വിവർണ്ണപുഷ്പങ്ങൾ

by Kerala In Mumbai
0 comments

പതിവുപോലെ, രാവിലെ ന്യൂസ്‌പേപ്പർ കയ്യിൽ കിട്ടിയപ്പോൾ ഞാൻ ചരമവാർത്തയുള്ള പേജിലേക്ക് പോയി. എല്ലാ ജില്ലകളിൽനിന്നുമുള്ള ചരമ വാർത്തകൾ അതിലുണ്ടായിരുന്നു. എനിക്ക് പരിചയമുള്ള ആരും മരിച്ചിട്ടില്ല. ദൈവത്തിന്നു നന്ദി. ഞാൻ ഒന്നാം പേജിലേക്ക് മടങ്ങി. എനിക്ക് താല്പര്യമുള്ള വാർത്തകളൊന്നും കണ്ടില്ല. രാഷ്ട്രീയകാര്യങ്ങൾ മാത്രമെ അതിലുണ്ടായിരുന്നുള്ളു. രണ്ടാംപേജിൽ നാട്ടിൽ നടക്കുന്ന എല്ലാ സംഘടനായോഗങ്ങളെ ക്കുറിച്ചും കൊടുത്തിട്ടുണ്ട്. അവ വായിക്കുന്നത് അവ കൊടുത്ത വ്യക്തികളും അവയിൽ പങ്കെടുത്ത വ്യക്തികളും മാത്രമാണെന്ന് തോന്നുന്നു.

അടുത്ത വാർത്ത കണ്ടപ്പോൾ ഞാൻ സ്തംഭിച്ചുപോയി. സ്ത്രീശാക്തീകരണത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന രുഗ്മിണി അമ്മയുടെ മരണവാർത്ത മൂന്നാം പേജിൽ പ്രത്യേക വാർത്തയായി കൊടുത്തിരിക്കുന്നു. ചെറുപ്പത്തിൽ അവർ ഒരു തീപ്പന്തമായിരുന്നു. സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടന്നാൽ അതിനെതിരെ പ്രതിഷേധിക്കാൻ അവരെപ്പോഴും മുന്നിൽ ഉണ്ടായിരുന്നു.

രുഗ്മിണി അമ്മ മറ്റു സ്ത്രീകളെ അപേക്ഷിച്ചു വളരെ വ്യത്യസ്തയായിരുന്നു. യുക്തിക്കു നിരക്കാത്ത ഒരു ചടങ്ങുകളിലും അവർക്കു വിശ്വാസമുണ്ടായിരുന്നില്ല. മറ്റുള്ളവർ ചെയ്യുന്നതുകൊണ്ട് എനിക്കും ചെയ്യാം എന്നവർ ഒരിക്കലും കരുതിയില്ല. മറ്റുള്ളവർ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ, പക്ഷെ എനിക്കാവില്ല. മറ്റുള്ള നേതാക്കളെ അനുകരിക്കുന്നവരും അനുയായികളോടൊപ്പം നടക്കും എന്ന് പ്രഖ്യാപിക്കുന്നവരും ഒരിക്കലും നേതാവാവില്ല. നേതാക്കൾ എപ്പോഴും അനുയായികളുടെ മുന്നിൽ നടക്കണം, മാർഗ്ഗദർശനം ചെയ്യണം.

അവർ ആദ്യം എതിർത്തത് വസ്ത്രങ്ങളെല്ലാം ഒരേ വർണ്ണമായി മാച്ചു ചെയ്യണം എന്ന വാദത്തിനെ ആയിരുന്നു. മാച്ചു ചെയ്യാത്ത വസ്ത്രം ആണുങ്ങൾക്ക് ധരിക്കാമെങ്കിൽ, എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ? മറ്റുള്ളവരെ ആകർഷിക്കാനല്ല, അവനവന്റെ വ്യക്തിത്വവും വളർച്ചയും വെളിപ്പെടുത്തുന്നതിനാവണം ധരിക്കുന്ന വസ്ത്രങ്ങൾ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു ആൺകുട്ടികളുമായി തുല്യത വേണമെന്ന് വാദിച്ചിരുന്നു. തുല്യതയും ഒപ്പം മുൻഗണനയും വേണമെന്ന് അവർ വാദിച്ചില്ല. ആൺകുട്ടികൾ ചെയ്യുന്നതെല്ലാം അതിലും നന്നായി പെൺകുട്ടികൾ ചെയ്യും. ആൺകുട്ടികൾക്കിടയിൽ നിൽക്കുന്ന പെൺകുട്ടി താഴെ നോക്കിയല്ല; അവരുടെ കണ്ണുകളിലേക്കു സധൈര്യം നോക്കിവേണം പെരുമാറാൻ. ആത്മവിശ്വാസം നേടാനായി യുദ്ധകലകളിലും ഭൗതികവ്യായാമങ്ങളിലും അവർ പരിശീലനം നേടിയിരുന്നു.

