ഒരു പറിച്ചുനടീലിന്റെ നടുക്കായിരുന്നു ഞാനപ്പോൾ.
അമ്പതു വർഷങ്ങൾക്കു മുമ്പ് പന്ത് നഗറിലെ ഈ വൺ റൂം കിച്ചൻ ഫ്ലാറ്റ് മഹാരാഷ്ട്രാ സർക്കാരിന്റെ ദയാവായ്പ്പുമൂലം എനിക്ക് ലഭിച്ചതാണ്. ഒരു തുണിമില്ലിൽ ജോലി ലഭിച്ചതിന്റെ പേരിൽ ഇൻഡസ്ട്രിയൽ വർക്കേഴ്സിന് കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന വസതിയായിരുന്നു ഇത്. ആദ്യഗഡുവായ അയ്യായിരം രൂപകൂടി ആ അവസരത്തിൽ എന്റെ പക്കലുണ്ടായിരുന്നില്ല.
രേവതിമായിട്ടുള്ള വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ പരിഭ്രാന്തനാ യിരുന്നു, എവിടേക്കാണ് അവളെ വിവാഹശേഷം കൊണ്ടുവരിക എന്നോർത്തപ്പോൾ. എന്റെ സഹപ്രവർത്തകൻ രാമദാസാണ് അപ്പോൾ എനിക്ക് സഹായമായത്. രാമദാസ് അയ്യായിരം രൂപ കയ്യിൽവച്ചു തന്നപ്പോഴാണ്, വിവാഹിതനാകാനായി നാട്ടിലേക്കു യാത്രയാകാൻ എനിക്ക് ധൈര്യമുണ്ടായത്.
വിവാഹം കഴിഞ്ഞു ബോബെയിലെത്തിയപ്പോൾ, താമസിക്കാൻ പോകുന്ന വീട് കണ്ട് രേവതി ഞെട്ടി എന്നുവേണം പറയാൻ. അവളുടെ വീട്ടിലെ അടുക്കള ഞങ്ങളുടെ വീടിനേക്കാൾ വലുതാണത്രെ. എങ്കിലും സ്നേഹവതിയായ അവൾ വീടുമായി ഇണങ്ങി. ചെറിയ വീടിനുള്ള നേട്ടങ്ങൾ എത്ര വേഗമാണ് അവൾ കണ്ടെത്തിയത്! അവളുടെ വീട് അടിച്ചുവാരി തുടക്കാൻ മൂന്നു മണിക്കൂറുകൾ എടുക്കുമ്പോൾ ഞങ്ങളുടെ പുതിയ ഗൃഹം ആവശ്യപ്പെടുന്നത് വെറും അഞ്ചു മിനുട്ടുമാത്രം. അത് പറയുമ്പോൾ അവളുടെ മുഖം കാണേണ്ട തുതന്നെയായിരുന്നു. ഞാനും വിട്ടുകൊടുത്തില്ല. നമ്മുടെ വീട് ഒരിക്കൽ കണ്ടാൽ നാട്ടിൽനിന്നു ഒരാളും ഇവിടെ അതിഥിയായി വരാൻ ധൈര്യപ്പെടില്ലെന്ന് ഞാനും കാച്ചി.
രേവതി ഒരു മാതൃകാ കുടുംബിനി തന്നെയായിരുന്നു. ഭർത്താവിന്റെ വരുമാനത്തിനുള്ളിൽ മാത്രം ചെലവ് ചെയ്യുന്നവൾ. ആഗ്രഹങ്ങളെല്ലാം മനസ്സിലൊതുക്കി സംതൃപ്തിമാത്രം മുഖത്ത് കാണിക്കുന്നവൾ!
ദേവൻ ജനിച്ചതും വളർന്നതുമെല്ലാം ഇവിടെത്തന്നെ. ഒരു മുറിയിൽ ഞങ്ങൾ മൂന്നുപേർ. മറ്റൊരു സന്താനംകൂടി വേണം ദേവന് കൂട്ടിന് എന്ന ആഗ്രഹം ഞങ്ങൾ മുളയിൽത്തന്നെ നുള്ളിക്കളഞ്ഞു.
എൻജിനീയറിങ് കഴിഞ്ഞു അധികം താമസിയാതെ ദേവന് നല്ലൊരു കമ്പനിയിൽ ജോലി ലഭിച്ചു. രണ്ടു കൊല്ലംകൊണ്ട് നാലഞ്ച് കമ്പനികളും അവൻ മാറി. സായാഹ്നക്ളാസ്സുകൾ വഴി മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം നേടിയത് അവനെ ഒട്ടേറെ സഹായിച്ചു. സാമാന്യം നല്ല ശമ്പളം, ഞാൻ ജോലി ചെയ്തുകൊണ്ടി രിക്കുമ്പോൾ സ്വപ്നം കാണാൻകൂടി ധൈര്യപ്പെടാത്തവിധം. പക്ഷെ അതൊന്നും കണ്ടു സന്തോഷിക്കാൻ രേവതിക്ക് ഭാഗ്യമുണ്ടായില്ല.
