർ. ഒന്നാം തരം പട്ടര്‍, മൈസൂര്‍കാരന്‍ യജുര്‍വേദി ”.
ഗോസായി സംസ്ഥാനത്തിലെ ഒന്നാംതരം ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മന്ത്രിക്കു അഭിമാനം സഹിക്കാന്‍ വയ്യാതായപ്പോള്‍ വായിൽ നിന്നും അറിയാതെ ചില മുത്തു മണികൾ ഉതിർന്നു വീണു:
“എന്തൊക്കെ പറഞ്ഞാലും – തെക്കനായാലും വടക്കനായാലും – ബ്രാഹ്മണർ എന്നും ബ്രാഹ്മണർ തന്നെയല്ലേ? രാഷ്ട്രീയത്തിന് വേണ്ടി ചാത്തനും, കോരനും ബ്രാഹ്മണനും എല്ലാം ഒന്നാണ് എന്ന് ഇടയ്ക്കിടെ പറയേണ്ടി വരുന്നു എന്നു മാത്രം”. മന്ത്രി തന്റെ പരാധീനതയിൽ വ്യാകുലപ്പെട്ടു, ദീര്ഘശ്വാസം വിട്ടു!
“എങ്കിലും എല്ലാത്തിന്നും ഒരു കഥ ഉണ്ടാക്കി എടുക്കാൻ മദ്രാസി ബ്രാഹ്മണർക്കെ കഴിയൂ” മന്ത്രി ആശ്വാസത്തിന്റെ ഒരു ചെറിയ പുഞ്ചിരി മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു. “അതാണ് എനിക്കവരെ ഇഷ്ട്ടം !!”
മദ്രാസി ബ്രാഹ്മണരോടുള്ള മന്ത്രിയുടെ ഈ വാത്സല്യം കണ്ടു പാലക്കാടൻ പട്ടരായ ഉപകമ്മീഷണരുടെ കണ്ണുകളിൽ നീര്‍ പൊടിഞ്ഞു
രാശിപുരം ബ്രാഹ്മണന്റെ കഥക്ക് വേണ്ടി മന്ത്രിയും, ശിങ്കിടിയും “സ്വീറ്റ് കോണ്‍” സൂപ്പും എടുത്തു ഒരൊഴിഞ്ഞ മൂലയിലുള്ള ടെബിളിലേക്ക് നീങ്ങി. നല്ല ചൂടും സ്വാദും ഉള്ള സൂപ്പ് രണ്ടു വായ അകത്താക്കി ചെവിയും കൂർപ്പിച്ചിരുന്നു, മന്ത്രി, സൂപ്പ് പുരാണം കേൾക്കാൻ.
ശിങ്കിടി പട്ടര്‍ കഥ പറഞ്ഞു തുടങ്ങി:
“ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് പഴയ “ഇല്ലസ്ട്രെട്ടട് വീക്ക്ലിയിൽ” രാമയ്യർ എന്ന പാലക്കാടന്‍ ബ്രാഹ്മണാൾ പത്രാധിപരായിരുന്ന കാലത്താണ് ആ രസികന്‍ ലേഖനം വായിക്കാന്‍ ഭാഗ്യമുണ്ടായത് . “മോൾഗ് ടണ്ണി സൂപ്പ്” എന്നോ മറ്റോ ആയിരുന്നു അതിന്റെ തലക്കെട്ട്. കൂടാതെ എഴുത്തുകാരന്റെ ശിന്ന തമ്പിയായ ലക്ഷ്മണ സ്വാമിയുടെ സുന്ദരമായ കാർറ്റൂണും ചേര്‍ത്തിരുന്നു ലേഖനത്തില്‍ എന്നാണു ഓര്‍മ്മ.”
കഥ തുടര്‍ന്നു:
ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് ദക്ഷിണ ഇന്ത്യയിലെ മദ്രാസ്സ് പ്രസിഡൻസിയിലെ ജില്ലാ കളക്ക്ട്ടര്‍ ആയിരുന്ന ഒരു സായിപ്പ് വേട്ടക്കു പോയതിനെ കുറിച്ചാണ് കഥ. വേട്ടക്കു പോയ സായിപ്പ്, ഭയങ്കര മഴയില്‍ പെട്ട് പാതി രാത്രിക്കാണ് നനഞ്ഞു കുളിച്ചു, തുമ്മിയും, ചുമച്ചും ബംഗ്ലാവില്‍ എത്തിയത്. വന്ന ഉടനെ കുശിനിക്കാരൻ മായവരം പട്ടരോട് – കടുത്ത ജലദോഷം ആയതു കൊണ്ട്- ഭക്ഷണത്തിനു രുചി ഇല്ലെന്നും, അത്താഴം വേണ്ടെന്നുo പറഞ്ഞു.
എങ്കിലും, കുശിനിക്കാരൻ പട്ടരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ബൌള്‍ സൂപ്പ് കുടിക്കാം എന്ന് സമ്മതിച്ചു. ചൂടും, എരിവും ഉള്ള സൂപ്പ് കുടിച്ചപ്പോൾ, സായിപ്പ് ആകെ വിയർത്തു കുളിച്ചു. രാവിലെ എഴുന്നേറ്റപ്പോൾ, സായിപ്പിന്റെ ജലദോഷവും, കുളിരും മറ്റും പമ്പ കടന്നിരുന്നു.
കുശിനിക്കാരനെ വിളിച്ചു നന്ദി പറഞ്ഞു സായിപ്പ്. ആ പുതിയ സൂപ്പിന്റെ പേരും, ചേരുവകളും മറ്റും അറിയണം എന്നായി സായിപ്പ്.
കുശിനി പട്ടർ പറഞ്ഞു: “ഇതിന്റെ ഇംഗ്ലീഷു പേരും മറ്റും എനിക്കറിയില്ലാ, സർ. ഞങ്ങളുടെ വീടുകളില്‍, ജലദോഷവും, പനിയും വരുമ്പോൾ മുത്തശ്ശിമാർ ഉണ്ടാക്കി തന്നിരുന്നതായിരുന്നു കുരുമുളകിന്റെ രസം ആയ ഈ “മുളക് തണ്ണി”.
ഈ കുരുമുളക് രസത്തിന്റെ ചേരുവകളും, ഉണ്ടാക്കുന്ന വിധവും എല്ലാം സായിപ്പ്, ഇംഗ്ലണ്ടിലെ കുടുംബക്കാർക്കും, ചങ്ങാതികൾക്കും, മറ്റു പ്രഭുക്കൾക്കും എല്ലാം അയച്ചു കൊടുത്തുവെന്നും, ഈ “മുളക് തണ്ണി” ആണ്, പിന്നീട്, വിശ്വവിഖ്യാതമായ “മോൾഗ് ടണ്ണി സൂപ്പ്” എന്ന പേരിൽ ലോകത്തിലെ മുന്തിയ ഹോട്ടലുകളിൽ എത്രയോ ഡോളർ വിലക്ക് ഇന്നു വിളമ്പി വരുന്നത് എന്നുമാണത്രേ ബ്രഹ്മശ്രീ രാശിപുരം നാരായണസ്വാമി അവർകൾ എഴുതി വച്ചിരിക്കുന്നത്!!

By K.R. നാരായണൻ
+91 9594053133
