പ്രളയനിധി

by Kerala In Mumbai
0 comments

വിജയശ്രീലാളിതനായി അലവിക്കുട്ടി യാത്രയായപ്പോൾ രാഘവമേനോൻ ദീർഘനിശ്വാസമിട്ടു. ബാക്കി പണത്തിന്നു ഇനി എവിടെ പോകും? ചുരുങ്ങിയത് ഒരു പത്തു ലക്ഷമെങ്കിലും ഇല്ലാതെ എങ്ങനെ ഗൃഹനിർമാണം നടത്തും? നിലം പണയപ്പെടുത്തിയാൽ രണ്ടോ മൂന്നോ ലക്ഷം ബാങ്ക് കടമായി നൽകിയേക്കും. പക്ഷെ….

“അലവിക്കുട്ടി എത്ര പണം തന്നു?” ചായക്കപ്പുകൾ എടുക്കാൻ വന്ന അമ്മുക്കുട്ടിയമ്മ ചോദിച്ചു.

“മൂന്നിലേറെ തരാൻ അയാൾ തയ്യാറില്ല. നിനക്കറിയാലോ അമ്മു, കെട്ടിടം പൊളിക്കുന്നവൻ നമ്മുടെ നാട്ടിൽ വേറെ ഇല്ലല്ലോ.” രാഘവമേനോൻ തന്റെ നിരാശ മുഴുവൻ വാക്കുകളിൽ നിറച്ചിരുന്നു.

“ഈശ്വരൻ എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല.” മേനോനെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മുക്കുട്ടിയമ്മ കപ്പ് എടുത്ത് അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി.

“ഈ പണം നമ്മുടെ പെട്ടിക്കകത്ത് വെച്ചേക്കൂ.” ന്യൂസ്പേപ്പറിനു താഴെയുള്ള നോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മേനോൻ നിർദ്ദേശിച്ചു.

“ഇതെത്രയാ? “

“മൂന്നിലേറെ തരാൻ അലവിക്കുട്ടി തയ്യാറല്ല. ഇതിൽ ഒന്നേയുള്ളു. രണ്ടു ദിവസത്തിനകം ബാക്കി വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. തരുമായിരിക്കും.”

“പണം മുഴുവൻ കിട്ടാതെ പൊളിക്കാൻ സമ്മതിക്കേണ്ട. അറിയാലോ ഇവരുടെയൊക്കെ സ്വഭാവം1” അമ്മുക്കുട്ടി അമ്മയുടെ താക്കീത്.

” അവനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം? അവനിനി കല്ലും മരവും വാങ്ങാൻ ആളെ കണ്ടു പിടിക്കേണ്ടേ? എന്നാലും രണ്ടുമൂന്നു ദിവസത്തിനകം ബാക്കി പണം തരാൻ ഞാൻ പറ ഞ്ഞിട്ടുണ്ട്. എന്തായാലും മുഴുവൻ പണം കിട്ടിയിട്ടേ വീട് പൊളിക്കാൻ ഞാൻ സമ്മതിക്കൂ.” മേനോൻ അവരെ സമാധാനിപ്പിച്ചു.

അമ്മുക്കുട്ടിയമ്മയും രാഘവമേനോനും ഇപ്പോൾ താമസിക്കുന്നത് അനിയത്തി ലളിതയുടെ വീട്ടിലാണ്. ലളിത ഭർത്താവിന്റെകൂടെ ഗൾഫിലാണ്. മേനോന്റെ മകൾ രാധ കേന്ദ്ര ഗവർ മെന്റ് ജോലിയുമായി ചെന്നൈയിലാണ്. സ്വന്തമായിട്ട് ഒരു വീട് ഉണ്ടായിട്ടു വേണം മകളുടെ വിവാഹം നടത്താൻ എന്ന് അമ്മുക്കുട്ടിയമ്മക്ക് നിർബന്ധം. ഭാഗം വെച്ചപ്പോൾ പഴയ വീട് മേനോന് ഓഹരിയായി കിട്ടിയതാണ്. അവരുടെ വീട് നിന്നിരുന്നത് മെയിൻ റോഡിൽനിന്ന് കീഴ്പ്പോട്ടു പോകുന്ന ഓരത്തായിരുന്നു. റോഡിന്നു സമീപത്തായി അതേ തലത്തിൽ ലളിതയുടെ ഭർത്താവ് രഘു വീടു പണിതു. 80 വർഷത്തിലേറെ പഴക്കമുള്ള വീട് പൊളിച്ചു മാറ്റി ചെറിയ ഒരു വീട് പണിയണമെന്ന് മേനോൻ വിചാരിച്ചുതുടങ്ങിയിട്ട് കുറച്ചു കാലമായി. എങ്കിൽ പുതിയ വീട് തയ്യാറാവുന്നതുവരെ ലളിതയുടെ വീട്ടിൽ ആയിക്കൂടെ താമസം എന്ന് ഒരു സഹായം ആവശ്യപ്പെടുന്നതുപോലെ രഘു ചോദിച്ചപ്പോൾ, ആ അവസരം നഷ്ടപ്പെടു ത്താൻ അമ്മുക്കുട്ടിയമ്മ അനുവദിച്ചില്ല. നിരവധി ദിവസങ്ങളിലെ ആലോചനകളിൽ നിന്ന് ഉരുത്തിരിഞ്ഞാണ് പഴയ വീട് പൊളിച്ചുവിറ്റ് തൽസ്ഥാനത്ത് ചെറിയതെങ്കിൽ ചെറിയ ഒരു വീട് പണിയണമെന്ന് ഉള്ള തീരുമാനം.

