ഞാൻ ഉറക്കത്തിൽനിന്നു പെട്ടെന്ന് ഉണർന്നു. ആരാണ് ഈ അസമയത്തു വിളിക്കുന്നത്? ഞാൻ തലയണയ്ക്കടിയിൽനിന്നു വാച്ചെടുത്തു. രാവിലെ 6.30. അർദ്ധരാത്രി കഴിഞ്ഞാണ് ഞാൻ ഉറങ്ങാൻ കിടന്നത്. അടിയന്തിരമായി മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് രാവിലെ എട്ടു മണിവരെ ഉറങ്ങാമെന്നു കരുതിയത്. ഞാൻ മൊബൈൽ ഫോൺ കയ്യിലെടുത്തു.
“ഹാലോ, ഞാൻ മുംബൈയിൽനിന്ന് രാമചന്ദ്രനാണ്. ആരാണ് വിളിക്കുന്നത്?”ഞാൻ ചോദിച്ചു.
“അങ്കിൾ, ഞാനാണ് സുനിൽ, അങ്കിളിന്റെ സ്‌കൂളിലെ ക്ലാസ്മേറ്റ് രാമകൃഷ്ണന്റെ മകൻ.”
“ശരി സുനിൽ. എന്തുണ്ട് വിശേഷം?”
“നല്ല വിശേഷമല്ല, അങ്കിൾ. അച്ഛൻ ഇന്നലെ വൈകുന്നേരം മരിച്ചു.”
“കഷ്ടമായിപ്പോയി, സുനിൽ. ഇന്നലെ രാത്രി അനിയൻ വിളിച്ചു പറഞ്ഞിരുന്നു. എനിക്ക് വിളിക്കണമെന്നുണ്ടായിരുന്നു, പക്ഷെ സുനിലിന്റെ നമ്പർ ഉണ്ടായിരുന്നില്ല.”
നിശ്ശബ്ദത.
“അങ്കിൾ, പക്ഷെ അച്ഛൻ എഴുതിവെച്ചിരുന്ന നമ്പർ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. അങ്കിളിന്റെ അനിയൻ രാത്രി പത്തു മണിക്ക് വന്നപ്പോൾ തന്ന നമ്പറിലാണ് ഞാൻ ഇപ്പോൾ വിളിക്കുന്നത്.” അവന്റെ ശബ്ദത്തിനു ഒരു വിറയലുണ്ടായിരുന്നു. “അച്ഛൻ പറയാറുണ്ടായിരുന്നു, അച്ഛനെന്തെങ്കിലും പറ്റിയാൽ ഉടനെ അങ്കിളിനെ വിവരം അറിയിക്കണമെന്ന്.”
“സുനിൽ, എനിക്ക് ഖേദമുണ്ട്. ഞാൻ തന്ന നമ്പർ കാൻസലാക്കിയിട്ട് കുറച്ചു കാലമായി. ഞാൻ ഈയിടെ നാട്ടിൽ വന്നിരുന്നു. അച്ഛനെ വന്നു കാണണമെന്നുണ്ടായിരുന്നു. അപ്പോൾ ആരോ പറഞ്ഞു, അച്ഛനെ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണെന്നും സന്ദർശകരെ അനുവദിക്കുന്നില്ലെന്നും. അതുകൊണ്ടാണ് വരാതിരുന്നത്. കുറച്ചു ദിവസമായിട്ടേയുള്ളു മുംബൈയിൽ മടങ്ങിയെത്തിയിട്ട്. അമ്മയോട് പറയൂ, അച്ഛന്റെ മരണത്തിൽ അതിയായ ഖേദമുണ്ടെന്ന്. രണ്ട് മാസം കഴിഞ്ഞു നാട്ടിൽ വരുമ്പോൾ ഞാൻ വന്നു കാണാം.”
“താങ്ക്യൂ അങ്കിൾ. അപ്പോൾ കാണാം,” സുനിൽ ഫോൺ വെച്ചു.
