വെയിലിന്റെ തീവ്രത ഒരു വിധം സഹിക്കാമായിരുന്നെങ്കിലും ഉദരത്തിനുള്ളിലെ എരിയുന്ന തീ ഒട്ടും തന്നെ സഹനീയമായിരുന്നില്ല. എവിടെയോ വായിച്ചതായി ഓർക്കുന്നു, ആദ്യത്തെ എരിച്ചിൽ കഴിഞ്ഞാൽ വിശപ്പ് അപ്രത്യക്ഷമാകും എന്ന്. പിന്നീട് ഒരുതരം ഉറക്കം തൂങ്ങുന്ന സ്ഥിതിയിൽ എത്തിച്ചേരുമത്രെ. ചിലപ്പോൾ ഈ നിയമം എനിക്ക് ബാധകമല്ലായിരിക്കാം. ഞാൻ ഉപവസിക്കുകയല്ലല്ലോ, പട്ടിണി കിടക്കുകയല്ലേ ?
എപ്പോഴാണ് ഞാൻ എന്തെങ്കിലും കഴിച്ചത് ? രണ്ടുദിവസം മുമ്പ്, രാവിലെ 10 മണിക്ക്. ഒരു കപ്പ് ചായയും നാല് പാർലെ-ജി ബിസ്ക്കറ്റും. ഞാനത് കഴിക്കാതെ, ആ പണം ടൗണിൽ എത്താനായി ബസ്സിന് ചിലവാക്കേണ്ടിയിരുന്നു. പക്ഷെ ഇങ്ങനെ സംഭവിക്കും എന്ന് ഞാനെങ്ങനെ അറിയാനാണ് ?
ഞാനിവിടെ മുമ്പുതന്നെ വരേണ്ടതായിരുന്നു. എങ്കിൽ പട്ടിണി കിടക്കേണ്ട ആവശ്യം വരില്ലായിരുന്നു. എന്റെ വീട്ടിലെത്തി മകന്റെ കുടുംബത്തോട് ഒന്നിച്ച് ഊണ് കഴിക്കാമായിരുന്നു. ഞായറാഴ്ച എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഒഴിവാണല്ലോ. അന്ന് വന്നിരുന്നെങ്കിൽ നോൺ വെജിറ്റേറിയൻ ഊണ് തരമായേനെ. സോമന് കോഴിയിറച്ചിയും മത്സ്യവും വളരെ പ്രിയപ്പെട്ടതാണ്. അവന്റെ ഭാര്യയും അങ്ങനെത്തന്നെ. രാകേഷ് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ ആയതിനാൽ അവനെന്നും നോൺവെജ് ഭക്ഷിക്കാം.
ഞായറാഴ്ച ആയതിനാൽ രാകേഷ് രാവിലെ തന്നെ തറവാട് വീട്ടിൽ വന്ന് എനിക്ക് പണം തന്ന് ഭക്ഷണം കഴിക്കാൻ ആകുമ്പോഴേക്ക് മടങ്ങിപ്പോകുമെന്ന് ഞാൻ ധരിച്ചു. പക്ഷെ അവൻ വന്നില്ല. വരുന്നില്ലെന്ന് ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ബിസ്ക്കറ്റും ചായയ്ക്കും പണം ചിലവാക്കുന്നതിനു പകരം ബസ്സിനു ചിലവാക്കുമായിരുന്നു.
എന്തുകൊണ്ടാണ് രാകേഷ് ഞായറാഴ്ച വരാതിരുന്നത് ? കഴിഞ്ഞ മാസം അവൻ തന്നിരുന്ന പണം ചിലവായി കഴിഞ്ഞിട്ടുണ്ടാകുമെന്ന് അവന് അറിയാമായിരുന്നല്ലോ. ഇക്കാലത്ത് 250 രൂപ കൊണ്ട് ഒരാൾക്ക് എത്ര ദിവസം കഴിയാനാകും? ഏറിയാൽ 10 ദിവസം. ആ സംഖ്യ കൊണ്ട് ഒരു മാസം ഞാൻ കഴിയണമെന്ന് അവനു എങ്ങനെ കരുതാം?
“അച്ഛനറിയില്ലേ അങ്ങാടിയിൽനിന്ന് കിട്ടുന്ന പച്ചക്കറിയിലെല്ലാം കീടനാശിനി ആണെന്ന്? നമുക്ക് സ്വന്തം ഭൂമിയിലുള്ളപ്പോൾ അതിൽ കൃഷി ചെയ്തു കൂടെ?”
