അമ്പലനടയിൽ

by Kerala In Mumbai
0 comments

ഗുരുവായൂരപ്പനെ ദർശനം ചെയ്തശേഷം മോഹനചന്ദ്രൻ ശ്രീവത്സത്തിലേക്കു മടങ്ങുകയായിരുന്നു. നൂറുക്കണക്കിന് വ്യക്തികൾ വഴിയിൽ ഇരിക്കുകയും കൂട്ടമായിരുന്നു സല്ലപി ക്കുകയും ചെയ്യുന്നുന്നുണ്ടായിരുന്നു. മറ്റു ചിലർ നിലത്ത് കിടന്ന് കൈപ്പടം മലർത്തിവച്ച് ഭക്തരോട് ഭിക്ഷ യാചിക്കുന്നു. കുറച്ചുപേർ വഴിവിളക്കുകൾക്കുതാഴെ തുണക്കാരെ കാത്ത് നിന്നിരുന്നു.

പെട്ടെന്ന് ഒരു പരിചിതമുഖം കണ്ടതായി മോഹനചന്ദ്രനുതോന്നി. പക്ഷെ ആരാണതെന്ന് വ്യക്തമായില്ല. അദ്ദേഹം നടത്തം മന്ദമാക്കി. മുഖത്തു നിരാശ സ്ഫുരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം മടങ്ങി പോകാനായി പുറംതിരിഞ്ഞു. പരിചിതമുഖത്തെ കണ്ടത് എവിടെയെന്ന് വ്യക്തമായി ഓർക്കാനാകുന്നില്ല. കണ്ടെത്തിയേ തീരൂ എന്നില്ല. കണ്ടാൽ എന്തെങ്കിലും ലാഭമോ നഷ്ടമോ ഉണ്ടാകാൻ ഇല്ലല്ലോ.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു ദീപസ്തംഭത്തിനുതാഴെ അവരെ കണ്ടെത്തി. മധ്യ വയസ്സു കടന്ന ഒരു സ്ത്രീ. ചീകി വെക്കാത്ത നരച്ച മുടി. നന്നായി മുഷിഞ്ഞ, ചുളുങ്ങിയ മുണ്ടും വേഷ്ടിയും ബ്ലൗസും ധരിച്ചിരിക്കുന്നു. കടന്നുപോകുന്ന ഭക്തിജനങ്ങളെ പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്നു. പക്ഷെ ഒന്നും ആവശ്യപ്പെടുന്നില്ല. ഒരുപക്ഷെ ഈ തൊഴിലിൽ പുതിയതാകാം. മധ്യവർഗ്ഗത്തിന്റെ ദുരഭിമാനം അവരെ പൂർണ്ണമായി വിട്ടുപോയിട്ടുണ്ടാവില്ല.

അല്പം അകലെനിന്ന് മോഹനചന്ദ്രൻ അവരെ വീക്ഷിച്ചു. എന്തായിരിക്കും അവരുടെ നാമം? മനസ്സിന്നടിയിൽ തികട്ടിവരുന്നു. പക്ഷെ പുറത്തു വരുന്നില്ല. അതെ, അവൾ രുഗ്മിണിതന്നെ. കോളേജിൽ രണ്ടുവർഷം ജൂനിയർ ആയിരുന്നു അവൾ. ആൺപിള്ളേരുടെ ആകർഷണ കേന്ദ്രം.

ഒരു അപരിചിതൻ അവരുടെ തുറന്നു പിടിച്ച കൈയിലേക്ക് ഒരു പത്തുരൂപ നോട്ട് ഇട്ടു കൊടുത്തു. മറ്റാരും കാണാതിരിക്കട്ടെ എന്ന് ചിന്തയോടെ അവരത് അതിവേഗം എടുത്ത് വസ്ത്രത്തിനുള്ളിലേക്ക് തിരുകി വെച്ചു.

അദ്ദേഹത്തിന്റെ ഓർമ്മകൾ ഒരു മുപ്പത്തഞ്ചു വർഷം പിന്നിലേക്ക് ഊളിയിട്ടു.

