മാലതിമേനോൻ വാച്ചിലേക്ക് നോക്കി. സമയം 6.15. സൂര്യൻ ഏതാണ്ട് അസ്‌തമിക്കാറായിരിക്കുന്നു.
ശേഖരൻ നായർക്ക് എന്തുപറ്റി? അയാൾ എത്തിച്ചേരേണ്ട സമയം എപ്പോഴോ കഴിഞ്ഞിരിക്കുന്നു. നിരുത്തരവാദിത്തം എന്നല്ലാതെ എന്താണ് പറയേണ്ടത് ? അയാൾക്കൊന്ന് ഫോൺ ചെയ്തിട്ട് എന്തുകൊണ്ടാണ് വൈകുന്നത് എന്ന് പറയാമായിരുന്നില്ലേ ? എനിക്ക് പ്രായം ഒട്ടേറെയായെന്നും വീട്ടിൽ ഞാനൊറ്റക്കാണെന്നും അയാൾക്ക് ഓർക്കാമായിരുന്നു. എന്തെല്ലാം ജോലികളാണ് ചെയ്തു തീർക്കാനുള്ളത് ? നാളെ ഓണമായിട്ട് വീട് ഇങ്ങനെ വൃത്തികേടായിട്ട് ഇടാമോ ? കുറെ കാലത്തിനു ശേഷമാണ് വാസുദേവൻ ഓണത്തിന് വീട്ടിൽ ഉണ്ടാകുന്നത്. എന്തെല്ലാം സാമാനങ്ങൾ ഇനി അങ്ങാടിയിൽ പോയി വാങ്ങി കൊണ്ടുവരണം ? വാസു ഇവിടെ ഉണ്ടെന്ന് അറിഞ്ഞാൽ അവന്റെ പഴയ ചങ്ങാതിമാർ ഓടിയെത്താതിരിക്കില്ല. ഇതെല്ലാം ശേഖരൻ നായർക്ക് അറിയാത്തതല്ലല്ലോ.
കഴിഞ്ഞ രണ്ടു വർഷമായിട്ട് വാസുവിന് ഓണക്കാലത്ത് വരാൻ പറ്റിയിട്ടില്ല. ഓണക്കാലത്ത് എയർ ഫോഴ്സ് സർവീസിൽ നിന്ന് ലീവ് ലഭിക്കുക എന്നത് വളരെ പ്രയാസം ഉള്ള കാര്യമാണ്. വിവാഹം കഴിഞ്ഞ് കുട്ടികൾ ഉള്ളവർക്ക് ആണ് മുൻഗണനയത്രെ! അവിവാഹിതർക്ക് ലീവ് ലഭിക്കുന്നത് ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടാഴ്ച മുമ്പ് ലഭിച്ച കത്തിൽ കമാൻഡിങ് ഓഫീസർ ലീവ് അനുവദിച്ചതായ സന്തോഷവാർത്ത അവൻ എഴുതിയിരുന്നു. എങ്കിലും ഓണത്തലേന്ന് മാത്രമേ എത്തിച്ചേരാൻ പറ്റുകയുള്ളൂ എന്നവൻ എഴുതിയിരുന്നു. ഡൽഹിയിൽ നിന്ന് കരിപ്പൂര് വരെ ഫ്ലൈറ്റിനാണെത്രെ വരുന്നത്. എയർ ഫോഴ്സിലെ ഓഫീസർമാർക്കെല്ലാം ഇപ്പോൾ നല്ല ശമ്പളമാണത്രെ. അപ്പോൾ ഫ്ലൈറ്റിനെല്ലാം വരാം. ഒന്നാം ക്ലാസ് റെയിൽവേ ടിക്കറ്റിനും ഫ്ലൈറ്റു ടിക്കറ്റിനും ഏതാണ്ട് ഒരേ ചെലവാണത്രെ. ഞാൻ പറയുന്നത് ചിലപ്പോൾ തെറ്റായിരിക്കാം. ഇതെല്ലാം എന്റെ ഊഹമാണ് കേട്ടോ. ഇക്കാര്യങ്ങളിലെല്ലാം എന്റെ വിവരം പണ്ട് മുരളി പറഞ്ഞതിൽ നിന്ന് ഊഹിച്ചതാണ്.
