“അമ്മേ, ഈ കർക്കടകമാസത്തെ എന്താ പഞ്ഞക്കർക്കടകം എന്നു പറയുന്നത്,” മൊബൈലിൽ എന്തോ കണ്ടെന്ന പോലെ ദേവു അമ്മയോട് ചോദിച്ചു. “മുത്തശ്ശി അപ്പുറത്തുണ്ട് ദേവൂ, നീ അമ്മയോട് ചോദിക്ക്. അത്രക്ക് പറഞ്ഞു തരാനൊന്നും എനിയ്ക്ക് അറിയുകയും ഇല്ല, സമയവുമില്ല.ഞാൻ രാത്രിയിലേക്കുള്ള ചപ്പാത്തിയും കറിയും ശരിയാക്കട്ടെ.” അമ്മ പറഞ്ഞു. “അല്ലേലും അമ്മക്ക് ഒന്നും അറിയേം ഇല്ല സമയോം ഇല്ല”. ദേവു ഇരുന്നിടത്ത് നിന്നെണീറ്റ് മുത്തശ്ശിയുടെ അടുത്തെത്തി. “മുത്തശ്ശീ, ഇത് കർക്കടകമാസമല്ലേ? എന്താ ഈ മാസത്തെ പഞ്ഞക്കർക്കടകം ന്ന് പറയണെ?”
മുത്തശ്ശി അവളെ അടുത്തിരുത്തി.” ൻ്റ കുട്ടിക്ക് എന്താ അറിയേണ്ടത്, ഞാൻ പറഞ്ഞു തരാം. അത്, പണ്ട് പണ്ട്
പഴയ കാലത്ത് കർക്കടക മാസം കഴിച്ചു കൂട്ടുക എന്നത് കടുത്ത വെല്ലു വിളിയായിരുന്നു കുഞ്ഞേ. വല്ലാത്ത പേടിയോടെയായിരുന്നു അന്നൊക്കെ കർക്കടക മാസ്സത്തെ നോക്കിക്കണ്ടിരുന്നത്, കലിതുള്ളി കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും നടമാടുന്ന മാസം, ജോലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന ദിവസ്സങ്ങളായിരുന്നു അത്, പെരുമഴ കാരണം സൂര്യപ്രകാശം കണി കാണാൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും. മഴ തകർത്ത് പെയ്യുന്ന ആ കാലത്ത് മുത്തശ്ശിയൊക്കെ താമസിക്കണത് ചോര്‍ന്നു ഒലിക്കുന്ന ഓലപ്പുരയാണെന്നോർക്കണം. നാനാ ഭാഗത്തു നിന്നും മഴവെള്ളം ചോർന്നൊലിക്കുമ്പോൾ കിടക്കാനിടമില്ലാതെ തടി ബഞ്ചിനടിയിലും, ചാണകം മെഴുകിയ തറയിലും വെള്ളം വീഴാത്ത ഭാഗം നോക്കി കീറത്തുണിയും, പിഞ്ചിപ്പോയ പായയും വിരിച്ച് പുതച്ചു ചുരുണ്ടു കൂടിയിരുന്ന കാലം. മഴ കനക്കുമ്പോള്‍ ഓലപ്പുര ചോർന്നൊലിക്കുമെന്ന് പറഞ്ഞില്ലേ, അപ്പോ, കിണ്ണവും, തൊട്ടിയും, ചെറുതും വലുതുമായ മറ്റു പാത്രങ്ങളും വച്ചു വീട്ടിനകത്ത് വീഴുന്ന വെള്ളം നിറയ്ക്കാനേ നേരോണ്ടാരുന്നുള്ളു മുത്തശ്ശിയ്ക്ക്. ഓരോ പാത്രങ്ങളും നിറയുമ്പോൾ വെള്ളം മുറ്റത്തേക്കൊഴിക്കാൻ ഉറങ്ങാതെ കാത്തു നിന്നിട്ടുണ്ട് . മഴേടെ കാഠിന്യം കാരണം പകലു പോലും പുറത്തിറങ്ങാൻ പറ്റാതെ വീർപ്പ് മുട്ടുന്ന കാലമായിരുന്നു അത്.
അന്ന് പത്തും ഇരുപതും പേരുള്ള കൂട്ടു കുടുംബമല്ലേ, പട്ടിണിയും പരിവട്ടവുമൊക്കെ മറി കടക്കാൻ എന്താ വഴി.
ആ സമയത്ത് മുറ്റത്തും മാവേലുമൊന്നും പക്ഷികളെ പോലും കാണാൻ കിട്ടില്ല. അങ്ങിനെ സകല ജീവജാലങ്ങൾക്കും ദുരിതമുള്ള മാസ്സമായിരുന്നു.അങ്ങനെ വന്ന പേരാണ് കുട്ട്യേ പഞ്ഞക്കർക്കടകം. ന്നാലും അന്തിക്ക് വിളക്ക് കൊളുത്തി രാമായണം ചൊല്ലുവാരുന്നു മുടങ്ങാണ്ട്”….. മുത്തശ്ശി പറഞ്ഞു നിർത്തി.
ദേവു നോക്കുമ്പോൾ മുത്തശ്ശി ആ കാലത്തിലേക്ക് പോയതുപോലെ, താടിക്ക് കൈയ്യും കൊടുത്ത് ഒരേ ഒരിരുപ്പാണ്. ദേവു മുത്തശ്ശിയെ കുലുക്കി വിളിച്ചു മുത്തശ്ശീ…. എന്നിട്ടിപ്പൊ??? അവൾ പകുതി പറഞ്ഞു നിർത്തി.
“എന്നിട്ടെന്താ അന്നത്തെ തലമുറയിലാരാ ഇന്ന് ബാക്കി? എല്ലാം ഓർക്കുമ്പോ വേദനയുള്ളതാണേലും അതൊക്കെ തന്നാരുന്നു കാലം.
ഇന്ന് ,എന്തോ പറയാനാ? കാലം മാറീല്ലേ? മനുഷമ്മാരെപ്പോലെ നിറം മാറുന്നു കാലത്തിനും. വെള്ളപ്പൊക്കോം ദുരിതോം എപ്പഴും ഒണ്ടല്ലോ.
കലികാലം …..കൊറേ കംപൂട്ടറും മൊബൈലും വന്നേപ്പിന്നെ, അതും തോണ്ടിക്കൊണ്ട് വേറൊരു ലോകത്തിലല്ലേ മനുഷമ്മാര്….. എന്തു പറയാനാ….”
മുത്തശ്ശി പറഞ്ഞു നിർത്തിയപ്പോൾ ദേവുവും അറിയാതെ ഒന്ന് നെടുവീർപ്പെട്ടു.
ദീപ ബിബീഷ്

