പുരസ്കാരദാനം

by Kerala In Mumbai
0 comments

മന്ത്രിക്ക് അടിയന്തരമായി നേരിട്ട് കാണണമെന്ന് സാംസ്കാരിക കാര്യമന്ത്രിയുടെ പേഴ്സ ണൽ സെക്രട്ടറി ഫോണിൽ വിളിച്ചറിയിച്ചപ്പോൾ, സൗദാമിനി തികച്ചും അത്ഭുതപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ്, കൂടിക്കിടക്കുന്ന ഫയലുകൾ എല്ലാം തീർപ്പു കല്പിച്ചു എന്ന് അറിയിച്ചപ്പോൾ മന്ത്രി വാനോളം പുകഴ്ത്തിയത്. നേരിട്ട് കാണണമെന്നു ഇപ്പോൾ പറയാൻ എന്തായിരിക്കും കാരണം?

മുപ്പത്തിയഞ്ചുകാരിയായ സാംസ്കാരികകാര്യവകുപ്പിന്റെ ചുമതലയുള്ള സൗദാമിനി എന്ന ഐഎഎസ്കാരി എഴുന്നേറ്റ്, മന്ത്രി ഇരിക്കുന്ന, സെക്രട്ടറിയേറ്റിന് അടുത്തുള്ള കെട്ടിട ത്തിലേക്ക് നടന്നു. മറ്റു വകുപ്പുകളും കയ്യിലുള്ളതിനാൽ അദ്ദേഹം അവിടെയാണ് ഇരിപ്പ്, അധികനേരവും.

ഇന്ന് രാവിലെ വളരെയധികം ശുഭപ്രതീക്ഷയോടെയാണ് സൗദാമിനി ഓഫീസിലെത്തിയത്. ഫയലുകളെല്ലാം നോക്കിത്തീർന്ന സ്ഥിതിക്ക് അല്പസമയം കയ്യിലുണ്ടല്ലോ. അതിനാൽ സാഹിത്യപരമായ വിഷയങ്ങളിൽ വ്യാപൃതയാകുന്നതിൽ തെറ്റില്ല. അല്ലെങ്കിലും സാംസ്കാരികവകുപ്പിൽ ജോലി അധികം ഇല്ലതാനും. കടലാസിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഔദ്യോഗികമാണോ അനൗദ്യോഗികമാണോ എന്നുപറയാൻ ആർക്കു കഴിയും? ഓണപ്പതിപ്പു കൾ ഇറങ്ങുന്ന സമയം അടുത്തുവല്ലോ. രണ്ടുമൂന്നു പ്രസിദ്ധീകരണങ്ങൾക്ക് എന്തെങ്കിലും എഴുതി കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടുതാനും.

സൗദാമിനി ഒരു സ്ഥിരം എഴുത്തുകാരിയൊന്നുമല്ല. സാഹിത്യകാരി എന്നു വിളിക്കപ്പെടാൻ മാത്രം അധികം എഴുതിയിട്ടുമില്ല. അതുകൊണ്ട് പോയി യഥാർത്ഥത്തിൽ വളരെ കുറച്ചു വ്യക്തികൾക്കു മാത്രമെ സൗദാമിനിക്ക് സാഹിത്യത്തിന്റെ ദൗർബല്യമുണ്ട് എന്ന സത്യം അറിയുകയുള്ളൂ. കവിത, ചെറുകഥ, ലേഖനങ്ങൾ, നിരൂപണം, അല്പം പെയിന്റിംഗ് എന്നിവയിലെല്ലാം ഒരു കൈ നോക്കിയിട്ടുണ്ട്. കൊള്ളാം എന്ന് ചിലരൊക്കെ പറഞ്ഞിട്ടുമുണ്ട്. ഒരു ആശയം മനസ്സിൽ ഉരുത്തിരിഞ്ഞാൽ അതിനു പറ്റിയ മാധ്യമം ഏതാണെന്ന് തീരുമാനി ക്കാൻതന്നെ ഒന്നു രണ്ടു ദിവസങ്ങൾ എടുക്കും. പിന്നെ സ്വന്തം പേരിൽ ഇതുവരെ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. സർക്കാർ സർവീസിൽ അങ്ങനെ ചില സീമകളുണ്ട് എന്ന് എല്ലാവർക്കും അറിയാം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം എടുത്ത ശേഷം, സിവിൽ സർവീസിൽ ചേരുന്നതിനുമുമ്പ്, അല്പകാലം കോളേജ് അധ്യാപികയായി ജോലി ചെയ്യുമ്പോൾ, ചിലപ്പോഴെല്ലാം എഴുതുമായിരുന്നു. ഇഷ്ടപ്പെട്ട പ്രസിദ്ധീകരണങ്ങൾക്ക് അതെല്ലാം അവർ അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അവയെല്ലാംതന്നെ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ കുറച്ച് സാമ്പത്തികനേട്ടം ഉണ്ടാവുകയും ചെയ്തു. താമസിയാതെ ആ പ്രസിദ്ധീകരണങ്ങളിൽനിന്ന് വിശേഷാൽപ്രതികൾക്കായി അപേക്ഷകൾ വരികയും ചെയ്തിട്ടുണ്ട്. പല തൂലികനാമങ്ങളിലും എഴുതി. യഥാർത്ഥനാമം പരസ്യപ്പെടുത്തരുതെന്ന അപേക്ഷ പത്രക്കാർ സ്വീകരിക്കുകയും ചെയ്തു. അത്തരം അപേക്ഷകൾ ഒരു തമാശയായി അവർക്ക് തോന്നിയിട്ടുണ്ടാകും.

