ഇനി സ്മൃതിരാഗം.. പഴയ ചലചിത്ര ഗാനങ്ങൾ കോർത്തിണക്കിയുള്ള പരിപാടി. കൊഞ്ചിയുള്ള ആ ശബ്ദം പരിചിതമാണ്. പഴയ ചലച്ചിത്ര പിന്നണിഗായികയെ അനുസ്മരിപ്പിക്കുന്നു. ഗൃഹാതുരത്വത്തിന്റെ അന്തരീക്ഷമൊരുക്കാൻ അലങ്കാരപദങ്ങൾകൊണ്ട് സമ്പന്നമായ ഒരു ആമുഖമൊരുക്കുകയാണ്, അനൗൺസർ. പെട്ടെന്നു റേഡിയോ നിന്നു. നിശ്ചലമായി… ബാറ്ററി മാറ്റാറായിരിക്കുന്നു. രണ്ടു മൂന്നു തട്ടു കൊടുത്തു. വീണ്ടും റേഡിയോ ഓണായി. “എന്താ ഉണ്ണിനാരായണനെപ്പോലെ”. രമയാണ് അതു പറഞ്ഞത്. സത്യത്തിൽ രമ ഉണ്ണിനാരായണനെ കണ്ടിട്ടില്ല. ഞാൻ പറഞ്ഞ അറിവെ രമയ്ക്കു ഉണ്ണിനാരായണനെക്കുറിച്ചുള്ളൂ. മാലച്ചിറ്റിൽ കൊച്ചേട്ടനോടു സംസാരിച്ചിരിക്കുന്ന ഉണ്ണിനമ്പൂതിരിക്കു ഉണ്ണിനാരായണന്റെ ഒരു നേരിയ സാദൃശ്യമുണ്ട്. രണ്ടു പേരും പഴേടത്തുമനക്കലെയാണ്. ഉണ്ണിനാരായണൻ പാവമായിരുന്നു, പാവമായിരുന്നുവെന്നല്ല, പറയേണ്ടത്. അല്പം ബുദ്ധിക്കുറവുണ്ടായിരുന്നു. ശാന്തിക്കാരനായ കൃഷ്ണൻനമ്പൂതിരിയെ സഹായിക്കാൻ കൊണ്ടുവന്നതാണ്. പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ശീവേലിക്ക് മൂന്നുനേരവും ഭഗവാന്റെ തിടമ്പെടുക്കണം. ആരെ കണ്ടാലും ചിരിക്കും. പരിഭവിക്കാനോ കോപിക്കാനോ അറിയില്ല. ഉണ്ണിനാരായണന്റെ ഏറ്റവും വലിയ മോഹം ഒരു പാട്ടുപെട്ടിയുടെ ഉടമസ്ഥനാവുക എന്നതായിരുന്നു. മിഠായിട്ടിന്നിൽ പഴയ ബാറ്ററിയും പ്ലാസ്റ്റിക്ക് വയറും കുത്തിനിറച്ചു അമ്പലനടയിലുള്ള റേഡിയോ വർക്ക് ഷോപ്പിലേക്ക് ചെല്ലും. ആ പെട്ടിയിൽ പാട്ട് വരുന്ന രീതിയിലാക്കിത്തരാൻ കടക്കാരനോടു പറയും. കടയുടമസ്ഥൻ അത് വാങ്ങിവെച്ച് അടുത്തദിവസം വരാൻ പറയും. അടുത്തദിവസം ആകാംക്ഷയോടെ ഉണ്ണിനാരായണനെത്തുമ്പോൾ ശരിയാക്കിക്കൊണ്ടിരിക്കുന്നു രണ്ട് ദിവസം കഴിഞ്ഞു വരാൻ പറയും. അങ്ങനെ രണ്ടു ദിവസം അനന്തമായി നീളും. വിടർന്ന മുഖത്തോടെ നടന്നു നീങ്ങുന്ന ഉണ്ണിനാരായണൻ എനിക്ക് ഒരു വിഷാദമായിരുന്നു. പ്രത്യേകിച്ചും ജോലിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആ കാലം. ചിലപ്പോൾ റേഡിയോ കടയിൽ ചെന്നിരിക്കും. റേഡിയോവിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കുന്ന ആ നിഷ്കളങ്ക രൂപം മനസ്സിൽ അകാരണമായ വേദന ഉണ്ടാക്കി. അമ്പലത്തിന്റെ ഇടനാഴികളിൽ പതുങ്ങി പതുങ്ങി നടക്കുന്ന ആ സാധു പ്രകൃതത്തെ ഓർമ്മിക്കുന്നതുതന്നെ വിഷമമായി മാറി. എനിക്കൊരു ജോലി കിട്ടുമ്പോൾ ‘വില കുറഞ്ഞതാണെങ്കിലും ഒരു റേഡിയോ വാങ്ങി ഉണ്ണിനാരായണനു കൊടുക്കണം’ മനസ്സ് പറഞ്ഞു. ഈ ആഗ്രഹം ആദ്യ കാലങ്ങളിൽ ആരോടും തുറന്നുപറഞ്ഞില്ല. ഏതോ ഒരു സായാഹ്നത്തിൽ തിരുവില്വാമലയിലെ രാക്ഷസപാറയിൽ ഇരുന്ന് സമയം