മത്സ്യാവതാരം

by Kerala In Mumbai
0 comments

അക്കാലങ്ങളില്‍ ഇന്ദ്രപ്രസ്ഥത്തിലെ ബ്യൂറോക്രാറ്റ് വന്‍ തോക്കുകള്‍ ഗോസായിസ്ഥാനത്തിലെ കടലോര പ്രദേശങ്ങളിലെ സുഖവാസ കേന്ദ്രങ്ങളില്‍ വന്നു താമസിച്ചു, ആരോഗ്യം വീണ്ടെടുത്തു തിരിച്ചു പോകല്‍ ഒരു പതിവായിരുന്നു. ഇത്തരം യാത്രകള്‍ എല്ലാം ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെടുത്തി, സര്‍ക്കാര്‍ ചിലവിലാണ് നടകക്കാറ്. വീ. ഐ. പീ. പ്രോട്ടോക്കോള്‍, പോലീസ് എസ്ക്കോർട്ട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളില്‍ അതിവിശിഷ്ട അന്തസ്സ് എന്നീ സുഖ സൌകര്യങ്ങള്‍ക്ക് പുറമേ, സര്‍ക്കാരിന്റെ നാലഞ്ചു കാറുകള്‍, ശിങ്കിടികള്‍ ആയി ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍…..തുടങ്ങിയ ആനുകൂല്യങ്ങളോടെ ആയിരിക്കും ഇത്തരം വരവുകള്‍. അക്കാലത്ത്, ഇത് പോലെ വന്ന ഒരു വീ. ഐ. പീ. ആയിരുന്നു അനുസൂയാ ബാനര്‍ജീ എന്ന വന്‍പുലി.

ഇത്തരം വന്‍ ശക്തികള്‍ വരുന്നതും പോകുന്നതും ഒന്നും സാധാരണഗതിയില്‍ ആട്-കോഴി-മീൻ വകുപ്പിന്റെ ജില്ലാധികാരിയായ മദ്രാസി അറിയാറെ ഇല്ല. പക്ഷെ, ഈ പുതിയ വീ. ഐ. പീ.യുടെ എസ്ക്കോർട്ട് ആയി – അവര്‍ ആവശ്യപ്പെട്ടതനുസരിച്ച്- ഈ മദ്രാസിയെ ആയിരുന്നു സര്‍ക്കാര്‍ നിയമിച്ചത്. കീഴ്വഴക്കങ്ങളെ എല്ലാം തകിടം മറിച്ച് കൊണ്ടുള്ള ഈ ഉത്തരവില്‍ ഐ. ഏ. എസ്. പയ്യന്‍മാരും, പയ്യത്തികളും അമര്‍ഷം കൊണ്ടുവത്രേ. പക്ഷെ വന്‍ പുലിയായ അനുസൂയ കല്പ്പിച്ചു : “ലെറ്റ്‌ ദം ഗോ ടു ഹെല്‍”.

അതുകൊണ്ടാണ് ലേഖകന്‍ ആ കഥയിലേക്ക് മദ്രാസിയുടെ ഒരു ശിങ്കിടി വഴി ഒരു സ്കൂപ്പ് നടത്തുന്നതും , സ്കൂപ്പില്‍ ലഭിച്ച കഥ ഇവിടെ കുറിക്കുന്നതും.