പഴയ വീടു പൊളിച്ചാൽ ഒരു ഇടത്തരം വീട് നിർമ്മിക്കാൻ വേണ്ടതായ കല്ല്, മേയാനുള്ള .

ഓടുകൾ, വാതിൽ, ജനൽ, മേൽപ്പുര തുടങ്ങിയവയ്ക്ക് വേണ്ടതായ മരം കിട്ടുമല്ലോ എന്ന് പലരും ചൂണ്ടിക്കാണിക്കാതിരുന്നില്ല. പക്ഷെ വീടു പൊളിക്കുന്ന ജോലി ചെയ്യാൻ അറിയാ വുന്ന ജോലിക്കാരെയും അടർത്തിയിട്ട സാധനങ്ങളിൽ കൈവയ്ക്കാൻ തയ്യാറുള്ള ആശാരി മാരെയും മണ്ണാൻമാരെയും ലഭിക്കണ്ടേ? പഴയ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അവർ ഇരട്ടിയിലധികം സമയം എടുക്കുമത്രെ? ഗൃഹനിർമ്മാണത്തിനു ആവശ്യമായ സാമഗ്രികൾ ആവശ്യമായ അളവുകളിൽ നിർമ്മിച്ചുതരുന്ന ചെറുകിട വ്യവസായികൾ ഉള്ളപ്പോൾ അതായിരിക്കും ലാഭകരം എന്നും ഉപദേശിച്ചവരും കുറവായിരുന്നില്ല.

പഴയ വീടുകൾ പൊളിച്ചു വിൽക്കുക എന്നതാണ് അലവിക്കുട്ടിയുടെ ജീവിത മാർഗ്ഗം. ജീവിതത്തിൽ നശിപ്പിക്കേണ്ടതായിട്ടൊന്നുമില്ലെന്ന പുതിയ തത്വം മേനോന് ഇപ്പോൾ ഒരു കൈത്താങ്ങായി. പഴയ കട്ടിമരത്തടികൾ, തേക്കും ഈട്ടിയും പിലാവും, മഹാഗണിയും എല്ലാം ഇനി മറ്റൊരു അജ്ഞാതന്റേതാവുകയാണ്. ഇക്കാലത്തു ആശാരിമാർ പഴയ മരത്തിൽ പണിയെടുക്കുന്നത് ഉപേക്ഷിച്ച മട്ടാണ്. എല്ലാവർക്കും പുതിയ മരം ഈർച്ചക്കമ്പ നിയിൽ കൊണ്ടുപോയി അളവിനനുസരിച്ചു മുറിച്ചു മിനുസപ്പെടുത്തി കൊടുക്കണം. എങ്കിലേ അവർ പണിയെടുക്കാൻ തയ്യാറാകൂ. വല്ലാത്തൊരു കാലം!

പരിചയമുള്ള സഹകരണബാങ്കുമായി സംസാരിച്ചപ്പോൾ നാലു ലക്ഷത്തോളം രൂപ കടമായി നൽകാൻ അവർ തയ്യാറായി. ഇനിയും വേണം ഏതാണ്ട് അത്രത്തോളം സംഖ്യ. എവിടെനിന്നുകിട്ടും അത്രയും രൂപ?

അലവിക്കുട്ടി ബാക്കി സംഖ്യകൂടി നൽകിയപ്പോൾ മേനോന് അല്പം കൂടി ധൈര്യമായി. ഇനി അറിയേണ്ടത് അലവിക്കുട്ടി എന്നാണ് പൊളിക്കൽ തുടങ്ങി സാധനങ്ങൾ ഏടുത്തുകൊണ്ടു പോകുക എന്നതാണ്. അലവിക്കുട്ടിക്ക് ഒരു മാസം വേണമത്രെ. അത്രയും സമയം അനുവദിക്കാനാവില്ല എന്ന് മേനോനും. ഒടുവിൽ ഇരുപതു ദിവസം എന്ന കാര്യത്തിൽ ധാരണയായി.

