അമരത്വത്തിന്റെ വീരഗാഥ: മേജർ മുകുന്ദ് വരദരാജൻ- കേണൽ ഡോ. കാവുംബായി ജനാർദ്ദനൻ (റിട്ട.)

by Kerala In Mumbai
0 comments

യഥാർത്ഥ നായകന്മാർ യുദ്ധക്കളങ്ങളിൽ മാത്രം ജനിക്കുന്നവരല്ല; മാതൃഭൂമിക്കായുള്ള സമർപ്പണത്തിന്റെ ശ്വാസം നെഞ്ചിലേറ്റി ജനിക്കുന്നവരാണ് അവർ.

1983 ഏപ്രിൽ 12-ന് കേരളത്തിലെ തീരദേശ നഗരമായ കോഴിക്കോട്ടാണ് ആർ. വരദരാജന്റെയും ഗീതയുടെയും മകനായി മുകുന്ദ് ജനിക്കുന്നത്. ജനനം കൊണ്ട് മലയാളിയാണെങ്കിലും, തമിഴ്‌നാട്ടിലായിരുന്നു മുകുന്ദിന്റെ വേരുകൾ. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരത്തെയും ഒരേ നൂലിൽ കോർത്ത ദേശീയതയെയും ഒന്നുപോലെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ കുടുംബ പശ്ചാത്തലം. എന്നാൽ ഭൂമിശാസ്ത്രപരമായ അതിരുകളേക്കാൾ, ആ കുടുംബത്തിന്റെ സൈനിക പാരമ്പര്യമാണ് മുകുന്ദ് എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. ഭാരതീയ സൈന്യത്തെ കേവലം ബഹുമാനിക്കുക മാത്രമല്ല, അതിനെ സ്വന്തം ജീവിതമായി കണ്ടവരായിരുന്നു മുകുന്ദിന്റെ പൂർവ്വികർ. അദ്ദേഹത്തിന്റെ മുത്തശ്ശൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു; അച്ഛന്റെ രണ്ട് സഹോദരന്മാരും രാജ്യത്തിന്റെ അതിർത്തികൾ കാത്ത ധീരരായിരുന്നു.
ബാലനായ മുകുന്ദിന് ഒലീവ് ഗ്രീൻ യൂണിഫോം എന്നത് വെറുമൊരു വസ്ത്രമായിരുന്നില്ല; മറിച്ച്, അഭിമാനത്തിന്റെ വിശുദ്ധ പ്രതീകമായിരുന്നു. സമപ്രായക്കാരായ കുട്ടികൾ കളിപ്പാട്ടങ്ങളെയും രാജകുമാരന്മാരുടെ കഥകളെയും കുറിച്ച് സ്വപ്നം കണ്ടപ്പോൾ, മുകുന്ദ് നോക്കിനിന്നത് തന്റെ മുതിർന്നവരുടെ നെഞ്ചിലെ മെഡലുകളിലേക്കായിരുന്നു. അവരുടെ ശൂരവീര കഥകൾ ആ ബാലന് വലിയ പ്രചോദനം നൽകി. അവന്റെ കുട്ടിക്കാലത്തെ കളികളെല്ലാം ശത്രുവിനെ കീഴടക്കുന്ന യുദ്ധതന്ത്രങ്ങളായിരുന്നു. ഭാരതീയ സൈന്യത്തിന്റെ ഔദ്യോഗിക മുദ്ര നെഞ്ചിലേറ്റുക എന്നതായിരുന്നു അവന്റെ ജീവിതത്തിലെ ഏക ലക്ഷ്യം. സ്വന്തം മാതൃഭൂമിക്കും ശത്രുവിനും ഇടയിൽ ഒരു മതിൽ പോലെ കാവൽ നിൽക്കുന്നതിനേക്കാൾ വലിയൊരു ഭാഗ്യം ഒരു പൗരന് ലഭിക്കാനില്ലെന്ന് അവൻ ചെറുപ്പത്തിലേ പഠിച്ചു.