രുഗ്മിണി കോളേജിലെ ആൺപിള്ളേരുടെ ആകർഷണകേന്ദ്രമായിരുന്നല്ലോ. സാധാരണയായി മുതിർന്ന ക്‌ളാസ്സിലെ വിദ്യാർത്ഥികൾ താഴ്ന്ന ക്‌ളാസ്സിലെ കുട്ടികളെ പരിഗണിക്കാറില്ലായിരുന്നു. പക്ഷെ രുഗ്മിണിയുടെ കാര്യത്തിൽ ഈ രീതി വ്യത്യസ്തമായിരുന്നു. സാധാരണയായുള്ള സിനിമയിലെ പ്രണയഗാനങ്ങളോ കമന്റുകളോ, വിസിലടികളോ ഉണ്ടായില്ല. എല്ലാ പുരുഷദൃഷ്ടികളും അവളെ പിന്തുടർന്നു. അവൾ മുന്നിട്ടു നടക്കുമ്പോൾ കണ്ണുകൾ ഭൂമിയിൽ ഉറപ്പിച്ചുനോക്കി. തനിക്കുചുറ്റും അസാധാരണമായ എന്തെങ്കിലും ഉള്ളതായി അവൾ കരുതുന്നുണ്ടെന്ന് ആർക്കും തോന്നിയില്ല.

മോഹനചന്ദ്രൻ മെല്ലെ രുഗ്മിണിയുടെ നേരെ നടന്നു. ഇടയിൽ ഏതാനും അടി വിട്ടു അദ്ദേഹം നിന്നു. തനിക്കുസമീപം ഒരു ജോടി പാദങ്ങൾ ചലനമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ അവയുടെ ഉടമസ്ഥനാരെന്നു അറിയാനായി ശിരസ്സുയർത്തി. ആളെ മനസ്സിലായപ്പോൾ അവളുടെ നേത്രങ്ങൾ പരിഭ്രാന്തമായി, തുറന്ന വായ കൈത്തലങ്ങൾകൊണ്ട് മറച്ചു. തന്മൂലം കണ്ഠത്തിൽനിന്നുയർന്ന ശബ്ദം പകുതിയിൽ നിന്നു. പിന്നെ ഒന്നും സംഭവിച്ചില്ല എന്ന ഭാവത്തിൽ അവൾ തല എതിർദിശയിലേക്ക് തിരിച്ചു.

ഫൈനൽ പരീക്ഷ ആസന്നമായിരിക്കേ, ഒരു ദിവസം മോഹനചന്ദ്രന് അത്യപൂർവമായൊരു അവസരം ലഭിച്ചു, ഏകയായി വരുന്ന രുഗ്മിണിയോട് കോളേജിന്റെ പ്രധാന കവാടത്തിനടുത്തുവച്ചു സംസാരിക്കാൻ. ഒരാൾ തന്നോട് സംസാരിക്കാൻ നിൽക്കുന്ന കാര്യം അവൾ തീരെ പ്രതീക്ഷിച്ചതല്ല. അതിനാൽ പേര് വിളിച്ചപ്പോൾ രുഗ്മിണി അത്ഭുതപ്പെട്ടു. അവരിരുവരും മുമ്പ് ഒരിക്കലും അന്യോന്യം സംസാരിച്ചിട്ടില്ലല്ലോ. അവൾ മുഖം ഉയർത്തി അദ്ദേഹത്തെ ഔത്സുക്യത്തോടെ നോക്കി. അടുത്തെത്തിയ മോഹനചന്ദ്രന് സ്വന്തം ശബ്ദം കണ്ടെത്താൻ അല്പം സമയം വേണ്ടിവന്നു.

” രുഗ്മിണീ, ഞാൻ രുഗ്മിണിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഡിഗ്രി എടുത്തശ്ശേഷം മതി. അപ്പോഴേക്കും എനിക്ക് നല്ലൊരു ഉദ്യോഗവും ലഭിച്ചേക്കും.” ഇത്രയും അദ്ദേഹം ഒരുവിധം പറഞ്ഞുതീർത്തു.

അവൾ ഒന്നും മിണ്ടിയില്ല.

“സമ്മതമാണെങ്കിൽ നിങ്ങളുടെ അഡ്രസ് തരൂ.” മോഹനചന്ദ്രൻ ഒരുവിധത്തിൽ സംസാരം പൂർത്തിയാക്കി.

ഇപ്പോൾ മറുപടി പറയാൻ അവൾക്കു ഒരു പ്രയാസവുമുണ്ടായില്ല. “ഞാൻ കോളേജിൽ വരുന്നത് പഠിക്കാനാണ്. എന്റെ സ്വന്തം കാലിൽ നിൽക്കാനും. ഇപ്പോഴെന്തായാലും വിവാഹക്കാര്യം എന്റെ മുന്നിലില്ല. എന്നെ പോകാനനുവദിക്കൂ.”

അവളോട് സംസാരിക്കേണ്ടതില്ലായിരുന്നു എന്ന് മോഹനചന്ദ്രനു തോന്നി.