സ്വന്തം പേരിൽ എഴുതുക എന്നത് ഒരു സർക്കാർ ഉദ്യോഗം വഹിക്കുന്ന വ്യക്തിക്ക് ഏറെ വൈഷമ്യങ്ങൾ ഉണ്ടാക്കും. ജോലിക്കാര്യത്തിൽ എത്ര ശോഭിച്ചാലും, ഒരു സഹപ്രവർത്തകനോ മേലുദ്യോഗസ്ഥനോ ഇടങ്കോലിടാൻ പ്രയാസമുണ്ടാവില്ല. ഔദ്യോഗിക ജീവിതത്തെ ത്തന്നെ അത് ബാധിച്ചെന്നുവരും. സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട കവിയും സർക്കാർ ഉദ്യോഗസ്ഥനുമായ ഒരാളെ വിളിച്ച് ഉപദേശി ച്ചുവത്രെ, തൂലികാനാമം ഉപയോഗിച്ചു എഴുതാൻ ആവില്ലെങ്കിൽ എഴുതുന്നതിന് പ്രതിഫലം പറ്റുന്നില്ലെന്ന് ഒരു പ്രസ്താവന നൽകിയാൽ മതിയെന്ന്.

മന്ത്രിയുടെ പ്രസന്നമായ മുഖം കണ്ടപ്പോൾ സൗദാമിനിക്ക് സമാധാനമായി. പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് തോന്നുന്നുവെങ്കിലും എന്തോ ഗൗരവമേറിയ വിഷയമാണെന്ന് തോന്നുന്നു.

“സൗദാമിനി ഇരിക്കൂ.” മന്ത്രി മുന്നിലേക്കുള്ള ഇരിപ്പിടത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

അദ്ദേഹം എല്ലായ്പ്പോഴും അവളോട് സൗഹൃദപരമായിട്ടേ പെരുമാറിയിട്ടുള്ളു. ചുളിവുകൾ വീഴാത്ത മുഖം, പ്രകാശിക്കുന്ന കണ്ണുകളും വിടാത്ത പുഞ്ചിരിയും, പാലിന്റെ നിറമുള്ള മുടി. പിതൃതുല്യനായ ഒരു വ്യക്തി.

അവിവാഹിതയായതിനാൽ സൗദാമിനി എല്ലായ്പ്പോഴും മന്ത്രിമാരുടെയും മേലുദ്യോഗസ്ഥ ന്മാരുടെയും ഇടയിൽ ഒരു കുതൂഹലവിഷയമായിരുന്നു. അവരുടെകൂടെ ജോലി ചെയ്യുമ്പോൾ, അവൾ എന്തുകൊണ്ട് വിവാഹിതയാകുന്നില്ല എന്നതായിരുന്നു അവരുടെ കുതൂഹലത്തിന്നു ആധാരം. കൈപ്പു നിറഞ്ഞ വല്ല മുൻ അനുഭവങ്ങളോ അതോ മനസ്സിന്നിണങ്ങിയ വരനെ കിട്ടാത്തത് കൊണ്ടോ ആയിരിക്കാം ഈ അവിവാഹിതജീവിതം. ബിസിനസ്സുകാരനായ തന്റെ മകനെ വിവാഹം ചെയ്തു കൂടെ എന്ന് ഒരു മന്ത്രി ഒരിക്കൽ ചോദിക്കുകകൂടി ചെയ്തു. ഒരു രാത്രി കഴിച്ചുകൂട്ടാൻ സൂചന നൽകാൻ ധൈര്യപ്പെട്ടു മറ്റൊരു മന്ത്രി. എല്ലാ നിർദ്ദേശങ്ങളും സൂചനകളും ചിരിച്ചുകൊണ്ട് തള്ളിക്കളയുകയായിരുന്നു. ഒരു പുരുഷനെയും അന്ധമായി വിശ്വസിക്കാൻ കൊള്ളില്ല എന്ന അമ്മയുടെ ഉപദേശമാണ് ഇത്തരം ജീവിതത്തിന്റെ പിന്നിൽ എന്ന് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.