രാമകൃഷ്ണൻ എന്റെ സ്‌കൂളിലെ ക്ലാസ്സ് മേറ്റ് ആയിരുന്നു. 1961-ലാണ് ഞങ്ങളിരുവരും പത്താം ക്ലാസ്സ് പാസ്സായത്. നല്ല മാർക്കുണ്ടായിരുന്നെങ്കിലും ഉപരിപഠനം വേണ്ടെന്നുവച്ചു.
രാമകൃഷ്ണനു ആറു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ അന്തരിച്ചത്. കുറച്ചു കാലം കഴിഞ്ഞു അവന്റെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. അവരെപ്പോലെ അദ്ദേഹവും ഒരു അദ്ധ്യാപകനായിരുന്നു. ആ ബന്ധത്തിൽ അവർക്കു ഒരു മകനും ഒരു മകളും ഉണ്ടായിരുന്നു. ഞാൻ ഹൈസ്‌കൂളിൽ ചേർന്നപ്പോൾ ആ പെൺകുട്ടി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. ഞാൻ ആറാംക്ലാസ് പാസ്സായിരുന്നെങ്കിലും സീറ്റ് ഒഴിവില്ലാതിരുന്നതിനാൽ ഫസ്ററ് ഫോമിലാണ് പ്രവേശനം കിട്ടിയത്. രാമകൃഷ്ണൻ അപ്പർപ്രൈമറി സ്‌കൂളിൽ എഴാം ക്ലാസ്സുവരെ പഠനം തുടർന്നു. അവന്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അവനും ഹൈസ്‌കൂളിൽ ചേരാമായിരുന്നു, അവന്റെ സ്കൂൾ ഫീസ് രണ്ടേമുക്കാൽ രൂപ മാസംപ്രതി അടയ്ക്കാൻ അമ്മയ്ക്ക് നിവൃത്തിയുണ്ടായിരുന്നെങ്കിൽ. ജില്ലബോർഡ് സ്‌കൂളിൽ വിദ്യാഭ്യാസം സൗജന്യമായിരുന്നു. പക്ഷെ ഹൈസ്‌കൂളിൽ അപ്രകാരമായിരുന്നില്ല. പിൽക്കാലത്തു ഹൈസ്‌കൂളും ഏഴാം ക്ലാസുവരെ ഫീസ് വേണ്ടെന്നുവച്ചു.
രാമകൃഷ്ണൻ പിന്നീട് എട്ടാംക്ലാസിൽ ചേർന്നതോടെ മൂന്നുകൊല്ലം ഞങ്ങൾ ഒരുമിച്ചായിരുന്നു.
രാമകൃഷ്ണൻ ഊർജ്ജസ്വലനായിരുന്നു. എന്നുവേണം പറയാൻ. കായികമത്സരങ്ങളിൽ അവൻ കേമനായിരുന്നു. ഫുട്ബോൾ, ബാസ്കറ്റ്ബാൾ, വോളിബാൾ, ഹോക്കി ഏന്നിവയിലെല്ലാം അവൻ സ്‌കൂളിനെ പ്രതിനിധീകരിച്ചു എന്ന് മാത്രമല്ല ട്രോഫികളും നേടി. വിദ്യാർത്ഥികൾക്ക് അവൻ പ്രിയങ്കരനായിരുന്നു; ആൺകുട്ടികൾക്ക് മാത്രമല്ല, പെൺകുട്ടികൾക്കും.
ഒരിക്കൽ രാമകൃഷ്ണൻ എന്നോട് പറയുകയുണ്ടായി, അച്ഛനറിയാതെ ‘അമ്മ അവന്നു പണം കൊടുക്കാറുണ്ടെന്ന്. ഒന്നോ രണ്ടോ രൂപ അവന്റെ കീശയിൽ കാണും. എന്റെ അച്ഛൻ താരതമ്യേന ധനികനായിരുന്നെങ്കിലും എനിക്ക് അങ്ങനെ പണം കിട്ടിയിരുന്നില്ല. ഞങ്ങളുടെ സ്നേഹബന്ധം സുദൃഢമായിരുന്നു. ഒരിക്കൽ അവൻ എന്നെ ചായപ്പീടികയിൽ കൊണ്ടുപോയി സൽക്കരിഎല്ലാ പാഠപുസ്തകങ്ങളും അവനു ലഭ്യമായിരുന്നില്ല. എന്റെ പുസ്തകങ്ങൾ ഞാൻ അവന്നു പഠിക്കാൻ നൽകുമായിരുന്നു.
