മോഹനവർമ്മയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതോടെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെല്ലാം നാട്ടിലേക്ക് ഓടിയെത്തി. രോഗത്തിന്റെ നിജസ്ഥിതി അറിയാനുള്ള അതിയായ ആഗ്രഹമാണ് അവരെ അവിടെയെത്തിച്ചത്. അദ്ദേഹം ഉടനെ രോഗം ശമിച്ചു പൂർവ്വ സ്ഥിതി പ്രാപിക്കേണമേ എന്ന ചിന്തയായിരുന്നു അവർക്കെല്ലാം. അദ്ദേഹം മരിച്ചു കാരണവസ്ഥാനം കൈക്കലാക്കാൻ ആർക്കും താല്പര്യമുണ്ടായിരുന്നില്ല.
കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ജോലിയിൽനിന്നു വിരമിച്ചിട്ട് അദ്ദേഹം സ്വന്തം നാട്ടിലെത്തി തറവാടിന്റെ ഭരണസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തറവാട്ടു സ്വത്തുക്കളുടെ അഭിവൃദ്ധി ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. മദ്യപാനം, പുകവലി, നിശാവിരുന്നുകൾ എന്നതിലൊന്നും അദ്ദേഹത്തിന്ന് താല്പര്യമുണ്ടായിരുന്നില്ല.
മോഹനവർമ്മയുടെ പത്നി മരിച്ചിട്ട് ഒരു ദശാബ്ദത്തിലേറെയായി. അവർക്ക് സന്താനങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ ആർക്കു വേണ്ടിയാണ് അദ്ദേഹം സമ്പാദിക്കേണ്ടത്, അവർ സ്വയം ചോദിച്ചു. അദ്ദേഹം ആ സ്ഥാനത്തു തുടരുന്നത് അവർക്കു സന്തോഷമായിരുന്നു. മിതഭാഷിയായിരുന്ന അദ്ദേഹത്തിന്ന് ശതൃക്കളുണ്ടായിരുന്നതായിട്ട് അറിവില്ല. അടുത്ത മിത്രങ്ങളോ, എണ്ണത്തിൽ കുറവും.
ആസ്പത്രി വിട്ട് മോഹനവർമ്മ സ്വഗൃഹത്തിലെത്തി. ബിസിനസ്സുകാരും ഉദ്യോഗസ്ഥരുമായ ബന്ധുക്കൾ മടങ്ങിപ്പോകുന്ന കാര്യം ആലോചിച്ചുതുടങ്ങി. ഇവരുടെ കൂട്ടത്തിൽ പെടാത്തവർക്ക് പേരക്കുട്ടികളെ നോക്കുന്ന ജോലിയും ഉണ്ടായിരുന്നു.
ഈ തയ്യാറെടുപ്പുകളെക്കുറിച്ചു അറിഞ്ഞ വർമ്മ അവരുടെ ഒരു യോഗം വിളിച്ചു ചേർത്തു. തറവാട്ടു ഭരണവും സ്വത്തുക്കളുടെ പരിരക്ഷണവും തുടർന്ന് ഏറ്റെടുത്തു നടത്താൻ തനിക്കിനി സാധിക്കില്ലെന്നു അദ്ദേഹം അവരെ അറിയിച്ചു. അതിനാൽ ആ ചുമതലകൾ ഏറ്റെടുത്തു നടത്താൻ യോഗ്യനായ ഒരു മുതിർന്ന അംഗത്തെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തറവാട്ടിലെ അംഗങ്ങൾ മുഖത്തോടുമുഖം നോക്കി. ഇക്കാര്യം അവർ ആലോചിച്ചിട്ടില്ലായിരുന്നു. മോഹനവർമ്മ ഇത്രയും കാലം സ്വത്തുക്കൾ നന്നായി പരിരക്ഷിക്കുകയും അവയുടെ നാൾവഴി കർശനമായി സൂക്ഷിക്കുകയും എല്ലാ വർഷവും ഓരോ താവഴിക്കും ലഭിക്കേണ്ട വിഹിതം അവരെ അറിയിക്കുകയും ചെയ്തിരുന്നു. അവരതിൽ സംതൃപ്‌തരും ആയിരുന്നു. ഈ ശമ്പളമില്ലാത്ത ജോലി ഇനിമേൽ അവർക്കുവേണ്ടി ആര് ചെയ്യും?