“രുഗ്മിണീ, നിങ്ങൾ രുഗ്മിണിതന്നെയല്ലേ?” മിതത്വം പാലിക്കാൻ മോഹനചന്ദ്രൻ ശ്രദ്ധിച്ചു.

ആ സ്ത്രീ അദ്ദേഹത്തിനുനേരെ മുഖം തിരിച്ചു. പക്ഷെ സംസാരിക്കാൻ മുതിർന്നില്ല.

“പറയൂ, നിങ്ങൾ രുഗ്മിണിയല്ലേ?” അദ്ദേഹം ചോദ്യം ആവർത്തിച്ചു.

“അതെ, ഞാൻ രുഗ്മിണിതന്നെ.” കേൾക്കാവുന്നതിലും കുറഞ്ഞ ശബ്ദത്തിലായിരുന്നു ശബ്ദം.

“എന്താണിവിടെ ചെയ്യുന്നത്? ഒറ്റക്കാണോ അതോ കൂടെ ആരെങ്കിലും ഉണ്ടോ?”

അദ്ദേഹത്തിന്റെ ശബ്ദത്തിൽ അധികാരത്തിന്റെ ലാഞ്ചന അല്പം ഉണ്ടായിരുന്നു.

“എനിക്ക് ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല — ഞാനെന്റെ മകളുടെ കൂടെയാണ്.” ഒരു മന്ത്രണം പോലെയായിരുന്നു അവരുടെ ശബ്ദം.

“എവിടെ അവൾ?” ആ ചോദ്യത്തിന് ഒരു ദാർഢ്യമുണ്ടായിരുന്നു.

“സൗമിനി, മോളേ….” രുഗ്മിണി വലത്തോട്ട് നോക്കി വിളിച്ചു. ഒരു സ്തൂപത്തിനു താഴെ നിന്നിരുന്ന, ഇരുപതു കഴിഞ്ഞ ഒരു പെൺകുട്ടി അവരുടെ നേരെ നോക്കി. അമ്മയോട് സംസാരിച്ചു നിൽക്കുന്ന പുരുഷനെയും ഒന്ന് നോക്കി.

അടുത്തേക്ക് വരാനായി രുഗ്മിണി ആംഗ്യം കാണിച്ചു; അവൾ അനുസരിച്ചു. താൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽ അവൾക്കു ഒട്ടുംതന്നെ സന്തോഷമില്ലെന്നു വ്യക്തമായിരുന്നു.

“എന്റെ മൂന്നാമത്തെ മകൾ സൗമിനി.”

“അപ്പോൾ മറ്റുള്ളരെവിടെ?” അദ്ദേഹത്തിന് അറിഞ്ഞേ പറ്റൂ എന്ന നിലയിലായിരുന്നു ചോദ്യം.

“അവരെ വിവാഹം കഴിപ്പിച്ചു അയച്ചു. അപ്പോഴേക്ക് ഞങ്ങൾക്ക് താമസിക്കാൻ ഇടമില്ലാതായി. ഇവളുടെ വിവാഹംകൂടി കഴിഞ്ഞാൽ എനിക്ക് വിശ്രമിക്കാം.” പറഞ്ഞുതീർത്തു അവർ ഒരു ദീർഘനിശ്വാസം വിട്ടു.

മോഹനചന്ദ്രൻ ഏതാനും നിമിഷം എന്തോ ആലോചിച്ചു നിലകൊണ്ടു. പിന്നീട് പെട്ടെന്ന് പറഞ്ഞു, “നിങ്ങൾക്കെന്റെ കൂടെ വരാം. നിങ്ങളെ ഞാൻ പരിരക്ഷിക്കാം.”

പ്രതികരണമൊന്നും ഉണ്ടായില്ല.

“വരുന്നുണ്ടോ എന്റെ കൂടെ? ഉണ്ടെങ്കിൽ മകളെ വിളിക്കൂ.”

രുഗ്മിണി ദീർഘനേരം അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. പിന്നെ എഴുനേറ്റു. അവരുടെ കവിളിൽക്കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. “എനിക്ക് നഷ്ടപ്പെടുവാൻ ഒന്നും ബാക്കിയില്ല. ഞങ്ങൾ വരാം.”

“എങ്കിൽ കൂടെ വരൂ.” അദ്ദേഹം ശ്രീവത്സത്തിന്നു നേരെ നടക്കാൻ തുടങ്ങി. അമ്മയുടെ കൂടെ നടന്ന മകൾക്കു എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു അവളുടെ ഭാവം കണ്ടാൽ അറിയാം.

