പതിവുപോലെ ഞാൻ പത്രവായനയിൽ മുഴുകിയിരിക്കയായിരുന്നു. വളരെ കാലമായിട്ട് ഇതൊരു പതിവാണ്, രാവിലെ കട്ടിലിൽനിന്നെഴുന്നേറ്റാൽ അന്നന്നെത്തെ പത്രങ്ങളും വാരികയും കൂട്ടിയിട്ട ഇടത്തിൽനിന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം വലിച്ചെടുത്തു പേജുകൾ വായിച്ചുതീർക്കുക എന്നത് . ഒരു മണിക്കൂറിനുശേഷം ടൂത്തു ബ്രഷിൽ പെയ്സ്റ്റെടുത്തു മറ്റൊരു പത്രം കയ്യിലെടുക്കും ചിലപ്പോൾ എക്കണോമിക്സ് ടൈംസ് ആകാം, അല്ലെങ്കിൽ ഹിന്ദുവാകാം. രണ്ടാമത്തെ പേപ്പറും കുളിയും കഴിഞ്ഞാൽ ഏതാണ്ട് ഒമ്പതര മണിക്ക് ഞാൻ പ്രാതലിന് തയ്യാറാകും. എന്റെ ശീലങ്ങളിൽ ഭാര്യക്ക് വളരെ തൃപ്തിയാണ്. അവളുടെ കാര്യങ്ങളിൽ ഞാൻ ഇടപെടുകയില്ലല്ലോ. പ്രാതൽ കഴിക്കുന്നതിനിടയിലാണ് ഞങ്ങൾ സാമൂഹിക കിംവദന്തികൾ ചർച്ച ചെയ്യുന്നത്. അതിന്നു ശേഷം അവൾ കുളിമുറിയിൽ കയറും, മറ്റു ജോലികൾ ചെയ്യും.
അങ്ങനെ പ്രഭാതഭക്ഷണത്തിനിടയിലാണ് ഞങ്ങളുടെ അയൽപക്കത്തെക്കുറിച്ചുള്ള ഉദ്വേഗജനകമായ വാർത്ത പറഞ്ഞത്.
“രാധികയേയും രാമചന്ദ്രനെയും കുറിച്ചുള്ള കാര്യം ഞാൻ പറഞ്ഞുവോ?” കിംവദന്തിയുടെ ആരംഭം.
“ഇല്ലല്ലോ. എന്താണ് അവരെക്കുറിച്ചുള്ള വിവരം?”
“രാധിക വീട്ടിൽ മടങ്ങി എത്തി.”
“അതിലെന്താ ഇത്ര വിശേഷം? രാധികയുടെ വീടല്ലേ, എപ്പോൾ വേണമെങ്കിലും അവൾക്കു വരാമല്ലോ.”
“ഇത് അങ്ങനത്തെ വരവല്ല. ഒറ്റയ്ക്കാണ് വന്നത്. ഇനി മടങ്ങി പോകുന്നില്ല. രാമചന്ദ്രനെ അവൾ എന്നെന്നേക്കുമായി വിട്ടിരിക്കുന്നു.”
അത് ശരിക്കും ഞെട്ടിക്കുന്ന വാർത്തയായിരുന്നു.
രാമചന്ദ്രനും രാധികയും അയൽവാസികളും സുഹൃത്തുക്കളും ആയിരുന്നു. അയാൾക്ക് അവളേക്കാൾ മൂന്നു വയസ്സ് കൂടും. പക്ഷെ ആദ്യം ബിരുദമെടുത്തത് രാധികയായിരുന്നു. അതിനർത്ഥം അയാൾ പഠിക്കാൻ മോശക്കാരനായിരുന്നുവെന്നല്ല, അവിടെയും ഇവിടെയുമായി അയാൾക്ക് രണ്ടു മൂന്നു വർഷം നഷ്ടമായി എന്ന് കരുതിയാൽ മതി. ബി കോം പാസ്സായശേഷം ഒരു സ്വകാര്യ ബാങ്കിൽ രാമചന്ദ്രൻ ഒരു ക്ലർക്കായി കയറിക്കൂടി. രാധികയാകട്ടെ, ബി എസ് സി കഴിഞ്ഞശേഷം ഒരു പ്രശസ്ത സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും മാനേജുമെന്റിൽ മറ്റൊരു ബിരുദാനന്തരബിരുദവും നേടി. യോഗ്യതാപരീക്ഷക്കുശേഷം അവൾ ഒരു ദേശസാൽകൃത ബാങ്കിൽ മാനേജരായി ചേർന്നു.