ഞങ്ങൾ ഒമ്പതാംക്‌ളാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിൽ എൻ സി സി ആരംഭിച്ചു. ഞങ്ങളിരുവരും അതിൽ ചേർന്നിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം പരേഡ് പ്രാക്ടീസ്. അതിനുശേഷം അടുത്ത ചായക്കടയിൽനിന്നു കൊണ്ടുവന്ന ചായയും പലഹാരങ്ങളും. അവനത് വളരെ ഇഷ്ടമായിരുന്നു. എന്റെതിൽനിന്നു ഞാൻ ഒരു പങ്ക് അവന്നു നൽകുമായിരുന്നു.
ഞങ്ങളിരുവരും പത്താംക്ലാസ്സ് പാസ്സായി. അവനു മാർക്ക് കുറവായിരുന്നെങ്കിലും അവൻ സന്തോഷിച്ചു. ഞാൻ കോളേജിൽ ചേരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു ചങ്ങാതിയുടെ വീട്ടിലേക്ക് അവൻ എന്നെ വിളിച്ചത്.
അവൻ അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ചു പറയാനാണ് എന്നെ വിളിച്ചത്. അവൻ ചെയ്യുന്ന വിഷയങ്ങളിലൊന്നും അവനു വീട്ടിൽനിന്നു പിന്തുണ കിട്ടിയിരുന്നില്ല. ഭക്ഷണവും ഭർത്താവറിയാതെ അമ്മ വല്ലപ്പോഴും നൽകുന്ന ചില്ലറകളുമായിരുന്നു രക്ഷ. അവർക്കു വേറെയും സന്താനങ്ങളുണ്ടല്ലോ പരിരക്ഷിക്കാൻ. ജോലിയിൽനിന്നു പിരിയാറായ രണ്ടാനച്ഛൻ പണം ചിലവാക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. തന്മൂലം അമ്മ അവനോട് പറഞ്ഞുവത്രേ, എന്തെങ്കിലും ജോലിക്കു ശ്രമിക്കാൻ. സ്ഥിരമായി ഒരു ജോലി ലഭിച്ചാൽ ഇത് ഉപേക്ഷിക്കാം. അപ്പോൾ കുടുംബത്തിന്റെ പ്രാരാബ്ധവും അല്പം കുറയും.
രാമകൃഷ്ണനു എന്നിൽനിന്ന് വേണ്ടിയിരുന്നത്, ഞാൻ അച്ഛനോട് പറയണം അവനു കടയിൽ ഒരു ജോലി നൽകാൻ. അത് സാദ്ധ്യമല്ലെന്നു ഞാൻ അവനെ അറിയിച്ചു. അച്ഛന് അവനെ നന്നായി അറിയാം. അവന്റെ കുടുംബസ്ഥിതിയെക്കുറിച്ചും. അതുകൊണ്ട് അവൻ നേരിട്ടു കണ്ട് പറയുന്നതാകും നല്ലത്. അച്ഛൻ എന്നോട് ചോദിക്കയാണെങ്കിൽ, ഞാൻ അവനു അനുകൂലമായ അഭിപ്രായം പറയാം, ഞാൻ അവനെ അറിയിച്ചു.
