ഇരുപതാം നൂറ്റാണ്ടിൽ വളരെ അധികം “കൊർപ്പൊറേറ്റ്” ഗ്രന്ഥങ്ങളും, ജാംസെത്ജി മുതല്ക്കുള്ള ടാറ്റ പരമ്പരകളുടെ ചരിത്രവും മറ്റും എഴുതിയ യശ:ശരീരനായ ശ്രീ. റൂസി ലാല (1928 – 2012), ആധുനിക ഇലക്ട്രോണിക്ക് മെയിലുകളുടെയും, എഴുത്തുകളുടെയും പരിമിതികളെക്കുറിച്ച് തന്റെ ഒരു ഗ്രന്ഥത്തിന്റെ മുഖവുരയിൽ ഒരിക്കൽ പരാമർശിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, (അദ്ദേഹത്തെ പോലെയുള്ള) ജീവചരിത്ര ഗ്രന്ഥക്കാർക്ക് വളരെയധികം വിഷമതകൾ സൃഷ്ട്ടിച്ചിരുന്നുവത്രേ ആധുനിക കാലത്തെ “ഇമെയിലുകൾ”. കാരണം, കൈ കൊണ്ട് എഴുതുന്ന കത്തുകളെപ്പോലെ “ഒരു ആത്മാവ്”, തികച്ചും യാന്ത്രികങ്ങളായ ഈമെയിലുകൾക്ക് പിന്നിൽ കാണാൻ സാധിച്ചിരുന്നില്ല എന്നും, അതുകൊണ്ട് തന്നെ എഴുതുന്ന ആളിന്റെ മനോഭാവങ്ങൾ, സ്വഭാവ വിശേഷങ്ങൾ മുതലായവ മനസ്സിലാക്കിത്തരാൻ, കൈ കൊണ്ട് എഴുതിയ കത്തുകൾക്കെ കഴിയൂ എന്നും വിശ്വസിക്കുന്നു അദ്ദേഹം. വിദ്യാവൃദ്ധനും , വയോ വൃദ്ധനുമായിരുന്ന ലാലാ സാഹെബിന്റെ ഈ അഭിപ്രായം, എണ്‍പതു കൊല്ലത്തോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ പ്രവർത്തനാനാനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതായത് കൊണ്ട്, ഒരിക്കലും തെറ്റാകാൻ വഴിയില്ല.
അദ്ദേഹം മാത്രമല്ല, പഴയ തലമുറയിലെ മിക്കവാറും എല്ലാവരും വിശ്വസിച്ചിരുന്നതാണല്ലോ കയ്യക്ഷരത്തിന്റെ മഹത്വത്തെയും, പ്രാധാന്യത്തെയും കുറിച്ച്.! പുതിയ മാധ്യമങ്ങളുടെയും സമ്പ്രദായങ്ങളുടെയും പ്രേരണ കൊണ്ട് നമ്മൾ അത് മറന്നു പോയീ എന്ന് മാത്രം !
ഈ സന്ദർഭത്തിൽ മനുഷ്യക്കുരങ്ങുകളുടെ മാനസിക വളർച്ചയെക്കുറിച്ച് പഠിച്ച ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത് ഓർമ്മ വരുന്നു. മനുഷ്യന്റെ മുൻഗാമികൾ എന്ന് വിശ്വസിക്കപ്പെട്ടു വരുന്ന മനുഷ്യക്കുരങ്ങുകളുടെ കൈകളിൽ കൊച്ചു വടികളോ, ചെറിയ ചുള്ളിക്കമ്പുകളോ കിട്ടിയാൽ അത് കൊണ്ട് അവ മണ്ണിൽ ചില വരകളും കുറികളും കോറി ഇടാറു പതിവുണ്ടത്രേ – നമ്മുടെ ചെറിയ കുട്ടികൾ പെൻസിലും, ചായപ്പെൻസിലുകളും മറ്റും കിട്ടിയാൽ നിലത്തും ചുമരുകളിലും മറ്റും വരച്ചിടുന്നത് പോലെ. ഇതെല്ലാം മനസ്സിലെ വികാരങ്ങളെ ചിത്രകരിക്കുവാനുള്ള ശ്രമങ്ങൾ ആണ് എന്നാണു ഈ ശാസ്ത്രജ്ഞന്മാർ കരുതുന്നത്. (ഈ കഴിവുകൾ വളർത്തി എടുക്കാൻ കഴിയുന്നവർ നല്ല ചിത്രക്കാരും, കാര്ട്ടൂനിസ്ട്ടുകളും മറ്റും ആയിത്തീരാറുണ്ടെന്നാണ് അഭിജ്ഞമതം).