മൂന്നു – നാലു ദശകങ്ങള്‍ മുമ്പിലത്തെ കാലഘട്ടം. രാവിലത്തെ ടെന്നീസ് കളിയും കഴിഞ്ഞു, ദിനപത്രവും കാപ്പിയുമായി ഇരിക്കുകയായിരുന്നു ആട്-കോഴി-മീന്‍ വകുപ്പിന്റെ അന്ന് ജില്ലാധികാരി മാത്രം ആയിരുന്ന പൊടി പയ്യൻ മദ്രാസി . അപ്പോഴാണ്‌ ജില്ലയിലെ മത്സ്യവകുപ്പു കൊണ്ട് നടത്തുന്ന കീഴ് ജീവനക്കാരന്‍ ഗോസായിയുടെ ഫോണ്‍ വരുന്നത്. പതിവുള്ള അഭിവാദ്യങ്ങള്‍ക്ക് ശേഷം മത്സ്യപാലകന്‍ പറഞ്ഞു:
“സര്‍, ഇന്നലെ രാത്രിയില്‍ പട്ടണത്തിന്‍റെ അടുത്തുള്ള റിസര്‍വോയര്‍ സര്‍വെയില്‍ ഒരു മുട്ടന്‍ ‘രൊഹു’ മത്സ്യം കുടുങ്ങി. അവനെ എന്ത് ചെയ്യണം സാര്‍? സാറിന്നു വേണോ പൊരിച്ചടിക്കാന്‍ ?”.

“അതിനു ഗസ്റ്റ് ഹൌസില്‍ അല്ലെടോ എന്‍റെ ശാപ്പാട്? വീട്ടിലെ അടുക്കളയിലെ തീയ് പുകയാന്‍ ഇനിയും സമയം ആകും”.

പിന്നെയാണ് മദ്രാസിക്ക് ഒരു യുക്തി തോന്നിയത്.
“സര്‍ക്കാരിലെ ജില്ലാ തലത്തിലെ മാംസഭോജികള്‍ ആയ തമ്പ്രാക്കന്മാര്‍ക്ക് ആര്‍ക്കെങ്കിലും കാഴ്ച വയ്ക്കഡോ ഭഗവാന്റെ ഈ അവതാരത്തെ; തിരിച്ചു വല്ല ഗുണവും ചെയ്യാതിരിക്കില്ല അവര്‍.”

പുതുതായി വന്ന നമ്മുടെ ഗ്രാമവികസന ഡയരക്ട്ടര്‍ അനുസൂയ ബാനര്‍ജീ മേഡം ഇവിടെ അടുത്താണ് താമസം . അവിടെ കൊടുക്കട്ടെ?

“ആയിക്കോട്ടെ; പക്ഷെ ബംഗ്ലാവിലേക്ക് തന്നെ കടത്തി വിട്വോ ഡോ, അവിടത്തെ സെക്യൂരിറ്റിക്കാര്?”

“സാറൊന്നു വിളിച്ചു പറഞ്ഞാല്‍ മതി” എന്നായി മത്സ്യപാലകന്‍.

അങ്ങിനെയാണ് ജീവിതത്തില്‍ ആദ്യമായി ആട്-കോഴി-മീന്‍ മദ്രാസിക്കു അനുസൂയ ബാനര്‍ജീ എന്ന ബ്രാന്‍ഡ് ന്യൂ ഐ.ഏ.എസ്. കാരിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്യേണ്ടി വന്നത്.

ഫോണ്‍ എടുത്തത് ഒരു സ്ത്രീ ആയിരുന്നു; എങ്കിലും ശബ്ദത്തിന് ഐ.ഏ.എസ്സിന്റെ ഗമ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, “മേം സാബ് ഉണ്ടോ” എന്ന് അയാള്‍ ചോദിച്ചു. ബാത്ത് റൂമിലാണെന്നു മറുപടി കിട്ടി. അയാള്‍ ജില്ലയിലെ റിസര്‍വോയറിലെ മത്സ്യാവതാരത്തിന്റെ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് ഉറക്കെ കൂവി :

“ഹൂയ്…..താങ്ക്യൂ ഭായി സാബ്…ഞാന്‍ പറയാം; മേംസാബു വന്നാല്‍ താങ്കളെ വിളിക്കാനും പറയാം”.