“അങ്ങനെ ആരെങ്കിലും അങ്ങയുടെ മനസ്സിൽ ഉണ്ടോ, അമ്മാവാ?” അവരിലൊരാൾ ചോദിച്ചു.
ചോദ്യം ഉന്നയിച്ച അംഗത്തെ മോഹനവർമ്മ അല്പനേരം വീക്ഷിച്ചു. അവസാനം പറഞ്ഞു, “ഇല്ല, അങ്ങനെയൊരാൾ എന്റെ മനസ്സിലില്ല.” അതിനുശേഷം അദ്ദേഹം കൂട്ടിച്ചേർത്തു, “നിങ്ങൾ മടങ്ങി പോകുന്നതിനുമുമ്പു തമ്മിൽ തമ്മിൽ ചർച്ച ചെയ്ത് ഭാവിയിലെ ഭരണാധികാരിയെ കണ്ടെത്തി എന്നെ അറിയിക്കുക. അദ്ദേഹത്തിന് ഞാൻ വസ്തുക്കളും രേഖകളും കൈമാറാം.”
മോഹനവർമ്മ രണ്ടു കണ്ണുകളും അടച്ചു ഭിത്തിക്കുനേരെ തിരിഞ്ഞിരുന്നു. തനിക്ക് ഇനിയൊന്നും പറയാനില്ലെന്നുള്ള സൂചനയായിരുന്നു അത്.
പുരുഷാംഗങ്ങളെല്ലാം ഡ്രായിങ് റൂമിലേക്ക് പോകാനൊരുങ്ങി; സ്ത്രീകൾ വീട്ടിനകത്തെ ഒരു മുറിയിലേക്കും.
“എനിക്കറിയാമായിരുന്നു, ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമെന്ന്.” മുംബൈയിൽനിന്ന് വന്ന കൃഷ്ണവർമ്മയായിരുന്നു അത് പറഞ്ഞത്. “പക്ഷെ അതിത്രവേഗം സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല.
“അങ്ങനെയാണെങ്കിൽ ഒരു പകരക്കാരനെയും കണ്ടുപിടിച്ചിട്ടുണ്ടാവുമല്ലോ,” ബാങ്കളൂരിൽനിന്നു വന്ന അശോകവർമ്മയുടെ പ്രതീകരണമായിരുന്നു അത്. കൃഷ്ണവർമ്മയുടെ കസിനാണ് അശോകവർമ്മ.
“എനിക്ക് വളരെ തിരക്കുള്ള സമയമായിരുന്നില്ലെങ്കിൽ, ഞാൻതന്നെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ എനിക്കതിനു സാധിക്കില്ല.” കൃഷ്ണ വർമ്മയുടെ മറുപടി.
“വില കുറഞ്ഞ വാദപ്രതിവാദങ്ങളിൽ മുഴുകി നാം സമയം വ്യർത്ഥമാക്കേണ്ടാ. ഇപ്പോൾ നാം ചെയ്യേണ്ടത് വിശ്വസ്തനും സമർത്ഥനുമായ ഒരാളെ കണ്ടെത്തി മാനേജരായി നിയമിക്കുകയാണ്. ” എച്ചെയെല്ലിൽ ടെക്നിക്കൽ മാനേജരായി ജോലി ചെയ്യുന്ന അരുൺവർമ്മയാണ് ഇത് പറഞ്ഞത്.
“എന്റെ അഭിപ്രായത്തിൽ മാനേജരെ നിയമിക്കുന്നത് ശരിയല്ല. നമുക്കുതന്നെ അറിയില്ല, എന്തെല്ലാമാണ് നമുക്ക് ലഭിക്കുന്നത് എന്ന് . നമുക്ക് അറിയാമായിരുന്നെങ്കിൽത്തന്നെ, അതിനെ ഫലവത്തായും സത്യസന്ധമായും കൈകാര്യം ചെയ്യാൻ നമുക്ക് പരിചയമില്ല.” അമിത് വർമ്മ വിഷയത്തെ കൃത്യമായി വിലയിരുത്തി. “നമ്മുടെ ഇടയിൽനിന്നുതന്നെ നമുക്ക് ഒരാളെ വേണ്ടിയിരിക്കുന്നു. ആ വ്യക്തി സ്വന്തമായ പ്രശ്നങ്ങളുള്ള ആളാകരുത്.”