അലവിക്കുട്ടി രണ്ടു ദിവസത്തിനകം ഒരു അപരിചിതനോടൊപ്പം വന്നു. മേനോന് അപരി ചിതനെ പരിചയപ്പെടുത്തി. സെയ്താലി എന്നാണ് പേര്. പൊളിക്കാൻ പോകുന്ന വീട് കാണാൻ വന്നതാണ്. വീട് പുറമെനിന്ന് കണ്ടു. ഇനി അകഭാഗംകൂടി കാണണം. താക്കോൽ കിട്ടിയാൽ നന്നായിരുന്നു.

“താക്കോൽ കൊണ്ടുപോയ്ക്കോളു. വേണമെങ്കിൽ പൊളിച്ചുകൊണ്ടുപോകുംവരെ കയ്യിൽ വെക്കാം. അവിടത്തെ സാധനങ്ങളൊക്കെ വേഗം കൊണ്ടുപോയി സ്ഥലം കാലിയാക്കിത്തരൂ. എനിക്ക് വേഗം വീടിന്റെ ജോലി തുടങ്ങണം.” മേനോൻ ചിരിച്ചുകൊണ്ടു താക്കീതു ചെയ്തു.

“രണ്ടു മാസമെങ്കിലും പൊളിച്ചു മാറ്റാൻ വേണ്ടിവരും. സാധനങ്ങളെല്ലാം കേടു വരാതെ എടുക്കണ്ടേ ?

“നിങ്ങൾ വീട് പൊളിച്ചാലും ഇല്ലെങ്കിലും എനിക്കിനി അതിൽ അവകാശമില്ല. എന്റെ പണം തന്നുകഴിഞ്ഞു. ഇപ്പോൾ അതിനിനി എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല.” മേനോൻ മനസ്സ് തുറന്നു.

“കഴിയുന്നതും വേഗം സ്ഥലം കാലിയാക്കാം.” അലവിക്കുട്ടിയും സെയ്താലിയും താക്കോലു മായി നടന്നു നീങ്ങി. മേനോൻ താമസിക്കുന്ന വീടിന്റെ പിന്നിലേക്ക് പോയി. അവിടെനിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നത് കാണാനാകും. നടവഴി താഴോട്ടു താഴോട്ടു പോകുന്നു. ഇവിടെനിന്നാൽ വീടിന്റെ പുറകെ ഒഴുകുന്ന പുഴയും കാണാനാകും. വീട്ടിന്നരികിലൂടെ ഒരു പുഴ ഒഴുകുന്നത് എത്ര നന്നായിരിക്കുന്നു! നിത്യവും പുഴയിൽ കുളിക്കാമല്ലോ.

പിറ്റേന്ന് രാവിലെ ആകാശം മേഘാവൃതമായിരുന്നു. ചിലപ്പോൾ മഴ പെയ്തേക്കാം. മഴ തീവ്രമാകുന്നതിനുമുമ്പ് വീട് പൊളിച്ചുകൊണ്ടുപോയാൽ മതിയായിരുന്നു. ഈശ്വരാ! ഇനി വീട് പൊളിച്ചുകൊണ്ടുപോയാൽ പുതിയ വീടിന്റെ നിർമ്മാണം തുടങ്ങാമായിരുന്നു. അലവി ക്കുട്ടി നൽകിയ പണം ഉള്ളതുകൊണ്ട് നിർമ്മാണം തുടങ്ങാൻ പ്രയാസമുണ്ടാകില്ല. അത് തീരുമ്പോഴേക്കും ബാങ്ക് ലോൺ ലഭിക്കുമായിരിക്കും. പക്ഷെ അവസാന മിനുക്കുപണി കൾക്ക് വേണ്ട പണം ഇനി എവിടെ നിന്നാണ് ലഭിക്കുക?