രേവതി ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞു; ജോലിയിൽ നിന്ന് പിരിഞ്ഞു ഞാൻ വീട്ടിൽ ഇരിപ്പു തുടങ്ങിയിട്ട് എട്ടു വർഷവും.
രേവതി അർബുദവുമായി മല്ലിടുമ്പോൾ എനിക്ക് കാര്യമായി സഹായിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക കാര്യങ്ങളിൽ എന്റെ നിസ്സഹായത ഞാനാരോട് പറയും? ദേവന്റെ, എന്റെ മകന്റെ, വിദ്യാഭ്യാസം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു രേവതിയുടെ രോഗത്തിന്റെ ശീഘ്രത്തിലുള്ള വളർച്ചയും. വരുമാന മില്ലാത്തവരെ ആര് സഹായിക്കാൻ?
ഇരുപത്താറു വയസ്സായപ്പോഴേക്കും ദേവൻ സ്വന്തമായ ഫ്ലാറ്റ് വാങ്ങി. പന്ത്രണ്ടാമത്തെ നിലയിൽ, മൂന്നു കിടപ്പറകൾ, വിസ്താരമുള്ള സ്വീക രണമുറി, വീതിയുള്ള മൂന്നു ബാൽക്കണികൾ! ഒന്നിൽനിന്നു നോക്കി യാൽ ദൂരെ അറബിക്കടൽ, അത് നൽകുന്ന അസൗകര്യങ്ങളോ ന്നുമില്ലാതെ. മറ്റൊന്നിൽനിന്ന് അനന്തമായ വനരാജി, മൂന്നാമത്തെതിൽ നിന്നു വലിയൊരു ഷോപ്പിംഗ് മാളും കാണാം. അവന്റെ ഐശ്വര്യത്തിൽ ഞാൻ ഒട്ടേറെ സന്തോഷിച്ചു. പക്ഷെ താമസം അങ്ങോട്ട് മാറ്റാമെന്ന് അവൻ നിർദ്ദേശിച്ചപ്പോൾ എനിക്ക് യോജിക്കാനായില്ല. രേവതിയോടൊപ്പം ജീവിച്ച ഈ വീടുവിട്ട് ഞാനെങ്ങോട്ടുമില്ല എന്ന് ഞാൻ ഉറച്ചു നിന്നു. പുതിയ വീട് പൂട്ടിയിട്ട് അവൻ എന്റെ കൂടെത്തന്നെ താമസിച്ചു.
അടുത്ത കാലത്തു അവൻ ചോദിക്കയുണ്ടായി, എത്ര കാലം ഞാൻ അവന്നു ഭക്ഷണം പാകം ചെയ്തുകൊടുക്കുമെന്ന്? അവൻ ഒരു പെൺകുട്ടിയെ കൊണ്ടുവരുന്നതുവരെ എന്ന് ഞാൻ. അവൻ അധികമൊന്നും പറയാതെ ഇറങ്ങിപ്പോയി.
ബിസിനസ്സ്മാൻ ഇ എൻ മേനോന്റെ മകൾ രോഹിണിയുമായി അവന്റെ വിവാഹം ഏതാണ്ട് തീരുമാനിച്ചപോലെയായി. വിവാഹം കഴിഞ്ഞാൽ അവർ മാറിത്താമസിക്കുമെന്നു ഞാൻ കണക്കു കൂട്ടി.
മേനോന്റെ ഡ്യുപ്ലെക്സ് ഫ്ലാറ്റിൽ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി ഞങ്ങൾ പോയപ്പോൾ, ഞങ്ങൾ എപ്പോഴാണ് താമസം മാറ്റുന്നതെന്നു മേനോൻ ചോദിച്ചു. അവന്നു എപ്പോഴാണ് മാറേണ്ടതെന്നുവെച്ചാൽ അപ്പോൾ മാത്രമെന്ന് ഞാൻ പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തി ക്കൊണ്ടു അവൻ ഇടയിൽ കയറിപ്പറഞ്ഞു,”ഇല്ല,ഞങ്ങൾ മാറുന്നില്ല. അച്ഛന് അവിടെനിന്നു മാറാനാകില്ല. അച്ഛനും ഞാനും ഒരുമിച്ചാണ് താമസിക്കുക.”
