അവധി ദിവസം

by Kerala In Mumbai
0 comments

ഒരവധി കിട്ടിയ ആലസ്യത്തിലുണർന്ന അവൾ പതിവുപോലെ അടുക്കളയിലെത്തി. ഇന്ന് വൈകിയാണല്ലോ എത്തിയതെന്ന് പരിഭവം പറഞ്ഞ ദോശയുടെ തവയെടുത്ത് അടുപ്പിൽ വയ്ക്കുമ്പോഴാണ് ഗ്യാസ് തീരാറായല്ലോ എന്നോർമ്മ വന്നത്. 

ട്രംപിനേയും ഹോർമ്മൂസിനെയും കുറ്റം പറഞ്ഞു കൊണ്ട് പണികളാരംഭിച്ച് പാത്രം കഴുകാൻ തുടങ്ങിയപ്പോഴാണ് മോട്ടോർ കേടാണെന്ന് സൊസൈറ്റി ഗ്രൂപ്പിൽ മെസ്സേജ് വന്നത്.

ഉച്ചക്ക് കഴിക്കാനുള്ള പച്ചക്കറി എടുക്കാൻ ഫ്രിഡ്ജ്  തുറന്നപ്പോഴാണ്  വിലക്കയറ്റത്തെ ഓർത്ത് എടുക്കുന്നതിൻ്റെ അളവൊന്ന് കുറച്ചത്.

കഴിച്ച പാത്രങ്ങൾ ഉള്ള വെള്ളത്തിൽ കഴുകിയെടുത്തപ്പോഴാണ് രണ്ട് ബക്കറ്റ് തുണി കൂടി കഴുകാനുള്ള കാര്യം ഓർമ്മ വന്നത്.

കഴുകിയിട്ട തുണികൾ അടുക്കി വയ്ക്കുന്നതിനിടയിലാണ് വൈകുന്നേരം ചായ ഇടാനുള്ള സമയമായല്ലോ എന്നറിഞ്ഞത്.

കുളിച്ചു വന്ന് വിളക്കൊരുക്കി കത്തിച്ചു കഴിഞ്ഞപ്പോഴാണ് രാത്രി പുട്ടുവേണമെന്നൊരാൾ ആഗ്രഹം പറഞ്ഞത്.

ചില്ലിട്ട് മാവിട്ടാലും പിന്നിൽ നിന്ന് കുത്തിയാലേ വെളിയിലേക്ക് വരൂ എന്ന പുട്ടിൻ്റെ നിർബന്ധം കണ്ടപ്പോഴാണ് ചില മനുഷ്യരെ ഓർമ്മ വന്നത്.

അടുക്കളയൊക്കെ വൃത്തിയാക്കി ഇനി നാളെ രാവിലെ എന്തുണ്ടാക്കും എന്ന ചിന്തയിൽ കിടക്കാൻ വന്നപ്പോഴാണ്, “ഈ ഇലക്ഷ്നിൽ ആരും ജയിക്കും” എന്ന ചോദ്യവുമായി അദ്ദേഹം വന്നത്.

ദീപ ബിബീഷ് നായർ

Leave a Comment