എല്ലാ സ്‌കൂൾ വിഷയങ്ങളിലും അക്കാലത്തു രുഗ്മിണി അമ്മ മുന്നിലുണ്ടായിരുന്നു എന്നാണ് കേൾവി. സംസ്ഥാനതലത്തിൽ നടത്തപ്പെട്ട പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി സ്വന്തം സ്‌കൂളിന്ന് പ്രശസ്തി നേടിക്കൊടുത്തു. നാടകാഭിനയത്തിലും അവർ പ്രവീണയായിരുന്നു.

ഈ ചരിത്രം കോളേജുതലത്തിലും ആവർത്തിക്കപ്പെട്ടു. മെഡിസിനോ, എഞ്ചിനീയറിങ്ങിനോ, അതുപോലുള്ള വിഷയങ്ങളിലോ അവർ താല്പര്യം കാണിച്ചില്ലത്രെ. എല്ലാ വിഷയങ്ങളും അവർക്കു ഒരുപോലെയാണ്. തിരഞ്ഞെടുത്ത വിഷയത്തിൽ പ്രഥമസ്ഥാനം നേടണമെന്നതാണ് അവരുടെ ലക്ഷ്യം. അതിനാൽ ചരിത്രപഠനമാണ് അവർ ബിരുദത്തിനു തിരഞ്ഞെടുത്തത്.

മേലേത്തറ രാഘവമേനോന്റെയും ആനത്തൂർ അമ്മിണിയമ്മയുടെയും ഏകപുത്രിയായിരുന്നു രുഗ്മിണിയമ്മ. ഗ്രാമത്തിലെ വളരെ ആദരണീയനായ വ്യക്തിയായിരുന്നു രാഘവമേനോൻ. ധനികകുടുംബത്തിലെ അംഗമെന്നതിനു പുറമെ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ തവണ അതിനായി ജയിലിലും പോയിട്ടുണ്ട്. അമ്മിണിയമ്മയും അതിൽ പങ്കാളിയായിരുന്നു. അവർ ഭർത്താവിന് സമ്പൂർണ്ണ പിന്തുണ നൽകി. ആവശ്യമുണ്ടെന്നു തോന്നിയപ്പോൾ ജയിലിലേക്കും പിന്തുടർന്നു. ഒരിക്കൽ ജയിലിലേക്ക് പോയപ്പോൾ കൈക്കുഞ്ഞായി രുഗ്മിണിയും ഉണ്ടായിരുന്നു.

രുഗ്മിണിയമ്മയുടെ എല്ലാ കർമ്മങ്ങളെയും അച്ഛനമ്മമാർ പിന്തുണച്ചു. അവളുടെ മുന്നേറ്റം അവരെ സന്തോഷിപ്പിച്ചു. ബിരുദാനന്തരബിരുദത്തിനുശേഷം അവർ പഠിച്ച കോളേജിൽത്തന്നെ ലക്‌ചററായിച്ചേരാൻ അധികൃതർ ക്ഷണിച്ചു. അവൾ ഒന്നാം റാങ്കിൽ പാസ്സാകുമെന്നു അവർക്കു ദൃഢ വിശ്വാസമുണ്ടായിരുന്നു. അവളുടെ വിഷയത്തിൽ അക്കൊല്ലം അവൾക്കുതന്നെയായിരുന്നു ഒന്നാം റാങ്ക്.