“അങ്ങനെയൊരാളെ എനിക്ക് കാണാൻ കഴിയുന്നില്ല,” എന്ന് അശോക് വർമ്മ.
“അല്ല, അപ്പറഞ്ഞത് ശരിയല്ല. പറ്റിയ ഒരാൾ നമ്മുടെ ഇടയിൽ ഉണ്ട്. ഇപ്പോൾ അദ്ദേഹം എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും മുക്തനാണ്. ജോലിയിൽനിന്നു പിരിഞ്ഞു., സ്വന്തമായ ഏർപ്പാടുകളൊന്നുമില്ല. കുട്ടികൾ വിദേശത്തു സുഖമായി താമസിക്കുന്നു. ഇപ്പോൾ വിഭാര്യനുമാണ്. നരേന്ദ്രമാമാ, ഇത് ഏറ്റെടുത്തുകൂടെ?” അമിത് വർമ്മ ചോദിച്ചു.
എല്ലാവരുടെയും കണ്ണുകളിൽ അത്ഭുതം തളംകെട്ടി. നരച്ച മുടി നന്നായി ചെറുതാക്കി വെട്ടിയ ശിരസ്സും വൃത്തിയായി സൂക്ഷിക്കുന്ന മീശയും അദ്ദേഹം കൃത്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് വിളിച്ചു പറയുന്നുണ്ട്. വലിയ വട്ടക്കണ്ണുകൾ ബാഹ്യമായ എല്ലാത്തിനെയും ഗൗരവമായി എടുക്കുന്ന സ്വഭാവക്കാരനാണെന്നു വ്യക്തമാക്കി.
“അതെ, വളരെ ശരിയാണ്. നരേന്ദ്രമാമയ്ക്കു അത് ചെയ്യാൻ കഴിയും. അദ്ദേഹത്തിന് പക് വതയും സമയവും കഴിവും ഉണ്ട്. മോഹൻമാമയെക്കാളും നന്നായി ചെയ്യാൻ കഴിയും.” എല്ലാവരുടെയും പൊതുവികാരമായിരുന്നു അപ്പറഞ്ഞത്.
“ഞാൻ അല്പം ആലോചിക്കട്ടെ. തീരുമാനം പിന്നെ പറയാം.” നരേന്ദ്രവർമ്മ ഡ്രായിങ്‌റൂം വിട്ടു പുറത്തേക്കു പോയി.
ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, നരേന്ദ്രവർമ്മയ്ക്ക് അവരെയെല്ലാം ഒന്നിച്ചു കാണണമെന്ന ആവശ്യം എല്ലാ അംഗങ്ങൾക്കും ലഭിച്ചു. ഡ്രായിങ്‌റൂമിൽ അവർ ഒന്നിച്ചു ചേർന്നപ്പോൾ, പതിവുപോലെ ഗൗരവം പൂണ്ട വ്യക്തിയായിട്ടു തന്നെയാണ് അദ്ദേഹം പ്രത്യക്ഷനായത്. മുഖവുരയൊന്നും കൂടാതെ അദ്ദേഹം പറഞ്ഞു, “നിങ്ങളുടെയെല്ലാം നിർദ്ദേശം ഞാൻ പരിഗണിച്ചു. എന്റെ വ്യവസ്ഥകൾ നിങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുമെങ്കിൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.
