സമയമില്ലെനിക്കൊന്നുമെഴുതുവാൻ
സാദമുള്ളൊരാ ചിന്തകൾ കാരണം
ലക്ഷ്യമില്ലാതെയുള്ളൊരീ യാത്രയിൽ
അക്ഷരങ്ങളുമെന്നോ മറന്നപോൽ
അന്നുഞാൻ വിടചൊല്ലിപ്പിരിഞ്ഞതിൽ –
പ്പിന്നറിഞ്ഞു പെറ്റമ്മതൻ വാത്സല്യം
നാളെയെന്തെന്ന നേര് കാട്ടീടുവാൻ
നീ കെടുത്താതിരുന്ന ചിരാതുകൾ
പൂനിലാവിലും ഭീതിയേറുന്നമ്മേ
ഉടല് നീറുന്ന മേച്ചിൽപ്പുറങ്ങളിൽ
കരുതലിൻ ഛായ തേടി ഞാനകലെയായ്
പതിവുപോലിന്നുമേകയായലയുന്നു
കൂടെയുണ്ടെന്നുറപ്പിച്ചു കണ്ടവർ
കൂടുവിട്ടു പറന്നകന്നീടുമ്പോൾ
കാറുമൂടിപ്പരന്നൊരാകാശമായ്
മനസ്സ് വിങ്ങുന്നു പെയ്തൊന്നടങ്ങുവാൻ
മണ്ടിയാണമ്മേ ഞാനെന്ന പെണ്ണിവൾ
കണ്ടതൊക്കെയും പാഴാം കിനാവുകൾ
മുന്നിലാട്ടം കളിയ്ക്കുന്ന കോമരക്കൂട്ടമൊന്നായലറുന്ന കാഴ്ചകൾ
ശീലമായെനിക്കിന്നീ ചുവരുകേളറ്റു
ചൊല്ലുന്ന മൂകവിലാപങ്ങൾ
തോടിനുള്ളിൽ കുടുങ്ങിയ മുത്തുപോൽ
ആഴിയിൽ കരകാണാതെ ജീവിതം!
എങ്കിലുമെൻ്റെ ചുണ്ടിൽ വിരിയാറുണ്ടഞ്ചിതൾപ്പൂ വിടർന്നപോൽ ഹാസവും
അമ്മവീടിൻ്റെയോർമ്മകൾ വന്നെന്നെ
കൈപിടിച്ചാനയിക്കുമാ വേളയിൽ
അങ്കണത്തൊരു കോണിലെ മാവിലായ്
മുല്ലവള്ളികളൊക്കെ പടർന്നുവോ?
അന്നുഞാൻ നട്ട കുഞ്ഞിക്കിളിർപ്പുക-
ളിന്നു പൂമരമായി തളിർത്തുവോ ?
അന്തിനേരം മറയുമീ യാമത്തിൽ
ചിന്തകളെന്നെയൊന്നായ്പ്പുണരവേ
പിൻതിരിഞ്ഞിന്ന് പോകുന്നു വീണ്ടുമീ
നേരുകൾ തീർത്ത ചങ്ങലയ്ക്കുള്ളിലായ്.

ദീപ ബിബീഷ് നായർ.