കൃതജ്ഞതാപൂർവം സൗദാമിനി ആസനസ്ഥയായി.

“സൗദാമിനീ, ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് ശ്രീ എൻ ബി ശേഖരൻ നായർ തിരഞ്ഞെടുക്കപ്പെട്ട കാര്യം അറിയാമല്ലോ. സാധാരണ നിലക്ക് മുഖ്യമന്ത്രിയാണ് തിരുവനന്തപുരത്തുവെച്ച് വലിയ, ഒരുക്കങ്ങളോടുകൂടിയ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്നത്. സി എമ്മിന്റെ ഓഫീസ്, സൗകര്യമുള്ള ഒരു തീയതി അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് എഴുതിയിരുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ മറുപടി വന്നു. ചില അസുഖങ്ങൾ കാരണം അദ്ദേഹത്തിന് കുറച്ചുനാളത്തേക്ക് യാത്ര ചെയ്യാനാവില്ലത്രേ. എപ്പോഴാണ് യാത്ര ചെയ്യാനാവുക എന്ന് പറയാൻ അദ്ദേഹത്തിന്റെ ഡോക്ടർ വിസമ്മതിച്ചു. അതുകൊണ്ട് പുരസ്കാരം അദ്ദേഹത്തിന്റെ വീട്ടിൽവച്ച് നൽകിയാൽ നന്നായിരിക്കും എന്ന് എഴുതിയിരിക്കുന്നു. പാലക്കാട് ആണ് അദ്ദേഹത്തിന്റെ വീട് എന്ന് അറിയാമല്ലോ.” സംസാരിക്കാനുള്ള ഒരു മനോനിലയിൽ ആയിരുന്നു മന്ത്രി.

“മുഖ്യമന്ത്രി ആ അപേക്ഷ സ്വീകരിച്ചില്ലേ?”

“ഇല്ല. തിരുവനന്തപുരത്തവച്ച് സമ്മാനിക്കാൻ അദ്ദേഹത്തിന് വിരോധമില്ല. പക്ഷേ നായരുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതിൽ അദ്ദേഹത്തിന്ന് താൽപര്യമില്ല. അദ്ദേ ഹത്തിന്റെ അഭിപ്രായത്തിൽ അപ്രകാരം ചെയ്യുന്നത് നായർക്ക് അമിതമായ പ്രാമുഖ്യം നൽകലായിരിക്കും. കഴിഞ്ഞ ഒന്നൊന്നര ദശാബ്ദമായി നായർ കാര്യമായി ഒന്നും എഴുതിയിട്ടുമില്ലല്ലോ. സിഎമ്മും നായരും തമ്മിൽ എന്തോ പഴയ വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കണം ഈ നിലപാട്.” മന്ത്രി ഒന്നു നിർത്തി.

“അതുകൊണ്ട് ….” സൗദാമിനിക്ക് കാര്യം വ്യക്തമായില്ല.

“ഇപ്പോൾ സി എം പറയുന്നത് പുരസ്കാര സമർപ്പണം ഞാൻ ചെയ്യണമെന്നാണ്. അദ്ദേഹം പറയുന്നത് ശരിയാണ്. സാംസ്കാരികകാര്യവകുപ്പിന്റെ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട താണ്”.

“അപ്പോൾ എന്താണ് പ്രശ്നം? സാറുതന്നെ അത് ചെയ്യണം.” സൗദാമിനിയെ സംബന്ധി ച്ചിടത്തോളം അതിൽ പ്രശ്‌നമേയില്ല.

