നിർവൃതിയുടെ പത്തു ദിനങ്ങൾ

by News Desk
0 comments

സ്ത്രീകളുടെ ശബരിമല എന്ന് പേരുകേട്ട ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ അനുഗ്രഹത്താൽ വന്നു ചേർന്ന നിയോഗം . ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങൾക്ക് തൊട്ടടുത്ത് മറ്റൊരു ദ്വാരപാലകനായ് പത്ത് ദിവസം അമ്മയെ എൻ്റെ ശബ്ദത്തിലൂടെ ഉപാസിക്കുവാൻ വന്നു ചേർന്ന പുണ്യ അവസരം.

ഉൽവേ നവി മുംബൈയിൽ ജനുവരി 10, 11 തീയതികളിൽ അരങ്ങേറിയ അയ്യപ്പ ഭക്തസംഗമത്തിൻ്റെ പരിപൂർണ വിജയത്തിനു ശേഷം അംബെ മാതാ ക്ഷേത്രപരിസരം കഴുകി വൃത്തിയാക്കാനും മൈതാനം പൂർവ സ്ഥിതിയിൽ ആക്കുവാനും സുമനസുകളൊടൊത്ത് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് എൻ്റെ സേവനം അവിടെ ആവശ്യമുണ്ടെന്ന സന്ദേശമെത്തിയത്. സ്തബ്ധനായ് നിന്നു പോയി ഞാൻ. പതിന്നാലു വർഷമായി അംബർനാഥിൽ എസ്. എൻ. ഡി.പി. നടത്തുന്ന പൊങ്കാലയുടെ അവതാരകനായ എൻ്റെ ശബ്ദം ആറ്റുകാലമ്മയുടെ ആരൂഢത്തിൽ തന്നെ മുഴങ്ങണമെന്ന് സർവേശ്വരി തീരുമാനിച്ചത് പോലെ . ഇതിനായി ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു, അമ്മേ……

ഉത്സവം തുടങ്ങുന്ന Feb 23 ന് രണ്ടു ദിവസം മുമ്പു തന്നെ ക്ഷേത്രപരിസരം ജനനിബിഡമായി തീർന്നിരുന്നു. എല്ലാ സുകൃത മനസുകളും വഴികളും അമ്മയുടെ സവിധത്തിലേയ്ക്ക് ഒരു പ്രവാഹം പോലെ ഒഴുകി സംഗമിക്കുന്ന സ്ഥിതി ..

പ്രായവ്യത്യാസമില്ലാതെ,
ലിംഗഭേദമില്ലാതെ ,
പണ്ഡിത പാമര ഭേദമില്ലാതെ അമ്മയുടെ ഭക്തർ. ഇതു തന്നെയല്ലേ പ്രായോഗിക സോഷ്യലിസം ? വലിപ്പചെറുപ്പമില്ലാതെ , ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ എല്ലാവരും ഒരൊറ്റ ചൈതന്യത്തിലേക്ക് ആകർഷിക്കപ്പെടുന്ന അവസ്ഥ.

അതിരാവിലെ അഞ്ചു മണി മുതൽ രാത്രി ഒരു മണി വരെ നീണ്ടു നിൽക്കുന്ന ചടങ്ങുകളും അനുഷ്ടാനങ്ങളും മനസിൽ നിറയ്ക്കുന്ന ദേവീ ചൈതന്യം നേരിട്ട് അനുഭവിച്ചറിയാൻ ലഭിച്ച സൗഭാഗ്യം.. മറ്റൊന്നും ചിന്തിക്കാൻ ഇല്ലാത്ത ഒരു തരം മാനസിക അവസ്ഥ …

നാല്പത്തിയൊന്ന് ദിവസത്തെ വൃതവുമായി എത്തുന്ന തോറ്റംപാട്ട് ഗായകർ ചിലപ്പതികാരം എന്ന ഇളങ്കോ അടികളുടെ പുരാതന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ഗീതങ്ങൾ പാടി കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതോടെ പരിപാവനമായ കാപ്പു കെട്ടൽ ചടങ്ങ് നടക്കുന്നു . മോതിര വളയങ്ങൾ ക്ഷേത്രം തന്ത്രി , ക്ഷേത്രം മേൽ ശാന്തിയുടെ കരങ്ങളിലും
ദേവിയുടെ ചിലമ്പിലും ബന്ധിക്കുന്നതോടെ കാപ്പു കെട്ടൽ ചടങ്ങ് പൂർത്തിയാകുന്നു. കൊടിയേറ്റിൻ്റെ മറ്റൊരു രൂപം.
ഔപചാരികമായ കൊടിയേറ്റ് എന്ന ചടങ്ങില്ലാതെ ഉത്സവം തുടങ്ങുന്നുവെന്ന പ്രത്യേകതയും പൊങ്കാല മഹോത്സവത്തിനുണ്ട് ..