വിവാഹാലോചനകൾ തുരുതുരെ വന്നുകൊണ്ടിരുന്നു. പക്ഷെ രുഗ്മിണിക്കു താല്പര്യമുണ്ടായിരുന്നില്ല. ഒരിക്കലും പരിചയപ്പെടാത്ത ഒരാളെ വിവാഹം ചെയ്യാൻ തനിക്ക് ആവില്ലെന്ന് അവൾ തുറന്നു പറഞ്ഞു. കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും കോളേജിലെ അവിവാഹിതയായ ഏക അദ്ധ്യാപിക രുഗ്മിണിയായി. അച്ഛനമ്മമാരുടെ സമ്മർദ്ദം മൂലം അവസാനം അവൾ സമ്മതം മൂളി. പിന്നെ വന്ന അന്വേഷണം ഒരു ഐ എ എസ്സുകാരന്റേതാ യിരുന്നു; ആ ജില്ലയിലേക്ക് ആയിടെ വന്ന കലക്റ്റർ ദാമോദരമേനോന്റെ.

അവരിരുവരും അന്യോന്യം കണ്ടു; സംസാരിച്ചു. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചു, തുറന്നു പറഞ്ഞത് ഇഷ്ടമായെന്നു അയാൾ പ്രതികരിച്ചു. കൂടുതൽ ചർച്ചകൾ ഉണ്ടായില്ല.

അവരുടെ വിവാഹച്ചടങ്ങുകൾ മറ്റു തത്തുല്യ ചടങ്ങുകളിൽനിന്നു വ്യത്യസ്തമായിരുന്നു. വിവാഹം വധുഗൃഹത്തിൽവെച്ചായിരുന്നു നടത്തപ്പെട്ടത്. ഓഡിറ്റോറിയത്തിലെ ചടങ്ങുകൾ അക്കാലത്തു ആരംഭിച്ചിരുന്നില്ല.

ഗൃഹത്തിന് മുമ്പിൽ ഒരു പന്തൽ ഉയർന്നു. അലങ്കാരങ്ങൾ വളരെ കുറവ്. അതിഥികളെ സ്വീകരിക്കാനും പരിചരിക്കാനും എല്ലാ തയ്യാറെടുപ്പും ഉണ്ടായിരുന്നു. വധുവിന്റെ ആലങ്കാരിക വസ്ത്രധാരണം രുഗ്മിണി ഒഴിവാക്കി; സാധാരണ പുറത്തേക്കു പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളേ ധരിച്ചിരുന്നുള്ളു. ആഭരണങ്ങൾ പാടെ ഒഴിവാക്കി. വിവാഹച്ചടങ്ങിനു മുമ്പുതന്നെ രുഗ്മിണി അതിഥികളുമായി സ്വതന്ത്രമായി പെരുമാറി. ലജ്ജാ നമ്രയായ വധുവിനെ അവിടെ ആരും കണ്ടില്ല. വധു വരനുമായി തമാശ പറഞ്ഞിരിക്കെ, അയാൾ അവളുടെ ഗളത്തിൽ താലി ചാർത്തി. ഹാരങ്ങൾ പരസ്പരം അണിയിച്ചു. രജിസ്ട്രാറിന്റെ ഓഫീസിൽനിന്നു ഒരു ഉദ്യോഗസ്ഥൻ സന്നിഹിതനായിരുന്നു. നവവധൂവരന്മാർ രജിസ്റ്ററിൽ ഒപ്പു വച്ചു. അധികാരിയും പഞ്ചായത്ത് പ്രസിഡന്റും അതിഥികൾക്കിടയിൽ ഇരുന്നു.

വിവാഹം കഴിഞ്ഞു നാലാംദിവസം രുഗ്മിണിയമ്മയ്ക്ക് ഭർത്താവായ ദാമോദരമേനോ നിൽനിന്ന് ഒരു സമ്മാനം കിട്ടി. 6x3x2 അംഗുലം വലിപ്പത്തിലുള്ള ഒരു കാർഡ്ബോർഡ് പെട്ടിയിലായിരുന്നു സമ്മാനം.

“എന്താണിതിൽ?” രുഗ്മിണിയമ്മ ഒരു പുഞ്ചിരിയോടെ അന്വേഷിച്ചു. ഭർത്താവിൽനിന്നു അവർക്കു കിട്ടുന്ന പ്രഥമ സമ്മാനം.

“തുറന്നു നോക്കൂ.” അദ്ദേഹം വലിയൊരു പുഞ്ചിരിയോടെ പ്രതികരിച്ചു.