പ്രായം കൂടുന്തോറും മുകുന്ദ് ആകർഷകമായ വ്യക്തിത്വത്തിനുടമയായി മാറി. ഉയരമുള്ള, കായികക്ഷമതയുള്ള, കമാൻഡിംഗ് പ്രകൃതമുള്ള ആ യുവാവിന് പ്രശസ്ത തമിഴ് നടൻ മാധവനുമായി അത്ഭുതകരമായ രൂപസാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്നേഹത്തോടെ ‘മാഡി’ എന്ന് വിളിച്ചു. അപരിചിതർക്ക്, മുകുന്ദിന്റെ തീക്ഷ്ണമായ കണ്ണുകളും ഉറച്ച താടിയെല്ലും ഒരു കർക്കശക്കാരനായ സൈനികന്റെ ഭാവമാണ് നൽകിയിരുന്നത്. എന്നാൽ, ആ ഗൗരവമേറിയ മുഖത്തിന് പിന്നിൽ തങ്കം പോലുള്ള ഒരു ഹൃദയത്തിനും തമാശകൾ പറയുന്ന ഒരു നല്ല മനസ്സിനും ഉടമയായിരുന്നു അദ്ദേഹം. ഏതൊരു സദസ്സിലും അദ്ദേഹം ഊർജ്ജം നിറച്ചു. എത്ര വലിയ സങ്കീർണ്ണമായ സാഹചര്യത്തെയും തന്റെ ഒരു ചെറിയ തമാശ കൊണ്ടോ ഊഷ്മളമായ ചിരി കൊണ്ടോ ലഘൂകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അതിരുകൾക്കപ്പുറത്തെ പ്രണയം
മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പഠനകാലത്താണ് മുകുന്ദ് തന്റെ ജീവിതസഖിയായ ഇന്ദു റെബേക്ക വർഗീസ് എന്ന മലയാളി പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. സൗഹൃദത്തിൽ തുടങ്ങിയ ആ ബന്ധം പിന്നീട് ആഴമേറിയ പ്രണയമായി മാറി. പരസ്പര ബഹുമാനത്തിലും ആഴത്തിലുള്ള ധാരണയിലും കെട്ടിപ്പടുത്തതായിരുന്നു ആ സ്നേഹം. ഒരു സൈനിക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും ഒമ്പത് വർഷക്കാലം ദൂരവും സമയവും അവരുടെ പ്രണയത്തിന് തടസ്സമായില്ല.

“ഈ ലോകം മുഴുവൻ എതിർത്തു നിന്നാലും,
ആകാശം തന്നെ ഇടിഞ്ഞു വീണാലും,
ഭയം എന്നിൽ ഒരു തരി പോലും ഉണ്ടാവില്ല…”

വിപ്ലവകാരിയായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയാരുടെ ഈ വരികൾ മുകുന്ദ് എപ്പോഴും ഓർക്കുമായിരുന്നു. അദ്ദേഹം ആ വരികൾക്കനുസരിച്ചാണ് ജീവിച്ചതും ഇന്ദുവിനെ നയിച്ചതും. 2009-ൽ അവർ വിവാഹിതരായി. അധികം വൈകാതെ, അർഷേയ എന്ന മകൾ ജനിച്ചതോടെ അവരുടെ ജീവിതം കൂടുതൽ മനോഹരമായി. 2014 ആയപ്പോഴേക്കും മുകുന്ദ് മൂന്ന് വയസ്സുള്ള ആ മകളുടെ പ്രിയപ്പെട്ട അച്ഛനായിക്കഴിഞ്ഞിരുന്നു.
തന്റെ മൗനങ്ങളെപ്പോലും മനസ്സിലാക്കുന്ന ഒരു പങ്കാളി, ഹൃദയത്തിൽ ഒളിപ്പിച്ച മകളുടെ ചിരി, ഇന്ത്യൻ ആർമിയിലെ പ്രശസ്തമായ ’44 രാഷ്ട്രീയ റൈഫിൾസിൽ (RR)’ കാത്തിരിക്കുന്ന മികച്ച കരിയർ-ഒരു മനുഷ്യന് സന്തോഷത്തോടെ ജീവിക്കാൻ വേണ്ടതെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും, എല്ലാറ്റിനും ഉപരിയായി അദ്ദേഹത്തിന്റെ പരമമായ ഭക്തി ഭാരതമെന്ന പുണ്യഭൂമിയോട് മാത്രമായിരുന്നു.