മേനോൻ എന്റെ നേരെ ഒരു നോട്ടമയച്ചു.
ഞാൻ നിശ്ശബ്ദത പാലിച്ചു.
“എനിക്ക് അച്ഛനെ വിട്ടു പോകാനാകില്ല. അച്ഛനെവിടെ, അവിടെ ഞാൻ.”
എന്നിലെ അച്ഛൻ ഉണർന്നു. മെല്ലെ ഞാൻ പറഞ്ഞു, “അവൻ എപ്പോഴാണ് പോകാൻ ഒരുങ്ങുന്നത്, അപ്പോൾ ഞാനും പോകും.”
ആശ്വാസത്തിന്റെ മന്ദമാരുതൻ ചുറ്റും വീശി.
മേനോൻ അടുത്ത ചോദ്യത്തിലേക്ക് നീങ്ങി. “ദേവന്റെ ഫ്ലോറിന്റെ ഫർണിഷിങ്ങെല്ലാം കഴിഞ്ഞോ?”
“ഇല്ല, അത് ഒഴിഞ്ഞു കിടക്കുകയാണ്. രോഹിണി തീരുമാനിക്കട്ടെ, അവൾക്കു എന്താണ് വേണ്ടതെന്ന്.”
കാര്യങ്ങളെല്ലാം വേണ്ടപോലെ തീരുമാനിക്കപ്പെട്ടു.
എന്റെ വില പിടിച്ച സമ്പാദ്യങ്ങളിൽ ഞാനിപ്പോൾ പരതി കൊണ്ടിരിക്കുന്നു. എനിക്ക് വേണ്ടതെല്ലാം പുതിയ വസതിയിലേക്ക് കൊണ്ടു പോകണമല്ലോ .
പഴയ സ്റ്റീൽ ട്രങ്കിൽ പരതിക്കൊണ്ടിരിക്കെയാണ് പഴയ മാസിക കൾക്കിടയിൽ നിന്ന് ഞാൻ ആ സ്കൂൾ മാഗസിൻ കണ്ടത്. ഞാൻ ഹൈസ്കൂളിൽ ഫസ്റ്റുഫോമിൽ ചേർന്ന വർഷം വിദ്യാർത്ഥികൾക്കുള്ള കവിതാരചന മത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനം ലഭിക്ക യുണ്ടായി. വലിയ ക്ളാസ്സിലെ കുട്ടികൾ മത്സരിക്കുമ്പോൾ ചെറിയ ക്ളാസ്സിലെ കുട്ടിക്ക് സമ്മാനം ലഭിക്കുക! പലർക്കും അത് ഒരു അത്ഭുതമായിരുന്നു. അച്ചടിമഷി പുരണ്ട എന്റെ ആദ്യകവിത എന്ന നിലയിൽ അക്കാലത്തു എനിക്ക് അത് വളരെ പ്രിയപ്പെട്ടതായിരുന്നു. അതിനാൽ ഞാൻ ഭദ്രമായിവച്ച ആ കോപ്പിയാണ് ഇപ്പോൾ എന്റെ കയ്യിൽ പെട്ടിരിക്കുന്നത്. അമ്പതിലേറെ വർഷങ്ങൾ പഴക്കമുള്ള മാഗസിൻ.
“വിറക്കും വിരൽത്തുമ്പാൽ മിത്രമേ വരക്കട്ടെ
വിതുമ്പും ദുഃഖത്തിന്റെ ഭൂതകാലത്തിന്റെ ചിത്രം.”
ആദ്യാക്ഷരപ്രാസമൊപ്പിച്ചു കേകവൃത്തത്തിൽ എഴുതപ്പെട്ട ആ കവിത വായിച്ചു പലരും എന്നെ അനുമോദിച്ചിട്ടുണ്ട്. അച്ഛൻ മാത്രം പറഞ്ഞു, “സ്കൂളിൽപോയാൽ പഠിച്ചാൽമാത്രം മതി. കവിതയൊക്കെ വലുതായിട്ട് എഴുതാം.”
എന്നോട് അങ്ങനെ പറഞ്ഞുവെങ്കിലും ഒരു സുഹൃത്തിനോട് അഭിമാനപൂർവം അച്ഛൻ പറയുന്നത് ഞാൻ ഒളിച്ചുനിന്നു കേട്ടു, “അവൻ എഴുതിയ കവിത വായിച്ചാൽ വലിയ ഒരാള് എഴുതി യതാണെന്നേ തോന്നൂ.”
