കാലത്തെഴുന്നേറ്റു നോക്കി നിന്നപ്പഴോ
കണ്ടതാ മുന്നിലെ പാടമെങ്ങും
മഴക്കീറിൻ ദേഷ്യമായ് വന്നു പതിച്ചതാ തുള്ളിക്കൊരു കുടം പേമാരിയായ്
പാടവരമ്പൊക്കെ ചേറും ചെളിയുമായ്
കായലിന്നോളങ്ങൾ പോലെ തോന്നും
നീർച്ചാലുകൾ പൊങ്ങുന്ന വെള്ളത്തിന്നപ്പുറം കാണുന്നു കുടിലുകളങ്ങുമിങ്ങും
ഫണമുള്ള പാമ്പുപോൽ ,വളഞ്ഞു പുളഞ്ഞങ്ങൊഴുകി വരുന്നുണ്ടിതാ നദിയും
പാലമരത്തിന്റെ ചില്ലകളുമെന്റെ തേന്മാവിൻ കൊമ്പു മൊടിഞ്ഞു പോയി
കടപുഴകുന്ന മരങ്ങളും ദുരിതത്തിൻ കഥപോലെ തോന്നുന്നൊരെൻ കൂരയും
നിലംപൊത്തുമെന്നുള്ള ഭീതിയിൽ ഞാനെന്റെ ഉണ്ണിയെ വേഗം വിളിച്ചുണർത്തി
കണ്ണു തിരുമ്മിയെഴുന്നേറ്റ് നോക്കുമെൻ ഉണ്ണിക്കൊരായിരം സംശയങ്ങൾ
കാണാനില്ലമ്മേ ആ പാടങ്ങളൊക്കെയും എങ്ങു പോയെന്നായി ചോദ്യമെല്ലാം
ദിനരാത്രം പെയ്തൊരാ മഴയിലലിഞ്ഞു പോയ് എന്നുണ്ണീയെന്നങ്ങലറിയമ്മ
എങ്ങോട്ടു പോകുമെന്നറിയില്ലയമ്മക്ക് പേമാരിയെല്ലാം തകർത്തെറിഞ്ഞു
ഗോതമ്പിൻ നിറമുള്ള നെൻമണി കൊയ്യുവാൻ നേരം വെളുക്കട്ടെയെന്ന് പറഞ്ഞൊരാ
നാലുകെട്ടിൻ പടിവാതിലിലെങ്ങനെ പോകുമിന്നരവർ നിറക്കുവാനായ്
നെൽക്കതിർ കൊയ്യുമ്പോൾ കിട്ടുന്ന വീതമാം നെല്ലാണ് കുടിലിലെ സമ്പാദ്യവും
ഇക്കൊല്ലമെന്താണ് വേണ്ടതെന്നറിയില്ല
മിച്ചമൊന്നുമില്ല കയ്യിലിന്നും
കൂടെ കളിക്കുന്ന കുട്ടികൾ നിറമുള്ള ചേലകളിട്ട് നടന്നീടുമ്പോൾ കൊതിയോടെ നോക്കുമാ ഉണ്ണിയെൻ കൺകളിൽ അതിനുള്ള പൊരുളെനിക്കറിയാമല്ലോ
രണ്ടു ദിനമായി പോയതാണുണ്ണി തൻ താതനകലെയാ പട്ടണത്തിൽ
നാലുകാലിൽ വരാറുള്ളതാണന്തിക്ക്
മോന്തിയ കള്ളിന്റെ വീര്യം കാട്ടാൻ
ചിന്തിച്ചിരുന്നൊരാ അമ്മതൻ മുന്നിലേക്കുണ്ണി വന്നെന്തോ മൊഴിയുവാനായ്
ശങ്കിച്ചു നില്ക്കുമെന്നുണ്ണിയെ പുൽകിയാ മൂർദ്ദാവിൽ ചുബിച്ചു ചേർത്തു നിർത്തി
കുഞ്ഞിക്കൈ മുന്നിലേക്കായ് കാണിച്ചതാ പൈതലിൻ സമ്പാദ്യമാകും പണക്കുടുക്ക
അശ്രുകണങ്ങളെ പുഞ്ചിരി കൊണ്ടമ്മ മറികടന്നാദ്യമായ് ജീവിതത്തിൽ
ആരൊക്കെയില്ലയെന്നാകിലുമമ്മക്ക് പൊന്നുണ്ണി വേണമെൻ കൂടെയെന്നും, പൊന്നുണ്ണി വേണമെൻ കൂടെയെന്നും…..
ദീപ ബിബീഷ് നായർ.