2014 ഏപ്രിലിൽ മേജർ മുകുന്ദ് വരദരാജൻ ദക്ഷിണ കശ്മീരിലെ ഏറ്റവും സംഘർഷഭരിതമായ ഷോപ്പിയാൻ ജില്ലയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. കാശ്മീർ താഴ്‌വരയിലെ ‘ആപ്പിൾ ടൗൺ’ എന്നറിയപ്പെടുന്ന ഷോപ്പിയാന്റെ അതിമനോഹരമായ പ്രകൃതി ഭീകരവാദത്തിന്റെ കരിനിഴലിലായിരുന്നു. കൗണ്ടർ ഇൻസർജൻസി (ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ) തന്ത്രങ്ങളിൽ വിദഗ്ദ്ധരായ 44 രാഷ്ട്രീയ റൈഫിൾസിനെയാണ് അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ നിയോഗിച്ചിരുന്നത്. ആപ്പിൾ പൂക്കളുടെ സുഗന്ധത്തിന് പകരം വെടിമരുന്നിന്റെ മണമുള്ള ഒരു അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്.

2014 ഏപ്രിൽ 24-ന് രാത്രി ആ പ്രദേശത്ത് കനത്തൊരു ദുരന്തമുണ്ടായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ജീവനക്കാർ കൊല്ലപ്പെട്ടു. ഇത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു. ഇന്റലിജൻസ് വിഭാഗം ഉടൻ തന്നെ സജീവമായി. ഏപ്രിൽ 25 രാവിലെ, കൃത്യമായ വിവരങ്ങൾ അടങ്ങിയ രഹസ്യരേഖ മേജർ മുകുന്ദിന്റെ യൂണിറ്റിന് ലഭിച്ചു.

അതിക്രൂരനായ ജെയ്ഷെ മുഹമ്മദ് (JeM) കമാൻഡർ ‘അൽത്താഫ് വാനി’ ഉൾപ്പെടെ മൂന്ന് വിദേശ ഭീകരർ ഷോപ്പിയാനിലെ ഖാസിപത്രി ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നു എന്നതായിരുന്നു ആ വിവരം. സുരക്ഷാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവർത്തകരെയും നിരപരാധികളായ ജനങ്ങളെയും കൊന്നൊടുക്കിയ പ്രധാന സൂത്രധാരനായിരുന്നു അൽത്താഫ് വാനി. അവനെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്നത് സൈന്യത്തിന്റെ വലിയ ലക്ഷ്യമായിരുന്നു.

മേജർ മുകുന്ദിനെ ക്വിക്ക് റിയാക്ഷൻ ടീമിന്റെ (QRT) കമാൻഡറായി ചുമതലപ്പെടുത്തി. അദ്ദേഹം ഒട്ടും സമയം കളയാതെ തന്റെ ടീമിനെ വിളിച്ചുകൂട്ടി. തന്റെ സൈനികരുടെ കണ്ണുകളിലേക്ക് നോക്കിയ മേജർ കണ്ടത് തന്നിലുള്ള അതേ പോരാട്ടവീര്യമായിരുന്നു. വളരെ കൃത്യമായ പ്ലാനിങ്ങോടെ, ശത്രുവിന് രക്ഷപ്പെടാൻ ഒരു വഴിയും നൽകാത്ത വിധം ആ പ്രദേശത്തെ അദ്ദേഹം വളഞ്ഞു. ലക്ഷ്യം വ്യക്തമായിരുന്നു: ഭീകരരെ ഇല്ലാതാക്കുക, സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കരുത്, ഒപ്പം തന്റെ സൈനികരെ സുരക്ഷിതമായി തിരികെ എത്തിക്കുക.