ഞാൻ മാഗസിൻ കയ്യിലെടുത്തു അതിന്റെ താളുകൾ മറിച്ചു കൊണ്ടിരുന്നപ്പോൾ അക്കാലത്തു എന്റെ പ്രിയ അധ്യാപികയും അയൽക്കാരിയുമായ മാലതിടീച്ചറുടെ കവിത കണ്ണിൽപ്പെട്ടു. അതിലെ രണ്ടു വരികൾ ഇപ്പോഴും എനിക്ക് നല്ലപോലെ ഓർക്കാൻ കഴിയും. വീട്ടുമുറ്റത്തെ തോട്ടത്തിൽ ഒരു ബാലൻ കളിച്ചുകൊണ്ടി രിക്കുന്നതു കണ്ടു ടീച്ചർ എഴുതി,
ഏതോ രണ്ടാത്മാക്കൾ തൻകിനാവിൽ
പൂത്തതാണാ കൊച്ചു കോമളാംഗൻ.”
ആ കവിത അക്കാലത്തു സ്കൂളിലുണ്ടാക്കിയ കോളിളക്കം ഇന്നും ഞാൻ ഓർക്കുന്നു. മാലതിടീച്ചറുടെ ചേച്ചിയായ പാർവ്വതിടീച്ചറും ഞങ്ങളുടെ സ്കൂളിലെ ടീച്ചറാണ്. തന്നെ അറിയിക്കാതെ തന്നെ അപമാനിക്കാനായിമാത്രം അത് പ്രസിദ്ധീകരിച്ചതാണെന്ന് പാർവ്വതി ടീച്ചർ ആരോപിച്ചു. അവരിരുവരും അവിവാഹിതരായിരുന്നു. അവർക്കു മുകളിൽ അവിവാഹിതയായ ഒരു ചേച്ചിയും അനുജനും ഉണ്ടായിരുന്നു. ടീച്ചർമാരുടെ സംരക്ഷണയിലാണ് അവരിരുവരും കഴിഞ്ഞിരുന്നത്.
അവർ തമ്മിലുള്ള സംഘർഷം അധികം താമസിയാതെ ടീച്ചേർസ് റൂമിലേക്കും പടർന്നു. മറ്റുള്ള ടീച്ചർമാർക്കു ഇതൊരു തമാശ! മുതിർന്ന ചില വിദ്യാർഥികൾ വിചാരിച്ചു, ടീച്ചർമാരുടെ വീട്ടിൽ നടക്കുന്നതൊക്കെ എനിക്ക് അറിയാമായിരിക്കും എന്ന്. അവർ ഞങ്ങളുടെ അയൽവാസികളാണല്ലോ. വെറും ഒരു പന്ത്രണ്ടു വയസ്സു കാരൻ അവരുടെ വീട്ടിലെ രഹസ്യങ്ങൾ എങ്ങനെ അറിയാനാണ്?
മാഗസിൻ ഇറങ്ങിയിട്ട് ഒന്ന് രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടാണെന്നു തോന്നുന്നു, അവരുടെ സംഘർഷത്തിന്റെ മാറ്റൊലി ഞങ്ങളുടെ വീട്ടിലുമെത്തി. ഒരു ദിവസം ഉച്ചയ്ക്കുശേഷം അമ്മ അയൽപക്കത്തെ ഏതോ സ്ത്രീയുമായി വെടി പറയുന്നത് ഞാൻ കേൾക്കാൻ ഇടയായി.
“എന്തന്നെ ആയാലും മാലതി സ്കൂൾ മാഗസിനിൽ അത് എഴുതിയത് കടന്ന കയ്യായിപ്പോയി.”
ഞാൻ അവിടെച്ചെന്നു അമ്മയോട് ചോദിച്ചു, “അമ്മെ, എന്താ സംഭവിച്ചത് ?”
അമ്മയ്ക്ക് എന്റെ ഇടപെടൽ തീരെ ഇഷ്ടമായില്ല. “ചെറിയ കുട്ടികൾക്ക് വലിയോരു വർത്താനം പറയുന്നോടത്ത് എന്താ കാര്യം? കടന്നു പോ.”
ഞാൻ വിശദീകരിച്ചു, “പലരും ആ കവിതയെക്കുറിച്ചു എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രശ്നം എന്താണെന്നു ആർക്കുമറിയില്ല.”
അമ്മയുടെ തീക്ഷ്ണമായ നോട്ടം കണ്ട് അപ്പോൾ ഞാൻ പിൻവാങ്ങിയെങ്കിലൂം കാര്യമെന്തെന്ന് അറിയാനുള്ള ജിജ്ഞാസ എന്നെ അലട്ടിക്കൊണ്ടിരുന്നു. വൈകാതെത്തന്നെ എനിക്ക് കാര്യം പിടി കിട്ടി.