പൊതിയാനുപയോഗിച്ച കടലാസ് കീറിക്കളഞ്ഞു അവർ പെട്ടിയുടെ മുകളിലെ കവർ പൊക്കി. മുഖത്തുണ്ടായിരുന്ന പുഞ്ചിരി സമ്മാനം കണ്ടപ്പോൾ അപ്രത്യക്ഷമായി. ശോകത്തിന്റെയും കോപത്തിന്റെയും നിഴൽ അവിടെ വീണു. ഒരു ചെറിയ കാർഡ് അവർ അതിൽനിന്നെടുത്തു. 3×2 അംഗുലം വലിപ്പത്തിലുള്ള ഒരു വിസിറ്റിങ് കാർഡായിരുന്നു അത്. വർണാഭമായ ആ കാർഡിൽ രുഗ്മിണി ഡി മേനോൻ എം. എ., എം. ഫിൽ. എന്ന് സ്ഫുടമായി അച്ചടിച്ചിരുന്നു.

“ആർക്കുവേണ്ടിയാണ് ഇത് ഉണ്ടാക്കിച്ചത്?” സംസാരത്തിലെ പഴയ മധുരം ഇപ്പോൾ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അല്പം കടുപ്പം പ്രത്യക്ഷവുമായിരുന്നു.

“നിനക്ക് വേണ്ടി, വേറെയാർക്ക്?”

“എന്റെ യഥാർത്ഥ പേര് ഇതല്ലല്ലോ, ആദ്യത്തെ പേരും അവസാനത്തെ ഡിഗ്രികളുമൊഴികെ.”

“ഇപ്പോൾ നീ വിവാഹിതയായല്ലോ. അപ്പോൾ പേരിൽ മാറ്റം വരില്ലേ?”

“നിങ്ങളെ സംബന്ധിച്ചേടത്തോളം അത് ശരിയായിരിക്കാം; പക്ഷെ എനിക്ക് ശരിയല്ല. എന്റെ അച്ഛനാണ് എനിക്ക് പേരിട്ടത്. ആ പേരുതന്നെയായിരിക്കും എനിക്ക്, മരിക്കുവോളം. അതുകൊണ്ട് ഈ കാർഡ് അച്ചടിപ്പിക്കൽ ഒഴിവാക്കാമായിരുന്ന ഒരു ചിലവായി. എനിക്ക് ഇത് ആവശ്യമില്ല.” അവർ ആ കാർഡ് പാക്കറ്റ് ഭർത്താവിന്റെ നേരെ നീക്കിവെച്ചു. അദ്ദേഹം ഏതാനും മിനുട്ടുകൾ അവരെ നോക്കിനിന്നു. പക്ഷെ ഒന്നും മിണ്ടിയില്ല. അദ്ദേഹം ചിന്തിക്കുന്നത് എന്തെന്ന് വദനത്തിൽനിന്നു വ്യക്തമായിരുന്നു. രുഗ്മിണിയമ്മ മുറി വിട്ടുപോകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ദാമോദരമേനോൻ നിൽക്കുകയായിരുന്നു.

അവൾ പരിധി വിടുന്നു, ദാമോദരമേനോൻ ചിന്തിച്ചു. വിവാഹം കഴിഞ്ഞാൽ സ്വന്തം പേരിനോട് ഭർത്താവിന്റെ പേര് സ്ത്രീകൾ കൂട്ടിച്ചേർക്കുന്നത് ഇക്കാലത്തു പതിവാണല്ലോ. വിസിറ്റിങ് കാർഡ് അച്ചടിച്ചു കൊടുത്താൽ അവൾ സന്തോഷിക്കുമെന്ന് താൻ കരുതിയത് തെറ്റി. ഈ കയ്പ്പുരസം വളരെ നേരത്തെയായിപ്പോയി.

അടുത്ത ദിവസം വീട്ടിൽനിന്നു ഇറങ്ങിയപ്പോൾ രുഗ്മിണിയമ്മ ഭർത്താവിനോട് യാത്ര പറഞ്ഞില്ല. അവൾ അവധി എടുത്തിരിക്കയാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അവധി റദ്ദ് ചെയ്ത് കോളേജിലേക്ക് പോകാൻ അവൾ തീരുമാനിച്ചു. അവരുടെ ഭർത്താവ് പ്രത്യേകിച്ച് ഒന്നുംതന്നെ ചെയ്യാനില്ലാതെ രുഗ്മിണിയമ്മ മടങ്ങി വരുന്നതുവരെ അവരുടെ വീട്ടിൽ ഇരുന്നു.