പരസ്പരസൗഹൃദം പുതുക്കാനുള്ള സമയമായി. ബാങ്കിലെ അനുഭവങ്ങൾക്ക് പുറമെ അവർക്കു മറ്റു പല വിശേഷങ്ങളും കൈമാറാനുണ്ട്. അവരുടെ രക്ഷിതാക്കളും അടുത്ത സുഹൃത്തുക്കളാണല്ലോ. അവർ വിവാഹിതരായാൽ നന്നായിരിക്കുമെന്ന് രക്ഷിതാക്കൾക്ക് തോന്നിയാൽ തെറ്റില്ലല്ലോ. ആകെ ഒരു സന്ദേഹമുണ്ടായിരുന്നത് അവരുടെ ഔദ്യോഗിക പദവികളുടെ അസമത്വം പിൽക്കാലത്തു പ്രശ്നങ്ങളുണ്ടാക്കുമോ എന്നതായിരുന്നു.
രാമചന്ദ്രന്റെ അച്ഛൻ ഗോവിന്ദമേനോനായിരുന്നു അദ്ദേഹത്തിന്റെ പത്നിയെക്കാളേറേ ഈ സന്ദേഹം ഉണ്ടായിരുന്നത്. തന്നേക്കാളേറെ വിദ്യാഭ്യാസമുള്ള, ഉന്നതപദവിയുള്ള, കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും ഉള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ മകൻ സമ്മതിക്കുമോ എന്ന് അദ്ദേഹം സംശയിച്ചു.
അത്തരം സന്ദേഹമൊന്നും ഭാര്യ മാലതിക്കുണ്ടായില്ല. ദാമ്പത്യജീവിതത്തിൽ ദമ്പതിമാരുടെ അസമത്വമൊന്നും പ്രശ്നങ്ങളുണ്ടാക്കില്ല എന്ന് അവർ വിശ്വസിച്ചു. വിവാഹശേഷം രണ്ടുപേരുടെയും കൂട്ടായുള്ള വരുമാനം കുടുംബത്തിന്റേതാണെന്നു കരുതിയാൽ മതി.
വിവാഹത്തെക്കുറിച്ചുള്ള ആലോചന രാധികയുടെ അമ്മ സരസമ്മ മകളുടെ മുന്നിൽവച്ചു. വിഷയം അറിഞ്ഞപ്പോൾ രാധികയുടെ മുഖം അമ്മയുടെ നേരെ തിരിഞ്ഞു, കണ്ണുകളിൽ ജിജ്ഞാസ സ്ഫുരിച്ചു വലുതായി, അധരങ്ങളിൽ ഒരു തമാശച്ചിരി വിരിഞ്ഞു. പിന്നെ അവൾ പൊട്ടിച്ചിരിച്ചു. പിന്നെ ചോദിച്ചു, “ഇത് ആരുടെ ബുദ്ധിയാണ്?”
“നിനക്കത് അറിഞ്ഞിട്ട് എന്ത് കാര്യം? ആരുടെ ബുദ്ധിയിലായാലെന്താ? ഞങ്ങൾക്കെല്ലാവർക്കും തോന്നി ഇതൊരു നല്ല കാര്യമാണെന്ന്.” ഒന്ന് നിർത്തിയശേഷം അവർ തുടർന്നു, “നമ്മൾ നല്ല അയൽക്കാരാണ്. രാമചന്ദ്രൻ നല്ലൊരു പയ്യനാണ്. നിനക്കറിയാലോ, ചീത്ത സ്വഭാവങ്ങളൊന്നും ഇല്ലതാനും. നിങ്ങൾ ഒന്നിച്ചു വളർന്നു, അന്യോന്യം നന്നായി അറിയാം. ആകപ്പാടെയുള്ള ഒരു പ്രശ്നം അവന്റെ വരുമാനം നിന്റേതിനേക്കാൾ കുറച്ചു കുറവാണെന്നു മാത്രം. ഒരു കുടുംബമാകുമ്പോൾ അതൊക്കെ സാധാരണം. പദവിയും സമ്പത്തും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നില്ല. വിവാഹജീവിതം എന്ന് പറഞ്ഞാൽ അന്യോന്യസ്നേഹവും പരസ്പരബഹുമാനവുമാണ്. എനിക്കും നിന്റെ അച്ഛനും തോന്നിയത് നിങ്ങൾക്ക് തമ്മിൽ ഇഷ്ടമാണെന്നാണ്.” അവർ പറഞ്ഞുകൊണ്ടിരുന്നു.
“രാമചന്ദ്രന്റെ അഭിപ്രായമെന്താണ്? അയാൾക്ക് ഇഷ്ടമാണോ?” അടിസ്ഥാനപരമായ ചോദ്യം അതാണല്ലോ.
