സ്വന്തം നാടായ ഇരിഞ്ഞാലക്കുടയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, കുട്ടിക്കാലത്ത്, മനസ്സില്‍ എപ്പോഴും ഉയര്‍ന്നു വന്നിരുന്ന ചിത്രം ഒരു വലിയ കുടയുടെതായിരുന്നു. പുറം നാടുകളില്‍ നിന്നും ഇവിടേയ്ക്ക് വരുമ്പോള്‍, കാണുന്ന ഡാണാവ് എന്ന നാലും കൂടിയ വഴിയുടെ ഒത്ത നടുക്ക് കൊണ്ക്രീറ്റില് വാര്‍ത്തെടുത്ത ട്രാഫിക്ക് പോലീസിന്റെ ഒരു കുട ഉണ്ടായിരുന്നു, പഴയ കൊച്ചി രാജാവിന്റെ ഭരണകാലത്ത്. കുട്ടികളായ ഞങ്ങള്‍ വിചാരിച്ചിരുന്നത് ഈ കുടയാണ് ഈ സ്ഥലത്തിനു ഇരിഞ്ഞാലക്കുട എന്ന പേര് കൊടുത്തത് എന്നായിരുന്നു.
എന്നാല്‍, പിന്നീട്, ഒരു കൂട്ടുകാരന് പറഞ്ഞതു, ചെതലന്‍ എന്ന ക്രിസ്ത്യന്‍ കുടുംബക്കാര് ഉണ്ടാക്കിയിരുന്ന “ചെതലന്‍ മാര്‍ക്ക് കുടകള്‍” ആണു ഇരിഞാലക്കുടക്ക് ആ പേര് സമ്പാദിച്ചു കൊടുത്തത് എന്നായിരുന്നു.
പ്രൈമറി ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്ത്, ഒരു മാഷ് പറഞ്ഞു തന്നതു “ ശ്രീ രാമന്റെ പാദുകകള്‍ ഇവിടെ ഒരാലിന്റെ അടിയില്‍ വച്ച് അനുജന് ഭരതന് പൂജിക്കുമ്പോള്‍, ഭയങ്കര മഴ പെയ്യുകയും, അടുത്തുണ്ടായിരുന്ന ഒരു വലിയ ആല്‍മരം അദ്ദേഹത്തിനു മഴ ഏല്‍ക്കാത്തവിധം വിരിഞ്ഞു നില്‍ക്കുകയും ചെയ്തുവത്രേ. അതുകൊണ്ട്, ഈ സ്ഥലത്തിനു “വിരിഞ്ഞ ആല് കുട” എന്ന് പേര് കിട്ടി. ആ പേരാണ് കാലക്രമത്തില്‍ ഇരിഞ്ഞാലക്കുട ആയതു എന്നാണ് .
അതൊന്നും അല്ലാ, രണ്ടു ചെറിയ നദികള്‍ – അതോ ചാലുകളോ – ഇണങ്ങി ചേര്‍ന്നിരുന്ന ഈ പ്രദേശത്തിനു “ഇരുചാല് കൂടല്‍” എന്ന് പേര് ഉണ്ടായിരുന്നുവെന്നും, അതാണ് പിന്നീട് ഇരിഞ്ഞാലക്കുട എന്നായി തീര്‍ന്നതെന്നുo ചില ചരിത്രക്കാര്‍ എഴുതി വച്ചിരുന്നു. അതുകൊണ്ടുതന്നെ ആയിരുന്നു, ഈ സ്ഥലത്തെ പ്രസിദ്ധമായ ക്ഷേത്രത്തിലെ പ്രതിഷ്ടക്കു “കൂടല്‍ മാണിക്യം” എന്നും, “സംഗമേശ്വരന്” (സംഗമ ഈശ്വരന്) എന്നും എല്ലാം പേര് ലഭിച്ചതത്രെ.