അമ്മുക്കുട്ടി അമ്മയ്ക്കും രാഘവമേനോനും മനസ്സുനിറയെ ആശങ്കയായിരുന്നു. പണ്ടു കാലത്തു ഗൃഹനിർമ്മാണം ഒരു ഭഗീരഥ പ്രയത്നംതന്നെയായിരുന്നു. കല്ലുവെട്ടുകാരും ആശാരിമാരും പുഴക്കരയിൽ നിന്ന് മണൽ കൊണ്ടുവരുന്ന സ്ത്രീകളും എല്ലാം ശബ്ദാ യമാനമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കാലം മാറിയിരിക്കുന്നു. വെട്ടുകല്ലി നു പകരം ഇഷ്ടിക, മരവാതിലിനും മരജനലുകൾക്കും പകരം ലോഹനിർമ്മിതമായ വാതിലുകളും ജനറുകളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കല്ലു പണിക്കാർക്കും ആശാരിമാർക്കും സാധനങ്ങളെ യോജിപ്പിക്കുന്ന ജോലിയേ ചെയ്യേണ്ടതായിട്ടുള്ളൂ. ഡിസൈനുകളും അളവുകളും വിദഗ്ധരായ ജോലിക്കാരുമുണ്ടെങ്കിൽ കുറഞ്ഞ കാല ത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാം. ആവശ്യത്തിനുള്ള ധനം വേണമെന്നേയുള്ളു. അതാണ് ഇല്ലാത്തതും.

ദിവസങ്ങൾ സാവകാശം നീങ്ങി. അലവിക്കുട്ടിയുടെയോ, സെയ്താലിയുടെയോ വിവര മൊന്നുമില്ല വീട് പൊളിച്ച് കൊണ്ടുപോകുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല . മഴയ്ക്ക് ശക്തി കൂടുന്നതിനുമുമ്പ് അതൊന്നും പൊളിച്ച് കൊണ്ടുപോയിരുന്നെങ്കിൽ ഒരു ആശ്വാസ മായേനെ.

പത്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു, വലിയ തോതിലുള്ള ഒരു കാലവർഷം ഈ കൊല്ലം വന്നേക്കുമെന്ന്. കഴിഞ്ഞ കൊല്ലത്തെ വർഷത്തേക്കാൾ വളരെ ശക്തിയായതായിരിക്കും ഇപ്രാവിശ്യം എന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നു എന്നുകൂടി വായിച്ചപ്പോൾ പൊട്ടിച്ചിരിയ്ക്കാൻ തോന്നി. പ്രവചനങ്ങളെ പരിഹസിച്ചു കൊണ്ട് തെളിഞ്ഞ വാനമേ ഇക്കാലംവരെ കണ്ടിട്ടുള്ളൂ എന്ന് ഓർത്തു.

രാത്രി പതിവില്ലാതെ ഉണർന്നു. മഴയുടെ ശബ്ദം പുറത്തുനിന്നു വരുന്നതറിയാനുണ്ട്. രാവിലത്തെ പ്രവചനം ശരിയായി വരുമോ? എങ്കിൽ നന്നായി. കഴിഞ്ഞ കൊല്ലത്തെ മഴക്കുറവിനെ ഒരുപക്ഷെ ഇക്കൊല്ലം വകവെച്ചു തരുമായിരിക്കും. നമ്മെപ്പോലുള്ള ആളുകൾക്ക് ഗുണമായി.

രാവിലെ എഴുന്നേറ്റപ്പോഴും മഴ നിലച്ചിട്ടില്ല. ഉമിക്കരിയെടുത്തു വീടിന്റെ പിൻഭാഗത്തേക്കു പോയി. പുഴയിലേക്ക് പോയില്ലെങ്കിലും പുഴ കണ്ടുകൊണ്ട് പല്ലു തേക്കുന്നതിലും ഒരു സുഖമുണ്ടല്ലോ.

പുഴ നിറഞ്ഞൊഴുകുന്നു. ഒരു രാത്രിയിലെ മഴയ്ക്കു ഇത്ര വെള്ളമോ? അപ്പോഴോർത്തു, ഇവിടത്തെ പുഴ നിറയാൻ ഇവിടെത്തന്നെ മഴ പെയ്യണമെന്നില്ലല്ലോ. ഉത്ഭവസ്ഥാനമായ മലയിലോ അതിന്റെ താഴ്വരയിലോ പെയ്താലും മതിയല്ലോ. എങ്കിലും….

മുത്തച്ഛന്റെ കാലത്തു നിർമ്മിച്ച വീടാണത്. അക്കാലത്തു വീട്ടിനടുത്തൊരു പുഴ ഉണ്ടാവുക എന്നത് മഹാഭാഗ്യമായി കരുതപ്പെട്ടിരുന്നു. അടുത്തു പുഴയില്ലെങ്കിൽ സ്വന്തം വളപ്പിൽ ഒരു കുളം നിർമ്മിക്കാനും അക്കാലത്തു കാരണവന്മാർ ശ്രദ്ധിച്ചിരുന്നു. പുഴയ്ക്കു അടുത്തു വേണം വീട് എന്ന് കരുതിയിട്ടാവണം ഇത്രയും താഴെ ഗൃഹം നിർമ്മിച്ചത് എന്ന് തോന്നുന്നു. മുകൾഭാഗത്തു റോഡ് വന്നത് പിന്നീടായിരിക്കാം. ആ വീട് പൊളിച്ചു മാറ്റിയാൽ പുതിയ വീട് പുഴയിൽനിന്നു അല്പം മാറി വേണം നിർമ്മിക്കാൻ.

പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ന്യൂസ്പേപ്പറിൽക്കൂടി കണ്ണോടിക്കുമ്പോഴാണ് പുതിയ വാർത്ത കണ്ണിൽ പെട്ടത്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നു. അണക്കെട്ടു കളുടെ ചീർപ്പുകൾ ഉയർത്തി ജലം തുറന്നുവിടാൻ അധികാരികൾ നിർബന്ധിതരായേക്കു മെന്നു പത്രം താക്കീതു നൽകിയിരിക്കുന്നു.

ടെലിവിഷനിലെ തത്സമയപ്രക്ഷേപണം നോക്കിയപ്പോൾ കാര്യത്തിന്റെ ഗൗരവം കൂട്ടിയിട്ടു ണ്ടെന്നു മനസ്സിലായി. രാഘവമേനോൻ അമ്മുക്കുട്ടിയമ്മയെ വിളിച്ചു. അവളും അറിഞ്ഞിരി ക്കുന്നത് നല്ലതാണല്ലോ. പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ പണ്ട് മുത്തശ്ശിയിൽനിന്ന് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടതെല്ലാം അമ്മുക്കുട്ടിയമ്മ പറയാൻ തുടങ്ങി.

“അമ്മ്വോ, മിണ്ടാതിരിക്കു. ന്യൂസൊന്നു കേട്ടോട്ടെ.” രാഘവമേനോൻ പറഞ്ഞപ്പോൾ അമ്മുക്കുട്ടിയമ്മ സംസാരം നിർത്തി അടുക്കളയിലേക്കു മടങ്ങിപ്പോയി.

തിരുവിതാംകൂർ ഭാഗത്തെ അണക്കെട്ടുകളിൽ വെള്ളം കൂടിയാൽ മലബാറിലുള്ളവർ ഭയപ്പെടുന്നതെന്തിനാണ്? അങ്ങനെ സമാധാനിക്കാൻ മേനോൻ ശ്രമിച്ചു.

പക്ഷെ മഴ കുറയുന്നില്ലല്ലോ. ആരോടെങ്കിലും ഒന്ന് സംസാരിക്കാമെന്നുവെച്ചാൽ അടുത്തൊന്നും അയൽവാസികളും ഇല്ല. മഴ പെയ്യുന്നുണ്ടെങ്കിലും അങ്ങാടിവരെ ഒന്ന് പോയി വരാം. പരിചയക്കാരെ കണ്ടാൽ എന്തെങ്കിലും സംസാരിക്കാമല്ലോ.

മേനോൻ ഷർട്ടിട്ടു കുടയുമെടുത്തു പുറത്തിറങ്ങാനൊരുങ്ങി. അമ്മുക്കുട്ടിയമ്മ നിരുത്സാഹപ്പെടുത്തിയെങ്കിലും കൂട്ടാക്കാതെ മേനോൻ പുറത്തിറങ്ങി നടന്നു.

വളരെ നിരുത്സാഹനായിട്ടാണ് മേനോൻ വീട്ടിൽ മടങ്ങിയെത്തിയത്. പരിചയക്കാരെയൊന്നും കണ്ടില്ലെന്നു മാത്രമല്ല, അങ്ങാടിയിൽ ആൾക്കാരും വളരെ കുറവായിരുന്നു. എല്ലാവരും തന്നെപ്പോലെ വീട്ടിലിരിക്കുന്നവരല്ലല്ലോ.

മഴ ഇതുവരെ തോർന്നില്ല. വെറുതെ പുറത്തിറങ്ങി നനഞ്ഞു എന്നല്ലാതെ ഒരു കാര്യവുമുണ്ടായില്ല. പുഴയിലെ സ്ഥിതി എന്തെന്ന് നോക്കാം. വീടിന്റെ പുറകിലേക്ക് പോയി താഴോട്ട് നോക്കി. ഇവിടെയും പുഴയിൽ വെള്ളം നിറഞ്ഞിരിക്കുന്നു.

അമ്മുക്കുട്ടിയമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അദ്ദേഹം ഊണുമുറിയിലേക്കു പോയി.

ഭാര്യ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മഴയുടെ കാര്യം മനസ്സിൽനിന്ന് പോകുന്നതേയില്ല.