രണ്ടുനില വീടും രണ്ട് ഔട്ട്ഹൗസുകളും ഇടതൂർന്ന ആപ്പിൾ തോട്ടവുമുള്ള വലിയൊരു കോമ്പൗണ്ടായിരുന്നു അത്. മേജർ മുകുന്ദിന്റെ സംഘം നിശബ്ദമായി ആ വീട് വളഞ്ഞപ്പോഴാണ് തങ്ങൾ കെണിയിലായ വിവരം ഭീകരർ അറിഞ്ഞത്. കീഴടങ്ങാനുള്ള സൈന്യത്തിന്റെ നിർദ്ദേശം നിരസിച്ച്, അവർ വീടിന്റെ മുകൾ നിലയിൽ നിന്ന് തുരുതുരാ വെടിയുതിർത്തു.
യുദ്ധക്കളം ഉണർന്നു. ശാന്തമായിരുന്ന കാശ്മീരി ഗ്രാമത്തിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് AK-47 തോക്കുകളുടെയും മെഷീൻ ഗണ്ണുകളുടെയും ശബ്ദം മുഴങ്ങി.

ഏറ്റുമുട്ടൽ നീണ്ടു പോയാൽ അത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുമെന്ന് മേജർ മുകുന്ദിന് അറിയാമായിരുന്നു. അതുകൊണ്ട് ആക്രമണത്തിന് നേരിട്ട് നേതൃത്വം നൽകാൻ അദ്ദേഹം തീരുമാനിച്ചു. പാഞ്ഞു വന്ന വെടിയുണ്ടകളെ വകവയ്ക്കാതെ, മുകുന്ദും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സിപോയ് വിക്രം സിങ്ങും പ്രധാന അതിർത്തി ഭേദിച്ച് മുന്നോട്ട് നീങ്ങി.

അസാമാന്യ ധീരതയോടെ മേജർ മുകുന്ദ് ഒരു സ്ഫോടകവസ്തു ഉപയോഗിച്ച് ആ വീടിന്റെ മുൻവാതിൽ തകർത്തു. പുകപടലങ്ങൾക്കിടയിലൂടെ തോക്കിൽ നിന്നും വെടിയുണ്ടകൾ ഉതിർത്തുകൊണ്ട് അദ്ദേഹം അകത്തേക്ക് ഇരച്ചുകയറി. നിമിഷങ്ങൾക്കകം അദ്ദേഹം ഒന്നാമത്തെ ഭീകരന് മുന്നിലെത്തി. അവന് തോക്കെടുക്കാൻ സമയം നൽകുന്നതിന് മുൻപ് തന്നെ മേജർ അവനെ വെടിവച്ചു വീഴ്ത്തി.
എന്നാൽ, അൽത്താഫ് വാനി ഉൾപ്പെടെയുള്ള ബാക്കി രണ്ട് ഭീകരർ തൊട്ടടുത്തുള്ള ഔട്ട്ഹൗസിൽ ഒളിച്ചിരുന്ന് കനത്ത വെടിവെപ്പ് തുടർന്നു. കോൺക്രീറ്റ് ചുവരുകളെ അവർ പ്രതിരോധമായി ഉപയോഗിച്ചു. തന്റെ സൈനികരുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മേജർ മുകുന്ദ്, വെടിയുണ്ടകൾക്ക് മുന്നിലൂടെ മണ്ണിൽ ഇഴഞ്ഞുനീങ്ങി ഔട്ട്ഹൗസിന്റെ ജനലിലൂടെ ഒരു ഗ്രനേഡ് അകത്തേക്ക് എറിഞ്ഞു. ശക്തമായ സ്ഫോടനത്തിൽ ആ കെട്ടിടം കുലുങ്ങി. രണ്ടാമത്തെ ഭീകരനും അവിടെ കൊല്ലപ്പെട്ടു.