ഇവിടുത്തെ പൌരാണിക കുടുംബങ്ങളില്‍, സംഗമേശ്വരന് അല്ലെങ്കില്‍ മാണിക്യന് എന്ന പേരുള്ളവര്‍ ധാരാളം ഉണ്ടായിരുന്നു/ഉണ്ട്. അതുകൊണ്ട്, അവരെ തിരിച്ചറിയാന്‍ പല വിശേഷണങ്ങളും ഉപയോഗിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. കുന്നത്തു മഠത്തിലെ മാണിക്കന് “കുന്നന്” മാണിക്കനും, മരം കേറിയായ മാണിക്കന് ചില്ല മാണിക്കനും, അമ്പി സാമിയുടെ മകന് മാണിക്കന് “അമ്പി മാണിക്കനും” മറ്റും ആയതിന്റെ കഥയും ഇത് തന്നെ. ( ഈ മാണിക്കന് എന്ന പദം നിത്യോപയോഗം മൂലം “മാച്ചന്” എന്നായി തീരാറും പതിവായിരുന്നു )
“അതൊന്നും അല്ലഡോ”, ചരിത്രക്കാരനായ ഒരു ചങ്ങാതി പറഞ്ഞു. അശോക ചക്രവര്‍ത്തിയുടെ കാലം മുതല്ക്കു തന്നെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ബൌദ്ധമതവും, ജൈന വിശ്വാസവും പ്രചാരത്തില്‍ ഉണ്ടായിരുന്നു. ജൈനരുടെ അമ്പലങ്ങളും (ദേരാസര്‍) , സന്യാസാശ്രമങ്ങളും പല സ്ഥലത്തും ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇരിഞ്ഞാലക്കുടയിലെ “സംഗമേശ്വരന്” എന്ന തീര്‍ഥങ്കരന്റെ ദേരാസര്‍. അവിടെ വളരെ ഉയരമുള്ള സംഗമ തീര്‍ഥങ്കരന്റെ ഒരു നഗ്നശിലയും ഉണ്ടായിരുന്നത്രേ. (ഇത് കൊണ്ടായിരുന്നുവത്രേ (ഞങ്ങളുടെ കുട്ടിക്കാലം വരെ), ബ്രാഹ്മണ സ്ത്രീകള്‍ ഈ അമ്പലത്തിന്റെ ശ്രീ കോവിലിലേക്ക് കടക്കാതിരുന്നത്).
ഐതിഹ്യങ്ങളും, ചരിത്രവും എല്ലാം അങ്ങിനെയൊക്കെ പറഞ്ഞു പോകുന്നു.
ക്ഷേത്രകലകള്ക്കു – പ്രത്യേകിച്ച് കൂടിയാട്ടത്തിനുo, ചാക്ക്യാര് കൂത്തിനും – പ്രസിദ്ധമായിരുന്നു ഈ സ്ഥലം. ഉണ്ണായി വാരിയര്‍ “നളചരിതം” രചിച്ചതും, ആട്ടക്കഥയുടെ ചാക്ക്യാര്‍മാരുടെ ഗുരുകുലവും എല്ലാം ഇവിടെത്തന്നെ. കൂടിയാട്ടത്തിന് പത്മഭൂഷണ്‍ വാങ്ങിയ മാധവ ചാക്യാര്‍ എന്ന ഗുരുവിനെ അറിയാത്തവര്‍ ആരുണ്ട്?
ഇരുപതാം നൂറ്റാണ്ടിന്റെ ആറാം ദശകത്തില്‍ ഗ്രാമീണ പാലക്കാടില്‍ “ഖസാക്ക്” സൃഷ്ടിച്ച ഒരു ആധുനിക മലയാള സാഹിത്യകാരന് ജീവിതത്തില്‍ ആദ്യമായി ഇവിടെയെത്തിയ കഥ അദ്ദേഹം തന്നെ (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ) എഴുതി വച്ചിട്ടുണ്ട്. ഇവിടെ കാലു കുത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിനു ഈ പ്രദേശം കേരളത്തില്‍ തന്നെയുള്ളതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു പോലും. കാരണം, ഇവിടത്തുകാര്‍ സംസാരിക്കുന്ന ഭാഷ മലയാളം അല്ല എന്നൊരു തോന്നലും കൂടി ഉണ്ടായി മൂപ്പര്‍ക്ക് . സംശയ നിവൃത്തിക്കായി, ഡാണാവില്‍ ട്രാഫിക്ക് നിയന്ത്രിച്ചിരുന്ന പോലീസുകാരനോട് “ഇവിടെ മലയാളികള്‍ ഉണ്ടോ” എന്ന് അന്വേഷിച്ചതിനു കിട്ടിയ “ഊവ്വല്ലാ..മ്മിണിണ്ടല്ലാ … റപ്പായി, വറീദ്, ഈനാശു …..” എന്ന മറുപടി കേട്ട് പരിഭ്രമിച്ചു വശായിയത്രെ ഇതിഹാസക്കാരന്.