“സൗദാമിനിക്കറിയുമോ, നായരും ഞാനും കോളേജ് മേറ്റ്സ് ആണ്. ഞാൻ ഇന്റർ മീഡിയറ്റ് ഫസ്റ്റ് ഇയറിനു പഠിക്കുമ്പോൾ മിസ്റ്റർ നായർ ബിഎസ്സി ഫൈനൽ ഇയർ ആയിരുന്നു. അദ്ദേഹം കൾച്ചറൽ ഫോറത്തിന്റെ സെക്രട്ടറിയും കോളേജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററുമായിരുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ ഏറ്റവും വലിയ എഴുത്തുകാരനായി അദ്ദേഹം സ്വയം കരുതിയിരുന്നു. അക്കാലത്ത് ചിലപ്പോഴെല്ലാം ഞാനും എഴുതുമായിരുന്നു. നായരെ ഞാൻ ബഹുമാനിച്ചിരുന്നു. കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കാനായി ഞാനൊരു ചെറുകഥ എഴുതി അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. പ്രസീദ്ധീകരിക്കാമെന്ന് അദ്ദേഹം എനിക്ക് ഉറപ്പും നൽകിയിരുന്നു. പക്ഷെ മാഗസിൻ പുറത്തുവന്നപ്പോൾ എന്റെ കഥ അതിലുണ്ടായിരുന്നില്ല. ഞാൻ കാരണം ചോദിച്ചപ്പോൾ പ്രസിദ്ധീകരിക്കപ്പെടാനുള്ള യോഗ്യത അതിനില്ലെന്ന് നായർ പറഞ്ഞു. മാഗസിന്‍റെ ചാർജുള്ള പ്രഫസ്സറോട് ഞാൻ അന്വേഷിച്ചപ്പോൾ എന്റെ കഥ കണ്ടിട്ടേയില്ലെന്ന് അദ്ദേഹം പറഞ്ഞു. നായർ ഉറപ്പു തന്നില്ലാ യിരുന്നെങ്കിൽ ഞാൻ കഥ പ്രൊഫസർക്ക് കൊടുക്കുമായിരുന്നു. അതിനുശേഷം ഞാനും നായരും തമ്മിലുള്ള ബന്ധം അത്ര നന്നായിരുന്നില്ല. അതിനുശേഷം പിൽക്കാലത്ത് ഞങ്ങളുടെ പാന്ഥാവ് പലപ്പോഴും കൂട്ടിമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹം എന്നെ തഴയുമായിരുന്നു. സിനിമാരംഗത്തും അദ്ദേഹം പ്രശസ്തനായി. എത്രയോ പടങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി, പലതിനും ദേശീയ തലത്തിൽ പുരസ്കാരവും കിട്ടിയിട്ടുണ്ട്.” ഏതാനും നിമിഷം മന്ത്രി മൗനമായിരുന്നു. “സൗദാമിനി അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി പുരസ്കാര ദാനം ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെയും സിഎമ്മിന്റെയും ആശംസകൾ അറിയിക്കുകയും വേണം.”

സൗദാമിനിയുടെ അപ്പോഴത്തെ അവസ്ഥ തീരെ സുഖകരമായിരുന്നില്ല. അത്തരം ചടങ്ങുകൾ ചെയ്യുന്നതിൽ അവൾക്കു മടിയുണ്ടായിരുന്നില്ല’ പക്ഷെ ശേഖരൻ നായരെ സംബന്ധിച്ച ചടങ്ങിൽ വയ്യതന്നെ. എന്തുകൊണ്ട് വയ്യ എന്ന് പറയാനും പറ്റാത്ത അവസ്ഥ.

“സാംസ്കാരികകാര്യ വകുപ്പിന്റെ സെക്രട്ടറി എന്ന നിലയിൽ സൗദാമിനി ഇക്കാര്യം ചെയ്തേ പറ്റൂ. വേണ്ട ഏർപ്പാടുകളൊക്കെ ചെയ്തോളൂ കാര്യങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കുകയും വേണം.” മന്ത്രി പോകാനായി എഴുന്നേറ്റു. അനുസരിക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങളില്ലായിരുന്നു.

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, സൗദാമിനി ആകെ തളർന്നിരുന്നു. രാവിലത്തെ ആവേശമെല്ലാം ആവിയായിപ്പോയി, പകരം മനസ്സ് പറ്റേ തകർന്ന നിലയിലും.

മകളുടെ മാനസികനിലയെപ്പറ്റി മനസ്സിലാക്കാൻ അമ്മയ്ക്ക് പ്രയാസം ഉണ്ടായില്ല അവരുടെ മനസ്സ് തരളമായി..

“എന്തുപറ്റി മോളേ, നിനക്ക് സുഖമില്ലെന്ന് തോന്നുന്നല്ലോ. “

“എന്താ അമ്മേ ഞാൻ പറയ്യാ..ഞാനാകെ ഒരു കുഴപ്പത്തിൽപെട്ടിരിക്കയാണ്.എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.” നിസ്സഹായത നിറഞ്ഞ ഒരു നോട്ടം അവൾ അമ്മയ്ക്ക് നേരെ അയച്ചു

“പറയ് മോളെ, പരിഹരിക്കാൻ കഴിയാത്ത വിഷമങ്ങൾ ഒന്നും തന്നെ ഈ ലോകത്തിലില്ല. ചില കാര്യങ്ങളിൽ അൽപസമയം കൂടുതൽ എടുത്തേക്കുമെന്ന് മാത്രം.” അമ്മ സമാശ്വസിപ്പിച്ചു.