പാർവ്വതിടീച്ചർ ദുരെയുള്ള ഒരു അനാഥാലയത്തിൽനിന്ന് ഒരു കുഞ്ഞിനെ ദത്തെടുത്ത കാര്യം കഴിഞ്ഞവർഷം സ്കൂളിൽ എല്ലാവരും അറിഞ്ഞിരുന്നു. അതിലെന്താണ് തെറ്റ്? ഒന്നുമില്ല.പക്ഷെ അടുത്തു അനാഥാലയങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാണ് ദൂരെയുള്ള അനാഥാലയത്തിൽനിന്ന് ദത്തെടുക്കുന്നത്? ടീച്ചറുടെ കുടുംബത്തെ നന്നായി അറിയുന്ന ചിലർക്കാണ് സന്ദേഹം.
ദത്തെടുക്കുന്നതിനുമുമ്പ് പാർവ്വതി ടീച്ചർ നാലുമാസം സിക്ക്ലീവി ലായിരുന്നു. ഉദരസംബന്ധമായ ഏന്തോ രോഗമണെന്നാണ് കേട്ടത്. മംഗലാപുരത്തുള്ള ഒരു ആസ്പത്രിയിലായിരുന്നു ചികിത്സ. അടുത്തു തന്നെ മെഡിക്കൽകോളേജ് ആസ്പത്രി ഉണ്ടാകുമ്പോൾ എന്തിനാണ് അത്ര ദൂരെയുള്ള ആസ്പത്രിയിലേക്ക് പോകുന്നത്? കുഞ്ഞിനെ ദത്തെടുത്ത അനാഥാലയവും അവിടെത്തന്നെ. പാർവ്വതിടീച്ചർ ചികിത്സയിലായിരുന്നപ്പോൾ മാലതിടീച്ചർ ഒരിക്കൽപോലും അവരെ കാണാൻ പോയിട്ടില്ല. മുതിർന്ന ചേച്ചിയാണ് കൂടെ പോയത്.
സിക്ക്ലീവ് അവസാനിക്കുന്നതിനു ഏതാനും ദിവസം മുമ്പുതന്നെ പാർവ്വതിടീച്ചർ മടങ്ങി വന്നു. ഏതാനും ദിവസം കഴിഞ്ഞു അവർ മടങ്ങിപ്പോയി ദത്തുപുത്രനുമായി മടങ്ങിവന്നു. കുഞ്ഞിന്നു ഏതാനും ദിവസത്തെ പ്രായമേ അപ്പോൾ ഉണ്ടായിരുന്നുളളൂ. നാട്ടുകാർ രണ്ടും രണ്ടും കൂട്ടി ഉത്തരം കണ്ടെത്തി. ശിശു പാർവ്വതി ടീച്ചറുടേതുതന്നെ. അവർ അവിവാഹിതയാണെങ്കിലും, ടീച്ചറുടെ വീടിന്നടുത്തുള്ള ബാഡ് മിന്റൺ കോർട്ടിൽ സ്ഥിരമായി കളിക്കാൻ വരാറുണ്ടായിരുന്ന സുമു ഖനായ ഒരു യുവാവ് സ്ഥലത്തുനിന്നു അപ്രത്യക്ഷനായതോടെ കിംവദന്തികൾക്ക് ശക്തി കൂടി.
ദത്തുപുത്രനായ വിനോദ് കാണാനഴകുള്ള ഒരു ബാലനായിരുന്നു. കണ്ടവരെല്ലാം അവനെ ലാളിക്കാൻ കൊതിച്ചു. അവനെ അടുത്തുള്ള സ്കൂളിൽ ചേർത്തപ്പോൾ, ഏറ്റവും വില കൂടിയ ഉടുപ്പുകളാണ് ധരിച്ചിരുന്നത്. മറ്റു കുട്ടികൾക്ക് സ്വപ്നം കാണാനുംകൂടി സാധിക്കാത്തത്ര വില കൂടിയ ഉടുപ്പുകൾ! മാലതി ടീച്ചറുടെ കവിത വിനോദിനെ പറ്റിയായിരുന്നു.