“അയാളോട് ആരും ചോദിച്ചിട്ടില്ല. നിന്റെ മനസ്സിലെന്താണ് എന്നാണല്ലോ ആദ്യം അറിയേണ്ടത്. നീയാണല്ലോ ഉയർന്ന പദവിയിലുള്ളത്. ആർക്കെങ്കിലും അനിഷ്ടമുണ്ടെങ്കിൽ അത് നിനക്കായിരിക്കും.” സരസമ്മ വിശദീകരിച്ചു.
“നിങ്ങളാദ്യം അയാളുടെ മനസ്സറിയൂ, എന്നിട്ടു ഞാൻ പറയാം.” അവൾ കസേരയിൽനിന്ന് എഴുന്നേറ്റ് ധൃതിയിൽ ഓഫീസിലേക്കുപോയി.
വഴിക്കു രാമചന്ദ്രൻ അയാളുടെ ബാങ്കിലേക്ക് നടന്നു പോകുന്നത് രാധിക കണ്ടു. കാറ് സാധാരണപോലെ അയാൾക്ക് സമീപം നിർത്തി.
അസാധാരണമായിട്ടൊന്നുംതന്നെ ഇല്ലാത്തതിനാൽ രാമചന്ദ്രൻ കാറിൽ കയറി. അവരുടെ ബാങ്കുകൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. രാധികയുടെ ബാങ്കിലേക്ക് അല്പം കൂടി പോകണമെന്ന് മാത്രം.
സംഭാഷണത്തിനിടയിൽ, വിവാഹാലോചനയുടെ കാര്യം അവൾ പറഞ്ഞു. അതിനെക്കുറിച്ചു വല്ലതും അറിയാമോ എന്നും ചോദിച്ചു. ഒരു അത്ഭുതംപോലെയാണ് അയാളത് കേട്ടത്. ഏതാനും നിമിഷങ്ങൾക്കു ശേഷം അവളുടെ അഭിപ്രായമെന്തെന്നു അയാൾ ചോദിച്ചു. അവൾക്കു എതിർപ്പൊന്നും ഇല്ലെന്നും ആലോചനയിൽ അസാധാരണമായതൊന്നും തോന്നിയിട്ടില്ലെന്നും അവൾ പറഞ്ഞതായിട്ടാണ് അറിഞ്ഞത്.
കുറച്ചു ദിവസത്തേക്ക് അസാധാരണമായിട്ടൊന്നും സംഭവിച്ചില്ല. പക്ഷെ വിവാഹക്കാര്യം കൊടുങ്കാറ്റുപോലെ പരിസരങ്ങളിലെങ്ങും പരന്നു. കുടുംബസുഹൃത്തുക്കളെല്ലാം സന്തോഷിച്ചതായിട്ടാണ് അറിഞ്ഞത്. അവർ നല്ല മാച്ച് ആയിട്ടാണ് അവർക്കു തോന്നിയത് . ചിലർമാത്രം രാധിക വിദ്യാഭ്യാസത്തിലും പദവിയിലും വരുമാനത്തിലും കുറവുള്ള രാമചന്ദ്രനെ വിവാഹം ചെയ്യാൻ സമ്മതിച്ചു എന്നതിൽ അത്ഭുതം പ്രകടിപ്പിച്ചു.
വിവാഹനിശ്ചയച്ചടങ്ങിൽ ഞങ്ങളെല്ലാം പങ്കെടുത്തു. ക്ഷണിതാക്കളുടെ സൗകര്യാർത്ഥം ഞായറാഴ്ചയായിരുന്നു പരിപാടി.
ഭാവിയിലെ പ്രശ്നങ്ങളുടെ അരങ്ങേറ്റം അന്നുതന്നെ കാണാൻ കഴിഞ്ഞു.
രക്ഷിതാക്കളുടെയും ചങ്ങാതിമാരുടെയും സമ്മർദ്ധം ഉണ്ടായിട്ടുകൂടി, വിശേഷമായിട്ടുള്ള പട്ടുപുടവ ധരിക്കാൻ രാധിക വിസമ്മതിച്ചു. മാതാപിതാക്കൾ ഈ അവസരത്തിലേക്കായി വാങ്ങിച്ച സ്വർണ്ണാഭരണങ്ങൾ ധരിക്കാൻ അവൾ കൂട്ടാക്കിയില്ല. അവിടെ സന്നിഹിതരായ പലരും ധരിച്ചത് ഇത്തരം മേക്കപ്പ് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അവൾ അവ ധരിക്കാൻ വിസ്സമ്മതിക്കുന്നത് എന്നാണ്. ആ അഭിപ്രായങ്ങൾ അവൾ തിരസ്ക്കരിച്ചു. അവൾക്കവ ഇഷ്ടം തന്നെയാണ്. പക്ഷെ വരനായി വരുന്നയാൾ അത്തരം പുതിയ വേഷഭൂഷാദികൾ ധരിക്കാതിരിക്കുമ്പോൾ എന്തിനു സ്ത്രീ മാത്രം അവ ധരിക്കണം? സ്ത്രീക്ക് മാത്രമാണോ വിവാഹം വേണ്ടത്? അവളുടെ അച്ഛൻ ലൈംഗിക സമത്വത്തിനു വേണ്ടി ശബ്ദമുയർത്തുന്ന ഒരാളാണ് എന്ന് അവൾ അവരെ ഓർമ്മിപ്പിച്ചു. രാമചന്ദ്രൻ നവവേഷഭൂഷാദികളോടെയാണ് വരുന്നതെങ്കിൽ അവളും അതിനു തയ്യാറാണ്.