“ഇക്കാര്യത്തിൽ അല്ല അമ്മേ. ഇപ്പോൾ അമ്മയുടെ വിഷമം എന്റേതായി എന്നുമാത്രം. പുരസ്കാരം വാങ്ങാൻ തിരുവനന്തപുരത്തേക്ക് പോകാൻ അസുഖം കാരണം പറ്റില്ലെന്ന് അച്ഛൻ സി എമ്മിന്റെ ഓഫീസിൽ അറിയിച്ചിരിക്കുകയാണ്. അച്ഛന് പുരസ്കാരം കിട്ടാതിരിക്കാൻ സീയെമ്മും സംസ്കാരിക കാര്യമന്ത്രിയും വളരെ ശ്രമിച്ചതാണ് പക്ഷേ അവർക്ക് തടയാൻ കഴിഞ്ഞില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായേക്കുമോ എന്ന ഭയം കാരണം പുറത്തു പറയാനുംവയ്യ. കഴിഞ്ഞമാസം കമ്മിറ്റി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നിർദ്ദേശിച്ചപ്പോൾ തടസ്സം പറഞ്ഞതാണ്. അപ്പോൾ കമ്മിറ്റിക്ക് അതിന്റെ കാരണം അറിയണം. അപ്പോൾ രണ്ടുപേരും തടസത്തിൽ ഉറച്ചുനിന്നില്ല. അങ്ങനെയാണ് പുരസ്കാരത്തിന്ന് അച്ഛൻ അർഹനായത്. ഇക്കാര്യമെല്ലാം ഞാൻ അമ്മയോട് പറഞ്ഞിരുന്നല്ലോ. ഇപ്പോൾ മന്ത്രി പറയുന്നു. അവരെ പ്രതിനിധീകരിച്ചുകൊണ്ട് ഞാൻ അത് അച്ഛന് കൊണ്ടു കൊടുക്കണമെന്ന്.”

“മന്ത്രിക്ക് അറിയാമോ അദ്ദേഹം നിന്റെ അച്ഛനാണെന്ന്?” അമ്മയ്ക്ക് അറിയാനൊരു ഔൽസുക്യം.

“ഇല്ല അമ്മേ, ഇല്ല. ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല, അദ്ദേഹം എന്റെ അച്ഛനാണെന്ന്. ഒരു പക്ഷെ അച്ഛനും അറിയാമായിരിക്കില്ല നാം എവിടെയാണെന്ന്. അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം നമ്മെ, അല്ലെങ്കിൽ എന്നെ അന്വേഷിക്കുമായിരുന്നില്ലേ?” സൗദാമിനി വാദിച്ചു.

സൗദാമിനിയുടെ അമ്മ സാവിത്രിക്ക് ആ വാദം അത്ര സ്വീകാര്യമായി തോന്നിയില്ല. ശേഖരൻ നായരോടൊപ്പം കഴിഞ്ഞ ദിവസങ്ങളൊന്നും അവരുടെ കൺമുന്നിൽ തെളിഞ്ഞു.

ശേഖരൻനായരുടെ വലിയൊരു ആരാധികയായിരുന്നു സാവിത്രി. അദ്ദേഹത്തിന്റെ കഥകൾ ഓരോന്നും സ്വന്തം കഥകളാണ് എന്ന് അവർ കരുതി. നല്ല ഭാഷാസ്വാധീനം ഉണ്ടായിരുന്നു പക്ഷെ ആശയ ദാരിദ്ര്യം മൂലം ഒന്നും കാര്യമായി എഴുതാൻ കഴിഞ്ഞില്ല. അതിനാൽ ശേഖരൻ നായരുടെ കഥകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അവർ പ്രസിദ്ധ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുത്തു. അവരത് പ്രസിദ്ധീകരിക്കുക മാത്രമല്ല, കൂടുതൽ കഥകൾ പരിഭാഷപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തു. ശേഖരൻ നായരുടെ സമ്മതം മുൻകൂട്ടി എടുക്കാതെയാണ് അവരത് ചെയ്തതും. എങ്കിലും അദ്ദേഹം അതിൽ സന്തോഷിച്ചു, സ്വന്തം ശ്രമങ്ങൾ ഇല്ലാതെത്തന്നെ രാജ്യത്ത് ഉടനീളം പ്രസിദ്ധി നേടിയല്ലോ.