രണ്ട് ദിവസങ്ങൾക്കുശേഷം അവൻ ഞങ്ങളുടെ കടയിൽ ജോലി ചെയ്യുന്നത് ഞാൻ കണ്ടു. സന്തോഷമായി എന്ന് അവൻ എന്നോട് പറഞ്ഞു. അച്ഛനെ സമീപിച്ചപ്പോൾ, പിറ്റേന്ന് മുതൽക്കുതന്നെ ജോലിക്കു വന്നുകൊള്ളാൻ അച്ഛൻ പറഞ്ഞുവെന്നും, പക്ഷെ രണ്ടാനച്ഛന്റെ അനുവാദംകൂടി ലഭിച്ചതിനു ശേഷമേ ചേർന്നുള്ളുവെന്ന് അവൻ എന്നെ അറിയിച്ചു.
ഒരു വർഷത്തിലേറെ കാലം അവൻ എന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തു. ഞാൻ ഒന്നാം വർഷം ബിരുദത്തിനു പഠിക്കുമ്പോൾ എനിക്ക് അവന്റെ ഒരു കാർഡ് കിട്ടി, അവനു ആർമിയിൽ ജോലി കിട്ടിയെന്നും പിറ്റേദിവസം അവൻ ജോലിയിൽ കേറാൻ പോകുന്നുവെന്നും, പറ്റുമെങ്കിൽ ഒലവക്കോട് സ്റ്റേഷനിൽ കാണാൻ താല്പര്യമുണ്ടെന്നും എഴുതിയിരുന്നു.
അവന്റെ ആഗ്രഹപ്രകാരം ഞങ്ങൾ സ്റ്റേഷനിൽ കണ്ടു; കുശലപ്രശ്‍നം നടത്തി. ആർമിയിൽ ചേരാനുള്ള കത്ത് കിട്ടിയപ്പോൾ അച്ഛനോട് പറഞ്ഞുവെന്നും , സന്തോഷിച്ചു അച്ഛൻ നൂറു രൂപ നൽകിയെന്നും അവൻ എന്നെ അറിയിച്ചു. അക്കാലത്തു അത് സാമാന്യം വലിയൊരു സംഖ്യയായിരുന്നു.
പിന്നീട് ഏകദേശം മുപ്പതു വർഷക്കാലം ഞങ്ങൾ തമ്മിൽ സമ്പർക്കം ഉണ്ടായിട്ടില്ല. ഞങ്ങളുടെ ജീവിതം വെവ്വേറെ വഴികളിലായിരുന്നു. അച്ഛൻ അന്തരിച്ചപ്പോൾ ഞാൻ നാട്ടിലെത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ എന്നെ കാണാനെത്തി. അവൻ അവന്റെ ആത്മാർത്ഥശോകം ഞങ്ങളെ അറിയിച്ചു. ആവശ്യമുണ്ടായപ്പോൾ സഹായിച്ചതിന് അവനു കടപ്പാട് ഉണ്ടെന്നും അതിനു എന്നും നന്ദി ഉണ്ടാകുമെന്നും അറിയിച്ചു. ആദ്യത്തെ അവധിയിൽ വന്നപ്പോൾ, അച്ഛൻ നൽകിയ നൂറു രൂപ മടക്കി കൊടുക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹം അത് തിരസ്കരിച്ചെന്നും പറഞ്ഞു. അവന്റെ വിവാഹച്ചടങ്ങിൽ എന്റെ അച്ഛനും അമ്മയും പങ്കെടുത്തെന്നും അനുഗ്രഹിച്ചുവെന്നും അവൻ കൂട്ടിച്ചേർത്തു. അവന്റെ വധു സർക്കാർ ആസ്‌പത്രിയിൽ നഴ്‌സായിരുന്നു.
ഒരു വർഷംമുൻപ് ഞാൻ നാട്ടിൽ പോയപ്പോൾ അറിഞ്ഞു , ഒരു മോട്ടോർ അപകടത്തിൽപെട്ട് അവനു ചെറിയ ഒരു അംഗഭംഗം വന്നുവെന്നും തുടർന്ന് ആർ മിയിൽനിന്നു വിരമിച്ചു പോസ്‌റ്റോഫീസിൽ ജോലിക്കു ചേർന്നുവെന്നും ഇപ്പോൾ അതിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കയാണെന്നും. മുൻകൂട്ടി അറിയിക്കാതെ ഞാൻ കാണാൻ ചെന്നത് അവന്റെ കുടുംബത്തെ പരിഭ്രമിപ്പിച്ചു.