“നീ കോളേജിൽ പോയോ?” ഭർത്താവ് ചോദിച്ചു.

“ഉവ്വ്, എന്തിനാണ് ചോദിക്കുന്നത്?” ഭർത്താവിന്റെ മുഖത്ത് നോക്കാതെ അവർ മറുപടി നൽകി.

“നീ ഒരാഴ്ച അവധിയിലാണെന്നു പറഞ്ഞതായാണ് ഞാൻ ഓർക്കുന്നത്.”

“അത് ശരിയായിരുന്നു. പക്ഷെ ഞാൻ തീരുമാനം മാറ്റി. എന്തിനാണ് സമയം വ്യർത്ഥമാക്കുന്നത്? എങ്ങനെയായാലും പരീക്ഷയ്ക്കുമുമ്പ് പാഠങ്ങൾ തീർക്കേണ്ടത് ഞാൻ തന്നെയല്ലേ?”

“ഞാൻ കുറ്റം പറയുകയല്ല. എന്നോട് പറയാതെ പോയത് തെറ്റാണെന്നു നിനക്ക് തോന്നിയില്ലേ?” മേനോൻ അവരെ ഓർമിപ്പിച്ചു.

“കുറ്റം പറയുകയല്ലെന്നു പറഞ്ഞിട്ട് ഇപ്പോൾ കുറ്റം ചാർത്തുകയാണോ?” അവർ കുത്തുവാക്ക് പറയുകയായിരുന്നു.

“രുഗ്മിണീ, ഇത്ര നേരത്തേ നമുക്ക് ഒരു വാദപ്രതിവാദം നടത്തേണ്ടതുണ്ടോ?” ആ വാക്കുകളിൽ വെറുപ്പിന്റെ രസം കലർന്നിട്ടുണ്ടായിരുന്നു.

“വേണ്ടാ. വിസിറ്റിങ് കാർഡ് അച്ചടിപ്പിക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ല. അത് വേണമെന്ന് എനിക്ക് തോന്നിയിരുന്നെങ്കിൽ ഞാൻതന്നെ അത് ചെയ്യിക്കുമായിരുന്നു. കാർഡിൽ എന്റെ പേർ മാറ്റുകയാണെന്ന് നിങ്ങൾ ഒരിക്കലും പറഞ്ഞില്ല. നിങ്ങൾ ചെയ്തത് എന്റെ വ്യക്‌തിത്വത്തെ മാറ്റുകയായിരുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് ഒരു അധികാരവുമില്ല.” അവൾ തുറന്നു പറഞ്ഞു.

മേനോൻ മറുപടിയായി ഒന്നുംതന്നെ പറഞ്ഞില്ല; ഭാര്യയുടെ നേരെ തീവ്രമായി നോക്കി. രുഗ്മിണി അവളുടെ മുറിയിലേക്ക് പോയി.

കുറച്ചുനേരം കഴിഞ്ഞു മേനോൻ എഴുന്നേറ്റ് അവരെ പിന്തുടർന്നു. ഏതാനും മിനുട്ടുകൾ കഴിഞ്ഞു പുറത്തേക്കുവന്ന് ഗേറ്റിനു നേരെ നീങ്ങി.

രാഘവമേനോൻ സംഭവവികാസങ്ങളെല്ലാം നിശ്ശബ്ദമായി വീക്ഷിക്കുകയായിരുന്നു. അടുത്തായി ഇരിക്കുന്ന പത്നിയെ ഇടയ്ക്കിടെ നോക്കികൊണ്ടിരുന്നു. അവരുടെ മനസ്സിൽ ഏതാനും ചോദ്യങ്ങൾ ഉണർന്നിരുന്നു. ഭർത്താവിന്റെ നോട്ടങ്ങളെ ഗൗനിക്കാതെ അവർ വായിച്ചിരുന്ന പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അവരുടെ കുടുംബത്തിൽ സാധാരണ എട്ടുമണിയാണ് ഭക്ഷണസമയം. ദാമോദരമേനോന്റെ അസാന്നിദ്ധ്യത്തിൽ അവർക്കു ഭക്ഷിക്കാനാവില്ല.