മുരളീധരൻ എന്റെ ഏക സന്താനമാണെന്ന് അറിയാമല്ലോ. എന്റെ മകനായതുകൊണ്ട് പറയുകയല്ല, കാണാൻ അവൻ വളരെ സുന്ദരനായിരുന്നു. ഊർജ്ജസ്വലനായിരുന്നു. അവൻ പഠനത്തിലും ഒട്ടും പിന്നോക്കമായിരുന്നില്ല. നല്ല ഉയരം, നല്ല നിറം, നല്ല പെരുമാറ്റം. അപ്പോൾ മറ്റുള്ളവർ അവനെ ഇഷ്ടപ്പെട്ടാൽ അവരെ കുറ്റം പറയാൻ ആകുമോ? എന്റെ പല കൂട്ടുകാരികൾക്കും അവനോട് ഒരു പ്രത്യേകത തോന്നിയിരുന്നു. അവന്റെ ഗുണഗണങ്ങൾ എത്ര പറഞ്ഞാലും അവർക്ക് മതിയാകുമായിരുന്നില്ല. അവരിൽ ഒന്നു രണ്ടു പേർ അവനെക്കൊണ്ട് അവരുടെ പെൺകുട്ടികളെ വിവാഹം ചെയ്യിപ്പിച്ചാൽ കൊള്ളാമായിരുന്നു എന്ന് വിചാരിച്ചിരുന്നതായി എനിക്കറിയാം. സുമ തന്നെ എന്നോട് ഇക്കാര്യം രണ്ടു തവണ സൂചിപ്പിച്ചിരുന്നു. ഇക്കാലത്ത് കുട്ടികളാണ് അവരുടെ വിവാഹ കാര്യം നിശ്ചയിക്കുന്നത് എന്ന് ഒരു ഒഴികഴിവ് ഞാൻ പറയുകയും ചെയ്തതാണ്. ഒരിക്കൽ ലീവിന് വന്നപ്പോൾ അവൻ പറയുകയുമുണ്ടായി, അവന്റെ ബോസ് അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യാൻ അവനെ നിർബന്ധിക്കുന്നു എന്ന്. നല്ല വിദ്യാഭ്യാസമുള്ള ആ കുട്ടി ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
അവനെ അതിൽനിന്ന് പിന്തിപ്പിക്കാൻ ഞാൻ ശ്രമിക്കായ്കയില്ല, പക്ഷെ പരാജയപ്പെട്ടു വെന്ന് പറഞ്ഞാൽ മതിയല്ലോ. ആ കുട്ടിയെ വിവാഹം ചെയ്തില്ലെങ്കിൽ ഭാവിയിൽ അവന്‍റെ സ്ഥാനക്കായറ്റത്തെ ബാധിക്കാൻ സാധ്യതയുണ്ടത്രെ. വിവാഹം കഴിച്ചാൽ പ്രമോഷൻ ഉടൻ കിട്ടിയെന്നും വരാം.
വേണ്ടത്ര വിവരമില്ലാത്ത എന്നെപ്പോലെയുള്ള ഒരു സ്ത്രീക്ക് ഇത്തരം കാര്യങ്ങളിൽ എന്തു ചെയ്യാൻ സാധിക്കും, അവൻ പറയ്യുന്നതിന് സമ്മതം മൂളുകയല്ലാതെ? അവളെ വിവാഹം ചെയ്യുവാൻ അവനും താൽപര്യമുണ്ടെന്നറിയുമ്പോൾ അതിന് സമ്മതിക്കുകയല്ലാതെ ഒരു അമ്മയ്ക്ക് എന്ത് ചെയ്യുവാൻ സാധിക്കും ? പത്മ തെലുഗു ബ്രാഹ്മണ പെൺകുട്ടിയായിരുന്നു. നല്ല വിദ്യാഭ്യാസം, ഗോതമ്പ് നിറം, ആരോഗ്യമുള്ള ശരീരം, സുന്ദരി. മറ്റൊരു ഭാഷക്കാരി ആണെന്നല്ലാതെ ഒരു കുറവും അവൾക്കുണ്ടായിരുന്നില്ല. എന്നിൽ നിന്ന് ഈ വാർത്ത അറിഞ്ഞപ്പോൾ സുമയുടെയും മറ്റുള്ളവരുടെയും മുഖത്തിന് ഒരു ചുളിവ്. ഞാൻ മനസ്സാലെ ചിരിച്ചു. കിട്ടാത്ത മുന്തിരി പുളിക്കും, അല്ലേ? ഡൽഹിയിൽ വച്ചായിരുന്നു വിവാഹം. വധുവുമായി ഞങ്ങൾ നാട്ടിലെത്തിയപ്പോൾ എന്റെ സുഹൃത്തുക്കൾ എല്ലാം വന്നു, അവർക്കും സന്തോഷം ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാനാകണം. സമ്മാന പെരുമഴ തന്നെ.