ഇത്തരത്തിലുള്ള ശാസ്ത്രീയ നിഗമനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് വീണ്ടും ശ്രീ റൂസ്സി ലാലയെ പോലെയുള്ളവരുടെ അഭിപ്രായത്തിലേക്ക് തന്നെ ആണ്. അതുകൊണ്ട് തന്നെയായിരുന്നു നമ്മുടെ കാരണവന്മാർ കുട്ടികളുടെ കയ്യക്ഷരം നന്നാക്കി എടുക്കാൻ വളരെ ശ്രമിച്ചിരുന്നതും, ബുദ്ധിമുട്ടിയിരുന്നതുo.
അഞ്ചിലധികം ദശകങ്ങൾ സർക്കാരുകളുടെ ഫയലുകൾ കൈകാര്യം ചെയ്തു പെന്‍ഷന്‍ പറ്റിയ ശേഷം, ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, മനുഷ്യന്റെ കയ്യക്ഷരത്തിന്റെയും, മാനസിക വ്യാപാരങ്ങളുടെയും പരസ്പര ബന്ധം എത്ര ആഴം ഉള്ളതാണ് എന്ന് മനസ്സിലാകുന്നു. സാധാരണ, സര്‍ക്കാരില്‍ ഡീലിംഗ് ഹാണ്ട് (Dealing hand) മുതൽ തീരുമാനങ്ങൾ / നിർണ്ണയങ്ങൾ എടുക്കേണ്ടവർ (Competent authority) വരെയുള്ള ദീര്ഘയാത്രയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഫയലുകളിൽ നിരവധി ആളുകളുടെ കയ്യക്ഷരത്തിൽ ഉള്ള നോട്ടുകളും കുറിപ്പുകളും ധാരാളം കാണാം. നോട്ടെഴുതുന്നവരുടെ സ്വഭാവവിശേഷങ്ങൾ ഏതാണ്ടൊക്കെ അറിയാവുന്നത് കൊണ്ട് അവരുടെ പ്രത്യേകതകളും ആയി കയ്യക്ഷരങ്ങളെ ബന്ധപ്പെടുത്തി നോക്കുക എന്നത് ഒരു നേരമ്പോക്കായിരുന്നു ഒരു കാലത്ത്. ഈ നേരമ്പോക്കിൽ നിന്നാണ് “ഗ്രാഫോലോജി” എന്ന വലിയ ഒരു ശാസ്ത്രത്തെക്കുറിച്ചു അറിയുന്നതും, അതിനെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കുന്നതും.
ഇക്കൂട്ടത്തിൽ, ഏറ്റവും അധികം വിഷമിപ്പിക്കുന്ന ഒന്നാണ് ഡോക്റ്റർമാരുടെ കയ്യക്ഷരം. നിലവിലുള്ള എല്ലാ ശാസ്ത്രങ്ങളെയും നീരുപാധികം തോൽപ്പിക്കുന്ന ഒന്നായിരുന്നു നമ്മുടെ ഡോക്ക്ട്ടർമാർ നമുക്ക് എഴുതി തരുന്ന “പ്രിസ്ക്രിപ്ഷൻ” എന്ന മരുന്നുകളുടെ കുറിപ്പ്.