വൈകുന്നേരമായപ്പോൾ മേനോൻ വീണ്ടും പുറത്തേക്കിറങ്ങാൻ തയ്യാറായി. പഴയ വീടിന്റെ സ്ഥിതി അടുത്തു കാണാമല്ലോ. ഭാര്യയെ വിളിച്ചപ്പോൾ അവർക്കു വേറെ ജോലിയുണ്ടെന്നു പറഞ്ഞു ഒഴിവായി. പുഴയുടെ തീരം പൂർണ്ണമായും ജലത്താൽ മൂടപ്പെട്ടിരിക്കുന്നു. ഇക്കണ ക്കിനു പോയാൽ നാളെ രാവിലെ തന്റെ പറമ്പിലേക്കും വെള്ളം കയറിയേക്കാം.

വിചാരിച്ചപോലെത്തന്നെയായിരിക്കുന്നു സ്ഥിതിവിശേഷം. പുഴവെള്ളം പറമ്പിലെത്തിയിരി ക്കുന്നു. കഴിഞ്ഞ മൂന്നുനാലു ദശാബ്ദങ്ങളായി ഇങ്ങനെ സംഭവിച്ചിട്ടില്ല. വീട് പൊളിക്കാൻ ഏറ്റ ആൾ വേഗം വന്നു അയാളുടെ ജോലി ചെയ്തില്ലെങ്കിൽ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടാവുകയില്ല.

വീട് പൊളിക്കാനുള്ള കരാർ അലവിക്കുട്ടിക്ക് കൊടുത്തത് നന്നായി. സംഖ്യ മുഴുവൻ കിട്ടുകയും ചെയ്തു. ഇനി അലവിക്കുട്ടിയ്ക്ക് സെയ്താലി പണം കൊടുത്തുവോ?

അയാൾക്ക് കിട്ടിയാലെന്ത്, കിട്ടിയില്ലെങ്കിലെന്ത്? തനിക്കു കിട്ടാനുള്ളത് കിട്ടിയല്ലോ. ഭാഗ്യം!

ഇങ്ങനെ പോയാൽ കാര്യം കൈവിട്ടുപോയതുതന്നെ. വീടിന്റെ മുറ്റത്തു നിറയെ വെള്ളം. മണ്ണ് നന്നായി കലങ്ങി വെള്ളത്തിന്നാകെ കാപ്പിയുടെ നിറം വന്നിരിക്കുന്നു. പൊട്ടിത്തകർന്ന മരച്ചില്ലകൾ, ഇലകൾ, ചത്തുപോയതും ചാകാറായതുമായ ജന്തുക്കൾ ഒഴുകി നടക്കുന്നു. പുഴയിൽനിന്നു വന്നതായതിനാൽ ചിലപ്പോൾ മീനും കണ്ടേക്കാം. ഇല്ല, അവ ചത്ത് പോകാനേ തരമുള്ളൂ.

രാത്രി മുഴുവൻ കനത്ത മഴയുടെ ശബ്ദം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളു. ഒരിക്കൽ ഒരു പട്ടിയുടെ മോങ്ങൽശബ്ദവും കേൾക്കാമായിരുന്നു. ഒഴുകിവരുന്ന വെള്ളത്തിൽപെട്ട് ജീവരക്ഷയ്ക്ക് സാദ്ധ്യത ഇല്ലെന്ന ബോധത്തിൽനിന്ന് ഉയർന്ന രോദനമായിരിക്കാമത്.

കുറെ കഴിഞ്ഞു എന്തോ വളരെ കനമുള്ള വസ്തു വീഴുന്ന ശബ്ദം കേൾക്കാനായി. എന്താണെന്നു മനസ്സിലായില്ല. എന്തെങ്കിലുമാകട്ടെ, നേരം പുലരട്ടെ, എന്നിട്ട് നോക്കാം. കിടന്നിട്ട് ഉറക്കം വരുന്നില്ല. പ്രപഞ്ചത്തിന്റെ അന്ത്യമായോ?

രാവിലെ എഴുന്നേറ്റ് ആദ്യം ചെയ്തത് താമസിക്കുന്ന വീടിന്റെ പിന്നിൽപോയി തന്റെ പഴയ വീടിന്റെ സ്ഥിതി എന്തായി എന്ന് നോക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തുണ്ടായിരുന്ന ചില വൃക്ഷങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. പുരയുടെ മുകളിലെ ഓടുകളിൽ പലതും കൂടെ പോയിരിക്കുന്നു. മേൽപ്പുരയുടെ ഒരു ഭാഗവും കാണ്മാനില്ല. ഇത്രയും വലിയ മഴയും കൊടുങ്കാറ്റും ഇന്നലെ ഉണ്ടായിരുന്നെന്നോ? ഉണ്ടായിരുന്നിരിക്കാം. ലളിതയുടെ ഉയരത്തി ലുള്ള വീട്ടിൽ കിടന്നുറങ്ങുന്നവർ മേനോന്റെ താഴ്‌വാരത്തിലുള്ള വീടിന്റെ സ്ഥിതി എങ്ങനെ അറിയും?