രാമകൃഷ്ണനെ കണ്ടപ്പോൾ പുറത്തേക്കു കുഴപ്പമൊന്നും തോന്നിയില്ല. പക്ഷെ ആൾക്കാരെ തിരിച്ചറിഞ്ഞിരുന്നില്ല, പല കാര്യങ്ങളും ഓർമ്മയിൽ വരുന്നില്ല. നേത്രങ്ങൾ നിർജ്ജീവമായി കാണപ്പെട്ടു. മകൾ വിവാഹിതയായി പോയി; മകൻ വിവാഹിതനായി, പിതാവും ആയി. അവൻ സ്വന്തം ഗൃഹത്തിന്റെ നിർമാണം തുടങ്ങിയിരിക്കുന്നു. പണി പൂർത്തിയായാലുടൻ അവിടേക്ക് താമസം മാറ്റും. ഞാൻ സംസാരിച്ചുകൊണ്ടിരിക്കെ, സുനിലും വന്നെത്തി.
രാമകൃഷ്ണന്റെ കണ്ണുകൾ തുറന്നിരുന്നെങ്കിലും, എന്തെങ്കിലും കാണുന്നുണ്ടെന്നു തോന്നിയില്ല. എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുതന്നെ ഉറപ്പുണ്ടായിരുന്നില്ല.
സുനിലും അമ്മയും ആ മുറിയിൽത്തന്നെ ഇരുന്നിരുന്നു. ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പെട്ടെന്ന് രാമകൃഷ്ണന്റെ ഭാര്യ എന്നോട് ചോദിച്ചു, “നിങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലത്തു എന്റെ ഭർത്താവ് എങ്ങനെയായിരുന്നു?”
“ആത്മാർത്ഥമായി ചെയ്ത കാര്യങ്ങളിലെല്ലാം രാമകൃഷ്ണൻ നന്നായി വിജയിച്ചു. എല്ലാ കളികളിലും ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആയിരുന്നു. ആർമിയിൽ ചേരാൻ കഴിഞ്ഞത് എൻ സി സിയിൽ ഉണ്ടായിരുന്നതുകൊണ്ടാണ്.”
ഞാൻ പറഞ്ഞത് കേട്ട് സുനിലിന്നു വളരെ സന്തോഷമായി.
“അപ്പോൾ നിങ്ങളെന്താണ് ചെയ്തിരുന്നത്?” സുനിലിന്റെ അമ്മയുടെ ചോദ്യം.
“ഞാനോ? ” അവരുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. “രാമകൃഷ്ണൻ ഇതെല്ലാം ചെയ്യുമ്പോൾ ആരെങ്കിലും അത് കാണാനും വേണ്ടതല്ലേ? ഞാൻ അതാണ് ചെയ്തുകൊണ്ടിരുന്നത്.”
ഞാൻ രാമകൃഷ്ണന്റെ മുഖത്തേക്ക് നോക്കി. അവന്റെ അധരങ്ങൾക്കിടയിൽ ഒരു പുഞ്ചിരി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. അപ്പോഴെനിക്ക് മനസ്സിലായി അവനെന്നെ തിരിച്ചറിഞ്ഞിട്ടു ണ്ടെന്നും ഞാൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നെണ്ടെന്നും.
സുനിലിനും അമ്മയ്ക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ പറയുന്നത് കേട്ടതുകൊ ണ്ടല്ല; കുടുംബനാഥന്റെ പുഞ്ചിരി കണ്ടിട്ട്.