സുമ എന്നോട് ചോദിച്ചു, എന്തു സ്ത്രീധനം കിട്ടിയെന്ന് ? അവളുടെ ഒരു ധൈര്യം ! നമ്മൾ തറവാട്ടുകാർ സ്ത്രീധനം വാങ്ങുമോ ? അത്രയ്ക്ക് ദരിദ്രവാസികളോ നമ്മൾ?
“എന്നെ തെറ്റിദ്ധരിക്കേണ്ടാ. ഇന്ത്യയിൽ ഏറ്റവും സ്ത്രീധനം നൽകുന്നത് തെലുഗു ബ്രാഹ്മണരാണത്രെ. അതുകൊണ്ട് ചോദിച്ചുവെന്നേയുള്ളൂ ,” സുമ വിശദീകരിച്ചു.
എന്റെ ദുർവിധി എന്നല്ലാതെ ഞാനെന്തു പറയട്ടെ ! അതിനുശേഷം ഞാനെന്റെ മുരളിയെ ജീവനോടെ കണ്ടിട്ടില്ല. 1971-ലെ യുദ്ധത്തിൽ അവൻ എനിക്ക് നഷ്ടമായി. എയർ ഫോഴ്‌സിനും രാജ്യത്തിനും അവനെ നഷ്ടമായി. അവൻ ഫൈറ്റർ ജെറ്റുമായി ലാഹോറിലേക്ക് പോയെന്നും അവിടെ കിടന്നിരുന്ന നിരവധി ഫൈറ്റർ ജെറ്റുകളെ ബോംബിട്ടു നശിപ്പിച്ചു എന്നും ഞാൻ പത്രത്തിൽ വായിച്ചു. പിന്നീട് ഗവൺമെണ്ടും അതുതന്നെ എന്നെ അറിയിച്ചു. പക്ഷെ അവന്റെ പോർവിമാനത്തെ വെടി വെച്ച് ഇടുന്നതിൽ അവർ വിജയിച്ചു. ആ സംഭവം നടന്ന ദിവസംതന്നെ അക്കാര്യം പാക്കിസ്ഥാൻ റേഡിയോ വാർത്തയെ സ്ഥിരീകരിച്ചതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട് . മുരളിയെ യുദ്ധ തടവുകാരനായി പിടിച്ചതായും അവരുടെ റേഡിയോ പറഞ്ഞുവത്രെ. യുദ്ധം അവസാനിച്ചപ്പോൾ അവരതു നിഷേധിക്കുകയും ചെയ്തു. മറ്റുള്ള അമ്മമാർക്ക് അവരുടെ ബന്ധനസ്ഥരായ മക്കളെ തിരിച്ചു കിട്ടിയപ്പോൾ നിർഭാഗ്യവതിയായ എനിക്കു മാത്രം എന്റെ ഏക മകനെ നഷ്ടമായി. എനിക്ക് അവന്റെ മുഖം കാണാനുള്ള ഭാഗ്യം പോലും ഉണ്ടായില്ല.