മേനോൻ അദ്ദേഹം പകുതി വായിച്ചിട്ടു മാസിക കയ്യിലെടുത്തു അതിന്റെ താളുകളിൽ കണ്ണോടിച്ചു. അമ്മുക്കുട്ടിയമ്മ രാവിലെ വായിച്ച ന്യൂസ്‌പേപ്പറെടുത്തു വീണ്ടും വായിക്കാനാരംഭിച്ചു. അല്പം കഴിഞ്ഞു മകളുടെ മുറിയുടെ നേരെ കണ്ണോടിച്ചു. മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അമ്മുക്കുട്ടിയമ്മ മെല്ലെ സോഫയിലേക്ക് ചരിഞ്ഞു.

മേനോൻ ഉണർന്നു ചുറ്റും നോക്കുമ്പോൾ രണ്ടു മണിയായിരുന്നു. അമ്മുക്കുട്ടിയമ്മ അപ്പോഴും സോഫയിൽ ശയിക്കുകയായിരുന്നു. മേനോൻ എഴുന്നേറ്റ് അവരെ ഉണർത്താൻ ശ്രമിച്ചു. ഭാര്യ മറ്റൊരു ഭാഗത്തേക്ക് തിരിഞ്ഞുകിടന്ന് നിദ്ര തുടർന്നു. മേനോൻ സ്വന്തം മുറിയിലേക്ക് പോയി മെത്തയിലേക്കു വീണു.

അടുത്ത പ്രഭാതത്തിൽ രാഘവമേനോൻ മുറി വിട്ട് പുറത്തേക്കു വന്നു. ഭാര്യ അപ്പോഴും ഉറങ്ങികിടക്കുകയായിരുന്നു. അദ്ദേഹം പോർട്ടിക്കോയിലേക്കു എത്തിയപ്പോൾ പുതിയ ജാമാതാവ് അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. അന്യോന്യം അഭിവാദ്യം അർപ്പിച്ചശേഷം രാഘവമേനോൻ അന്വേഷിച്ചു, എപ്പോഴാണ് മടങ്ങി എത്തിയതെന്ന്.

“ഞാനോ? ഇന്ന് രാവിലെ.”

ജാമാതാവിന്റെ അടുക്കൽ തയ്യാറാക്കിവച്ച ഒരു ബ്രീഫ്‌കേയ്‌സ് ഇരിക്കുന്നത് രാഘവമേനോൻ കണ്ടു. അദ്ദേഹം ചോദ്യരൂപത്തിൽ ജാമാതാവിനെ നോക്കി.

“ഞാൻ എന്റെ ക്വാർട്ടേഴ്സിലേക്ക് മടങ്ങുകയാണ്. രുഗ്മിണിയോട് പറയൂ, അവൾക്കു ഇഷ്ടമുള്ളപ്പോൾ അങ്ങോട്ട് വരാമെന്ന്. ഞാൻ കാത്തിരിക്കുമെന്നും.”

ദാമോദരമേനോൻ ബ്രീഫ്‌കേയ്‌സ് എടുത്തു ഗേറ്റിനുനേരെ നടന്നു. അവിടെ ഒരു ടാക്സി കാത്തുനിൽപ്പുണ്ടായിരുന്നു.

രാഘവമേനോൻ നിശ്ശബ്ദനായി ഇരുന്നു. ഈ പരിതസ്ഥിതിയെ എങ്ങിനെയാണ് അഭിമുഖീകരിക്കേണ്ടതെന്നു അദ്ദേഹത്തിന് അറിയില്ലായിരുന്നു. ജാമാതാവ് ഒരാഴ്ചപോലും നിന്നില്ല. അയാൾ വീണ്ടും വരുമോ? അയാളെ ഇനിയും കാണാനാകുമോ? തന്റെ പുതിയ തീരുമാനത്തെ കുറിച്ചു അയാൾ രുഗ്മിണിയെ അറിയിച്ചിട്ടുണ്ടോ? മനസ്സ് പറയുന്നു, അയാൾ അങ്ങനെ ചെയ്തിട്ടുണ്ടാവില്ല എന്ന്.