“അറിയാം, അറിയാം. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ രാസവസ്തുക്കളുടെയും കീടനാശിനിയുടെയും ഗുണഗണങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എപ്പോഴാണ് കീടനാശിനി പ്ലാസ്റ്റിക് പോലെ അപകടകാരികളായി തീർന്നത് ? “
“എല്ലാ പച്ചക്കറികളുടെയും വിത്തുകൾ ഞാൻ അച്ഛന് എത്തിച്ചേക്കാം. അച്ഛൻ അവ ചെയ്താൽ മതി,” അവൻ പറഞ്ഞു.
“സോമാ, നീ ഒരു കാര്യം മറന്നു. ഞാൻ 70 താണ്ടിയ മനുഷ്യനാണ്.”
“ഇക്കാലത്ത് 70 ഒരു വയസ്സാണോ അച്ഛാ? അച്ഛൻ പത്രത്തിൽ വായിച്ചില്ലേ, 90 താണ്ടിയ ഒരു വൃദ്ധ ജീവിക്കാനായി യാത്രക്കാരെ വഞ്ചിയിൽ കയറ്റി പുഴ കടത്തുന്നു എന്ന്. വായിച്ചില്ലേ അച്ഛൻ?” ഞാനുമായി വാദിക്കാനുള്ള ഒരു മൂഡിലായിരുന്നു അവൻ .
“നീ തരുന്ന പണം ഞാൻ ന്യൂസ് പേപ്പറിന് ചെലവഴിച്ചാൽ ഞാൻ എന്തെടുത്താടാ തിന്നുക?” ചെറിയ സംഖ്യയുടെ അപര്യാപ്തതയെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അവൻ മൗനം പാലിച്ചു.
ഇനിയും രണ്ടു കിലോമീറ്റർ കൂടി നടക്കണം വീട്ടിലെത്താൻ. രാവിലെ 11 മണിക്ക് കുറച്ച് പച്ചവെള്ളവും കുടിച്ച് ഇറങ്ങിയതാണ്. എന്തൊരു ക്ഷീണം ?
കാൽമുട്ടിനുള്ള വേദന കൊണ്ട് വേഗത്തിൽ നടക്കാൻ പ്രയാസം. തന്മൂലം വേഗത വളരെ കുറവാണ്. എന്റെ ഇപ്പോഴത്തെ വീട് വാടകക്ക് കൊടുക്കാൻ കഴിഞ്ഞാൽ സോമന്റെ സഹായം കൂടാതെത്തന്നെ എനിക്ക് എന്റെ കാര്യങ്ങൾ നടത്താൻ കഴിയുമായിരുന്നു. പക്ഷെ അവനത് ഇഷ്ടമായിരുന്നില്ല. ഞങ്ങളുടെ രണ്ടു കിടപ്പറകളുള്ള വീട് അവനും രാധയ്ക്കും സ്വന്തമായി വേണമെന്ന് നിർബന്ധം. രാധയുടെ രക്ഷിതാക്കൾ ഇടയ്ക്കിടെ സന്ദർശിക്കുമ്പോൾ അവരോട് എങ്ങനെയാണ് തുറന്ന വരാന്തയിൽ ഉറങ്ങാൻ പറയുക? സോമന്റെ അമ്മ ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട ഏകാന്തത മാറാൻ അവനാണ് ഉപദേശിച്ചത്, തറവാട് വീട്ടിലേക്ക് മാറാൻ.
അവന് എത്ര എളുപ്പം അങ്ങനെ പറയാൻ കഴിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെട്ടു. രമണിക്ക് എന്നെക്കാൾ 12 വയസ്സിന് ഇളുപ്പമാണ്. എന്നിട്ടും അവൾ നേരത്തെ പോയി. അല്ലെങ്കിലും ആദ്യം വന്നത് ആദ്യം പോകണമെന്ന തത്വം ജീവിതത്തിൽ പ്രായോഗികമല്ലല്ലോ. എന്റെ എല്ലാ സമ്പാദ്യങ്ങളും രമണിയുടെ ചികിത്സക്കും സോമന്റെ വിദ്യാഭ്യാസത്തിനുമാണ് ചെലവഴിച്ചത്. അവളാണെങ്കിൽ എന്നെ വിട്ടു പോയി. റവന്യൂ വകുപ്പിൽ അവനൊരു ജോലി ശരിയാകുന്നതുവരെ കാര്യങ്ങൾ കൊണ്ടുപോകാൻ ഞാൻ എത്രകണ്ട് പ്രയാസപ്പെട്ടെന്നു അവനറിയുമോ ?