പക്ഷേ, യുദ്ധം അവസാനിച്ചിരുന്നില്ല. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ അൽത്താഫ് വാനി തുടർച്ചയായി വെടിയുതിർത്തു. ആ ആക്രമണത്തിൽ സിപോയ് വിക്രം സിങ്ങിന് മാരകമായി പരിക്കേറ്റു. തുടർന്ന് വാനി ജനലിലൂടെ പുറത്തേക്ക് ചാടി, ആപ്പിൾ തോട്ടത്തിലെ വലിയ മരങ്ങളുടെ മറവിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
മേജർ മുകുന്ദിന്റെ കണ്ണുകൾ ചുവന്നു. തന്റെ സഹപ്രവർത്തകന്റെ ത്യാഗം വെറുതെയാകാൻ അദ്ദേഹം സമ്മതിക്കില്ലായിരുന്നു. ആ ക്രൂരനായ ഭീകരനെ കാടിനുള്ളിലേക്ക് രക്ഷപ്പെടാൻ അനുവദിക്കാതെ അദ്ദേഹം ആപ്പിൾ തോട്ടത്തിലേക്ക് വാനിയെ പിന്തുടർന്നു.

അവിടെവച്ച് യുദ്ധത്തിന്റെ ഗതി മാറി. വാനിയുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ വെടിവെപ്പ് പെട്ടെന്ന് നിന്നു. പകരം, വലിയ ഇടവേളകളിൽ മാത്രമായി അവൻ വെടിയുതിർത്തു. ഒരു വെടി… പിന്നെ നിശബ്ദത… വീണ്ടും ഒരു വെടി.
ഒരു സാധാരണ സൈനികനാണെങ്കിൽ ഇത് ആശയക്കുഴപ്പമോ ഭയമോ ഉണ്ടാക്കിയേക്കാം. എന്നാൽ മുകുന്ദ് ഒരു മികച്ച യുദ്ധതന്ത്രജ്ഞനായിരുന്നു. പാഞ്ഞു വരുന്ന വെടിയുണ്ടകൾക്കിടയിലും അദ്ദേഹം തികച്ചും ശാന്തനായി നിന്നു. അദ്ദേഹം ശത്രുവിന്റെ മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കി.

"ഒരു ശത്രു ഇടവിട്ട് മാത്രം വെടിയുതിർക്കുന്നുവെങ്കിൽ, അത് അവൻ ബുള്ളറ്റുകൾ സൂക്ഷിക്കുന്നതല്ല; 
മറിച്ച് അവന്റെ തോക്കിലെ ബുള്ളറ്റുകൾ തീരാറായി എന്നാണ് അർത്ഥം. അവൻ തന്റെ അവസാന ഘട്ടത്തിലാണ്."

മേജർ മുകുന്ദ് ആ നിമിഷത്തിനായി കാത്തിരുന്നു. അദ്ദേഹം വെടിയൊച്ചകൾ എണ്ണി. ശത്രുവിന്റെ അവസാന വെടിയുണ്ടയും തീരുന്നതുവരെ അദ്ദേഹം കാത്തുനിന്നു. വാനിയുടെ തോക്ക് നിശബ്ദമായ ആ നിമിഷം—അവന്റെ തോക്കിലെ അവസാന ബുള്ളറ്റും തീർന്ന ജാതകം മനസ്സിലാക്കി—മേജർ മുകുന്ദ് ഒരു പുലിയെപ്പോലെ മുന്നോട്ട് കുതിച്ചു.
തനിക്ക് മുന്നിൽ മലപോലെ വന്നുനിൽക്കുന്ന ഇന്ത്യൻ ആർമി മേജറെ കണ്ട് വാനി പകച്ചുപോയി. മുകുന്ദ് തന്റെ തോക്കിന്റെ ട്രിഗർ അമർത്തി, ആ ഭീകരനെ അവിടെത്തന്നെ വധിച്ചു. ആ ഓപ്പറേഷൻ പൂർണ്ണ വിജയമായിരുന്നു; ഷോപ്പിയാനിലെ ഭീകരവാദത്തിന്റെ തലവൻമാരെല്ലാം തുടച്ചുനീക്കപ്പെട്ടു.

