22

കഥകളായ് നിറയുന്നു കനൽപോലെ ദിനം തോറും
കറുത്ത വാർത്തകളെങ്ങും കരകാണാക്കടൽ പോലെ
കരുണ തന്നുറവിടമൊരുക്കേണ്ട തണലയ്യോ
കഴുത്തറുത്തൊരു വാളാൽ കരബന്ധമകറ്റുന്നു
മയങ്ങുമാ കാഴ്ചകളിൽ മദപ്പാടിൻ പദസ്വനം
മുറുകിക്കൊണ്ടടുക്കുന്നു മനുജാനീ അറിയേണം
മറുത്തൊന്നു പറയുവാനരുതാതെ മനമയ്യോ
മൗനവാത്മീകത്തിലായി മറയുന്നു പയോദം പോൽ
കിളിർത്തീടും തളിർത്തീടും പഴുത്തയ്യോ കൊഴിഞ്ഞീടും
പുഴുക്കാതെയുണങ്ങീടാനൊരു ജന്മം മതിയല്ലോ
പൊലിയുവാനൊരുങ്ങുമാ ചിരാതിൻ്റെ ഉയിർ പോലെ
തെളിഞ്ഞങ്ങു വിളങ്ങീടാമുയിരിൻ്റെ ശിഷ്ടകാലം…..
ദീപ ബിബീഷ് നായർ