അക്കാലത്ത് ഞാൻ ഡൽഹിക്ക് പോയി പത്മയുടെയും അവളുടെ മാതാപിതാക്കളുടെയും കൂടെ കുറച്ചു ദിവസങ്ങൾ താമസിക്കുകയുണ്ടായി. അപ്പോൾ പത്മ വാസുവിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. അവരെന്നെ ആഭ്യന്തര, രാജ്യരക്ഷാ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും അടുത്തു കൊണ്ടുപോയി. അവരെല്ലാം അവന്റെ ധൈര്യത്തെയും രാജ്യസ്നേഹത്തെയും അഭിനന്ദിച്ചു. എന്റെ ദൗർഭാഗ്യtത്തിൽ അനുശോചിക്കുകയും ചെയ്തു. അവരോടെല്ലാം ഞാൻ ചോദിക്കുകയുണ്ടായി, അവരുടെ മക്കളിൽ ആരെങ്കിലും സൈന്യത്തിൽ ജോലി ചെയ്യുന്നുണ്ടോ എന്ന്. മിക്കവരും അവരുടെ അധരങ്ങൾ കൂട്ടിപ്പിടിച്ച്, ഇല്ലെന്ന് ശിരസ്സിളക്കി അറിയിച്ചു. അവർക്ക് ജോലി തിരക്കുള്ളതിനാൽ എന്നെ വേഗത്തിൽ യാത്രയാക്കുകയും ചെയ്തു. ഒരു മന്ത്രി മാത്രം അദ്ദേഹത്തിനു എന്നെപ്പോലെ, മകനെ സൈന്യത്തിൽ അയക്കാനുള്ള ഭാഗ്യമുണ്ടായില്ല എന്ന് സങ്കടപ്പെട്ടു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കേരളത്തിലേക്ക് മടങ്ങി. ഇടയ്ക്ക് പത്മ എന്റെ ക്ഷേമം അറിയാൻ ഫോൺ ചെയ്യാറുണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മകനു നൽകുന്ന പ്രതിഫലമായി സർക്കാരിനെക്കൊണ്ട് എനിക്ക് ഒരു ഫോൺ തരുവിക്കാൻ അവൾ സഹായിച്ചിട്ടുണ്ട്. അധികം വൈകാതെ എനിക്ക് ഒരു കുക്കിംഗ് ഗ്യാസ് കണക്ക്ഷനും ലഭിച്ചു. ഇത് രണ്ടും എനിക്ക് ലഭിച്ചതിൽ പലർക്കും അസൂയ ഉണ്ടായിരുന്നതായി പിന്നീട് ഞാൻ അറിഞ്ഞു. അവർക്ക് ഈ രണ്ടു സൗകര്യങ്ങളും ഇല്ലാത്തതുകൊ ണ്ടാകാം.
വിവരമുള്ള പലരും എന്നോട് പറയുകയുണ്ടായി, പത്മയ്ക്ക് യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾക്കുള്ള പെൻഷൻ കിട്ടുന്നുണ്ടായിരിക്കുമെന്ന്. അവൾക്ക് കിട്ടട്ടെ, എന്റെ മകന്റെ ചോരയുടെ വില എനിക്കു വേണ്ട, ഞാൻ അവരോട് പറഞ്ഞു. അവൾ വിധവയായതുകൊണ്ടല്ലേ അവൾക്ക് കിട്ടുന്നത്? അവൾക്ക് അർഹത ഉണ്ടായതുകൊണ്ടല്ലേ ?
ഒരിക്കൽ ഞാൻ ഡൽഹിക്ക് പോയി, വാസുവിനെ കാണാൻ. എന്റെ ഭർത്താവിന്റെ പേരാണല്ലോ അവന് നൽകിയിരുന്നത്. എന്നോട് അവർ വളരെ നന്നായി പെരുമാറി. ചില സംഭാഷണങ്ങളിൽ ഞാൻ അവരോട് പറഞ്ഞു, വാസുവിനെ നോക്കാൻ എനിക്ക് വിരോധമില്ല എന്ന്. പത്മയ്ക്ക് ജോലിത്തിരക്കിൽ വാസുവിനെ നോക്കാൻ സമയം ഉണ്ടായി എന്ന് വരില്ലല്ലോ. പത്മയുടെ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല. ജോലിത്തിരക്കിനിടയിൽ എപ്പോഴെങ്കിലും വാസുവിനെ നോക്കാൻ പ്രയാസം തോന്നുകയാണെങ്കിൽ അവനെ എന്റെ കൂടെ വിടാമെന്ന് പത്മ സൂചന നൽകി.