വെടിയൊച്ചകൾ നിന്നു. ആപ്പിൾ തോട്ടത്തിലെ പുകപടലങ്ങൾ നീങ്ങിത്തുടങ്ങി. ആ വലിയ വിജയം ആഘോഷിച്ചുകൊണ്ട് 44 രാഷ്ട്രീയ റൈഫിൾസിലെ സൈനികർ സന്തോഷം പങ്കുവെച്ചു. എന്നാൽ തങ്ങളുടെ കമാൻഡറുടെ നേർക്ക് നോക്കിയ അവരുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞുപോയി.
മേജർ മുകുന്ദ് വരദരാജൻ നേരെ നിൽക്കുകയായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഒലീവ് ഗ്രീൻ യൂണിഫോം മുഴുവൻ ചോരയിൽ മുങ്ങിയിരുന്നു.
ആപ്പിൾ തോട്ടത്തിൽ വെച്ചുള്ള ആ കടുത്ത പോരാട്ടത്തിനിടയിൽ മേജർ മുകുന്ദ് വരദരാജനു വെടിയേറ്റിരുന്നു. മൂന്ന് 7.62mm ബുള്ളറ്റുകളാണ് അദ്ദേഹത്തിന്റെ നെഞ്ചിലും വയറിലും തറച്ചുകയറിയത്. അത് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളെ തകർത്തു കളഞ്ഞിരുന്നു. എന്നാൽ, ദൗത്യം പൂർത്തിയാക്കണമെന്ന ഉറച്ച മനക്കരുത്തും രാജ്യസ്‌നേഹവും കാരണം അദ്ദേഹം ആ മുറിവുകൾ തന്റെ സൈനികരിൽ നിന്നും മറച്ചുവെച്ചു. തന്റെ സൈനികരുടെ ശ്രദ്ധ തിരിയാതിരിക്കാൻ അദ്ദേഹം വേദന കടിച്ചുപിടിച്ചു. അവസാനത്തെ ശത്രുവും വീഴുന്നതുവരെ അദ്ദേഹം ഒരു പാറപോലെ ഉറച്ചുനിന്നു.
ഇപ്പോൾ, ലക്ഷ്യം പൂർത്തിയായതോടെ, ആ ശരീരത്തിന് അദ്ദേഹത്തിന്റെ ശക്തമായ മനസ്സിനെ താങ്ങാൻ കഴിഞ്ഞില്ല. മുകുന്ദ് തന്റെ സഹപ്രവർത്തകരുടെ കൈകളിലേക്ക് കുഴഞ്ഞുവീണു.

“സാർ! ഞങ്ങളെ വിട്ടു പോകല്ലേ സാർ! ദയവായി കണ്ണുകൾ തുറക്കൂ സാർ!”