“ആയിക്കോട്ടെ” അയാള്‍ പറഞ്ഞു. “ഒരു മത്സ്യം ഇത്ര വലിയ കാര്യമൊന്നും അല്ല; നന്ദിയൊന്നും വേണ്ടാ; സെക്യൂരിറ്റിയോട് പറഞ്ഞു അത് കൊണ്ട് വരുന്നവനെ അകത്തേക്ക് വിടാന്‍ പറഞ്ഞാല്‍ മാത്രം മതി”. അവള്‍ സോണാര്‍ ബോംഗ്ലയില്‍ സംഗീതം പാടി: “ജരൂര്‍, മോഷായ്‌” (തീര്‍ച്ചയായും, മഹാശയാ).

പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ഫോണില്‍ കൂടി സുവര്‍ണ്ണ വംഗത്തി ബാനര്‍ജീ മേഡം വിളിച്ചു.

“സോ നൈസ് ഓഫ് യൂ, മോഹാശയ്! … നാടു വിട്ടപ്പിന്നെ ഇപ്പോഴാണ് “രൂയി´ മത്സ്യം കാണുന്നതു തന്നെ.. റിയലി വെരി തൊട്ട്ഫുള്‍ ഓഫ് യൂ”…. എന്നെല്ലാം മോധൂര്‍ മോധൂര്‍ ഭാഷയില്‍ പറഞ്ഞു. കൂട്ടത്തില്‍ ഒന്നു കൂടി ചോദിച്ചു :

“ഇന്നു ഭക്ഷണം എന്‍റെ കൂടെ ആയിക്കൂടെ? ബംഗാളി സ്റ്റൈലില്‍ പൊരിച്ചു, കറി വച്ച രൂയി മാഛ് ആയിരിക്കും മെനു”.

തീറ്റക്ക്‌ മുമ്പിലും, പടയ്ക്ക് പിന്നിലും ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു നൂറു വട്ടം സമ്മതമായിരുന്നു. പക്ഷെ, ഇവളുടെ പാപ്പാനെക്കുറിച്ചു ഒരു വിവരവും അറിവില്ലാത്തത് കൊണ്ട്, ഡാവില്‍ ചോദിച്ചു:

“ഭക്ഷണത്തിനു ഭര്‍ത്താവും ഉണ്ടാകുമല്ലോ”.

കുപ്പിച്ചില്ലു പൊട്ടുന്ന പോലെ പൊട്ടി ചിരിച്ചു കൊണ്ട് വംഗത്തുകാരി പറഞ്ഞു: “യൂ ആര്‍ മിസ്റ്റേക്കന്‍ ഡിയര്‍ ഫ്രണ്ട് .. ഞാന്‍ വിവാഹമൊന്നും കഴിക്കാന്‍ നിന്നില്ലാ .. ഏ ആം എ ഫ്രീ ബേര്‍ഡ്”.

മറ്റൊരു ഫ്രീ ബേര്‍ഡ് ആയ മദ്രാസി ഉത്സാഹത്തോടെ കൂവി: “ഞാന്‍ ഇതാ എത്തി മേം..”

ഗ്രാമീണ വിഭാഗത്തെ ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്ന വില്ലീസ്‌ ജീപ്പിന്റെ സ്റ്റിയറിങ്ങില്‍ താളം പിടിച്ചു കൊണ്ടു മദ്രാസി പാടുകയായിരുന്നു:
“വിസ്താര്‍ ഹൈ അപാര്‍..പ്രജാ ദോനോ പാര്‍, .കഹെ ഹാഹാകാര്‍, നിശബ്ദ സദാ.., ഓ ഗംഗാ തും ബെഹ്തി ഹോ ക്യോ…?

ഗ്രാമീണ വിഭാഗത്തെ ലക്ഷ്യമാക്കി കൊണ്ടുള്ള വില്ലീസ് ജീപ്പിന്റെ മുരളിച്ച, ബാനര്‍ജീ മേഡത്തിനു സ്ഥലമാറ്റം ആവുന്നതുവരെ, പിന്നീടുള്ള രാത്രികളില്‍ നാട്ടുകാര്‍ കേട്ടിരുന്നുവത്രേ !!

By… K. R. Narayanan

You may also like

Leave a Comment