തെളിഞ്ഞ നീലജലം നോക്കി എത്രയോ നേരമിരുന്നു. കുളിക്കാൻ വന്നതാണെന്ന സത്യം പോലും മറന്നു.
എനിക്കു കൂട്ടായി ഉണങ്ങിയ മരക്കൊമ്പിൽ ഒരു കൊച്ചു പൊന്മാനും.
നിരനിരയായി നീന്തിയ പരൽമീനുകൾ തീർത്ത അസാധാരണ ദൃശ്യഭംഗി എന്നെപ്പോലെ ആ പൊന്മാനും ആസ്വദിച്ചിരുന്നുവെന്നു തോന്നി. പെട്ടെന്നവൻ വിദൂരതയിലേക്ക് പറന്നകന്നു. അതിശയം തോന്നി ഇര തേടിയെത്തിയവൻ ഇരയെ തൊടാതെ കാഴ്ച മാത്രം കണ്ട് മടങ്ങിയതിന്റെ പൊരുൾ അപ്പോഴാണ് മനസ്സിലാക്കിയത്. ഒന്നുകിൽ എന്റെ അസാന്നിധ്യം ഉറപ്പാക്കാൻ…അല്ലെങ്കിൽ സുഭിക്ഷമായ പ്രാതലിന് കൂട്ടരെയും കൂട്ടിവരാൻ…
പിന്നെ സമയം കളഞ്ഞില്ല. കൈയിലുണ്ടായിരുന്ന തോർത്തുമുണ്ടു കൊണ്ട് കഴിയുന്നത്ര പരൽമീനുകളെ കോരിയെടുത്ത്,വെള്ളം നിറച്ച ചെറിയൊരു കുഴിയിലേക്ക് മാറ്റി. അവരുടെ സുരക്ഷ ഉറപ്പാക്കിയെന്ന ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് പുലരിയിൽ കണ്ട കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നു. രക്ഷിച്ചുവെന്നു കരുതിയ എന്റെ അതിഥികളെല്ലാം ആ ചെറിയ ജലക്കുഴിയിൽ നിശ്ശബ്ദമായി പരലോകം പ്രാപിച്ചിരുന്നു.
നല്ലതു മാത്രം ചെയ്യാൻ ശ്രമിച്ച എന്നെ ഇപ്പോൾ കല്ലെറിയുന്നത് ആരാണ്? എന്റെ മനസ്സാക്ഷിയോ? അതോ ജനങ്ങളോ?
By T. R. രഘുനന്ദനൻ

