അമ്മേ,
കണ്ണൊന്നടച്ച് ഓർമ്മകളെ ഇന്നലെകളിലേക്ക് മേയാൻ വിടണം….
കൗമാര ചാപല്യങ്ങൾ ഉള്ളിലൊളിപ്പിച്ച് എന്തും അനുസരണയോടെ കേൾക്കുന്ന ഒരു നിഷ്കളങ്കയായ പാവാടക്കാരിയെ നിങ്ങൾക്കവിടെ കാണാം….
അറവുമാടിനെപ്പോലെ നിങ്ങൾ വിറ്റു കളഞ്ഞ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ ചെവിയോർത്താൽ നിങ്ങൾക്ക് കേൾക്കാം….
അഡ്ജസ്റ്റ് ചെയ്തു ചെയ്തു സ്വയം ജീവിക്കാൻ മറന്നു പോകുന്ന മറ്റൊരു സീതയെ നിങ്ങൾക്ക് കാണാം.
മോഹങ്ങളുടെ പച്ചപ്പിൽ നീണ്ടു കിടക്കുന്ന ഒറ്റയടിപ്പാതകളിലൂടെ കളഞ്ഞു പോയ എന്തൊക്കെയോ തിരയുന്ന ഒരുവളെ നിങ്ങൾക്കു കാണാം….
രാപ്പകൽ വ്യത്യാസമില്ലാതെ മുന്നിലുള്ള തെളിച്ചത്തിൽ തിരികെ വഴിതേടിയലയുന്ന ഒരു പാവം പെണ്ണിനെ നിങ്ങൾക്കവിടെ കാണാം….
അവഗണനയുടെ തീച്ചൂളയിൽ കത്തിയെരിയുമ്പോൾ,ആരോടൊക്കെയോ വഴക്കടിക്കുന്ന, പിണങ്ങി നടക്കുന്ന, മുൻ ശുണ്ഠിക്കാരിയായ ഒരുവളെ നിങ്ങൾക്ക് കാണാം……
നാട്ടുകാരെ പേടിച്ച്, നാണക്കേട് ഭയന്ന് നാവടക്കാൻ പറയുമ്പോൾ നരകജീവിതം നയിക്കേണ്ടി വരുന്ന നിശബ്ദയായ ഒരുവളുടെ അടക്കിപ്പിടിച്ച ഗദ്ഗദം കാതോർത്താൽ നിങ്ങൾക്ക് കേൾക്കാം….
സ്വന്തം വീട്ടിൽ (ജനിച്ച വീട് വിവാഹത്തോടെ സ്വന്തമല്ലാതാകുന്നുവെങ്കിലും) വന്നു കൊതി തീരെ താമസിക്കാൻ വെമ്പുന്ന ഒരു മകളെ നിങ്ങൾക്ക് കാണാം…
ഒരു വിവാഹം കഴിഞ്ഞതോടെ അന്ധയും ബധിരയും മൂകയും ആയിപ്പോയ ഒരു ജന്മത്തെ നിങ്ങൾക്ക് കാണാതെ കാണാം..
സഹായമഭ്യർത്ഥിക്കുമ്പോൾ ഒരു കരുതലായി കൂടെ നിൽക്കാതെ നാമുൾപ്പെടുന്ന സമൂഹത്തെ പേടിച്ച് തിരികെ പറഞ്ഞയക്കുമ്പോൾ , എല്ലാ പ്രതീക്ഷയും അസ്തമിച്ച് മരണം മുന്നിൽ കാണുന്ന ഒരു പെണ്ണിൻ്റെ അവസാനത്തെ യാത്രയും നിങ്ങൾക്ക് കാണാം..
ഒടുവിൽ ജനിച്ചു പോയതു കൊണ്ടു മാത്രം, ഇത്രയും നാൾ ജീവിച്ച് ആർക്കും വേണ്ടാതെ ഒരു കയറിലോ, ഒരു തുണിക്കഷണത്തിലോ ജീവനൊടുക്കുമ്പോൾ ,
എല്ലാ ആഗ്രഹങ്ങളുമീ ഭൂമിയിൽ ഉപേക്ഷിച്ച് അവൾ തിരികെ നടക്കുമ്പോൾ, ഒരു പ്രഹസനത്തിന് വേണ്ടി പോലും പറയരുത് ജീവിച്ചു കാണിക്കണമായിരുന്നു എന്ന്….
കാരണം, എങ്ങനെ ജീവിക്കും? നിങ്ങളുൾപ്പെടുന്ന സമൂഹം, വാക്കുകൾ കൊണ്ട്, നോട്ടം കൊണ്ട് വീണ്ടും വീണ്ടും കൊത്തി മുറിവേൽപ്പിക്കുമ്പോൾ….. ഇല്ല കഴിയുന്നില്ല….. അതാണ്…. അവസാനമായി ജീവനൊടുക്കുന്ന ഓരോ പെണ്ണിനും പറയാനുള്ളത്…..
അങ്ങനെ പിന്നെയും പിന്നെയും ഒത്തിരിപ്പേർ….
(ഇന്ന് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്, എങ്കിലും കാലാനുസൃതമായിക്കിട്ടിയ ചില കീഴ്വഴക്കങ്ങൾ അതേ പടി തുടരാനാണ് പലർക്കും ഈ നൂറ്റാണ്ടിലും ഇഷ്ടം എന്നത് കഷ്ടം തന്നെ.)

ദീപ ബിബീഷ് നായർ