തൊഴുത് നിൽക്കുന്ന ഭക്തരുടെ തൊട്ടടുത്ത് പത്തു ദിവസം നിലകൊണ്ട എനിയ്ക്ക് അവരുടെ കണ്ണിൽ നിന്നൊഴുകുന്ന കണ്ണീർ മുത്തുകൾ അമ്മയുടെ മുമ്പിലെ കാണിക്കയായി തന്നെയാണ് അനുഭവപ്പെട്ടത്. മനസിൻ്റെ ഒരു ഭാഗം പകുത്ത് ദേവിയ്ക്ക് സമർപ്പിച്ച് സായൂജ്യത്തോടെ അവർ താൽക്കാലികമായി യാത്രയാകുന്നു. ഇനിയും എത്തണമെന്ന അചഞ്ചലമായ തീരുമാനത്തോടെ ..

രാത്രിയിൽ എത്തുന്ന വിളക്കു കെട്ടുകൾ വളരെയധികം ആകർഷണീയം തന്നെ..
വർണപ്രപഞ്ചം സൃഷ്ടിക്കുന്ന ഇത്ര വലിയ ശില്പങ്ങൾ വാദ്യഘോഷങ്ങളോടെ ഭക്തർ തലയിലേറ്റി കാതങ്ങൾ താണ്ടി സന്നിധിയിലെത്തുന്നു. അമ്മയോടുള്ള സമർപ്പണത്തിൻ്റെ ഉദാത്ത രൂപം.

തുടരെ തുടരെയുള്ള ദീപാരാധന ആറ്റുകാൽ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ് . ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന ഭക്തർക്ക് മനം നിറയ്ക്കുന്ന ചടങ്ങായി മാറുന്നൂ ഓരോ ദീപാരാധനയും.

ഏറ്റവും പ്രാധാന്യമുള്ള വഴിപാട് .. കുത്തിയോട്ടം. നൂറ് കണക്കിന് പിഞ്ചു ബാലൻമാർ ആറ്റുകാലമ്മയുടെ മുൻപിൽ വെള്ളിപ്പണം സമർപ്പിച്ച് തുടങ്ങുന്ന ചടങ്ങുകൾ ..
ഏഴു ദിവസം ക്ഷേത്രത്തിൽ താമസിച്ച് വൃത നിഷ്ഠ പുലർത്തുന്ന അമ്മയുടെ മാനസപുത്രർ പൊങ്കാല ദിവസം രാത്രിയിൽ മണക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്ന ഭടന്മാരാകുന്നു.

അടുത്ത ദിവസം ഉച്ചയ്ക്ക് ഏതാണ്ട് പന്ത്രണ്ട് മണിയോടെ ഭക്തലക്ഷങ്ങൾ നൽകുന്ന എതിരേൽപ്പ് ഏറ്റവാങ്ങി സർവാഭിഷ്ട ദായികയായ ആറ്റുകാലമ്മ തിരികെ എത്തുന്നതോടെ പൊങ്കാല മഹോത്സവം പര്യവസാനിയ്ക്കുന്നു ..
ഇനിയും അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് …

ലക്ഷക്കണക്കിന് അംഗനമാർ ഒൻപതാം ദിവസം സമർപ്പിക്കുന്ന വിശ്വ പ്രസിദ്ധമായ പൊങ്കാലയിൽ പങ്കെടുക്കാൻ സ്ത്രീയല്ലാത്ത
എനിയ്ക്ക് ദേവി തന്ന സൗഭാഗ്യം..
ഈ ദിനങ്ങൾ എന്നും എൻ്റെ ഓർമ്മയിൽ ഉണ്ടായിരിക്കും.
ഏതു സമയത്തും ഒന്ന് എത്തി നോക്കിയാൽ മന്ദസ്മിതവുമായി ഇരുന്നരുളുന്ന പൊന്നു തമ്പുരാട്ടി ആറ്റുകാലമ്മയെ നേരിട്ട് കാണാൻ കഴിയുന്ന സ്ഥലത്ത് ഇരിപ്പിടം.
പത്തു ദിവസം അമ്മ വിരാജിക്കുന്ന ഈ സ്വർഗ്ഗത്തിൽ ,
അമ്മയുടെ നോട്ടം പതിക്കുന്നിടത്ത് …
എൻ്റെ മുജ്ജന്മ സുകൃതം ..
മാതാപിതാക്കളുടെ പുണ്യം ..
കുടുംബത്തിൻ്റെ പ്രാർത്ഥനയുടെ ഫലം…
സ്നേഹിക്കുന്നവരുടെ അനുഗ്രഹം..

അമ്മേ..
കരുണാമയി ..
ജഗത് ജനനീ..

By ശ്രീകുമാർ മാവേലിക്കര

You may also like