അപ്പോഴും പേമാരി തുടരുന്നുണ്ടായിരുന്നു. വീടിന്റെ മുറ്റത്തു വെള്ളമെത്തിയിരിക്കുന്നു. അകത്തേക്ക് വെള്ളം കയറുമോ? മേനോന്റെ മനസ്സിൽ ആധിയായി. പഴയ ഗൃഹാസാധന ങ്ങൾ വാങ്ങിയ സെയ്താലിക്ക് ഇപ്പോൾത്തന്നെ നഷ്ടം വന്നുകഴിഞ്ഞു. അലവികുട്ടിയെ കണ്ടാൽ കാര്യങ്ങൾ അന്വേഷിക്കാമായിരുന്നു.

ഉച്ചയായപ്പോഴേക്കും മഴവെള്ളം മേനോന്റെ താഴെയുള്ള വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ തുടങ്ങി. പുഴവെള്ളത്തിന്നു വലിയ നിലയിൽ ഒഴുക്കുണ്ടായിരുന്നു. അറ്റകുറ്റപ്പണികൾ അവിടെ നടത്തിയിട്ട് വളരെ കാലമായിരുന്നു. ദൈവമേ, കാക്കണമേ!

സന്ധ്യയായതോടെ സംഗതി വഷളായി. താഴത്തെ വീടിന്റെ പിൻഭാഗത്തെ ചുമരിന്റെ വലിയൊരു ഭാഗം തകർന്നു. അപ്പോൾ മേൽക്കൂര താഴോട്ട് പതിച്ചു. അധികം താമസിയാതെ വീട് നിലം പതിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുട്ട് പരന്നതോടെ സംഭവിക്കുന്നത് എന്തെന്ന് അറിയാതെയായി.

പ്രഭാതമായപ്പോൾ മേനോന്റെ വീട് അപ്രത്യക്ഷമായി. അടിത്തറ അവിടെത്തന്നെ ഉണ്ടോ എന്നേ ഇനി അറിയാനുള്ളൂ.

മേനോന് വേവലാതിയായി. വീട് അപ്രത്യക്ഷമായപ്പോൾ സംശയമായി. അലവിക്കുട്ടിക്ക് മൂന്നു ലക്ഷം മടക്കിക്കൊടുക്കേണ്ടിവരുമോ? ധാർമ്മികമായി പറഞ്ഞാൽ കിട്ടിയ പണം മടക്കിക്കൊടുക്കേണ്ടതാണ്. അപ്പോൾ ആർക്കാണ് നഷ്ടം? പക്ഷെ അലവിക്കുട്ടിയിൽനിന്നു പണം സ്വീകരിച്ചതോടെ വീട്ടിന്മേലുള്ള അവകാശം അവസാനിച്ചുവല്ലോ. പിന്നെ എന്തിനു പണം തിരിച്ചുകൊടുക്കണം? അലവിക്കുട്ടിക്കാണല്ലോ വീട്ടിന്മേൽ അവകാശം. അപ്പോൾ അലവിക്കുട്ടിക്കുതന്നെ വീടിന്റെ ഉത്തരവാദിത്തം.

മൂന്നു ദിവസങ്ങൾക്കുശേഷം വെള്ളം ഇറങ്ങിയപ്പോൾ അവിടെ ഒരു ഭവനം ഉണ്ടയിരു ന്നെന്നു അറിയിച്ചുകൊണ്ട് ഒരു അടിത്തറ ഉണ്ടായിരുന്നു. ഭിത്തികളും മേൽക്കൂരയുടെ മരവും ഒലിച്ചു പോയിരിക്കുന്നു. ഒരുപക്ഷെ പുഴയുടെ അടിത്തട്ടിൽ അവ ഉണ്ടായിരിക്കാം. നാലഞ്ചു ദിവസം പരദർശനം ഇല്ലാതെയും വർത്തമാനപത്രങ്ങൾ വായിക്കാതെയും കഴിഞ്ഞതുകൊണ്ട് അങ്ങാടിയിലേക്ക് ഇറങ്ങി.

പേമാരി ദിനങ്ങളിലെ അനുഭവങ്ങളും നഷ്ടമൂല്യങ്ങളും പങ്കുവച്ചുകൊണ്ട് നിരവധി പേർ അങ്ങാടിയിൽ ഉണ്ടായിരുന്നു. വീട് നഷ്ടപ്പെട്ടവർക്കു സർക്കാർവക ഭവനം നിർമ്മിച്ചു കൊടുക്കുന്നുണ്ടത്രെ. അതിന്നായി നാല് ലക്ഷം രൂപ നൽകുമത്രെ.

