ഉസ്മാനും ബീവീം (നർമ്മകഥ)

by Kerala In Mumbai
0 comments

ങ്ങള് ബിജാരിക്കണണ്ടാവും ന്നെ കണ്ടിട്ട് മ്മിണി നാളായല്ലാന്ന്, ഞമ്മളിമ്മിണി തെരക്കായിപ്പോയീനും. ഓളിപ്പ ബല്യ പുളളിയാ, റീൽസ് പുടുത്തം തൊടങ്ങീനും, കുക്കറീ ശോ ന്നാണ് അയ്ൻറ പേര്. ഓൾടെ പിന്നാലെ ഇങ്ങനെ ഫോണും പിടിച്ചോണ്ട് നടക്കണ ഞമ്മള വെശമം വല്ലോം നെങ്ങക്കറിയോ? ന്നാ ങ്ങള് പറയും അനക്ക് ബല്ല ജോലീം എടുത്തു ജീവിച്ചൂടേ ന്ന്, അല്ല എന്തന്നാണ്, ഞമ്മള് എന്തെല്ലാം വിസിനസ് തൊടങ്ങീന്ന് ‘, അന്നരം ഓള് പറയും ൻ്റെ വാപ്പാൻ്റെ കാശ് ങ്ങള് തീർക്കും ന്ന്, അള്ളാണെ, ഓൾടെ കരിനാക്കാണോന്ന് ഞമ്മക്കറീല്ല, ഒരൊറ്റ കച്ചോടം കൊണം പിടിച്ചല്ലന്ന് മാത്രല്ല, എട്ടു നെലേ പൊട്ടി, ഹൗ ബല്ലാത്ത ജാതി ബർത്താനം, അയിൻ്റെയാ..

ഓള് കേക്കണ്ട, കേട്ടാല് പിന്നെ ഞമ്മള കെടപ്പ് ആ പഴയ കട്ടല് മാതിരി ബെളീലാവും. ല്ല, ഞമ്മള് പറയാൻ ബന്നതും മറന്നല്ല, മ്മക്കിപ്പം മറവീണ്ടെന്നാ ഓൾടെ കണ്ടുപുടുത്തം. ഓൾക്കെന്തും പറയാല്ലോ, ഞമ്മളിപ്പഴും ആരാ മോൻ ല്ലേ., ഞമ്മളീ പറയുന്നേൻ്റ എടേല് വെശയം മാറ്യാ പിന്ന മ്മിണി പാടാ …. അല്ല ന്തന്നാണ് പറഞ്ഞാണ്ട് വന്നത്????… വന്ന് വന്ന് ഓർമ്മ വന്ന്…. അങ്ങനെ റീൽസ് പുടുത്തം.. ഓളെന്തൊക്കെയാ ണ്ടാക്കണതെന്ന് പടച്ചോനും ഓൾക്കും മാത്രംഅറിയാം. ഉപ്പും പുളീം ഞമ്മള് നോക്കണം. എങ്ങനുണ്ട് ന്ന് ചോയിച്ചിട്ട് ഒര് നോട്ടം നോക്കും, പടച്ചോനാണെ അത് കണ്ടാ ഞമ്മക്ക് മറുത്തൊന്നും പറയാൻ കയിയൂല്ല , പേടിച്ചിട്ടാണ് റബ്ബേ.. പിന്നെ പെരേൻ്റ സമാധാനാണല്ലാ ഞമ്മക്ക് ബല്തെന്ന് കരുതി ഞമ്മള് സൂപ്പറാന്നൊര് കാച്ചങ്ങ് കാച്ചും, അതോടെ ഓള് ഹാപ്പി, ഞമ്മളും.

അയിൻ്റെടേല് ഓണോം വന്നിട്ട് ഒരൊറ്റ പോക്കാ, ങ്ങളറിഞ്ഞാ ഓണത്തിന് ഓരോ ഓഫറുകള് കണ്ടേപ്പിന്നെ മത്തി കണ്ട പൂച്ചേപ്പോലാരുന്നു ഓള്, ഞമ്മള ഫ്രിഡ്ജ് പഴേതായെന്നും താഴേം മോളിലും രണ്ട് വാതിലുവേണോന്നും ,സിൽമേല പോല സൂശിക്കൂന്നും പറഞ്ഞെന്താരുന്നു ബഹളം, അങ്ങന പോയി ഞമ്മളും ബാങ്ങി വന്നു ഒരെണ്ണം. ഐസ്ക്രീം, പ്രൂട്ട്സ്, സെവനപ്പ്, മുട്ടായി ഒക്കെ ങ്ങനെ നെരന്നിരിക്കണ ക്നാവുകണ്ട് ബാങ്ങിച്ച സാധനം പ്പ ക്കണ്ടാ പടച്ചോൻ പൊറുക്കൂല്ല, ബെള്ളത്തിലിട്ട ചോറും, തേങ്ങേൻ്റ മുറീം, പഴയ കറീം ന്താ ല്ലേ……. ഓള് മാറില്ല, മ്മള ഫ്രീഡ്ജും…

ദീപ ബിബീഷ് നായർ

Leave a Comment