എസ് എസ് എൽ സി പാസ്സായ ഉടനെ ഞാൻ ദുരെയുള്ള ഒരു കോളേജിൽ ഉപരിപഠനത്തിന്നായി പോയി. എന്റെ മുതിർന്ന ബന്ധുക്കളെല്ലാം അവിടെയായിരുന്നു പഠിച്ചിരുന്നത് എന്നതിനാലാണ് എന്നെ അവിടെക്കയച്ചത്. അക്കാലത്തുതന്നെ മാലതിടീച്ചർ ബി എയ്ക്ക് പ്രൈവറ്റായി പഠിച്ചിരുന്നുവെന്നു ഞാൻ കേട്ടിരുന്നു. പത്താം ക്ളാസ്സുവരെ പഠിച്ചവർക്ക് തേഡ് ഫോറം വരെയേ പഠിപ്പിക്കാൻ അനു വാദമുണ്ടായിരുന്നുള്ളു. റെയിൽവേ സ്റ്റേഷനിൽ കണ്ടപ്പോൾ ടീച്ചർ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അയൽക്കാരും ടീച്ചറുമായിരുന്നതുകൊണ്ട് ഞങ്ങൾ വണ്ടിയിൽ നാടെത്തുന്നതുവരെ ഒന്നിച്ചു യാത്ര ചെയ്തു. എന്റെ പഠനത്തെ കുറിച്ച് അവർ താല്പര്യത്തോടെ അന്വേഷിച്ചു. റിസൾട്ട് വന്നാൽ ലീവെടുത്തു ബി എഡ് ചെയ്യാൻ പോകുന്നുണ്ടെന്നും പറയുകയുണ്ടായി.
അടുത്ത രണ്ടു വർഷക്കാലം അവരെക്കുറിച്ചു ഞാൻ വിശേഷാൽ ഒന്നും കേൾക്കായുണ്ടായില്ല.
ഞാൻ ഡിഗ്രി മൂന്നാംവർഷത്തിലായിരിക്കുമ്പോൾ മാലതിടീച്ചറുടെ വിവാഹഫോട്ടോ മാതൃഭൂമി വാരികയിൽ കാണുകയുണ്ടായി. അക്കാലത്തെ വാരിക നവവധൂവരന്മാരുടെ വിവാഹഫോട്ടോ സൗ ജന്യമായി പ്രസിദ്ധീകരിക്കുമായിരുന്നു. ടീച്ചർ ബി എഡിനു പഠിക്കുമ്പോൾ സഹപാഠിയും അടുത്തവർഷം സഹധ്യാപകനുമായിരുന്ന ഒരാളായിരുന്നു വരൻ. മനസ്സുകൊണ്ട് ഞാൻ അവർക്ക് മംഗളം നേർന്നു.
പാർവ്വതിടീച്ചർ അപ്പോഴും അവിവാഹിതയായിരുന്നു.
അധികം വൈകാതെ മാലതിടീച്ചറുടെ ഭർത്താവ് ദിവാകരൻ മാസ്റ്ററെ പരിചയപ്പെടാനായി. അദ്ദേഹം ടീച്ചറുടെ വീട്ടിലേക്കു താമസം മാറ്റി യിരുന്നു. അദ്ദേഹം മുമ്പുതന്നെ വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമായിരുന്നു. മാലതിടീച്ചറെ വിവാഹം ചെയ്യാനായി അദ്ദേഹം മുൻപത്നിയെ ഉപേക്ഷിച്ചിരുന്നു. എങ്കിലും മകളുടെ ചിലവുകളെല്ലാം അദ്ദേഹം വഹിച്ചിരുന്നുവത്രെ.
അധികം വൈകാതെ മറ്റൊരു ബോംബ് പൊട്ടി.
പാർവ്വതിടീച്ചർക്ക് വീണ്ടും ഉദരരോഗം. ചരിത്രം ആവർത്തിച്ചു. പണ്ടത്തെ അനാഥാലയത്തിൽനിന്നു ടീച്ചർ മറ്റൊരു ആൺകുഞ്ഞിനെ ദത്തെടുത്തു.
അഗ്നിപർവതം വീണ്ടും പൊട്ടി. പക്ഷെ കവിത ഉണ്ടായില്ല. മാലതി ടീച്ചർ മറ്റൊരു സ്കൂളിലേക്ക് മാറ്റം വാങ്ങി അങ്ങോട്ട് മാറി. അവിടെ ഒരു വാടകവീടും സംഘടിപ്പിച്ചു. മാസ്റ്റർ ടീച്ചറിൽനിന്നു വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നും, പക്ഷെ അത് നിരസിക്കപ്പെട്ടു വെന്നും നാട്ടിൽ പാട്ടായിരുന്നു.
മാലതിടീച്ചർ മച്ചിയാണെന്നും തന്മൂലം വിവാഹമോചനം നേടി പാർവ്വതി ടീച്ചറെ വിവാഹം ചെയ്യാനായിരുന്നു മാസ്റ്ററുടെ പദ്ധതി യെന്നും പക്ഷെ മാലതി ആ ആവശ്യം നിരാകരിച്ചെന്നും കിംവദന്തി ഉണ്ടായിരുന്നു. അതല്ല, തന്റെ രണ്ടാമത്തെ പുത്രന്റെ അച്ഛനായ ദിവാകരൻ മാസ്റ്റർ അനുജത്തിയെ വിവാഹമോചനം ചെയ്ത് തന്നെ വിവാഹം ചെയ്യണമെന്ന് പാർവ്വതിടീച്ചർ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ഭാഷ്യം.
