കഥാകാവ്യം: അമ്മയും കുട്ടിയും

by News Desk
0 comments

കുട്ടി: അമ്മക്കറിയുമോ
മാനത്തെയമ്പിളി
അമ്മാവനെന്നോട്
കൂട്ടുകൂടി
അങ്ങോട്ടു പോകിലു
മിങ്ങോട്ട് പോകിലുമെൻ
കൂടെയുണ്ടല്ലോ എന്തു രസം

അമ്മ: രാവിലിരുട്ടിൽ
വെളിയിലിറങ്ങി നീ
ഓടിക്കളിക്കാതെ
പൊന്നുമോനെ
വന്നങ്ങ് കൊണ്ടുപോം
തീ തുപ്പും രാക്ഷസ
ജന്തുക്കളുണ്ടാ
മറവിലയ്യോ

കുട്ടി: ഇല്ലമ്മേ മിന്നാമിനുങ്ങുണ്ട്
കൂട്ടിനായ് മാനത്ത് മിന്നുമാ
കാഴ്ച കണ്ടോ

അമ്മ:മിന്നാമിനുങ്ങല്ല നക്ഷത്രപ്പൊട്ടുകൾ
അമ്പിളിമാമൻ്റെ വീട്ടിലുള്ളോർ

കുട്ടി: വട്ടത്തിലായിരുന്നമ്പിളിമാമനെപ്പൊട്ടിച്ചതാരാണിന്നു രാവിൽ 

അമ്മ : പൊട്ടിച്ചതല്ലുണ്ണി പാപ്പം കഴിക്കാതെ പെട്ടെന്ന് ക്ഷീണിച്ചു പോയതാകാം

കുട്ടി: പാതി മുറിഞ്ഞൊരു തേങ്ങ പോലെ, പിന്നെ വീതി കുറഞ്ഞൊരു ചാന്തു പോലെ,

അമ്മ : ഉണ്ണിയ്ക്ക് കൂട്ടായിരിക്കുവാനാണല്ലോ
ഓരോരോ രൂപത്തിൽ ചന്തിരനും

കുട്ടി :  കയ്യെത്താ ദൂരത്ത് ചേലൊന്ന് മാറ്റുന്ന
അമ്പിളിമാമനെ ഏറെയിഷ്ടം

അമ്മ: അമ്പിളിമാമൻ തിളങ്ങട്ടെ രാത്രിയിൽ ഉണ്ണിയ്ക്കുറങ്ങാനും നേരമായി

കുട്ടി: അയ്യോ മറഞ്ഞല്ലോ
മാനമിരുണ്ടല്ലോ
അമ്പിളിമാമനെവിടെപ്പോയി?

അമ്മ: മാമുണ്ടുറങ്ങണ്ടേ
മഴയെത്തും മുന്നേയാ
മുകിലമ്മ വന്നു വിളിച്ചുകാണും…

ദീപ ബിബീഷ് നായർ

You may also like