ഏതാനും മാസങ്ങൾ കഴിഞ്ഞ് എട്ടുമാസം പ്രായമുള്ള വാസുവിനെയും കൊണ്ട് പത്മയും മാതാപിതാക്കളും ഇവിടെ വന്നിരുന്നു. നാലഞ്ചു ദിവസം അവരിവിടെ ഉണ്ടായിരുന്നു. അവൾക്ക് പ്രമോഷനോടെ കൽക്കത്തയ്ക്ക് സ്ഥലം മാറ്റം ആയിപോലും. അവിടെ പോയാൽ വാസുവിനെ ശ്രദ്ധിക്കാൻ കഴിയില്ല. അല്ലെങ്കിൽ ജോലി രാജിവെച്ച് ഡൽഹിയിൽ തന്നെ മറ്റൊരു ജോലി ലഭിക്കുമോ എന്ന് നോക്കണം. അവളുടെ അച്ഛൻ ജോലിയിൽ നിന്ന് അടുത്ത് തന്നെ വിരമിക്കും. അപ്പോൾ അവർ രണ്ടുപേരും ആന്ധ്രയിലേക്ക് സ്ഥിരമായി താമസം മാറ്റും. എന്റെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം എടുക്കാം എന്ന് കരുതിയാണ് അവർ വന്നിരിക്കുന്നത്. വാസുവിനെ നോക്കാൻ എനിക്കിപ്പോഴും താല്പര്യം ഉണ്ടെങ്കിൽ അവനെ എന്റെ കൂടെ വിടാം. ഇല്ലെങ്കിൽ അമ്മ ആന്ധ്രയിലേക്ക് പോകുമ്പോൾ അവനെ കൂടെ കൊണ്ടുപോകും. ഇത് എന്റെ പേരക്കുട്ടി. അവർക്ക് മോളുണ്ട്. എനിക്ക് ആരാണുള്ളത് ? ഞാൻ അവരുടെ നിർദ്ദേശം സ്വീകരിച്ച് വാസുവിനെ നോക്കിക്കൊള്ളാമെന്ന് സന്തോഷപൂർവ്വം സമ്മതിച്ചു.
കുറച്ചുകാലത്തിനുശേഷം പത്മ രണ്ടാമതൊരു ഭർത്താവിനെ സ്വീകരിച്ച് അയാളുടെ കൂടെ കൽക്കത്തയ്ക്ക് പോയെന്ന് ഞാൻ അറിഞ്ഞു. അതിനുശേഷം അവളെ കുറിച്ച് ഇന്നുവരെ എനിക്ക് ഒരു വിവരവുമില്ല. അവളുടെ അച്ഛനമ്മമാർ ആന്ധ്രയിലേക്ക് മാറി താമസിച്ചുവെന്നും അറിഞ്ഞു. അവരുടെ മേൽവിലാസം എന്നെ അറിയിക്കണമെന്ന് തോന്നാത്തത് മൂലം അവരുമായി എനിക്ക് സമ്പർക്കം ഉണ്ടായിട്ടില്ല, ഇതുവരെ.
ഞാനെന്തിന് മറ്റുള്ളവരെ പറ്റി വേവലാതിപ്പെടണം ? എന്റെ മുഴുവൻ ശ്രദ്ധയും വാസുവിൽത്തന്നെയായിരുന്നു. എനിക്ക് എന്റെ സ്വന്തം മകൻ മുരളിയെ തിരിച്ചുകിട്ടിയ അനുഭവം ആയിരുന്നു. എനിക്കെന്റെ യൗവനം തിരിച്ചുകിട്ടിയപോലെ. ഇപ്രായത്തിൽ മുരളി എങ്ങനെ ഇരുന്നോ അതുപോലെ തന്നെ വാസുവും. പറഞ്ഞറിയിക്കാൻ വയ്യാത്ത സാദൃശ്യം! എന്റെ മരിച്ച മകൻ പുനർജ്ജനിച്ച പോലെ.