കുട്ടി ആയിരുന്നപ്പോൾ ഇതിനെക്കുറിച്ച് ഡോക്ട്ടരായ വലി യഛനോട് ഒരിക്കൽ ചോദിച്ചു : “കുറച്ചു വൃത്തിയായി എഴുതിയാൽ മെഡിക്കൽ ഷോപ്പുകാർക്ക് വായിക്കാൻ എളുപ്പമല്ലേ, വലിയഛാ?” കണ്ണ് ഉരുട്ടിയുള്ള അദ്ദേഹത്തിന്റെ നോട്ടം കണ്ടപ്പോൾ ചോദിക്കെണ്ടിയിരുന്നില്ലാ എന്ന് തോന്നി. പിന്നീട് മനസ്സിലായി, വലിയഛൻ മാത്രമല്ലാ എല്ലാ ഡോക്ക്ട്ടർമാരും അങ്ങിനെയായിരുന്നു അക്കാലത്ത്.
എന്റെ തലമുറക്കാരും, സഹപാഠികളും പിന്നീട് ഡോക്ക്ട്ടർമാർ ആയി തീർന്നപ്പോൾ മരുന്ന്കളുടെ കുറിപ്പടികൾ നല്ല വെടുപ്പും വൃത്തിയും ഉള്ള കയ്യക്ഷരങ്ങളിൽ എഴുതുന്നത് കണ്ടിരുന്നു. മെഡിക്കൽ ഷോപ്പുകാർ മാത്രമല്ല ഇംഗ്ലീഷു ഭാഷ അറിയാവുന്ന എല്ലാവര്ക്കും നന്നായി വായിച്ചു മനസ്സിലാക്കാൻ പാകത്തിലുള്ള കയ്യക്ഷരമായിരുന്നു ഈ തലമുറയോട്.
ഇക്കൂട്ടത്തിൽ, എന്റെ ““കാർഡിയൊലൊജിസ്റ്റ്” (Cardiologist) ആയ ഡോ. അജിത് മേനോന്റെ, മുത്തുകൾ കോർത്ത പോലെയുള്ള അക്ഷരങ്ങളില്‍ – കറുത്ത മഷിയില്‍ എഴുതിയ- “പ്രിസ്ക്ക്രിപ്പ്ഷൻന്റെ” ഭംഗി പലപ്പോഴും നോക്കി ഇരുന്നിട്ടും ഉണ്ട്. (കൂട്ടത്തില്‍ പറയട്ടെ, മുംബൈയിലെ പ്രസിദ്ധനായ ഈ കാര്‍ഡിയോളജിസ്റ്റ് എന്‍റെ നാട്ടുകാരനും കൂടിയാണ്.)
വരയിട്ട വെളുത്ത പേജുകൾ ഉള്ള എന്റെ നോട്ടു പുസ്തകങ്ങളിൽ കറുത്ത മഷിയിൽ ക്ഷമയോടെ വൃത്തിയുള്ള അക്ഷരങ്ങളിൽ ഒരു ലേഖനം തയ്യാറാക്കി കൊണ്ടിരുന്ന എന്നോട് ഒരിക്കല്‍ ഒരു ഇളം തലമുറക്കാരൻ പറഞ്ഞു : “യൂ ആർ വേസ്റ്റിംഗ് എ ലൊട്ട് ഓഫ് ടയിം ഇന്‍ ദിസ് കേര്‍ഫുൾ റൈറ്റിംഗ്” (You are wasting a lot of time in this careful writing!).
“സാരമില്ലാ,കുട്ടി. എഴുതുന്നത് മനസ്സിലാക്കുവാൻ വായനക്കാരെ സഹായിക്കുകയാണ് ഞാൻ. എനിക്ക് ധാരാളം സമയവും ഉണ്ട് ഇക്കാര്യത്തിൽ” എന്ന് സമാധാനിപ്പിച്ചു ആ ചെറുപ്പക്കാരനെ.
റൂസ്സി ലാലയെ പോലെയുള്ള ചരിത്രം എഴുത്തുകാർ അബദ്ധവശാൽ എങ്ങാനും എന്‍റെ കയ്യെഴുത്തു വായിക്കാൻ ഇടയായാൽ അവർ എന്റെ വിശ്വാസങ്ങളെക്കുറിച്ച് തെറ്റായിട്ടോന്നും എഴുതി വക്കരുതല്ലൊ, എന്ന സ്വാർത്ഥവിചാരം മനസ്സിലുള്ള കാര്യം ആ ചെറുപ്പക്കാരനോട് പറഞ്ഞില്ലാ!

~K.R Narayanan