ഏറെ താമസിയാതെ രാജ്യത്തിലെ ഏറ്റവും നല്ല കഥാകൃത്തിനുള്ള പുരസ്കാരം ശേഖരൻ നായർക്ക് ലഭിച്ചപ്പോൾ അദ്ദേഹം അവരുമായി സമ്പർക്കപ്പെട്ടു. തന്റെ കഥകൾ അവൾ പരിഭാഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഈ സമ്മാനം കിട്ടുമായിരുന്നില്ല എന്ന് അദ്ദേഹം ഫോണിൽക്കൂടി പറഞ്ഞു. താമസിയാതെ അവർ സുഹൃത്തുക്കൾ ആകുകയും പിന്നീട് അന്യോന്യം കാണാനും സമയം പങ്കിടാനും തുടങ്ങി. തുടർന്ന് അവർ പരസ്പരം ഇഷ്ടപ്പെട്ടു . ഒരുപക്ഷേ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ എന്ന് ഭയപ്പെട്ടു അവർ ഒളിച്ചോടി ഒരു സുഹൃത്തിന്റെ ഭവനത്തിൽ അഭയം തേടി കുറച്ചുകാലത്തേക്ക്. സുഹൃത്ത് ഒരു ദിവസം രണ്ടുപേരെയും ഇരുത്തി പറഞ്ഞു, അവർ ചെയ്തത് ശരിയായില്ലെന്ന്. അവർ നാട്ടിലേക്ക് മടങ്ങിപ്പോകണം, വിവാഹം രജിസ്റ്റർ ചെയ്യണം എന്നെല്ലാം ഉപദേശിച്ചു. അവർ നാട്ടിലേക്ക് മടങ്ങി, ശേഖരൻനായർ അദ്ദേഹത്തിന്റെ പഴയ ജോലി സ്ഥലത്തെത്തി വലിയ പ്രയാസം കൂടാതെ വീണ്ടും ജോലിക്ക് കയറി. വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യം പിന്നീട് ആകാമെന്ന് കരുതിയെങ്കിലും അതൊരിക്കലും ചെയ്യുകയുണ്ടായില്ല. യഥാർത്ഥ സ്നേഹത്തിന്റെ ശക്തി എന്തായാലും രജിസ്ട്രേഷനു ലഭിക്കില്ലല്ലോ.

സൗദാമിനി മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സാവിത്രിയ്ക്ക് മനസ്സിലായത്, വിചാരിച്ച പോലെയല്ല കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത് എന്ന്. ചലച്ചിത്ര ലോകത്ത് ശേഖരൻ നായർ പ്രശസ്തനായി, പ്രൊഡ്യൂസർമാരും സംവിധായകരും അദ്ദേഹത്തിന്റെ തിരക്കഥക്കു വേണ്ടി കാത്ത് കിടക്കുന്ന സ്ഥിതിയായിമാറിയിരുന്നു. ലൊക്കേഷനിൽ പോകേണ്ട ആവശ്യമു ണ്ടെന്ന് പറഞ്ഞ് ആഴ്ചകളോളം അദ്ദേഹം വീട്ടിൽനിന്ന് വിട്ടുനിൽക്കുമായിരുന്നു .

ഒരു ദിവസം ശേഖരൻ നായർ ലൊക്കേഷനിൽനിന്ന് വന്നപ്പോൾ സുന്ദരിയായ ഒരു യുവ നടി കൂടെയുണ്ടായിരുന്നു. അവരെ സാവിത്രി അദ്ദേഹത്തിന്റെ പല പടങ്ങളിലും മുമ്പ് കണ്ടിട്ടുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ ആദ്യം സാവിത്രിക്ക് അസാധാരണമായിട്ടൊന്നും തോന്നിയില്ല. പക്ഷെ അവൾ അവരുടെകൂടെ താമസിക്കാനാണ് ഭാവമെന്ന് മനസ്സിലായ പ്പോൾ അവർ കോപിഷ്ഠയായി. അവൾ അദ്ദേഹത്തിന്റെ ആരാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ശാന്തമായി പറഞ്ഞു, “സവിത, എന്റെ ഭാര്യ.”

“അപ്പോൾ ഞാനോ ?”

“നിനക്ക് ഇവിടെ താമസിക്കണമെങ്കിൽ താമസിക്കാം. ഞാൻ ഇറങ്ങിപ്പോകാൻ പറയുകയില്ല. ഓർത്തോ, ഞാനിതുവരെ നിന്നെ വിവാഹം ചെയ്തിട്ടില്ല.” അതു പറയുമ്പോഴും അദ്ദേഹം ശാന്തനായിരുന്നു.

രാവിലെ അദ്ദേഹം എഴുന്നേറ്റു പുറത്തുവരുമ്പോഴേക്കും സാവിത്രിയും സൗദാമിനിയും വീട്ടിന്ന് പുറത്തെത്തിയിരുന്നു. കുറച്ചു ദിവസങ്ങൾ ഒരു സുഹൃത്തിനോടൊപ്പം താമസിച്ചു. പിന്നീട് മറ്റൊരു നഗരത്തിലേക്ക് താമസം മാറ്റി.

ശേഖരൻ നായർക്ക് സന്തോഷം തോന്നിയിരിക്കണം. ഇതുവരെ അദ്ദേഹം അവരെ അന്വേഷിച്ച് വന്നിട്ടില്ല. അന്വേഷിക്കാൻ സാവിത്രി അവസരവും കൊടുത്തിട്ടില്ല. ഉൾ വലിഞ്ഞുള്ള അവരുടെ ജീവിതശൈലി ആൾക്കൂട്ടത്തിന്ന് പിന്നിൽ ഒളിക്കാൻ അവരെ സഹായിച്ചു.