അങ്ങനെ വേർപിരിയാത്ത സഹോദരിമാർ തീർത്തും അപരിചിതരായി മാറി.
അടുത്തുള്ള ഒരു അനാഥാലയത്തിൽനിന്നു മാലതിടീച്ചർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. ദിവാകരൻമാസ്റ്ററുടെ സന്താന വാത്സല്യം മറ്റൊരിടത്തേക്ക് ഒഴുകിപ്പോകരുത് എന്ന് കരുതിയിട്ടായി രുന്നുവത്രെ ആ ദത്തെടുക്കൽ.
കുറേകാലം നാട്ടിൽനിന്ന് മാറിനിന്നശേഷം അവസാനം ഞാൻ മുംബെയിൽ സ്ഥിരതാമസമാക്കി. കുറച്ചു കാലത്തിനുശേഷം ഞാൻ നാട്ടിൽ പോയപ്പോൾ അറിഞ്ഞു, പാർവ്വതിടീച്ചർ അർബുദരോഗം പിടിപെട്ട് മരിച്ചുപോയെന്ന്. വിനോദിനെ അവർ ഒരിക്കലും സ്വന്തം പുത്രനായി അംഗീകരിച്ചിരുന്നില്ലത്രേ. പക്ഷെ രണ്ടാമത്തെ കുഞ്ഞായ പ്രവീണിനെ ദിവാകരൻ മാസ്റ്ററിൽനിന്ന് തനിക്ക് ഉണ്ടായ കുഞ്ഞായി അംഗീകരിക്കാൻ അവർ നിർബന്ധിതയായി. ഈ വിവരം എന്നോട് പറഞ്ഞത്, ഞങ്ങളെ ഒമ്പതിലും പത്തിലും സയൻസ് പഠിപ്പിച്ച, പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ, ജോസഫ് മാസ്റ്ററായിരുന്നു.
ജീവിതാന്ത്യം ആയെന്ന് തോന്നിയപ്പോൾ, തനിക്കൊന്നു കാണണമെന്നു പാർവ്വതിടീച്ചർ അദ്ദേഹത്തെ അറിയിച്ചത്രെ. ചെന്ന് കണ്ടപ്പോൾ, അവരുടെ ആവശ്യം, പ്രവീൺ തന്റെ സ്വന്തം പുത്രനാണെന്നും തന്റെ സർവ്വ സ്വത്തുക്കൾക്കും സർക്കാരിൽനിന്നു പെൻഷൻ പറ്റുമ്പോൾ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങൾക്കും അവനാണ് അവകാശി എന്നും അതിനുവേണ്ട സഹായം ചെയ്യണമെന്നും ആയിരുന്നു.
അല്പനേരം ആലോചിച്ചിരുന്നശേഷം ജോസഫ് മാസ്റ്റർ കൂട്ടിച്ചേർത്തു, വിനോദിനെ എല്ലാ അവകാശങ്ങളിൽനിന്നും മാറ്റി നിർത്തിയത് അവർ ചെയ്ത തെറ്റായിരുന്നു എന്ന്. വിനോദ് ഒന്നാംക്ളാസ്സോടെ പത്താംതരം പാസ്സായപ്പോൾ അവനെ കോളേജിലേക്കയക്കാൻ അവർ മുതിർന്നില്ല. അവർക്ക് അവനോട് ഒരുതരം ശത്രുത ഉണ്ടായിരുന്നതുപോലെ തോന്നിയിരുന്നുവത്രെ. ഒരുപക്ഷെ അവന്റെ യഥാർത്ഥ പിതാവ് അവനെക്കുറിച്ചു അന്വേഷിക്കുകയോ അവന്റെ ചിലവിലേക്കു എന്തെങ്കിലും സാമ്പത്തികസഹായം ചെയ്യുകയോ ചെയ്യാത്തതിന് പക തീർക്കുകയായിരുന്നു എന്നുമാണ് അദ്ദേഹ ത്തിന്റെ പക്ഷം. ദിവാകരൻമാസ്റ്റർ രഹസ്യമായിട്ടായിരുന്നുവെങ്കിലും പണം കൊടുക്കുമായിരുന്നത്രെ. ടീച്ചർക്ക് അതിന്റെ ആവശ്യം ഉണ്ടായിട്ടല്ല, എങ്കിലും ഒരു സന്തോഷം. ഹൃദയവ്യഥ സഹിക്കാനാ കാതെ വിനോദ് നേവിയിൽ ചേർന്ന് നാട് വിട്ടു.