അവരുടെ കരച്ചിൽ ആ ആപ്പിൾ തോട്ടത്തിൽ പ്രതിധ്വനിച്ചു. സൈനികർ അദ്ദേഹത്തെ ചുമലിലേറ്റി നടന്ന് ആർമിയുടെ ആംബുലൻസിൽ കയറ്റി. ഉടനെ ശ്രീനഗറിലെ ആർമി ബേസ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു. മിലിട്ടറി ആംബുലൻസിനുള്ളിൽ മുകുന്ദിന്റെ ശ്വാസം നിലച്ചുകൊണ്ടിരുന്നു. ചോര ഒഴുക്ക് നിർത്താൻ പരമാവധി ശ്രമിക്കുന്ന റെജിമെന്റൽ മെഡിക്കൽ ഓഫീസറെ അദ്ദേഹം നോക്കി. മുകുന്ദ് ഭയപ്പെട്ടില്ല. അദ്ദേഹം തന്റെ പ്രിയപ്പെട്ട ‘മാഡി’ ചിരി ചിരിച്ചു-പൂർണ്ണമായ സമാധാനത്തിന്റെയും, സന്തുഷ്ടിയുടെയും കടമ ഭംഗിയായി പൂർത്തിയാക്കിയതിന്റെയും ഒരു ചിരി. ആംബുലൻസ് ആശുപത്രി കവാടത്തിൽ എത്തുന്നതിന് മുൻപ്, മേജർ മുകുന്ദ് വരദരാജൻ തന്റെ സഹസൈനികരുടെ കൈകളിൽ കിടന്ന് അവസാന ശ്വാസമെടുത്തു. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് വെറും 31 വയസ്സായിരുന്നു പ്രായം.
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരനായ ആ ആർമി ഓഫീസറുടെ വാർത്ത രാജ്യത്തെ ദേശസ്നേഹികളെ കണ്ണീരിലാഴ്ത്തി. തന്റെ പ്രിയപ്പെട്ട ഭർത്താവ് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ മൂന്ന് വയസ്സുള്ള മകളുമായി കാത്തിരിക്കുന്ന ഭാര്യക്ക് പ്രയാസം തോന്നി. തന്റെ അച്ഛൻ ഇനി ഒരിക്കലും കാശ്മീരിലെ മലനിരകളിൽ നിന്നും കളിപ്പിക്കാൻ തിരിച്ചുവരില്ല എന്ന് മനസ്സിലാക്കാൻ ആ കുഞ്ഞിന് പ്രായമായിരുന്നില്ല.
അസാമാന്യമായ ധീരതയ്ക്കും നേതൃപാടവത്തിനും മാതൃഭൂമിക്കായുള്ള പരമമായ ത്യാഗത്തിനും ആദരവായി ഭാരത സർക്കാർ മരണാനന്തര ബഹുമതിയായി മേജർ മുകുന്ദ് വരദരാജന് രാജ്യത്തെ ഏറ്റവും ഉയർന്ന സമാധാന കാല ധീരതയുടെ
അവാർഡായ ‘അശോക ചക്ര’ നൽകി ആദരിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാജ്പഥ് പൂർണ്ണമായും നിശബ്ദമായിരുന്നു. അനൗൺസർ മേജർ മുകുന്ദ് വരദരാജന്റെ പേര് വിളിക്കുകയും ഷോപ്പിയാനിലെ ആപ്പിൾ തോട്ടങ്ങളിൽ അദ്ദേഹം കാണിച്ച ധീരതയുടെ കഥകൾ വിവരിക്കുകയും ചെയ്തപ്പോൾ അവിടെ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണുകൾ നിറഞ്ഞു.

വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആ പ്രൗഢഗംഭീരമായ സദസ്സിന് മുന്നിലേക്ക് നടന്നു വന്നു.

ഒരു സൈനിക പത്നിയുടെ ദൃഢവിശ്വാസം അവരുടെ മനസ്സിന് അസാധാരണമായ ആത്മധൈര്യം പകർന്നു നൽകി :
‘മുകുന്ദിനെ ലോകം കണ്ണീരോടെ ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അദ്ദേഹത്തിന്റെ വീര്യവും ആ ചിരിയും ഭാരതത്തോടുള്ള അമരമായ ഭക്തിയുമാണ്
ലോകം കാണേണ്ടത്. എന്റെ കണ്ണുകളിൽ ദുഃഖമല്ല, അദ്ദേഹത്തിന്റെ ധീരതയാണ്
പ്രതിഫലിക്കുക.’

“വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജനു മരണോപരാന്ത ബഹുമതിയായി അശോക ചക്ര സമ്മാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ധീരത പുരസ്‌കാരം ഏറ്റുവാങ്ങാൻ അഭ്യർത്ഥിക്കുന്നു.”