സൗദാമിനി വളർന്ന് കാര്യങ്ങൾ മനസ്സിലാക്കാനുള്ള പക്വത നേടി എന്ന് തോന്നിയപ്പോൾ, അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഒരിക്കലും സ്വജീവിതം മറ്റൊരു പുരുഷന്റെ കയ്യിൽ കൊടുക്കില്ലെന്നും അവരുടെ മധുര വാഗ്ദാനങ്ങളിൽ മയങ്ങില്ലെന്നും അവളെ ക്കൊണ്ട് സത്യം ചെയ്യിച്ചു.

“അപ്പോൾ നീ പോകുന്നില്ലേ ?” സാവിത്രി ചോദിച്ചു.

“എനിക്ക് മറ്റു മാർഗ്ഗങ്ങൾ ഇല്ലല്ലോ. അനുയോജ്യമായ തീയതി ഏതെന്ന് പാലക്കാട് കലക്ടർ അന്വേഷിച്ച് അറിഞ്ഞാൽ ഞാൻ പോകും.” സൗദാമിനി തീരുമാനം അറിയിച്ചു.

സൗദാമിനി ശേഖരൻ നായരുടെ ഭവനത്തിൽ എത്തുമ്പോൾ പാലക്കാട് കലക്ടറും കൂടെയുണ്ടായിരുന്നു. തീരെ ചെറുതും വളരെ വലിയതും അല്ലാത്ത ഒരു വീടാണ്. അതിന്റെ പഴയ രൂപം ഒരു അവ്യക്ത രൂപത്തിൽ അവളുടെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. ഒരു എട്ടു വയസ്സുകാരി പെൺകുട്ടിയുടെ മനസ്സിൽ കിടന്ന ചിത്രം. പെയിന്റ് അടിച്ചിട്ട് ഒരു പത്തു വർഷമെങ്കിലും ആയിട്ടുണ്ടാവും. വീടിന്റെ ഓരത്തായി ഒരു വലിയ തെങ്ങ്; കുനിച്ചയുള്ള ഒരു വയസ്സനെപ്പോലെയുണ്ടത്. ചെറുപ്പകാലത്ത് കണ്ട മാവിന് ഇപ്പോൾ വാർദ്ധക്യം ബാധിച്ചിരിക്കുന്നു. പക്ഷികൾ ഭാഗികമായി തിന്നു വീഴ്ത്തിയ ചില പഴുത്ത മാങ്ങകൾ താഴെ കിടപ്പുണ്ട്. അവഗണനയുടെ നിഴൽ എങ്ങും പരന്നിരിക്കുന്നു.

അവർ കാറിൽ നിന്ന് ഇറങ്ങുമ്പോൾ, അമ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ, സവിതയുടെ ഒരു ചിത്രം പോലെ, ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു. യൂണിഫോമിട്ട ഡ്രൈവറെ കണ്ടിട്ടാകണം പ്രതീക്ഷിച്ച അതിഥികൾ തന്നെയാണ് വന്നിരിക്കുന്നത് എന്ന് ഊഹിച്ച് അവൾ ഉള്ളിലേക്ക് വലിഞ്ഞു. ഏതാനും മിനിറ്റുകൾ കഴിഞ്ഞ് അവർ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവർ അതിഥികളെ നോക്കി പുഞ്ചിരിച്ചു.

“വരൂ … ഇരിക്കൂ …” സവിത അവരെ സ്വാഗതം ചെയ്തു. ഉമ്മറത്തേക്കു കയറാനുള്ള വഴിയുടെ ഒരു വശത്തേക്ക് അവർ മാറിനിന്നു.

അവിടെ രണ്ടു മരകസേരകളും ഒരു പഴകിയ സോഫയും കിടപ്പുണ്ടായിരുന്നു. സൗദാമിനിയും കലക്ടർ രാംമോഹനും കസേരകളിൽ ഉപവിഷ്ടരായി. ഡ്രൈവർ കയ്യിലുള്ള സഞ്ചിയിൽ നിന്ന് ഒരു മെമെന്റോ, ബൊക്കെ, ഷാൾ എന്നിവയെടുത്ത് അവിടെയുണ്ടായിരുന്ന സ്റ്റൂളിന്മേൽ വെച്ചു. അപ്പോഴേക്കും ഒരു ഫോട്ടോഗ്രാഫറും അവിടെ വന്നെത്തി.

ശേഖരൻ നായരെയും കൂട്ടി അപ്പോഴേക്കും സവിത പുറത്തേക്ക് വന്നു. വളരെ പതുക്കെ ആയിരുന്നു അദ്ദേഹം നടന്നിരുന്നത്. അദ്ദേഹത്തിന്റെ വലതു കൈ സവിതയുടെ ചുമലിൽ പിടിച്ചിരുന്നു. പഴയതെങ്കിലും വൃത്തിയായ ഒരു ഷർട്ട് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഇടതു തോളിൽ ഒരു വേഷ്ടി ഉണ്ടായിരുന്നു. ഉടുത്ത മുണ്ട് അതിനു ചേരുന്ന വിധത്തിലായിരുന്നു.

