ഉസ്മാനും ബീവീം

by Kerala In Mumbai
0 comments

ഞമ്മളിപ്പ സിപ്രസ്സിനിലാണെന്നാ ഓൾടെ കണ്ട് പിടുത്തം. പഴേ പോല ഉശാറില്ലത്രെ. അല്ലേലും ഓൾക്കെന്താ പറഞ്ഞാല് ? എന്തൊക്കേ വച്ചുണ്ടാക്കി റീല് പിടിക്കണതല്ലാതെ ലോക വെവരം ഇല്ലാത്തൊരു സാധനം, ന്താ ല്ലേ? ങ്ങക്കറിയോ ഇപ്പ ഞമ്മളേ അഞ്ചിൻ്റെ കാശില്ല, ന്താ കാരണം ഓള് തന്നെ. 
വാപ്പാൻ്റ കാശ് ബാങ്കിലിട്ട് ഓൺലൈനിലാ ഇപ്പ മൊത്തം കളി. പിന്ന ഞമ്മള് മുണ്ടാതിരിക്കണ ന്താന്ന് വച്ചാ ഇങ്ങന പണിക്ക് പോവാണ്ട് നമ്മളിരുന്ന് തിന്ന് ശീലിച്ചു. അത് ഞമ്മള കൊയപ്പമല്ല.

സിൽമാനടനപ്പോലിരുന്ന ഞമ്മള് ഓളെ കെട്ടിയപ്പ ഓൾടെ വാപ്പ ഒന്നേ പറഞ്ഞൊള്ള് നീ മൊഞ്ച് നോക്കണ്ടാ, കായ് നോക്കിയാ മതീന്ന്. ഞമ്മള മനസ് തുമ്പപ്പൂ പോലായോണ്ട് മറുത്ത് പറയാതിരുന്നീനും. അയിനെന്താ പ്പ കൊയപ്പം ന്ന് വച്ചാ ഓക്ക് ഞമ്മള ഒരു വെലേം ഇല്ല.

ഹിമാറ് പിടിച്ച പുള്ളേങ്ങളും ഇങ്ങട്ട് വിളിച്ചാ അങ്ങട്ടേ പോവൂ, ന്താ അനുസരണ. ആയിൻ്റ എടേലാണ് രണ്ടീസം മുന്നേ ഹമീദിക്കാൻ്റ കടേല് വച്ച് സമദിനെ കണ്ടത്. ന്താ ഓൻ്റെ ഒരു ലുക്ക്. ഞമ്മള് കൂടെ പഠിച്ചിതാണെന്ന് പറയാൻ ഞമ്മക്ക് തന്ന ബെസമം. ഓനിപ്പഴും മുടിയൊക്കെ കറുപ്പിച്ച് ഒരു പുയ്യാപ്ല പോലെ. ഞമ്മളോ? പെരുത്ത മഴേല് കിളിക്കണ പുല്ല് പോലെ ഞമ്മട തലേന്ന് കൊയിഞ്ഞ് പോയ മുടി വരുംന്ന് പറഞ്ഞ് ഓള് വാങ്ങിത്തന്ന എണ്ണ പെരട്ടിയേപ്പിന്ന തലയിപ്പ മുണ്ടിട്ട് മറയ്ക്കേണ്ട ശേലായെൻ്റെ പടച്ചോനെ.
ഞമ്മക്കെങ്ങന ഡിപ്രശൻ ബരാണ്ടിരിക്കും?

പെരുന്നാളും വരാറായി. ഇനീപ്പ ഓൾക്കൊരു പാച്ചിലൊണ്ടാകും. ഓഫറ് ന്ന് കേട്ടാ ഏതാണ് ജിന്ന് പിടിച്ച മാതിരിയാണ് റബ്ബേ.  കണ്ട കാഞ്ഞാനും കുഞ്ഞാനുമൊക്കെ ബാങ്ങിച്ച് പൊര നെറയ്ക്കും.

കൊറേ നാളായി മനുശമ്മാരെപ്പോല ഒരനുസരണേം ഇല്ലാത്ത എടങ്ങേറ് പിടിച്ച മഴേം കാറ്റും. ന്നാലും നല്ല ശൂടായിട്ട് എന്തേലും കിട്ട്യാ തിന്നാരുന്നു. ഓളെെവിടാണോ എന്തോ ?
ആമിനാ… ആമിനാ……
ബിളിക്കണേന് മുന്നേ കയ്യേല് തവിയുമായി ഓളെത്തി… “ന്തിനാ നെലവിളിക്കണേ? ഞമ്മള് ശത്തിട്ടില്ല. ൻ്റ വാപ്പേന പറഞ്ഞാ മതിയല്ല. ഇങ്ങന കെടന്ന് കിനാവ് കാണണ ഒരുത്തനെ ആണല്ല വാപ്പ കൊണ്ടു തന്നത് ” ന്നും പറഞ്ഞ് ഓള് പോയി. പ്പ ങ്ങള് പറയ് ഞമ്മക്ക് ഡിപ്രസൻ വന്നേല് ന്താ തെറ്റ്?

ദീപ ബിബീഷ് നായർ

Leave a Comment