ഉടനെത്തന്നെ രാമചന്ദ്രന്റെ ഗൃഹത്തിലേക്ക് സന്ദേശം പോയി. അത്ര നേരത്തെ അങ്ങാടിയിൽപ്പോയി പുതിയ വസ്ത്രങ്ങൾ വാങ്ങിക്കാൻ സമയമില്ലാതിരുന്നതിനാൽ സാധാരണ വേഷഭൂഷാദികൾ മതി എന്ന് തീരുമാനിക്കപ്പെട്ടു.
സ്വീകരണമുറി ഗംഭീരമായ വിധത്തിൽ അലംകൃതമായിരുന്നു. ക്ഷണിക്കപ്പെട്ട പുരുഷന്മാരെല്ലാം അവരുടെ ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരായിരുന്നു. അവരുടെകൂടെ വന്ന സ്ത്രീകളെല്ലാം കൂട്ടമായി ചേർന്ന് വർത്തമാനം പറഞ്ഞു നിൽക്കുന്നു. പട്ടുവസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും ധരിക്കാൻ വിസമ്മതിച്ച രാധികയുടെ നിലപാടിനോട് അവരിൽ പലരും ആനുകൂല്യം പ്രകടിപ്പിച്ചില്ല. ഇങ്ങനെയൊരു സംഭവവികാസം ഉണ്ടാകുമെന്നറിഞ്ഞിരു ന്നെങ്കിൽ അവരും ഈ വില കൂടിയ വസ്ത്രവിധാനം വെടിഞ്ഞു സാധാരണ വേഷത്തിൽ വരുമായിരുന്നു. പരസ്യപ്രകടനത്തിനല്ല, ചടങ്ങിനോടുള്ള ആദരവ് കാണിക്കാനാണ് വില കൂടിയ വസ്ത്രരീതി എന്ന് ചിലർ പറയുകയുണ്ടായി. മറ്റു ചിലരാകട്ടെ, രാധികയുടെ ആദർശധീരതയെ പ്രകീർത്തിച്ചു. അവിവാഹിതരായ മറ്റു യുവതികൾക്ക് ഇതൊരു മാർഗ്ഗദർശനമാകും. വേണ്ടത്ര സമ്പത്തില്ലാത്തതുകൊണ്ടാണ് ആദർശത്തിന്റെ പുറകെയുള്ള ഈ ഓട്ടം.
എല്ലാ ചടങ്ങുകളിലും ശ്രേഷ്ഠത കാണിക്കാൻ വെമ്പുന്ന ചില അല്പജ്ഞന്മാരെ നാം കാണാറുണ്ടല്ലോ. ക്ഷണിക്കപ്പെടാതെത്തന്നെ കയറി വിജ്ഞാനം വിളമ്പുന്ന ഇവർക്ക് ആരുടെയും നിർദ്ദേശം ആവശ്യമില്ല. അത്തരം ഒരാളാണ് കുഞ്ഞിരാമ പണിക്കർ. അദ്ദേഹം എഴുന്നേറ്റ് രാധികയുടെ അച്ഛൻ നാരായണ പണിക്കരോട് ചടങ്ങുകൾ തുടങ്ങിക്കൂടെ എന്ന് ചോദിച്ചു. കഴുകിത്തുടച്ച നിലവിളക്ക് തെളിയിക്കുവാൻ രാധികയെ വിളിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പ്രകാശം നിറഞ്ഞുനിൽക്കുന്ന പൂമുഖത്താണ് നിലവിളക്ക് കൊളുത്തേണ്ടത്. എല്ലാവരും അന്യോന്യം നോക്കി. സരസമ്മ രാധികയെ വിളിക്കാൻ അകത്തേക്ക് പോയി. രാധിക ഓഫീസിൽ പോകുന്ന വേഷത്തിൽ പുറത്തേക്കു വന്നു.
എല്ലാവർക്കും കേൾക്കാവുന്ന ശബ്ദത്തിൽ കുഞ്ഞിരാമ പണിക്കർ ഉറക്കെ നിലവിളിച്ചു, “പെൺകുട്ടി നിലവിളക്ക് കൊളുത്തട്ടെ.”