മേല്‍പ്പറഞ്ഞ സാഹിത്യകാരന് ഗയിഡ് ആയി കിട്ടിയത് ഇവിടുത്തെ കൊങ്കിണി ഭാഷ സംസാരിക്കുന്ന സന്നാലന്‍ എന്ന കുടുമ്പി മൂപ്പന് ആയിരുന്നത് കൊണ്ട്, ഈ മൂപ്പന് വഴി ധാരാളം മുതലകള്‍ ഉണ്ടായിരുന്ന ഇവിടുത്തെ തെക്കെ കുളത്തെ കുറിച്ചും, മറ്റു സ്ഥലങ്ങളെയും കുറിച്ച് ധാരാളം വിവരങ്ങള്‍ സമ്പാദിക്കുന്നു സാഹിത്യകാരന്.
ഇവിടെ മുഴത്തിനു മുഴം മെഡിക്കല്‍ ഷാപ്പുകള്‍ ആണെന്നും, ഇവിടെ വരുന്നവര്‍ – ഇരിഞ്ഞാലക്കുട യാത്രയുടെ ഓര്‍മ്മയ്ക്ക് – വാങ്ങി കൊണ്ട് പോകേണ്ടത് ഇവിടുത്തെ സ്പെഷ്യാലിറ്റിയായ ‘പെന്‍സില്ലിന്‍’ ആണെന്നും പറയുന്നു മൂപ്പര് .
അതിനു ശേഷം, ഇവിടെ സംഭവ വികാസങ്ങള്‍ ധാരാളം ഉണ്ടായി. ഇവിടം വലിയൊരു വിദ്യാഭ്യാസ കേന്ദ്രമായി; അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നു. ഇതിന്റെയെല്ലാം ശില്പി ആയിരുന്ന ഗബ്രിയേല്‍ അച്ചനെ രാഷ്ട്രം പദ്മഭൂഷന്‍ നല്കി ബഹുമാനിച്ചു. അതിനു ശേഷം, കുറച്ചു കാലം കഴിഞ്ഞു, ഇവിടുത്തുകാരന്‍ രാധാകൃഷ്ണന് എന്ന വ്യോമ ശാസ്ത്രജ്ഞന് ചൊവ്വയ്ക്ക് ചുറ്റും കറങ്ങുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചു. ഇദ്ദേഹത്തെയും രാഷ്ട്രം ബഹുമാനിച്ചു പദ്മ ഭൂഷണ് നല്കി.
ഇനിയും ഉണ്ട് ഒരുപാടു പ്രസിദ്ധരായ ഇരിഞാലക്കുടക്കാര്. ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ.ഗംഗാധരന്, എഴുത്തുകാരനായ ആനന്ദ്, ഭാവഗായകന് പാലിയത്ത് ജയചന്ദ്രൻ കുട്ടൻ , സിനിമയിലെ കലാകാരന്മാരായ തെക്കെത്തല ഇന്നസെന്റും, അമ്മനത്തെ ‘ഇടവേള’ ബാബുവും, സിനിമാ സംവിധായകരും, ബാല സാഹിത്യത്തില്‍ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ ഞങ്ങളുടെ രാമനാഥന് മാഷും മറ്റും.
പത്തൊന്‍പതാം വയസ്സില്‍ സ്വദേശം വിട്ടു പശ്ചിമ ഭാരതത്തിലേക്ക് ചെക്കേറിയ ഈയുള്ളവന് ഇവിടെ വരുന്നത് വല്ലപ്പോഴും മാത്രം . ഇത്തരം ഒരു യാത്രക്കിടയില്‍ പഴയ പല കൂട്ടുകാരെയും കാണാറുണ്ട്. അവരില്‍ ഒരാള്‍ സ്കൂളില്‍ കൂടെ പഠിച്ചിരുന്ന കൊട്ടൂക്കാരന് ഉറുമീസ് പറഞ്ഞ ഒരു സംഗതി ഇപ്പോഴും മറന്നിട്ടില്ലാ.
അവന് ചോദിച്ചു: “ഡാ സാമ്യേ, കേരളത്തിലെ സര്‍ക്കാര്‍ നടത്താന്‍ വേണ്ട കാശ് എവടന്ന് കിട്ടുണൂന്നാ നിന്റെയൊക്കെ വിചാരം?”
എവടന്നാഡാ ഉറൂമീസേ..? എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു:
“മ്മളും, ചാലക്കുടിക്കാരും കുടി ബിവരെജില് കുടിക്കണ കാശോണ്ടാല്ലേഡാ ഇവിടത്തെ സര്ക്കാരോക്കെ നടക്കണേ? മ്മള് കുടിയങ്ങു നിര്‍ത്തിയാ കാണായിരുന്നു പൂരം !!

By K.R. നാരായണൻ
+91 9594053133