ഏറ്റെടുത്താൽ, എനിക്കൊരു സാമ്പത്തികവരുമാനവുമുണ്ടാകില്ല. അതുകൊണ്ടു, ഞാൻ വലിയ പണക്കാരനല്ലെന്നു നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. വലിയ ശമ്പളം കിട്ടുന്ന ഉദ്യോഗമായിരുന്നില്ല എന്റേത്. എനിക്ക് പെൻഷനുമില്ല. മറ്റുള്ളവർക്കുവേണ്ടി ചില്ലറ ജോലികൾ ചെയ്താണ് ഞാൻ ദിവസം കഴിക്കുന്നത്. ഈ ജോലി ഞാൻ വ്യക്തിപരമായ ചിലവുകൾക്കും, മരുന്നുകൾക്കും, വസ്ത്രങ്ങൾക്കും, അടുത്തുള്ള ക്ഷേത്ര ങ്ങളിൽ പോയിവരാനും ഒരു നിശ്ചിതതുക എല്ലാമാസവും എടുക്കുന്നത് നിങ്ങൾക്ക് സമ്മതമാണെങ്കിൽ, ഈ ഉത്തരവാദിത്തം ഞാനേറ്റെടുക്കാം.” നരേന്ദ്രവർമ്മ ഒന്ന് നിർത്തി.
“എത്രയായിരിക്കും ആ സംഖ്യ?” ഒരു മൂലയിൽനിന്നു ചോദ്യം ഉയർന്നു.
“ഏതാണ്ട് അയ്യായിരം രൂപ.”
“അത് ശരി,” “സമ്മതിച്ചു,” “അത്രമാത്രം” എന്നിങ്ങനെ നിരവധി ശബ്ദങ്ങൾ ഉയർന്നു. പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടാകാത്തതുമൂലം അതിന്നു ഒരു ഐകകണ്ഠസ്വഭാവം വന്നുവെന്നു പറയാം. ചിലർ നരേന്ദ്രമാമയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ, മറ്റുള്ളവർ നിശ്ശബ്ദരായി സ്ഥലം വിട്ടു.
അമിത് വർമ്മയും ഏതാനും യുവ അംഗങ്ങളും മോഹനവർമ്മയുടെ മുറിയിലേക്ക് പോയി അവരുടെ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. ആ തിരഞ്ഞെടുപ്പ് അദ്ദേഹത്തിൽ സന്തോഷമോ സന്താപമോ ഉണ്ടാക്കിയില്ല.
ഏതാനും ദിനങ്ങൾ കഴിഞ്ഞു നരേന്ദ്രവർമ്മ ഡ്രോയിങ് റൂമിനു തൊട്ടുള്ള മുറിയിലേക്ക് മാറി. അതിനെ ഓഫീസായും കിടപ്പുമുറിയായും മാറ്റിയെടുത്തു. എല്ലാ രേഖകളും ആ മുറിയിലെ മരംകൊണ്ടുണ്ടാക്കിയ അലമാരിയിലേക്കു മാറ്റി. മോഹനവർമ്മ എല്ലാ നാൾവഴികളും തറവാട്ടിന് അർഹപ്പെട്ട സ്വർണ്ണ നാണയങ്ങളും രൂപയും മറ്റു റിക്കോർഡുകളും വരവുചെലവ് പുസ്തകങ്ങളും അദ്ദേഹത്തിന് കൈമാറി. മോഹനവർമ്മ നരേന്ദ്രവർമ്മയെ ബാങ്കുകളിൽ കൊണ്ടുപോയി തറവാടിന്റെ പുതിയ റിസീവറായി പരിചയപ്പെടുത്തി.