മോഹനചന്ദ്രൻ മാനേജരുടെ അടുത്തേക്ക് നീങ്ങി; അയാളോട് സംസാരിച്ചു. അയാളുടെ ആജ്ഞാനുസരണം ഒരു പ്യൂൺ കൂടെ വന്ന് ഒരു മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് നീങ്ങി. ഒരു ഡബിൾ റൂം! അവരും പ്രവേശിച്ചു.

അല്പനേരത്തിനുശേഷം മോഹനചന്ദ്രൻ വെളിയിലേക്കു പോയി. ഒരു മണിക്കൂറിനുശേഷം മടങ്ങി വന്നപ്പോൾ കയ്യിലെ സഞ്ചിയിൽ നിറയെ വസ്ത്രങ്ങളായിരുന്നു. സഞ്ചി രുഗ്മിണിക്കു നൽകിയപ്പോൾ അവരുടെ കണ്ണുകളിൽ കൃതജ്ഞത നിറഞ്ഞു കണ്ടു. സ്ത്രീകൾക്ക് വസ്ത്രം മാറാനായി മോഹനചന്ദ്രൻ മുറി വിട്ടു പോയി.

അന്നത്തെ സന്ധ്യാനേരത്തു മോഹനചന്ദ്രനും രുഗ്മിണിയും ദീർഘസംഭാഷണത്തിലായിരുന്നു. സൗമിനിയെ ഒരു മൂകസാക്ഷിയാക്കി അവരിരുവരും ഭൂതകാലസ്മരണയിലാണ്ടു.

അച്ഛന്റെ ഒരു വിദൂരബന്ധുവിനെയാണ് രുഗ്മിണി വിവാഹം ചെയ്തത്, അച്ഛന്റെ നിർബ്ബന്ധപ്രകാരംതന്നെ. വരൻ അലസനും മദ്യപാനത്തിന്നടിമയാണെന്നും അറിഞ്ഞപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. രുഗ്മിണിയുടെ സ്വത്ത് വിറ്റു മുടിക്കുന്നതിലായിരുന്നു അയാൾക്ക് മിടുക്ക്. കുറച്ചു കാലം കഴിഞ്ഞു ആരോടും പറയാതെ അയാൾ നാട് വിട്ടപ്പോഴേക്കും മൂന്നു പെൺകുട്ടികൾക്ക് അമ്മയായിരുന്നു രുഗ്മിണി.

മക്കളെ കാര്യമായി വിദ്യാഭ്യാസം ചെയ്യിക്കാനൊന്നും രുഗ്മിണിക്കായില്ല. ആലോചനകൾ വന്നപ്പോൾ മൂത്ത രണ്ടു പേരേയും വിവാഹം കഴിപ്പിച്ചയച്ചു. അവരെങ്കിലും സുഖമായിരിക്കട്ടെ എന്ന് കരുതി. താമസിച്ചിരുന്ന വീടും അപ്പോഴേക്ക് അന്യാധീനമായി. സുരക്ഷയോർത്തു ഗുരുവായൂരിലെത്തിയിട്ട് രണ്ടു മാസമായി. ക്ഷേത്രപരിസരത്തു കഴിഞ്ഞാൽ രണ്ടുനേരം ഭക്ഷണം കിട്ടും.

മോഹനചന്ദ്രന്റെ പത്‌നി നിര്യാതയായിട്ട് മൂന്നു വര്ഷങ്ങളായി. അർബുദമായിരുന്നു രോഗം. മകൻ മുംബൈയിൽ ഒരു വലിയ കമ്പനിയിൽ. ഉയർന്ന ജോലിയുണ്ട്. മോഹനചന്ദ്രൻ മകന്റെ കൂടെയാണ് താമസം. മകൻ അവിവാഹിതനാണ്. അമ്മയ്ക്കും മകൾക്കും സമ്മതമാണെങ്കിൽ നമ്മുടെ മക്കൾ തമ്മിൽ വിവാഹിതരാകട്ടെ. അങ്ങനെയെങ്കിൽ തന്റെ കൂടെ മുംബൈയ്ക്ക് വരാം.

തന്റെ വിവാഹാഭ്യർത്ഥന രുഗ്മിണി നിരസിച്ചപ്പോഴുണ്ടായ നിരാശയെ കുറിച്ച് മോഹനചന്ദ്രൻ ഒന്നുംതന്നെ ആ സംസാരത്തിൽ സൂചിപ്പിച്ചില്ല.

By…… സത്യനാഥൻ
Mob.: 098336 77962

You may also like