സോമൻ മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നു. സ്പോർട്സ്, മറ്റു വിനോദങ്ങൾ, പ്രസംഗം, ഉപന്യാസമത്സരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം അവൻ മിടുക്കനായിരുന്നു. കുറച്ചു കാലമായി പല സംഘടനകളും അവനെ അവരുടെ സെമിനാറുകളിലും, ചർച്ചായോഗങ്ങളിലും മറ്റ് യോഗങ്ങളിലേക്കും പങ്കെടുക്കാൻ ക്ഷണിക്കാറുണ്ട്. എന്റെ മാസ വേതനമായ 250 രൂപയിലേറെ അവന് ഈ വഴിക്ക് ലഭിക്കുന്നുണ്ടായിരുന്നു. എന്റെ പ്രോത്സാഹനവും ഗ്രന്ഥശേഖരവും മറ്റും ഈ വിഷയങ്ങളിൽ സഹായകമായിരുന്നു. അവനെ കുറിച്ച് ഞാൻ അഭിമാനിച്ചു. അതേസമയംതന്നെ അവന്റെ വൃദ്ധനായ ഈ അച്ഛനോടുള്ള അവഗണന എന്നെ വേദനിപ്പിക്കാറുണ്ടായിരുന്നു.
വിശപ്പും ദാഹവും സഹിക്കുന്നില്ല. ഉദരത്തിലെ ജഠരാഗ്നി അതിന്റെ ഓഹരി ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഞാനെങ്ങനെ അതിനെ സമാധാനിപ്പിക്കും?
ദൂരെയുള്ള ഉച്ചഭാഷിണിയിൽ നിന്നുള്ള ശബ്ദം വളരെ പരിചിതമാണല്ലോ. അത് വരുന്നത് ടൗൺഹാളിൽ നിന്നാണെന്ന് തോന്നുന്നു. അവിടെ എന്നും ഏതെങ്കിലും സംഘടനയുടെ യോഗങ്ങൾ ഉണ്ടായിരിക്കും. പക്ഷെ സോമന്റെ ശബ്ദം ! ശരിയാണ്, ഇന്ന് ഞായറാഴ്ച യാണല്ലോ. അവനു ഒഴിവു ദിവസവുമാണ് . അപ്പോൾ അവൻ തന്നെ ആയിരിക്കും. ഇനി ഓടി അവന്റെ വീട്ടിലെത്തിയിട്ടൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവന്റെ വീടോ?നിയമവശാൽ അതിന്റെ ഉടമസ്ഥൻ ഇപ്പോഴും ഞാൻ തന്നെയാണ്.
രണ്ടു ബെഡ്റൂംസ്, അറ്റാച്ച്ഡ് ബാത്റൂം, വാഷ് റൂം , പുറത്തൊരു ബാത്റൂം, 10 സെൻറി ലേറെയുള്ള ഓപ്പൺ സ്പേസ്, എല്ലാം നഗരമധ്യത്തിൽ. ഇന്ന് അതിന് ഒരു കോടിയിലേറെ വില മതിക്കും.
എനിക്ക് നഗരത്തിൽ ജോലി ലഭിച്ചപ്പോൾ ആരുടെയോ ഭാഗ്യം കൊണ്ടാണ് ആ സ്ഥലം എന്റെ കൈവശം വന്നത്. അതിന്റെ അന്നത്തെ ഉടമസ്ഥൻ ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജർ ആയിരുന്നു. യൂറോപ്പിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തു അദ്ദേഹം പെട്ടെന്ന് യൂറോപ്പിലേക്ക് പോയി. അപ്പോൾ എനിക്ക് ആ സ്ഥലം അദ്ദേഹം തുച്ഛവിലയ്ക്ക് വിൽക്കുകയാണുണ്ടായത്. രണ്ടു കൊല്ലം കൊണ്ടാണ് ആ സംഖ്യതന്നെ കൊടുത്തു തീർത്തത്. ഇപ്പോൾ സോമൻ ആ വീട്ടിലും ഞാൻ എന്റെ തറവാട് വീട്ടിലും. എനിക്ക് തുച്ഛവിലയ്ക്ക് കിട്ടിയത് കൊണ്ടാകണം അത് സോമന് വെറുതെ കൊടുക്കേണ്ടി വന്നത്. അച്ഛൻ സ്വന്തം സ്ഥലം മകന് വിറ്റതായി കേട്ടിട്ടുണ്ടോ?
ഇപ്പോൾ ശബ്ദം വ്യക്തമായി കേൾക്കാനുണ്ട്. സോമന്റെ ശബ്ദം തന്നെയാണ് എന്നതിൽ സംശയമില്ല. സ്വന്തം സവിശേഷശബ്ദത്തിൽ സംസാര ചാതുരിയിൽ സോമൻ സദസ്യരെ കയ്യിലെടുക്കുകയാണ്.
