സൗഹൃദം

by Kerala In Mumbai
0 comments

അറിയുകില്ലെനിക്കെന്തു പേർ ചൊല്ലുവാൻ
അന്ധകാരത്തിൽ ബന്ധങ്ങളുഴലുമ്പോൾ
അകലെയായിട്ടുമെന്നിൽ തെളിച്ചൊരാ
ആത്മബന്ധത്തിന്നംശു കിരണങ്ങളെ

നറുനിലാവായ് വീശുന്നു നിൻ പ്രഭ
കരിമുകിലുകൾ ചുറ്റും പരക്കുമ്പോൾ
ചിറകുനൽകുന്നു വീണ്ടും പറക്കുവാൻ
ഉയരെയകലെ കൂടണഞ്ഞീടുവാൻ

നെയ്തൊരുക്കിയ പട്ടു കിനാവുകൾ
ഉരുകുമഗ്നിയിലമരാൻ തുടങ്ങവേ
അകലെയായതാ കാണുന്നു നിന്നിലെ
ആത്മബന്ധത്തിന്നുറവയാം നീരിനെ

ക്ഷണിക മാത്രമാം ജന്മമെടുക്കുവാൻ
പാശമേന്തിയടുക്കും കാലാന്തകൻ
ശിഷ്ടമായൊന്നുമില്ലെനിക്കേകുവാൻ
നഷ്ട സൗഹൃദം തിരികെയേകട്ടെ ഞാൻ.

ദീപ ബിബീഷ് നായർ

Leave a Comment