എല്ലാവരുടെ ദൃഷ്ടികളും രാധികയുടെമേൽ. കേൾക്കാത്ത മാതിരി രാധിക നിൽക്കുന്നു.
പണിക്കർ ഞെട്ടി, ഇത്രയും കാലം അദ്ദേഹം പറഞ്ഞത് ആരും അനുസരിക്കാതിരുന്നിട്ടില്ല.
“എന്താണ് ഈ കുട്ടി വിളക്ക് കൊളുത്താത്തത് ? ” അദ്ദേഹം ആക്രോശിച്ചു.
“ഞാനെന്തിനാണ് വിളക്ക് കൊളുത്തുന്നത്? എനിക്ക് മാത്രമായിട്ടെന്തു വിവാഹം? രാമചന്ദ്രന് വിവാഹത്തിൽ പങ്കില്ലേ? രാമചന്ദ്രനും വിളക്ക് കൊളുത്താൻ വരുന്നില്ലെങ്കിൽ ഞാൻ കൊളുത്തില്ല.”
പണിക്കരുടെ മുഖം വിളറി. ഇതുവരെ ആരും അദ്ദേഹത്തെ അനുസരിക്കാതിരുന്നിട്ടില്ല. എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം പരുങ്ങി.
രാമചന്ദ്രൻ എഴുന്നേറ്റ് രാധികയോടൊപ്പം ചേർന്നു. അതുകണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അവളിൽനിന്നു അത്തരം ഒരു നിലപാട് അയാൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു എന്നത് വ്യക്തം. കത്തിച്ചുവെച്ച കൈവിളക്ക് രാധിക എടുത്തു. നവദമ്പതികളാവേണ്ടവർ ഒന്നിച്ചു നിലവിളക്ക് കൊളുത്തി. അവിടെ കൂടിയവർക്ക് അതൊരു നവാനുഭവമായിരുന്നു. ചില മന്ത്രണങ്ങളുടെ ഒച്ച ഉയർന്നു. ചില ചെറുപ്പക്കാർ രാധികയുടെ നിലപാടിനെ ന്യായീകരിക്കയായിരുന്നു.
പണിക്കർ വീണ്ടും വായ തുറന്നു. പക്ഷെ ശബ്ദത്തിന് പഴയ ഉണർവ് ഉണ്ടായിരുന്നില്ല. “എല്ലാവരെയും വന്ദിക്കുക.” ആരോടാണ് പറയുന്നത് എന്ന് വ്യക്തമല്ലായിരുന്നു. രാമചന്ദ്രനും രാധികയും എല്ലാവരെയും നോക്കി തൊഴുതു.
പണിക്കർ സ്വന്തം ഇരിപ്പിടത്തിലേക്കു മടങ്ങിയില്ല. പകരം പുരുഷന്മാരുടെ കൂട്ടത്തിന്റെ പിന്നിലൊളിച്ചു.
തുടർന്ന് നവദമ്പതിമാരാകാൻ പോകുന്നവരുടെ പിതാക്കൾ ഒന്നിച്ചെഴുന്നേറ്റു അവരുടെ മക്കൾ വിവാഹിതരാകാൻ പോകുന്ന കാര്യം ക്ഷണിതാക്കളെ ഔദ്യോഗികമായി അറിയിച്ചു. അവരുടെ അനുഗ്രഹം അഭ്യർത്ഥിച്ചു.
വിവാഹനിശ്ചയച്ചടങ്ങുകളുടെ വിശേഷങ്ങൾ താമസിയാതെ എങ്ങും പരന്നു. രാധികയെ അഭിനന്ദിക്കാനും വിമർശിക്കാനും പൊതുജനം മുന്നോട്ടുവന്നു. വധു തന്റെ ഔന്നത്യം വിളിച്ചറിയിക്കുകയാണെന്ന് ചിലർ ആരോപിച്ചപ്പോൾ, വ്യക്തിത്വത്തെ വിളിച്ചറിയിച്ചു സ്ത്രീ പുരുഷന് തുല്യയാണെന്നു പ്രഖ്യാപിച്ചെന്നു മറ്റു ചിലർ അനുമോദിച്ചു.
ഗുരുവായൂരമ്പലത്തിലാണ് രാധിക-രാമചന്ദ്രന്മാരുടെ വിവാഹം നടന്നത്. വളരെ ലളിതമായിരുന്നു ചടങ്ങുകൾ. ധനത്തിന്റെ ആധിക്യം അവിടെ ദൃശ്യമായില്ല. ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച ചിലർ രാധിക ബാങ്ക് മാനേജർ തന്നെയോ എന്ന് സംശയം പ്രകടിപ്പിച്ചു.