സംഭവിച്ചതെല്ലാം ഭാര്യയോട് പറയാനായി രാഘവമേനോൻ ഹാളിലേക്ക് നടന്നു. ഭാര്യ അപ്പോഴും ഉറങ്ങുകയായിരുന്നു. എന്ത് പറ്റി ഇവൾക്ക്? അടുക്കളയിൽപോയി തന്റെ രാവിലത്തെ ചായ ഉണ്ടാക്കാനുള്ള സമയമെല്ലാം കഴിഞ്ഞല്ലോ. അദ്ദേഹം ഉറക്കെ വിളിച്ചു, “രുഗ്മിണീ, ഇവിടെ വരൂ…”

അദ്ദേഹം അവളുടെ മുറിയ്ക്ക് നേരെ നോക്കി. അവൾ ഒരു ടൂത്തു ബ്രഷ് കയ്യിൽ പിടിച്ചുകൊണ്ടു പുറത്തേക്കു വന്നു. “അച്ഛൻ വിളിച്ചോ?”

“നിന്റെ അമ്മ ഇപ്പോഴും ഉറങ്ങുകയാണ്. നീ പോയി എന്റെ ചായ കൊണ്ട് വാ.”

മുഖം കഴുകാനായി അദ്ദേഹം കുളിമുറിയിലേക്ക് പോയി.

അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം വലിയ ഒച്ചയിൽ കരച്ചിൽ കേട്ടു.

അദ്ദേഹം കുളിമുറിയിൽനിന്നു ഓടിവന്നു. രുഗ്മിണി ഉറക്കെ കരയുന്നു.

അച്ഛനെ കണ്ടതും മകൾ സ്വന്തം വിരൽ അമ്മയ്ക്ക് നേരെ ചൂണ്ടി. വലതു കൈ പുറത്തേക്കു നീട്ടി അമ്മുക്കുട്ടിയമ്മ സോഫയിൽ കിടക്കുന്നു. വായ പകുതി തുറന്നിരിക്കുന്നു; തെളിച്ചം നഷ്ടപ്പെട്ട കണ്ണുകൾ പൂർണ്ണമായും.

അവരുടെ പെട്ടെന്നുള്ള മരണവാർത്ത അറിഞ്ഞയുടൻ ഞാൻ അവരുടെ വീട്ടിലെത്തി. ഭാര്യയുടെ വിയോഗം മേനോന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതെല്ലാം ഇന്നലെ നടന്നപോലെ സംഭവിച്ചു.

ഒരു മാസത്തിനുശേഷം ഞാൻ മുംബൈയിലേക്ക് മടങ്ങി, എന്റെ മകന്റെ ഫ്ലാറ്റിലേക്ക്. മേനോൻകുടുംബവുമായുള്ള സമ്പർക്കം ഞാൻ തുടർന്നു. രുഗ്മിണി ഒരിക്കലും ദാമോദരമേനോന്റെ അടുത്തേക്ക് മടങ്ങിയിട്ടില്ലെന്നു ഞാനറിഞ്ഞു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, ദാമോദരമേനോൻ സ്ഥലമാറ്റം തേടുകയും , വൈകാതെ സ്ഥലം വിടുകയും ചെയ്തു.

യാതൊന്നും സംഭവിക്കാത്ത മട്ടിൽ രുഗ്മിണി ജീവിതം തുടർന്നു.

അവസാന സമ്പർക്കം കഴിഞ്ഞിട്ട് ആറ് മാസം കഴിഞ്ഞു.

ഇപ്പോൾ ഇതാ ഈ വർത്തമാനവും. മരണവാർത്തയിൽ വിശദവിവരങ്ങൾ നൽകിയിട്ടില്ല. പ്രായം, ഉദ്യോഗപദവി, പിതാവിന്റെ നാമം ഇത്രയും നൽകിയിട്ടുണ്ട്. ഇനി മേനോനോട് സംസാരിച്ചാൽ മാത്രമെ വിശദവിവരങ്ങൾ ലഭിക്കൂ.

ഞാൻ ടെലിഫോണിന്റെ അടുത്തേക്ക് നീങ്ങട്ടെ.

സത്യനാഥൻ
Mob.:098336 77962

You may also like

Leave a Comment