മലയാളം മിഷൻ : ലോകമലയാളികൾക്കായി മാതൃഭാഷയുടെ കൈത്താങ്ങ്

by Kerala In Mumbai
0 comments

മലയാളം നമ്മുടെ ഭാഷ മാത്രമല്ല, കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളും തലമുറകളിലേക്ക് കൈമാറുന്ന പ്രധാന കണ്ണിയാണ്. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലുമായി കഴിയുന്ന മലയാളികളുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷ പഠിക്കാനും മലയാള സംസ്കാരവുമായി ബന്ധം നിലനിർത്താനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ശ്രദ്ധേയമായ പദ്ധതിയാണ് മലയാളം മിഷൻ.

കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ 2009 ജനുവരി 19-ന് നിലവിൽ വന്നു. പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചാണ് വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. 2009 ഒക്ടോബർ 22-ന് ഡൽഹിയിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളി കുട്ടികൾക്കും മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സൗജന്യമായി മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്നതാണ് മലയാളം മിഷന്റെ പ്രധാന ലക്ഷ്യം. ഭാഷാപഠനത്തോടൊപ്പം കേരളത്തിന്റെ ചരിത്രം, സംസ്കാരം, സാഹിത്യം, പാരമ്പര്യം എന്നിവ പുതിയ തലമുറയിലേക്ക് എത്തിക്കാനും മിഷൻ ശ്രമിക്കുന്നു.

മലയാളം മിഷന്റെ പഠനം പ്രധാനമായും നാല് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. കണിക്കൊന്ന എന്നത് പ്രാഥമിക തലത്തിലുള്ള രണ്ട് വർഷത്തെ കോഴ്സാണ്. ആറു വയസ്സ് കഴിഞ്ഞവർക്ക് ഇതിൽ പ്രവേശിക്കാം. തുടർന്ന് സൂര്യകാന്തി എന്ന രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സും ആമ്പൽ എന്ന മൂന്ന് വർഷത്തെ ഹയർ ഡിപ്ലോമ കോഴ്സും പഠിക്കാം. ഏറ്റവും ഉയർന്ന ഘട്ടമായ നീലക്കുറിഞ്ഞി മൂന്ന് വർഷത്തെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സാണ്. ഇതിലൂടെ പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് അവസരവും ലഭിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപീകരിച്ചിട്ടുള്ള ചാപ്റ്ററുകളും പഠനകേന്ദ്രങ്ങളും വഴിയാണ് മലയാളം മിഷന്റെ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പ്രാദേശിക മലയാളി സംഘടനകളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് സൗഹൃദപരമായ അന്തരീക്ഷത്തിൽ മലയാളം പഠിക്കാനുള്ള അവസരം ലഭിക്കുന്നു. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം കാലാനുസൃതമായി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനരീതികൾക്കും പ്രാധാന്യം നൽകുന്നു.

മാതൃഭാഷയിലൂടെ സ്വന്തം സംസ്കാരത്തെയും വേരുകളെയും തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതിൽ മലയാളം മിഷന് വലിയ പങ്കുണ്ട്. വിദേശരാജ്യങ്ങളിൽ വളരുന്ന മലയാളി കുട്ടികൾക്ക് മലയാളം സംസാരിക്കാനും വായിക്കാനും എഴുതാനും പഠിക്കുന്നതിനൊപ്പം കേരളീയ ജീവിതവും മൂല്യങ്ങളും മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.

ആഗോളവൽക്കരണത്തിന്റെ കാലത്ത് പുതിയ തലമുറ പല ഭാഷകളും സംസ്കാരങ്ങളും പരിചയപ്പെടുമ്പോൾ സ്വന്തം മാതൃഭാഷയുമായുള്ള ബന്ധം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഭാഷയെ സംരക്ഷിക്കുന്നതിനൊപ്പം മലയാളികളുടെ സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് തന്റെ ഭാഷയോടും സംസ്കാരത്തോടുമുള്ള ബന്ധം നിലനിർത്താൻ സഹായിക്കുന്ന ഒരു പാലമാണ് മലയാളം മിഷൻ. മലയാള ഭാഷയുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും പ്രവാസി മലയാളികളുടെ അടുത്ത തലമുറയിലേക്കുള്ള കൈമാറ്റത്തിനും ഈ പദ്ധതി നിർണായകമായ സംഭാവനയാണ് നൽകുന്നത്..

രാജീവൻ കാഞ്ഞങ്ങാട്

Leave a Comment