പക്ഷെ കല്യാണസദ്യക്കു ഒരു ലാളിത്യവും കണ്ടില്ല. ഗംഭീരസദ്യയിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. സ്വന്തം സമ്പത്തു പ്രദർശിപ്പിക്കാൻ കഴിയാത്തതു മൂലം ചില മഹിളകൾ അസംതൃപ്തി പ്രദർശിപ്പിക്കാതിരുന്നില്ല.
അടുത്ത ദിവസം ഒരു പത്രം വിവാഹങ്ങൾ ചെലവ് ചുരുക്കി നടത്തേണ്ടുന്ന ആവശ്യത്തെ കുറിച്ച് ഒരു മുഖപ്രസംഗം നൽകിയിരുന്നു. രാധികയുടെ വിവാഹം ഒരു മാതൃകയാണെന്നും അതിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ആ രാധികയാണ് ഇപ്പോൾ രാമചന്ദ്രനെ ഉപേക്ഷിച്ചു സ്വന്തം ഗൃഹത്തിലേക്ക് മടങ്ങിയിരിക്കുന്നത്. ഈ നടപടിയിലേക്ക് എന്തായിരിക്കാം അവളെ നയിച്ചത്? എന്തുകൊണ്ടാണ് യുവജനങ്ങൾ പരമ്പരാഗതമായ രീതികൾ വിട്ട് അകന്നു പോകുന്നത്? പഴയകാല കാരണവന്മാരുടെ വിശ്വാസങ്ങളിലും എന്തെങ്കിലും സത്യമുണ്ടെന്ന് വരരുതോ?
എനിക്കും ചന്ദ്രമതിക്കും സ്വന്തമായി കുട്ടികളില്ലാത്തതിനാൽ രാധികയെയും രാമചന്ദ്രനെയും സ്വന്തം കുട്ടികളായിത്തന്നെ ആയിട്ടാണ് ഞങ്ങൾ കരുതിയിരുന്നത്. തന്മൂലം രണ്ടു ദിവസം ഞങ്ങൾക്ക് വളരെ ദുഃഖം തോന്നി. അവരുടെ വൈവാഹികജീവിതം നേർവഴിയിൽ കൊണ്ടുപോകാൻ ഞങ്ങളെന്തെങ്കിലും ചെയ്യേണ്ടതാണെന്നു തോന്നി.
ചന്ദ്രമതി സരസ്സമ്മയ്ക്ക് ഫോൺ ചെയ്ത് രാധികക്ക് എപ്പോഴാണ് ഞങ്ങളുമായി സംസാരിക്കാൻ സൗകര്യമുണ്ടാകുക എന്ന് അന്വേഷിച്ചു. ബുധനാഴ്ച വൈകുന്നേരം അവൾ വീട്ടിൽ ഒറ്റക്കായിരിക്കുമെന്നും അപ്പോൾ സൗകര്യപ്പെടുമെന്നും അറിയിച്ചു.
ഞങ്ങൾ രാധികയുടെ വീട്ടിലെത്തിയപ്പോൾ അവൾ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. മാതാപിതാക്കൾ എന്തോ ആവശ്യത്തിനായി പുറത്തു പോയിട്ടുണ്ട്. രാധിക ഞങ്ങളെ കാത്തിരിക്കുന്നതുപോലെ തോന്നി. സരസ്സമ്മ ഒരുപക്ഷെ പറഞ്ഞിരിക്കാം.
അതുമിതും പറഞ്ഞിരിക്കാതെ ചന്ദ്രമതി നേരെ വിഷയത്തിലേക്ക് കടന്നു, ഞങ്ങൾ എന്തിനാണ് വന്നതെന്ന് പറഞ്ഞുകൊണ്ട്. എല്ലാം കേട്ടശേഷം കുറച്ചു നേരം രാധിക മൗനം അവലംബിച്ചു. രാമചന്ദ്രനുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് അവൾ പറഞ്ഞു. പക്ഷെ അച്ഛനമ്മമാരിൽനിന്ന് വേറിട്ട് താമസിക്കാൻ അയാൾ തയ്യാറല്ലത്രെ.
ചന്ദ്രമതിക്ക് അത്ഭുതമായി. ” അച്ഛനമ്മമാരെവിട്ട് അവൻ നിന്റെ കൂടെ താമസിക്കുമെന്നു നിനക്ക് തോന്നാൻ കാരണം? പ്രത്യേകിച്ചും അവൻ അവരുടെ ഒറ്റ കുട്ടിയല്ലേ? അവരൊന്നിച്ചു താമസിച്ചാൽ എന്താ പ്രശ്നം? അവൻ മറ്റൊരു പട്ടണത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ, അത് മനസ്സിലാക്കാം.”