അവൾ തലയുയർത്തിപ്പിടിച്ച്, നിവർന്ന ശരീരത്തോടെ, ഉറച്ച ചുവടുകളോടെ മുന്നോട്ട് നടന്നു. അവളുടെ ശരീരത്തിൽ ഒരു വിറയലോ ഭാവത്തിൽ ഒരു തളർച്ചയോ ഉണ്ടായിരുന്നില്ല. രാഷ്ട്രപതിയുടെ മുന്നിൽ നിന്നും ആ മെഡൽ ഏറ്റുവാങ്ങുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും പൊടിഞ്ഞില്ല. പകരം, ആ കണ്ണുകളിൽ തിളങ്ങിയത് അത്യഗാധമായ അഭിമാനമായിരുന്നു. ആ മെഡലിലേക്ക് നോക്കിയപ്പോൾ, മുകുന്ദ് തനിക്കായി മാറ്റിവെച്ച ഭാരതിയാരുടെ ആ ധീരമായ വരികളുടെ പ്രതീകമായി ഇന്ദു മാറി.
ജീവിതത്തിലെ ഏറ്റവും ഹൃദയഭേദകമായ ഒരു നിമിഷത്തിൽ എങ്ങനെയാണ് ഇത്രയും ധീരമായി നിൽക്കാൻ കഴിഞ്ഞതെന്ന് പിന്നീട് റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ ഇന്ദു നൽകിയ മറുപടി രാജ്യത്തിന്റെ ഹൃദയത്തിലാണ് പതിഞ്ഞത്:
“മുകുന്ദ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ഏറ്റവും വലിയ അഭിമാനത്തോടെയും മുഖത്തൊരു ചിരിയോടെയും കൂടിയാകും ഈ അശോക ചക്ര ബഹുമതി വാങ്ങാൻ വരിക. അദ്ദേഹം എന്താണോ ചെയ്യുക, അത് മാത്രമാണ് ഞാനും ചെയ്തത്. എന്റെ കണ്ണുനീർ അദ്ദേഹത്തിന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കരുത്. ഈ ലോകം കാണേണ്ടത് എന്റെ ഭർത്താവിന്റെ ധീരതയാണ്, എന്റെ സങ്കടമല്ല.”

മേജർ മുകുന്ദ് വരദരാജൻ ചരിത്രത്തിന്റെ താളുകളിലേക്ക് മറഞ്ഞുപോയെങ്കിലും, അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല. അദ്ദേഹം ഒരു ‘അമരൻ’ ആയി മാറി-കശ്മീരിലെ പാറക്കെട്ടുകളിലും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിലും ആ പേര് എന്നേക്കുമായി കൊത്തിവെക്കപ്പെട്ടിരിക്കുന്നു.
ഷോപ്പിയാനിലെ ആ ചോരയൊഴുക്കിയ ഏപ്രിൽ മാസത്തിന് ശേഷം വർഷങ്ങൾ പലതു കഴിഞ്ഞു. ഇന്നും ഓരോ വസന്തത്തിലും അവിടുത്തെ ആപ്പിൾ തോട്ടങ്ങൾ പൂത്തുലയുന്നുണ്ട്, ആ രാജ്യസ്‌നേഹിയുടെ രക്തം വീണ മണ്ണിൽ. ചെറിയ അർഷേയ ഇന്ന് വളരുകയാണ്, ചരിത്ര പുസ്തകങ്ങളിൽ തന്റെ അച്ഛന്റെ പേര് സ്വർണ്ണലിപികളിൽ എഴുതിവെച്ചിരിക്കുന്നത് അവൾ വായിച്ചു പഠിക്കുന്നു.
മേജർ മുകുന്ദിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒന്നുമാത്രം; ഒരു ലക്ഷ്യത്തോടെ, ധീരതയോടെ, മാതൃഭൂമിയോട് നിരുപാധികമായ സ്നേഹത്തോടെ ജീവിക്കുന്ന ജീവിതമാണ് അർത്ഥമില്ലാതെ ജീവിക്കുന്ന നൂറുവർഷത്തേക്കാൾ വലുതെന്ന്. അദ്ദേഹം ഒരു രാജാവിനെപ്പോലെ ജീവിച്ചു, സിംഹത്തെപ്പോലെ പോരാടി, ഒരു യഥാർത്ഥ നായകനെപ്പോലെ വീരമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ യൂണിഫോം ഇന്നും ഒരു പ്രചോദനമാണ്, അദ്ദേഹത്തിന്റെ ചിരി ഇന്നും ആ താഴ്‌വരകളിൽ മുഴങ്ങുന്നുണ്ട്, അദ്ദേഹത്തിന്റെ നാമം ഭാരതീയ സൈനികന്റെ നിത്യമായ മഹത്വത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ജയ് ഹിന്ദ്!

(യഥാർത്ഥ ആർമി ജീവിതത്തിലെ സംഭവത്തെ ആസ്പദമാക്കി എഴുതിയത്)

Col Dr. Kavumbayi Janardhanan

You may also like

Leave a Comment