വാസുവും മുരളിയെ പോലെത്തന്നെ. ബുദ്ധിമാൻ, ഊർജ്ജസ്വലൻ, നല്ല വായനക്കാരൻ, ചെയ്യുന്ന ജോലിയിൽ അതിയായ ശ്രദ്ധ ചെലുത്തുന്നവൻ, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നവൻ. പലപ്പോഴും അവൻ സ്വന്തം അച്ഛനെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. പക്ഷെ അമ്മയെ കുറിച്ച് ചോദിച്ചതായി ഞാനോർക്കുന്നില്ല.
എപ്പോഴെങ്കിലും ഞങ്ങൾ പത്മയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിൽ, അവൻ ഒരു ദീർഘ നി ശ്വാസം വിടും, എന്നിട്ട് എന്നോട് പറയും , “നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. അവരെ ന്നെ ഉപേക്ഷിച്ചു പോയില്ലേ ? എനിക്ക് അവരെ ആവശ്യമില്ല. എനിക്ക് മുത്തശ്ശി ഉണ്ടല്ലോ. മുത്തശ്ശി എന്റെ മാത്രമല്ലേ?”
വാസു ഉയർന്ന ക്‌ളാസ്സുകളിൽ എത്തിയപ്പോൾ, അവൻ എൻ സി സിയിൽ മറ്റുള്ളവരിൽനിന്നും കവിഞ്ഞുള്ള അളവിൽ താല്പര്യം എടുക്കുന്നത് ഞാൻ കണ്ടു. ഡിഗ്രി എടുത്തപ്പോഴേക്കും അവൻ ഇന്ത്യയിലെ മിക്ക നഗരങ്ങളും സന്ദർശിച്ചിരുന്നു. എത്രയെത്ര എൻ സി സി ക്യാമ്പുകളിലാണെന്നോ അവൻ പങ്കെടുത്തിട്ടുള്ളത്! ഡൽഹിയിൽ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ പോയപ്പോൾ പ്രധാനമന്ത്രിയുടെ കൂടെ നിന്നുള്ള അവന്റെ ഒരു ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്.
പഠനത്തിൽ വാസു അത്ര മിടുക്കനൊന്നുമായിരുന്നില്ല. പരീക്ഷയിൽ ജയിക്കും, അത്രതന്നെ. പക്ഷെ ഡിഗ്രിക്ക് ഫസ്റ്റ് ക്‌ളാസ്സുണ്ടായിരുന്നു. എൻ സി സിയിലെ എല്ലാ പരീക്ഷകളും അവൻ പാസ്സായിട്ടുണ്ടായിരുന്നു. കൂടാതെ നിരവധി മത്സരങ്ങളിലെ ട്രോഫികളും കൈവശം.
പരീക്ഷ കഴിഞ്ഞശേഷം അവൻ ജോലി അന്വേഷിച്ചിറങ്ങി. ഒരിക്കൽ ഒരാഴ്ചത്തേക്ക് അവനെ കണ്ടില്ല. മടങ്ങി വന്നപ്പോൾ മൈസൂരിൽ പോയിരിക്കുകയാണെന്നായിരുന്നു മറുപടി. എയർഫോഴ്‌സിൽ ഓഫീസർ സെലക്ഷന് പോയതാണെന്ന് പറഞ്ഞപ്പോൾ ഞാൻ ക്ഷുഭിതയായി.
അവിടെവച്ചു കമ്മോഡർ ബാലചന്ദ്രനെ കണ്ടെന്നും പറഞ്ഞു. അതാരാണെന്ന് ചോദിച്ചപ്പോൾ അച്ഛന്റെ കൂടെ 71-ലെ യുദ്ധത്തിൽ പങ്കെടുത്ത ആളാണെന്നു പറഞ്ഞു. അവന്റെ ഫോംസ് നോക്കിയശേഷം പൈലറ്റ് ഓഫീസർ മുരളീധരനെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എന്റെ അച്ഛനാണെന്നും പക്ഷെ കണ്ടിട്ടില്ലെന്നും പറഞ്ഞു. അതെന്താണെന്നു ചോദിച്ചപ്പോൾ, അപ്പോൾ ജനിച്ചിട്ടില്ലായിരുന്നെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആലോചനയിൽ മുഴുകി. കണ്ണിൽനിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞു കണ്ണ് തുടച്ചു അദ്ദേഹം.
By K V സത്യനാഥ്

