പ്രകൃതിയുടെ പരിഭവം

by Kerala In Mumbai
0 comments

കേൾക്ക ബാലികേ നീയിന്നു ഈ മതിൽ
കെട്ടിനുള്ളിൽ പൊലിയാതെ കാൺക നീ
മന്ദമാരുതൻ മെല്ലെ വരുന്നതും നീരദങ്ങളൊന്നൊത്തു കൂടുന്നതും

ദൂരെ വാനിലായല്ലോ വിരിഞ്ഞതാ
മാരിവില്ലിൻ മനോഹര ചിത്രവും
മണ്ണിനുള്ളിലായല്ലോ ഉറങ്ങുമാ
കുഞ്ഞുവിത്തൊന്നൊളി കണ്ണിടുന്നതും

മേടമാസക്കൊടും ചൂടിൽ ദൂരെയായ്
പീതശോഭയിൽ കർണ്ണികാരങ്ങളും
മൂത്തു നിൽക്കുമാ തേന്മാവിൻ കൂട്ടവും നിന്നെയല്ലോ തിരയുന്നു കന്യകേ

അങ്കണത്തൊരു കോണിലായ് നിൽക്കുമാ
പൂമരക്കൊമ്പിലായിട്ടിരുന്നതാ
കൂകിയല്ലോ വിളിക്കുന്നു നിന്നെയോ
കൂട്ടുകൂടുവാനായ് കുയിലമ്മയും

തോടിനുള്ളിൽ കളിച്ചു മദിക്കുമാ
കുഞ്ഞുമീനുകളല്ലോ മൊഴിയുന്നു
നേരമായില്ലേ കണ്മണീയെത്തുവാൻ
കേൽപ്പതില്ല നിൻ കാൽത്തളമേളവും

നേരമേറെക്കഴിഞ്ഞതറിയാതെ
ഏതു ലോകത്തിരിപ്പാണു ചൊൽക നീ ?
കണ്ടറിയാതെ പോകയോ ഭൂവിലെ
സുന്ദരമാകുമിച്ചെറു കാഴ്ചകൾ ?

ദീപ ബിബീഷ് നായർ

Leave a Comment