“ഈ ഭൂമിയിൽ ഓരോ മനുഷ്യന്റെയും ദൈവം സ്വന്തം അച്ഛനും അമ്മയും ആണ്. കൂടുതലായിട്ടും അച്ഛൻ തന്നെ. അച്ഛന്റെ ജീനുകളാണ് മകന് ലഭിക്കുന്നത്. അതേ ജീനുകളെയാണ് അയാൾ സ്വന്തം മക്കളിലേക്കും കൈമാറുന്നത്. അച്ഛൻ ഉറവിടവും അമ്മ ഉപകരണവും ആണ്. മഹാഭാരതം പോലുള്ള ഇതിഹാസങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാകും, ദ്രോണർക്ക് അമ്മ ഉണ്ടായിരുന്നില്ല. അച്ഛൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ അധികാരമാണ് തന്റെ ജനിക്കാൻ പോകുന്ന സന്താനങ്ങളുടെ അമ്മ ആരായിരിക്കണം എന്ന് തീരുമാനിക്കേണ്ടത്….”
സോമന് എവിടെ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചത് ? ഒരുപക്ഷെ പണ്ടു ഞാൻ വാങ്ങിച്ച, പക്ഷെ വായിക്കാതെ മാറ്റിവെച്ച, മഹാഭാരതത്തിൽനിന്നു തന്നെയാകണം.
“നിങ്ങൾ വിചാരിക്കുന്നുണ്ടോ ഗാന്ധാരിയ്ക്കു ഒരടിക്ക് നൂറു മക്കളെ പ്രസവിക്കാൻ കഴിയുമെന്ന് ? ഒരിക്കലുമില്ല. അവർക്ക് എന്ത് അമാനുഷികശക്തി ഉണ്ടെങ്കിലും നൂറു കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നത് അസാധ്യം തന്നെ. അവർ പ്രസവിച്ച വലിയ മാംസ പിണ്ഡത്തെ നൂറു കഷ്ണങ്ങളായി ശസ്ത്രക്രിയ ചെയ്തു വേർപെടുത്തുകയാണ് ചെയ്തത്; സയാമീസ് കുട്ടികളെ വേർപെടുത്തിയ പോലെ. അതുകൊണ്ട് അമ്മയെക്കാളും പ്രാധാന്യം അച്ഛനു തന്നെ. അതിനാൽ മാതൃദിനത്തേക്കാൾ ഗാംഭീര്യം പിതൃദിനത്തിനാണ്. ….”
ഞാനൊരിക്കലും പിതൃദിനത്തെക്കുറിച്ച് കേട്ടിട്ടില്ല, മാതൃദിനം ആഘോഷിക്കുന്നതിനെ ക്കുറിച്ച് കേട്ടിട്ടുണ്ടുതാനും. ഇക്കാലത്ത് എല്ലാറ്റിനും ഒരു അന്താരാഷ്ട്ര ദിനം ഉണ്ട്. പണ്ട് ഒരു ഏപ്രിൽ ഫൂൾ ഡേ ഉണ്ടായിരുന്നു. പിന്നാലെ വന്നു വാലന്റൈൻ ഡേ, മദേഴ്സ് ഡേ മുതലായവ. ഇപ്പോഴത്തെ ദിനങ്ങൾ ഒക്കെത്തന്നെയും സാധനങ്ങൾ വിറ്റഴിക്കാൻ ഉള്ള ഒരു സൂത്രമാണ്.
“എന്റെ കാര്യത്തിൽ എന്റെ അച്ഛനാണ് എല്ലാത്തിനും മുൻകൈ എടുത്തിട്ടുള്ളത്. എനിക്ക് നല്ല വിദ്യാഭ്യാസം നൽകി, സ്വന്തം ആവശ്യങ്ങൾ ബലി കഴിച്ച്. എന്റെ അമ്മ അധികകാലവും ഒരു രോഗിണിയായിരുന്നു. തന്മൂലം അവർക്ക് എന്നെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ വീടുകളിലും അമ്മമാർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ അച്ഛനാണ് ചെയ്തിട്ടുള്ളത്.”
ഞാൻ ഇതുവരെ ധരിച്ചത് സോമൻ എന്നെ അവഗണിക്കുകയാണെന്നാണ്; ഞാനൊരു അധികഭാരം ആണെന്ന് അവൻ കരുതി എന്നാണ്. ഞാനവനെ തെറ്റിദ്ധരിക്കുകയായിരുന്നു. രമണി അവനെ ലാളിച്ചു വഷളാക്കി എന്നാണ് ഞാൻ ഇതുവരെ കരുതിയത്. എനിക്ക് തെറ്റിപ്പോയി.
By……സത്യനാഥൻ
Mob : 098336 77962