കളയുമ്പോൾ പിള്ളയോടും , പോളിനോടും പറഞ്ഞു. അസാധാരണമായ ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അവരുടെ പ്രതികരണം. രാത്രി ശീവേലി കഴിഞ്ഞാൽ ഉണ്ണി നാരായണൻ, താമസിക്കുന്ന ദേവസ്വം കച്ചേരിക്കടുത്തുള്ള മുറിയിൽ ആലോചനാ നിമഗ്നനായി ഇരിക്കും. കിഴക്കേ ചിറക്കരുകിലുള്ള ഷാരത്ത് നിന്ന് റേഡിയോ ശബ്ദം കേട്ടു തുടങ്ങുന്നതോടെ പതുക്കെ പതുക്കെ അങ്ങോട്ടു നടക്കും. കാൽ പെരുമാറ്റം കേട്ട് ഷാരസ്യാർ ചോദിക്കും. “ആരാ ഉണ്ണി നാരായണനാ”… ?അകത്തേക്ക് കയറി ഇരുന്നോളൂ. പക്ഷെ ഉണ്ണിനാരായണൻ വരാന്തയിൽ തന്നെയിരിക്കും. ഒന്നുകിൽ റേഡിയോവിലെ തുടർനാടകം, അല്ലെങ്കിൽ ചലച്ചിത്രഗാനം. ആഴ്ചയിലൊരിക്കലുള്ള കഥകളിപ്പദം. വല്ലപ്പോഴുമൊരിക്കൽ ചലച്ചിത്ര ശബ്ദരേഖ. ആ റേഡിയോ വിസ്മയലോകമാണ് ഉണ്ണിനാരായണനെ പ്രസന്നവദനനാക്കുന്നതും റേഡിയോ മോഹി ആക്കിയതും. പിന്നീട് എനിക്കൊരു ജോലികിട്ടിയപ്പോഴും ഉണ്ണിനാരായണന്റെ ഓർമ്മ മാഞ്ഞിരുന്നില്ല. ആദ്യകാലങ്ങളിൽ അത് സജീവമായിരുന്നുവെന്നു വേണം പറയാൻ. അന്നത്തെ വരുമാനത്തിൽ ഉണ്ണിനാരായണനുള്ള കൊച്ചു.റേഡിയോവിനെക്കുറിച്ച് ആലോചിക്കുവാൻപോലും കഴിയുമായിരുന്നില്ല. വാരാന്ത്യങ്ങളിൽ നാട്ടിൽ പോകുമ്പോൾ പ്രത്യേകിച്ച് അമ്പലത്തിൽ പോകുമ്പോഴുമെല്ലാം റേഡിയോ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. വർഷങ്ങൾ കടന്നുപോയി. ഇപ്പോൾ ഭേദപ്പെട്ട വരുമാനമുണ്ട്. ഉണ്ണിനാരായണൻ വിദൂരമായ ഒരു ഓർമ്മയായി. അങ്ങിനെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയി. പിന്നീടൊരിക്കൽ നാട്ടിൽ പോയപ്പോഴാണ് ഉണ്ണിനാരായണനെക്കുറിച്ച് വീണ്ടും ഓർത്തത്. അമ്പലത്തിന്റെ ഇടനാഴികളിൽ ചിരിച്ച മുഖവുമായി നീങ്ങുന്ന ആ പാവത്തിനെ കാണാൻ ഇടയാവരുതെന്നു പ്രാർത്ഥിച്ചു. ഇല്ല ! ഭാഗ്യം ആരോ പറഞ്ഞു. ഒട്ടും വയ്യാതായപ്പോൾ നാട്ടിലേക്ക് കൊണ്ടുപോയി. നാട്ടിൽ പോയി കാണണോ .?……ഈ ആഗ്രഹങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. മനസ്സ് പെട്ടെന്ന് ആശ്വാസ തുരുത്ത് കണ്ടെത്തി. സത്യസന്ധമായി പ്രതികരിക്കാൻപോലും കഴിയാതെ വഴുതിമാറുന്ന മനസ്സ്. മാറ്റത്തിന്റെ സൂചനകൾ ,ശുദ്ധിയും നൈർമല്യവും ചോർത്തി, പകരം കാലം നാണയങ്ങളിട്ടു തന്നിരിക്കുന്നു. ‘കാലം ഒരു പ്രവാഹം’ റേഡിയോ വീണ്ടും . വേണ്ട ഒന്നും വേണ്ട. ‘ഹൃദയഭാര വേദനകൾ വിരുന്നുകാർ പിരിഞ്ഞുവല്ലോ…..’ അങ്ങ് വിദൂരതയിലെന്നപോലെ ഒഴുകിയെത്തുന്ന ഗാന ഗന്ധർവ്വന്റെ ശബ്ദം. അതെ ആരോ തഴുകിത്തുടങ്ങിയിരിക്കുന്നു താമരകൈവിരൽ കൊണ്ട് ഇനി നിദ്രയുടെ മടിയിലേക്ക്……

ഫെബ്രുവരി – 13
ഇന്ന് ലോക റേഡിയോ ദിനം
രഘുനന്ദനൻ
പഴയന്നൂർ