ഒരിക്കൽ വിനോദ് മുംബെയിലെ എന്റെ വീട്ടിൽ വന്നിരുന്നു, നാട്ടുകാരും പഴയ അയൽക്കാരുമെന്ന പരിഗണനയിൽ. എന്റെ അനിയനായിരുന്നു അവന് മേൽവിലാസം നൽകിയത്. ഉച്ചഭക്ഷണ ത്തിനുശേഷം വിനോദ് തന്റെ മനസ്സ് എന്റെ മുന്നിൽ തുറന്നു.
തുടക്കത്തിൽ അയാൾ പാർവ്വതിടീച്ചർക്ക് എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നുവത്രെ. പക്ഷെ പണം കിട്ടിയ വിവരം അവർ ഒരിക്കലും എഴുതിയിട്ടില്ലത്രെ. തന്നെ കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിട്ടില്ല. അക്കാര്യം തന്നെ അതിയായി വേദനിപ്പിച്ചതായി വിനോദ് പറഞ്ഞു; കരഞ്ഞു. പ്രവീണിന്റെ ജനനശേഷം സ്നേഹം നിറഞ്ഞ ഒരു നോട്ടംപോലും തനിക്കു അമ്മയിൽനിന്നു ലഭിച്ചിട്ടില്ല. ഭക്ഷണം ലഭിച്ചിരുന്നതുകൊണ്ട് ജീവിച്ചു എന്നുമാത്രം. ഒരു യാന്ത്രികജീവിതം! വലിയമ്മയായിരുന്നു ഭക്ഷണം വിളമ്പി തന്നിരുന്നത്. വസ്ത്രം കീറുമ്പോഴോ, പാകമാകാതെ വരു മ്പോഴോ, ചോദിച്ചെങ്കിലും മാത്രം, പുതിയ വസ്ത്രം കിട്ടി. സ്കൂളിലെ മറ്റു ടീച്ചർമാർക്കെല്ലാം തന്നോട് അനുകമ്പയായിരുന്നു. പക്ഷെ എന്തെങ്കിലും വിധത്തിൽ സഹായിച്ചാൽ അമ്മ അവരുമായി വഴക്കി ടുമായിരുന്നു.
പോകാൻ നേരത്തു വിനോദ് പറഞ്ഞു, “എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല, എന്തിനാണവർ എന്നെ അനാഥാലയത്തിൽനിന്നു കൊണ്ടുവന്നതെന്ന്. അവിടെ ആയിരുന്നെങ്കിൽ എനിക്ക് കൂടുതൽ സ്നേഹവും വാത്സല്യവും ലഭിച്ചേനെ! ഈ ലോകത്തു ആർക്കുംതന്നെ എന്നെ വേണ്ട.”
മാലതിടീച്ചറിൽനിന്നും എന്തെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ, അവർക്കു തന്നോട് കൂടുതൽ സ്നേഹമുണ്ടാ യിരുന്നു എന്ന് വിനോദ് പറഞ്ഞു. പക്ഷെ അവരുമായി കാണുകയോ സംസാരിക്കുകയോ ചെയ്തെന്ന് അറിഞ്ഞാൽ അമ്മയുടെ ഭർത്സനം ഉറപ്പായിരുന്നു.
പിന്നീടൊരിക്കലും ഞാൻ വിനോദിനെ കണ്ടിട്ടില്ല. എവിടെയാണാവോ?
അടുത്ത കാലത്തു അറിഞ്ഞു, പ്രവീൺ സ്വത്തെല്ലാം വിറ്റു സ്ഥലം വിട്ടെന്ന്. ആർക്കും അയാളെ കുറിച്ച് ഒരു വിവരവും ഇല്ല.
ഒരു കവിതയിലെ രണ്ടു വരികൾ വരുത്തിയ ദുരന്തം!
“അച്ഛനെന്താണ് ഒരു മാഗസിനും കയ്യിൽ പിടിച്ചു ആലോചിച്ചിരി ക്കുന്നത്?” ദേവൻ ചോദിക്കുന്നത് കേട്ട് ഞാൻ ആലോചനയിൽ നിന്നുണർന്നു .
ഈ പുസ്തകങ്ങളും മാസികകളും ഇനിയാർക്കും ഉപകാരപ്രദമാവില്ല. അവ ഇനിയിവിടെ ഇരുന്നാൽ എന്റെ മനസ്സമാധാനം കെടും. ഞാൻ അവയെല്ലാം ഒരു കൊട്ടയിലേക്കു മാറ്റി എഴുനേറ്റു. ഇനിയിത് എവിടെയെങ്കിലും ഉപേക്ഷിക്കണം.

By സത്യനാഥൻ
Mob.:098336 77962
