ഓർമ്മകളിലെ ഒരു ഷർട്ട്

by Kerala In Mumbai
0 comments

അപ്രതീക്ഷിതമായിരുന്നു രമയുടെ ആ സമ്മാനം. കൊച്ചു കൊച്ചു ചതുരങ്ങളിലുള്ള ഇളം നീല ഷർട്ട്. വിശേഷമൊന്നുമുണ്ടായിട്ടല്ല. ആമസോൺ ഫെസ്റ്റ് സമയം നല്ല ഷർട്ട് ആണെന്നു തോന്നി ഓർഡർ ചെയ്തുവെന്നു മാത്രം. “എന്തിനാങ്ങനെ കാശ് കളയണ്?ഉള്ള ഷർട്ടന്നെ ഇടാറില്ല. “എന്തേ നന്നായിട്ടില്ലേ? ” – രമ
“കൊഴപ്പൊന്നുമില്ല.”
പെട്ടെന്ന് എന്റെ ചിന്തകൾ അറുപത് – അറുപത്തിയഞ്ചു വർഷം പുറകിലേക്കു പോയി. ഓർമ്മകളുടെ ചിത്രശാല തുറന്ന് ആ ഷർട്ട് രംഗ പ്രവേശം ചെയ്തു. സുരിച്ചേട്ടന് തപാലിൽ വന്ന പാർസൽ ഞങ്ങളെല്ലാവരും കൂടി ആകാംക്ഷയോടെ തുറന്നു നോക്കി. ഇളം നീലയിൽ ഭംഗിയുള്ള കൊച്ചു കൊച്ചു ചതുരങ്ങളുള്ള ഒരു ഷർട്ടിങ്ങ് തുണി. നല്ല തിളക്കം. ഒരു ക്രോസ് വേർഡ് പൂരിപ്പിച്ചപ്പോൾ സുരിച്ചേട്ടന് സമ്മാനമായി കിട്ടിയതാണ്. ഒന്നാം സമ്മാനം ട്രാൻസിസ്റ്റർ റേഡിയോ. രണ്ടാം സമ്മാനം റിസ്റ്റ് വാച്ച്. പിന്നെയുള്ളതെല്ലാം പ്രോത്സാഹന സമ്മാനങ്ങൾ . ക്രോസ് വേർഡ് മുഴുവനും ശരിയായി പൂരിപ്പിച്ച് അയച്ചതു കാരണം ഒന്നാം സമ്മാനമായ ട്രാൻസിസ്റ്റർ റേഡിയോ തന്നെയെന്നുറപ്പിച്ച് നാളുകൾ തള്ളി നീക്കി സുരിച്ചേട്ടൻ കാത്തിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് സുരിച്ചേട്ടനെ തേടി പഞ്ചാബിലെ ജലന്ധർ സിറ്റിയിൽ നിന്നും ഒരു സന്ദേശമെത്തി. പ്രോത്സാഹന സമ്മാനം ലഭിച്ചിരിക്കുന്നുവെന്നുള്ള ഒരറിയിപ്പ്.
നവരാത്രിക്കാലത്ത് ഫോറസ്റ്റ്കാരുടെ വിളക്കു ദിവസം തെച്ചിപ്പൂവു കൊണ്ട് ഭംഗിയായി ഉണ്ടമാല കെട്ടി കൊടുത്തപ്പോൾ കിട്ടിയ രൂപയും മറ്റു ചില്ലറകളുമെല്ലാം കൂട്ടിവെച്ച സമ്പാദ്യമായി 20 രൂപയോളം സുരിച്ചേട്ടൻ സൂക്ഷിച്ചു വെച്ചിരുന്നു . പാർസലിനായി അവരയക്കാൻ ആവശ്യപ്പെട്ടിക്കുന്നത് 15 രൂപയാണ് . ആ തുക അയക്കാനായി പോസ്റ്റ് ഓഫീസിലെത്തി . മണിയോർഡർ ഫോമിലെ മേൽ വിലാസം കണ്ടപ്പോൾ തന്നെ പോസ്റ്റ് ഓഫീസിലെ ദാമോദരൻ മാസ്റ്റർ മുന്നറിയിപ്പു നൽകി.
“വല്യ തട്ടിപ്പൊക്കെ നടക്കണ സ്ഥലാ……. എന്തിനാ സുരേന്ദ്രാ കാശ് കളയണ്?”
അതൊന്നും ശ്രദ്ധിച്ചില്ല. മണിയോർഡർ അയച്ചു. ഒരാഴ്ച കഴിഞ്ഞാണ് പാർസൽ വന്നത്. ഷർട്ടിങ്ങ് തുണിയും കൊണ്ട് ഞാനും സുരിച്ചേട്ടനും അമ്പല നടയിലെ കുടുസ്സു മുറിയിലിരുന്ന് വസ്ത്രങ്ങൾ തുന്നുന്ന അലിയുടെ കടയിലേയ്ക്കോടി. അലി ചിരിച്ചു കൊണ്ട് ചോദിച്ചു.
“എത്ര രൂപ പോയി?”
അലിയോട് കാര്യങ്ങളൊക്കെ പറഞ്ഞു.
“ഇതിന് തുന്നക്കൂലികളഞ്ഞ് ആ പൈസയും കൂടി കളയണ്ട. ഒരൊറ്റ അലക്കിൽ ഈ തുണി പകുതിയായ് മാറും. അങ്ങിനെ ഒരു ജാലവിദ്യ ഈ തുണിയ്ക്കുണ്ട്.” വരുന്നതു വരട്ടെ എന്നു കരുതി അലിയോട് തുന്നിക്കോളാൻ പറഞ്ഞു. അഞ്ചു രൂപ തുന്നൽ കൂലി. അങ്ങിനെ മൊത്തം 20 രൂപ. തിളങ്ങുന്ന നീല ചെക്ക് ഷർട്ടിൽ സുരിച്ചേട്ടൻ തിളങ്ങി, അമ്പല നടയിലാകെ വിലസി നടന്നു. മൂന്നുനാലു ദിവസം പിന്നിട്ടു . അവസാനം വിയർപ്പിന്റെ ഗന്ധം അസഹ്യമായപ്പോൾ അമ്മ പറഞ്ഞു.
“അതൊന്നു തിരുമ്പിക്കൂടെ? “
ഭംഗിയുള്ള ആ ഷർട്ടൊന്നിടാനുള്ള മോഹം എന്നിലുമുടലെടുത്തു. സുരിച്ചേട്ടൻ ആ ഷർട്ട് ഊരി വാതിലിലിടുന്ന തക്കം നോക്കി ഞാനുമിരുന്നു. പക്ഷെ അലിയുടെ പ്രവചനം സത്യമായിയെന്നുള്ളതാണ് വാസ്തവം. ഷർട്ട് പകുതിയായി ചുരുങ്ങി. ആദ്യം പ്രതികരിച്ചത് ബട്ടനുകളാണ് . സുരിച്ചേട്ടൻ ഒന്നു ശ്വാസം വിട്ടതോടെ ബട്ടനുകൾ തെറിച്ചു പോയി. അങ്ങിനെ ആ ഷർട്ടിടാനുള്ള എന്റെ മോഹം പൊലിഞ്ഞു .ആ ഷർട്ട് വർഷങ്ങൾ കഴിഞ്ഞ് തന്നെ തേടി വന്നതാണോ?

By T. R. Raghunandanan

Leave a Comment