മഴ

by Kerala In Mumbai
0 comments

ചിലപ്പോൾ അങ്ങനാണ്. ഒരു മുന്നൊരുക്കവുമില്ലാതെ പെട്ടെന്ന് വന്ന് തോർന്നൊഴിഞ്ഞു പോകും.

ചിലപ്പോഴാകട്ടെ, മുഖമാകെ വീർപ്പിച്ച് കെട്ടി ഇപ്പോൾ പൊട്ടിക്കരയുമെന്നതു പോലെ, പക്ഷേ ഒരു കാറ്റ് വന്നു വിളിച്ചാലുടൻ അവൾ കൂടെപ്പോകും.

ചിലപ്പോൾ പതുക്കെ ഒരു ഏങ്ങിക്കരച്ചിലിൽ തുടങ്ങി വാ വിട്ടു നിലവിളിക്കാറുണ്ട് അവൾ.

ചിലപ്പോഴൊക്കെ അവളുടെ ഉള്ളിലെ ദേഷ്യം സർവ്വതും തകർത്തു തരിപ്പണമാക്കുന്ന വിധം അക്രമാസക്തയാകാറുണ്ട്.

മറ്റ് ചിലപ്പോൾ ഒരു ഭ്രാന്തിയെപ്പോലെ അടക്കം പറച്ചിലും പൊട്ടിക്കരച്ചിലും ക്ഷണികതേജസും പ്രകമ്പനവുമൊക്കെയായി കുറേ നേരം നീണ്ടുനിൽക്കും.

എങ്കിലും എനിക്കവളെ ഇഷ്ടമാണ്. ആ വരവിനായി കാത്തുനിൽക്കുന്ന ഒരു പൂവിതളായ് മാറാറുണ്ട് ഞാൻ. ആ സ്പർശനത്തിനായി കാത്തു നിൽക്കുന്ന പുൽനാമ്പാകാറുണ്ട്. അവളുടെ ഈരടിയിൽ മയങ്ങുന്ന കൂട്ടുകാരിയാകാറുണ്ട്.


ദീപ ബിബീഷ് നായർ


Leave a Comment