26

ഞാനാണ് സീത, ജനകപുത്രിയായു –
ഴവുചാലിൽ പിറന്നവൾ
ഞാനാണ് സീത, ത്രൈയമ്പകം കുലച്ച
രഘുരാമനർദ്ധാംഗിനിയായവൾ
ഞാനാണ് സീത, രാജ്യസുഖം വെടി –
ഞ്ഞയോദ്ധ്യാപതിയെയനുഗമിച്ചവൾ
ഞാനാണ് സീത, കാനനമദ്ധ്യേ
കല്ലും മുള്ളും മലരായ് കണ്ടവൾ
ഞാനാണ് സീത, ലങ്കാപതി
രാവണനാലപഹരിക്കപെട്ടവൾ
ഞാനാണ് സീത, അശോകവനിയി-
ലൂണുമുറക്കവുമുപേക്ഷിച്ചവൾ
ഞാനാണ് സീത, എന്നും രാമനാമം
മാത്രമരുൾ ചെയ്തവൾ
ഞാനാണ് സീത, പാതിവ്രത്യം
കാത്തഗ്നിശുദ്ധി വരുത്തിയവൾ
ഞാനാണ് സീത, ധർമ്മാധിപതി രാമനാൽ
ഗംഗാതീരത്തുപേക്ഷിക്കപ്പെട്ടവൾ
ഞാനാണ് സീത, നിറവയറിലും
വനമദ്ധ്യേയൊറ്റപ്പെട്ടവൾ
ഞാനാണ് സീത, ലവകുശന്മാർക്ക്
ജന്മം നൽകിയവൾ
ഞാനാണ് സീത, ദുഃഖംമാത്രം പേറി –
യമ്മയാമൂഴിയിലേയ്ക്ക് മറഞ്ഞവൾ
ദീപ ബിബീഷ് നായർ