മേനോൻ ഇക്കാര്യം അറിയിച്ചപ്പോൾ അമ്മുക്കുട്ടിയമ്മ ചോദിച്ചു, “അതിന് നമുക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. നാം അതെല്ലാം അലവികുട്ടിക്ക് വിറ്റ് പണം വാങ്ങിയതല്ലേ?”

“നീ പറയുന്നത് ശരിയാണ്. പക്ഷെ അലവികുട്ടിയുമായുള്ള നമ്മുടെ ഇടപാട് ഗവർമെന്റിന്നു അറിയില്ലല്ലോ. എല്ലാവരും പറയുന്നു, നാം വീട് നശിച്ചുപോയതായി എഴുതിക്കൊടുത്തൽ നമുക്കും ഗവർമെണ്ട് സഹായം കിട്ടുമെന്ന്.”

“അതെങ്ങനെ ശരിയാകും?നമ്മുടെ വീടിന്റെ വില നാം അലവിക്കുട്ടിയിൽനിന്നു വാങ്ങിയതല്ലേ? അപ്പോൾ അതിനുള്ള അർഹത അയാൾക്കല്ലേ?”

അല്പനേരം ആലോചിച്ചശേഷം മേനോൻ പറഞ്ഞു, സ്ഥലം അലവിക്കുട്ടിയുടേത് അല്ലാത്തതുകൊണ്ട് അയാൾക്ക് സഹായം ലഭിക്കില്ല. പോരാത്തതിന് അയാളത് മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തിട്ടുണ്ടല്ലോ.”

“എന്റെ അഭിപ്രായത്തിൽ നാം സഹായത്തിനു അപേക്ഷിക്കുന്നത് ശരിയല്ല,” അമ്മുക്കുട്ടിയമ്മ നയം വ്യക്‌തമാക്കി. മേനോൻ മൗനം പാലിച്ചു.

അടുത്ത ദിവസങ്ങളിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നേതാക്കൾ മേനോന്റെ വാസസ്ഥലം സന്ദർശിക്കുകയുണ്ടായി. മേനോന്റെ നാശനഷ്ടത്തിൽ അവരുടെ ഖേദം അറിയിക്കാൻ വന്നതായിരുന്നു അവർ. വീട്ടിലെ കല്ലും മരങ്ങളും ഓടും അലവികുട്ടിക്ക് വിറ്റ വിവരം മേനോൻ അവരോട് പറയുകയുണ്ടായില്ല. നാശനഷ്ടങ്ങൾക്ക് കിട്ടാവുന്ന സർക്കാർ സഹായം ലഭിക്കാൻ വേണ്ടത് ചെയ്യാമെന്ന് അവർ അറിയിക്കുകയും ചെയ്തു. മേനോൻ ഒന്നും മിണ്ടിയില്ല.

കുറച്ചു ദിവസങ്ങൾക്കുശേഷം മേനോൻ അലവികുട്ടിയെ കാണുകയുണ്ടായി. വീട്ടുസാധനങ്ങളുടെ വില അയാൾക്ക് കിട്ടിയിട്ടുണ്ടത്രെ. പടച്ചോൻ കാത്തു.

“അപ്പോൾ നിങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങിയ സെയ്താലിക്കോ?” മേനോൻ സംശയം പ്രകടിപ്പിച്ചു.

“അയാളെ പിന്നെ കണ്ടിട്ടില്ല. പിന്നെ, അയാളുടെ സ്ഥലത്തു കുറച്ചു പേർ വെള്ളപൊക്ക ത്തിൽ മരിച്ചിട്ടുണ്ടത്രെ. സെയ്താലി അതിൽ പെട്ടിട്ടില്ല എന്ന് കര്താ…”

അല്പദിവസങ്ങൾക്കുശേഷം ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷ രാഘവമേനോനും സമർപ്പിച്ചിട്ടുണ്ടെന്നു കേട്ടു.

സഹായം ലഭിച്ചാൽ ഒരു ചെറിയ നിധി, ഇല്ലെങ്കിൽ അർഹതയില്ലെന്നു കരുതി സമാധാനിക്കാം.

സർക്കാരിന്റെ സഹായനിധി ചെക്ക് വാങ്ങുമ്പോൾ രാഘവമേനോന്റെ മനസ്സ് “അരുത്, വാങ്ങരുത് ” എന്ന് പറയുന്നുണ്ടായിരുന്നു. ബുദ്ധിയാകട്ടെ, “സാരമില്ല, വാങ്ങിക്കോളൂ, പക്ഷെ ആരും അറിയേണ്ടാ,” എന്നും.

By…..K V സത്യനാഥ്
Mob.:098336 77962

You may also like

Leave a Comment