അവരുടെ സാമ്പത്തികസ്ഥിതിയെ കുറിച്ച് ഞാൻ അന്വേഷിച്ചു. “ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല. ആസ്പത്രിച്ചിലവുകളും മരുന്നുകളും സൗജന്യമാണ്. ആർമിയിൽനിന്നും പോസ്റ്റൽ വകുപ്പിൽനിന്നും അദ്ദേഹത്തിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്.”ഒന്നുകൂടി ആലോചിച്ചശേഷം അവർ തുടർന്നു, “എനിക്കും പെൺഷനുണ്ടല്ലോ. ഞാൻ നഴ്സിങ് സൂപ്രണ്ടായിട്ടാണ് പിരിഞ്ഞത്. പിന്നെ അദ്ദേഹത്തെ ശുശ്രൂഷിക്കാൻ ഞങ്ങൾക്ക് നഴ്സിങ് അസിസ്റ്റന്റിനെ വെക്കേണ്ട ആവശ്യമില്ലല്ലോ.”
സാമ്പത്തികസഹായമൊന്നും അവർക്ക് ആവശ്യമില്ലെന്ന് മനസ്സിലായി.
“സുനിലിന്ന് സർക്കാർജോലിയാണ്. അവന്റെ ഭാര്യക്കും ജോലിയുണ്ട്. അവരുടെ കുട്ടി ഒരു പ്രൈവറ്റ് ഇംഗ്ലീഷ് സ്‌കൂളിൽ പോകുന്നുണ്ട്.”
ഞാൻ പോകാനായി എഴുന്നേറ്റു. തന്നെയും പുറത്തേക്കെടുക്കാൻ രാമകൃഷ്ണൻ മകനോട് ആംഗ്യം കാണിച്ചു. ഞാൻ പോകുന്നത് തനിക്കു അനിഷ്ടകരമാണെന്നു കാണിക്കുകയാണെന്നു തോന്നി. എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും വ്യക്തമായിരുന്നില്ല. എങ്കിലും എല്ലാം മനസ്സിലായ മട്ടിൽ ഞാൻ ശിരസ്സ് കുലുക്കി. ഞാൻ യാത്രാനുമതി തേടി പുറത്തിറങ്ങി.
സുനിൽ ഗേറ്റിലേക്ക് എന്നെ പിന്തുടർന്നു. “അങ്കിൾ ഈ വഴിക്ക് അടുത്ത തവണ വരുമ്പോൾ തീർച്ചയായും ഇവിടെ വരാൻ മറക്കരുത്.
മനസ്സിലായില്ലെന്ന മട്ടിൽ ഞാൻ അയാളെ നോക്കി.
“വളരെ കാലത്തിനു ശേഷമാണ് അച്ഛനൊന്നു ചിരിച്ചു കണ്ടത്. അങ്കിളിനെ അച്ഛന് ഇഷ്ടമാണെന്നും അങ്കിളിനെ കാണുന്നതിൽ അച്ഛന് താല്പര്യമുണ്ടെന്നും മനസ്സിലായി. അങ്കിൾ വരുമ്പോൾ അച്ഛൻ ചിരിക്കുന്നത് കാണാമല്ലോ എന്നോർത്ത് പറയുകയാണ്.
ഞാൻ വിട പറഞ്ഞു.
രണ്ടു മാസം കഴിഞ്ഞു ഞാൻ അവിടെ പോയപ്പോൾ രാമകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല. സുനിലും അമ്മയും അവന്റെ കൂടെ ആസ്പത്രിയിൽ പോയിരിക്കയാണെന്ന് മകൾ പറഞ്ഞു. ആസ്പത്രിയുടെ പേരും സ്ഥലവും പറഞ്ഞെങ്കിലും, അവിടെ പോയാലും കാണാൻ സാധിക്കില്ലത്രെ. ആസ്പത്രി വിട്ടുവന്നാൽ അവർ അറിയിക്കാമെന്നും പറഞ്ഞു.
ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ല. ഇനിമേൽ അവനെ കാണാൻ പോകേണ്ട ആവശ്യമില്ല. എങ്കിലും ഒരു തവണകൂടി അവിടെ ഒന്ന് പോകണം. അടുത്ത തവണയാകട്ടെ.
By…. K. V സത്യനാഥൻ
Mob. :098336 77962