“പക്ഷേ ആന്റി, അത് ശരിയാവില്ല. നമ്മളെന്തിന് നുണ പറയണം? ഞാൻ എന്റെ അച്ഛനമ്മമാരുടെ ഏകസന്താനമല്ലേ? അവർക്കും കാണില്ലേ ആഗ്രഹം ഞാൻ അവരുടെ കൂടെ താമസിക്കണമെന്ന് ?”
“രാധികേ, നീ നല്ല വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ? നമ്മുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും ഞങ്ങൾ പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ. ഓരോ രക്ഷിതാവിന്റെയും ആഗ്രഹം കുട്ടി തന്റെ കൂടെ താമസിക്കണമെന്നായിരിക്കും. പ്രത്യേകിച്ചും ഏകസന്താനമാകുമ്പോൾ.”
“ആന്റീ, ഞങ്ങൾ അവരുടെ കൂടെയോ അവർ ഞങ്ങളുടെ കൂടെയോ താമസിക്കുന്നതിൽ എനിക്ക് വിരോധമില്ല. ഞാൻ പിറന്നതുമുതൽ അവർക്കെന്നെ അറിയാം. ഞാൻ സ്വതന്ത്രയായി ജീവിക്കുന്നവളാണെന്നും അവർക്കറിയാം. എനിക്ക് എന്റേതായ പരിഗണനകളുണ്ട്. എന്റെ അവകാശങ്ങളെയും അധികാരങ്ങളേയും ഞാൻ വില മതിക്കുന്നു. എനിക്ക് രാമചന്ദ്രന്റെ അനുസരണയുള്ള ഭൃത്യയാകാനാവില്ല. ഞങ്ങൾ തുല്യരാണെന്ന് കണക്കാക്കണമെന്ന് വിവാഹത്തിന് മുമ്പുതന്നെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അയാൾ അത് സമ്മതിച്ചതുമാണ്. അയാൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകണം, ഞാൻ വിവാഹത്തിന്റെ ബന്ധനത്തിൽ പെട്ടുപോയെന്നും ഇനി എനിക്ക് രക്ഷയില്ലെന്നും. അതുകൊണ്ട് സ്വന്തം ഇഷ്ടങ്ങൾ എന്റെമേൽ കെട്ടിവക്കാമെന്നും കരുതിയിട്ടുണ്ടാകും.”
“അങ്ങനെയവർ പറഞ്ഞോ?”
“തീർച്ചയായിട്ടും ഇല്ല. എല്ലാ കാര്യങ്ങളും അത്ര വ്യക്തമായി പറയേണ്ട ആവശ്യമില്ല. പ്രവൃത്തിയിൽനിന്ന് നമുക്ക് ഊഹിച്ചെടുക്കാം.”
“രാധികേ, നാം സ്ത്രീകളാണ്. സ്ത്രീകളെന്ന നിലയിൽ നമുക്ക് ചില പരിമിതികളൊക്കെയുണ്ട്. പുരുഷനും സ്ത്രീയും തുല്യരാണെന്നൊക്കെ പറയുന്നത് കേൾക്കാൻ സുഖമാണ്. പക്ഷെ പ്രായോഗികതലത്തിൽ അങ്ങനെയല്ലെന്ന് കാണാം.” ചന്ദ്രമതി രാധികയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
“എന്തിനാണ് ആന്റി, ഈ കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെല്ലാം പറയുന്നത്? ഞാൻ രാമചന്ദ്രനുമായി മത്സരിക്കുന്നില്ല. വിവാഹത്തിന് മുമ്പുതന്നെ ഇക്കാര്യങ്ങളൊക്കെ അയാളോട് പറഞ്ഞിട്ടുള്ളതും അയാൾ സമ്മതിച്ചിട്ടുമുള്ളതുമാകുന്നു. അയാൾക്ക് അന്നത് സ്വീകാര്യമായിരുന്നില്ലെങ്കിൽ അന്നേ അത് തുറന്നു പറയാമായിരുന്നു.” രാധിക ശക്തിയോടെ തന്റെ വാദമുഖങ്ങൾ മുന്നോട്ടുവച്ചു.
“ആന്റീ, എന്നെ നിർബ്ബന്ധിക്കരുത്. വിവാഹത്തിന് മുമ്പുതന്നെ എന്റെ കാഴ്ചപ്പാട് ഞാൻ പറഞ്ഞിട്ടുള്ളതായിരുന്നു. ഇപ്പോൾ അവ മാറ്റാൻ ഞാൻ കാരണങ്ങളൊന്നും കാണുന്നില്ല. ഞാൻ രാമചന്ദ്രനോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടില്ല, എന്റെ സ്വാതന്ത്ര്യവും സമത്വവും മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. മുമ്പ് സമ്മതിച്ച കാര്യങ്ങൾ ഇപ്പോൾ പിന്തുടരാൻ കഴിയില്ലെങ്കിൽ അയാൾക്ക് എന്നിൽനിന്ന് വിവാഹമോചനം ചോദിക്കാം.”