അധികാരകൈമാറ്റം അത്യന്തം ലളിതവും നടുക്കങ്ങളില്ലാതെയും ആയിരുന്നു. തറവാട്ടിൽ ജോലി ചെയ്തിരുന്ന ചിലരെയെല്ലാം വാർദ്ധക്യമായെന്ന് കാരണം കാണിച്ചു ഹോണോറോറിയം നൽകി പിരിച്ചയച്ചു. പക്ഷെ അങ്ങനെയുണ്ടായ ഒഴിവുകളിൽ പുതിയ ആളുകളെ നിയമിച്ചില്ല. എന്താണ് നിയമിക്കാത്തതെന്നു അംഗങ്ങൾ അന്വേഷിച്ചപ്പോൾ, ആളെ നിയമിക്കാൻ മാത്രം ജോലിയില്ലെന്നും ഇത്രയും കാലം അവർ ജോലി എടുക്കാതെ വേതനം പറ്റുകയായിരുന്നെന്നും നരേന്ദ്രവർമ്മ അറിയിച്ചു. ഇങ്ങനെ ചെലവ് നിയന്ത്രിച്ചാൽ അംഗങ്ങൾക്ക് സാമ്പത്തികമായി മെച്ചമുണ്ടാകുമെന്നും അദ്ദേഹം ധരിപ്പിച്ചു. കാർഷികോല്പ ന്നങ്ങളുടെ വില്പന അധികരിച്ചതുമൂലം കൂടുതൽ സാമ്പത്തികോന്നതി വരിച്ചതായി കാണിക്കപ്പെട്ടു. അധികമുള്ള ഉല്പന്നങ്ങൾ വിറ്റു രൂപയാക്കി മാറ്റി. അത്തരം സാധനങ്ങൾ പിന്നീട് ആവശ്യമായി വന്നാൽ പുറത്തുനിന്നു വാങ്ങിക്കാമല്ലോ, വർമ്മ വിശദീകരിച്ചു. ഈ പ്രവൃത്തി മുമ്പുതന്നെ ചെയ്തിരുന്നെങ്കിൽ തറവാട്ടിന് കൂടുതൽ അഭിവൃദ്ധി ഉണ്ടാകുമായിരുന്നു. താനാരെയും കുറ്റപ്പെടുത്തുകയല്ലന്നും യാഥാർത്ഥ്യം വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗങ്ങൾ സംതൃപ്തി രേഖപ്പെടുത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.
പൗരാണിക ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ആഭരണങ്ങൾ അഴിച്ചെടുത്തു ഭവനത്തിൽ സൂക്ഷിച്ചിരുന്നത് ബാങ്ക് ലോക്കറിലേക്കു മാറ്റി. അങ്ങനെ അവയ്ക്ക് കൂടുതൽ സുരക്ഷ ലഭിച്ചു; മോഷ്ടാക്കൾക്ക് അവ ബാലികേറാമലകളായി. അടുക്കള സാമഗ്രികളും മറ്റു ഗാർഹിക യന്ത്രോപകരണങ്ങളും വാങ്ങി ഗാർഹികജോലിക്കാരെ ഒഴിവാക്കി. പുറംജോലിക്കാരായ സ്ത്രീകളെ പകുതിയിലേറെ ഒഴിവാക്കി, അടുക്കളച്ചിലവ് ഗണ്യമായി കുറച്ചു. മിച്ചം വരുന്ന ഭക്ഷണം വേലക്കാരികൾ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അങ്ങനെ ഒഴിവാക്കി, ചിലവും കുറച്ചു.
ഒരു പുത്തൻ കാർ മുറ്റത്ത് വന്നു നിന്നപ്പോൾ, അത് കാണാനായി നിരവധി സാന്ദർശകരെത്തി. പുറത്തു പോകുന്ന വേളകളിൽ കാറുകൾ വാടകയ്ക്ക് എടുക്കുന്ന പതിവ് താൻ ഒഴിവാക്കിയതായി വർമ്മ ചിരിച്ചുകൊണ്ട് അവരെ അറിയിച്ചു. ചിലർ അതിന്റെ വില അന്വേഷിച്ചപ്പോൾ അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് തള്ളി. ആവശ്യങ്ങൾ വർദ്ധിക്കുമ്പോൾ വില അപ്രധാനമാണ്. താമസിയാതെ ഒരു ഡ്രൈവർ നിയമിക്കപ്പെടുകയും വർമ്മ പുറത്തുപോകുന്നതിന്റെ തവണ വർദ്ധിക്കുകയും ചെയ്തു.
ചില നാട്ടുകാർ കാർ വാങ്ങിയതിന് വർമ്മയെ അനുമോദിചു. തറവാടിന്റെ ഐശ്വര്യം ഇപ്പോൾ നാട്ടുകാർക്ക് മനസ്സിലായി, അവർ പറഞ്ഞു, മോഹനവർമ്മക്കു കഴിയാത്തതു നരേന്ദ്രവർമ്മക്കു കഴിഞ്ഞു.