ഞങ്ങൾ സ്തംഭിച്ചുപോയി. അടുത്ത കാലത്താണ് അവർ വിവാഹിതരായത്. എന്നിട്ട് രണ്ടു മാസത്തിനകം വിവാഹമോചനത്തെക്കുറിച്ചു സംസാരിക്കുന്നു. ചന്ദ്രമതിക്കു ഉത്തരം മുട്ടിപ്പോയി.
“മോളേ രാധികേ, നിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം തികയുന്നതല്ലേയുള്ളു. അപ്പോഴേക്കും വിവാഹമോചനത്തെക്കുറിച്ചു … മോളെ…”
വാചകം പൂർത്തിയാക്കാൻ രാധിക അവളെ അനുവദിച്ചില്ല. അവളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യത്യസ്ത കൂട്ടുകൊണ്ടാണ്. അവരുടെ മൂല്യങ്ങൾ വ്യത്യസ്തങ്ങളാണ്. പറയുന്നതിനെതിരെ പ്രവർത്തിക്കുന്നവരല്ല അവർ. ചന്ദ്രമതി എന്നെ നോക്കി. എഴുന്നേറ്റുകൊള്ളാൻ ഞാൻ സൂചന നൽകി. അവൾ എഴുന്നേറ്റു.
“ആന്റി ഞങ്ങളുടെ വിവാഹത്തെ രക്ഷിക്കാനാണുദ്ദേശിക്കുന്നതെങ്കിൽ എന്റെ അമ്മായിയമ്മ മാലതിയാന്റിയോട് സംസാരിക്കൂ. ഞാൻ മനസ്സിലാക്കിയത് അവർക്കെന്നെ ഒരു അടിമയാക്കണമെന്നതാണ്. ഗോവിന്ദമേനോനങ്കിൾ നിസ്സഹായനാണ്. ഞാൻ നിരതദ്രവ്യമോന്നും ചോദിക്കുന്നില്ല. പക്ഷെ എന്റെ മൂല്യങ്ങളെ എനിക്ക് ഉപേക്ഷിക്കാനാകില്ല.”
“അവർ മോചനം ആവശ്യപ്പെടുകയാണെങ്കിലും ഞാൻ രാമചന്ദ്രന്റെ ഒരു നല്ല സുഹൃത്തായിരിക്കും. വീണ്ടും വിവാഹിതയാകാൻ എനിക്ക് ധൃതിയൊന്നുമില്ല.” രാധികയും എഴുന്നേറ്റു.
ചന്ദ്രമതി രാധികയെ ആശ്ലേഷിച്ചു. അതിനുശേഷം രാധിക എന്റെ മുന്നിൽ വന്ന് നമസ്കരിച്ചു. ഞാൻ അവളെ മൂർദ്ധാവിൽ തലോടി അനുഗ്രഹിച്ചു.
ഒന്ന് രണ്ടു ദിവസം ഞങ്ങൾ ഈ വിഷയത്തെ കുറിച്ചു പല തവണ സംസാരിച്ചു. പിന്നീട്, വിധിപോലെ വരട്ടെ എന്ന് നിശ്ചയിച്ചു ആ വിഷയത്തെ വിട്ടു. കുറച്ചുദിവസങ്ങൾക്കുശേഷം ഗോവിന്ദമേനോനും മാലതിയും ഞങ്ങളെ സന്ദർശിച്ചു. രാധികയെ മരുമകളായി സ്വീകരിക്കണമെന്ന് മുമ്പേ കരുതിയിരുന്നെങ്കിലും രണ്ടു മാസം പോലും അതിന്നു കഴിഞ്ഞില്ലെന്നു പരാതി പറഞ്ഞു. അവർക്കു തോന്നുന്നപോലെ ചെയ്യാൻ ഞങ്ങൾ അവരോട് പറഞ്ഞു.
രാമചന്ദ്രനും രാധികയും അവരുടെ വിവാഹമോചനം സമാധാനപരമായി യാതൊരു കാലുഷ്യവും കൂടാതെ നേടി. യാതൊന്നും സംഭവിക്കാത്തതുപോലെ അവർ ജീവിതം തുടരുന്നു. രാധികയുടെ കാറിൽ രാമചന്ദ്രൻ ബാങ്കിലേക്ക് പോകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കുറച്ചുകാലം കഴിഞ്ഞാൽ അവർ ചിലപ്പോൾ കാര്യങ്ങൾ പുന പ്പരിശോധിച്ചേക്കാം.
By……. .സത്യനാഥൻ
Mob.:098336 77962