നാട്ടിൽ നടക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ചു ദൂരെ വസിക്കുന്ന അംഗങ്ങൾ അറിഞ്ഞില്ല. തറവാട്ടിലെ അന്തേവാസികളിൽ അധികവും സ്ത്രീകളായിരുന്നു; അതുതന്നെ വിധവകളും അവരുടെ കുട്ടികളും. പുരുഷന്മാർ അധികവും നഗരങ്ങളിലും വിദേശത്തും ആയിരുന്നു. ഭർത്താക്കന്മാർ മരിച്ചാൽ സ്ത്രീകൾ കുട്ടികളെയും കൂട്ടി സ്വന്തം മാതൃഗൃഹത്തിലേക്ക് മടങ്ങാനാണ് ഇഷ്ടപ്പെട്ടത്. അവർ ഗാർഹികകാര്യങ്ങളിൽ ഇടപെടാൻ താല്പര്യപ്പെടാത്തതു
നരേന്ദ്രവർമ്മക്കു തുണയായി.
താമസിയാതെ ബോംബ് പൊട്ടി. ക്ഷേത്രത്തിലെ മുഖ്യശാന്തി മോഹനവർമ്മയെ കാണാൻ വരികയും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി തിരിച്ചു പോകുകയും ചെയ്തു. അതിനുശേഷം മോഹനവർമ്മ വളരെ പരിഭ്രാന്തനായി കാണപ്പെട്ടു. കുറച്ചു കഴിഞ്ഞു അദ്ദേഹം നരേന്ദ്രവർമ്മയെ വിളിക്കാനായി ഭൃത്യനെ പറഞ്ഞയച്ചു. രണ്ടുപേരും വാതിലടച്ചു നീണ്ട ഒരു ചർച്ചയിലായിരുന്നു. പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു നരേന്ദ്രവർമ്മ പുറത്തു വന്നു. തന്റെ മുൻഗാമിയെ തെറി വിളിച്ചുകൊണ്ടാണ് അദ്ദേഹം പുറത്തു വന്നത്.
“ഇക്കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് ഒരു അധികാരവുമില്ല. എനിക്ക് അധികാരം തന്നത് കുടുംബത്തിലെ അംഗങ്ങളാണ്; നിങ്ങളല്ല. നിങ്ങൾ സ്ഥാനമൊഴിഞ്ഞ ശേഷമാണു ഞാൻ സ്ഥാനമേറ്റത്. കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം….” അദ്ദേഹം പുറത്തേക്കു പോയി.
മോഹനവർമ്മ വളരെ വിഷമിച്ചു തന്റെ മുറിയിൽനിന്ന് പുറത്തേക്കു വന്നു. ഉയർന്ന ശബ്ദം കേട്ട് ചില സ്ത്രീകളും അവരുടെ മുറികളിൽനിന്ന് പുറത്തേക്കു വന്നു. “മോഹനമാമാ, എന്താ ഉണ്ടായത് ? നരേന്ദ്രമാമ എവിടെ പോയി?” അവർ അന്വേഷിച്ചു.
“എനിക്കെങ്ങനെ അറിയാം? ഒരു കാര്യം തീർച്ചയാണ്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാൻ അയാൾ ഇറങ്ങി തിരിച്ചിരിക്കയാണ്. തറവാടിന്റെ ഐശ്വര്യം കെടുത്താനും.” മോഹനവർമ്മ ഒരു ദീർഘനിശ്വാസം വിട്ടു.
രണ്ടു ദിവസങ്ങൾക്കുശേഷം ഒരു പോലീസ് ഇൻസ്പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും മോഹനവർമ്മയെ കാണാനെത്തി. പോലീസുകാരെക്കണ്ട് ജിജ്ഞാസയോടെ കുറച്ചു അയൽക്കാരും കാര്യമറിയാൻ അവിടെയെത്തി. അവരെ മടക്കി പറഞ്ഞയക്കാൻ പോലീസ് ശ്രമിക്കുന്നത് കണ്ട് വർമ്മ അവരെ വിലക്കി.
തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം ഇൻസ്‌പെക്ടർ വിവരിച്ചപ്പോൾ, സന്ദർശകർ ഞെട്ടി. തന്ത്രിയും മുഖ്യശാന്തികാരനും ദേവതയുടെ ആഭരണങ്ങൾ എടുക്കാൻ ബാങ്കിൽ വന്നപ്പോൾ അവ അസാധാരണമാണെന്നു കണ്ടു. പഴയ സ്വർണ്ണാഭരണങ്ങളെക്കാളേറെ അവ തിളങ്ങിയിരുന്നു. അവയുടെ തൂക്കവും മുമ്പത്തേക്കാൾ കൂടുതലായിരുന്നു. മുൻപരിചയം ഉള്ളതുകൊണ്ട് അവർക്കതു മനസ്സിലായി. അവർ അക്കാര്യം മോഹനവർമ്മയെ അറിയിച്ചപ്പോൾ, അദ്ദേഹം നരേന്ദ്രവർമ്മയെ വിളിപ്പിച്ചു കാര്യം അന്വേഷിച്ചു. തെളിയിക്കാനുതകുന്ന കാര്യങ്ങളൊന്നും അയാൾക്ക് ധരിപ്പിക്കാനായില്ല. എവിടേക്കാണ് പോകുന്നത് എന്ന് ആരോടും പറയാതെ അയാൾ സ്ഥലം വിട്ടിരിക്കുകയാണ്. ബാങ്ക് ലോക്കറിൽനിന്നെടുത്ത ആഭരണങ്ങൾ സ്വർണ്ണംകൊണ്ട് ഉണ്ടാക്കിയതല്ല; ഏതെല്ലാമോ വില കുറഞ്ഞ ലോഹങ്ങളെക്കൊണ്ട് നിർമ്മിച്ചതാണ്. അവർ അന്വേഷണം തുടങ്ങിയത് തന്ത്രി അവരെ സമീപിച്ചതിന്ന് ശേഷമാണ്. ഇപ്പോൾ തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗത്തെക്കൊണ്ട് പുതിയൊരു ആക്ഷേപം എഴുതിച്ചു വാങ്ങാനാണ് വന്നത്. എങ്കിൽ മാത്രമേ അന്വേഷണം തുടങ്ങി ഒളിവിൽ പോയ കുറ്റവാളിയെ കണ്ടെത്താനാകൂ. നരേന്ദ്രവർമ്മയ്ക്കെതിരെയുള്ള എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞാൽ, അയാൾക്ക് നിയമത്തിന്റെ ചങ്ങലയിൽനിന്നു രക്ഷപ്പെടാനാകില്ലെന്നു ഇൻസ്‌പെക്ടർ അവർക്കു ഉറപ്പ് നൽകി.
പോലീസ് നരേന്ദ്രവർമ്മയെ പിടിക്കുന്നതിൽ പരാജിതരായി. ഇന്ത്യക്കു നാടുകടത്തൽ കരാർ ഇല്ലാത്ത ഏതെങ്കിലും ചെറിയ രാജ്യങ്ങളിലേക്ക് അയാൾ രക്ഷപ്പെട്ടിരിക്കണം. എവിടേക്കാണ് പോകുന്നത് എന്ന് അയാൾ വെളിപ്പെടുത്തിയിട്ടുമില്ലല്ലോ. ഈ വിവരം വർമ്മ തറവാട്ടിലെ പുരുഷാംഗങ്ങളിൽനിന്നു അയൽക്കാർക്ക് ലഭിച്ചതാണ്.
ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മറ്റു ചിലർ പറയുന്നുണ്ട്. ആരോപണങ്ങളിൽ വിഷമിച്ചു അവയിൽനിന്ന് രക്ഷ നേടാൻ നരേന്ദ്രവർമ്മ മക്കളിരിക്കുന്ന രാജ്യത്തിലേക്ക് പോയതാകാം. ജീവിക്കാൻ ആവശ്യമുള്ളത്ര സ്വത്ത് ഉണ്ടായിരിക്കുമ്പോൾ അദ്ദേഹം എന്തിന്നു വിശ്വാസവഞ്ചനയ്ക്ക് ഒരുങ്ങണം?
എന്തായാലും, ക്ഷേത്രത്തിന്നുള്ളിലെ ദേവതയ്ക്ക് സ്വന്തമായ ആഭരണങ്ങളുണ്ട്, അവ എത്ര വില കുറഞ്ഞതായാലും.
By……. സത്യനാഥൻ
Mob.:098336 77962