സൗദാമിനിയും രാംമോഹനും ബഹുമാനപൂർവ്വം എഴുന്നേറ്റുനിന്നു. ശേഖരൻ നായർ പുഞ്ചി രിച്ചു, അവരോട് ഇരുന്നുകൊള്ളാൻ ആംഗ്യം കാണിച്ചു.

” വരാൻ വിഷമിച്ചിരിക്കും, അല്ലേ?” അദ്ദേഹത്തിന്റെ ശബ്ദം വളരെ താഴ്ന്നതായിരുന്നു.

“ഒട്ടുംതന്നെയില്ല, സേർ. ഇത് വളരെ അഭിമാനവും ആഹ്ലാദവും തരുന്ന കാര്യമല്ലേ? ഒരു വലിയ നിലയിൽ, നിറഞ്ഞ സദസ്സിൽ നടത്തേണ്ട ഒരു ചടങ്ങായിരുന്നു ഇത്. താങ്കളുടെ നിർബന്ധം കാരണംമാത്രമാണ് ഞങ്ങൾക്ക് അതെല്ലാം ഒഴിവാക്കേണ്ടിവന്നത്. ചുരുങ്ങിയത് ടൗൺഹാളിൽവച്ച് നടത്തണമെന്ന് സർക്കാറിന് നിർബന്ധമായിരുന്നു. അതും വേണ്ടെന്ന് പറഞ്ഞു താങ്കൾ തിരസ്കരിച്ചു. താങ്കൾ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റുമോ?”

ശേഖരൻ നായർ ഇരുന്നതോടെ അവരിരുവരും ആസനസ്ഥരായി. ഫോട്ടോഗ്രാഫർ മുന്നോട്ടു വന്ന് നായരും ഭാര്യയും ഇരിക്കുന്ന രീതിയിൽ ഏതാനും പടങ്ങൾ എടുത്തു. കലക്ടർ ഷാളും മെമെന്റോയും ബൊക്കെയും എടുത്തു. സൗദാമിനി ബാഗ് തുറന്ന് പുരസ്കാരസംഖ്യയുടെ ചെക്ക് പുറത്തെടുത്തു.

ഫോട്ടോഗ്രാഫർ ശേഖരൻ നായരുടെ വലതുഭാഗത്തായി നിൽക്കാൻ കലക്ടറോടും സവിതയോടും അപേക്ഷിച്ചു. അപ്പോൾ സൗദാമിനി മാഡം പുരസ്കാരം നൽകുമ്പോൾ പടത്തിൽ അവരിരുവരെയും കാണാൻ സാധിക്കുമല്ലോ.

ശേഖരൻ നായർ സോഫയിൽ നിന്ന് എഴുന്നേറ്റു. സൗദാമിനി അദ്ദേഹത്തിന്റെ ചുമലിന് ചുറ്റുമായി ഷാൾ ധരിപ്പിച്ചു. ബൊക്കെ നൽകി. അതിനുശേഷം മെമന്റോയും ചെക്കും നൽകി. ഫ്ലാഷ് ബൾബുകൾ പ്രകാശിച്ചുകൊണ്ടിരുന്നു. ശേഖരൻ നായരും മറ്റുള്ളവരും വീണ്ടും ഇരുന്നു. മൗനഭഞ്ജനത്തിന്നായി രാംമോഹൻ ചോദിച്ചു, “സാറിന് സുഖം തന്നെ യല്ലേ? ആരോഗ്യ നില എങ്ങനെയുണ്ട്? കുറച്ചുകാലമായി സാറിന്റെ പേനയിൽ നിന്നും ഒന്നും ഒഴുകിവരുന്നില്ലല്ലോ.”

ശേഖരൻ നായർ ഒന്ന് ചിരിച്ചെന്ന് വരുത്തി. “ഞാൻ ഇരുന്നൂറിലേറെ ചെറുകഥകൾ എഴുതി, ഇരുപത്തിയഞ്ചോളം തിരക്കഥകളും എഴുതി. എനിക്ക് എന്റേതായ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പോൾ ഭൂമി വരണ്ടിരിക്കുന്നു. തുള്ളിമഴ കൊണ്ട് ഇനി രക്ഷയില്ല.”

“സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് സാറിന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. സാറിന്റെ കഥകൾ ഞങ്ങൾക്ക് ഒരു ഹരമായിരുന്നു.” രാംമോഹൻ തുടർന്നു.

“താങ്ക്സ്. നിങ്ങൾ എന്തു പറയുന്നു? എന്റെ കഥകൾ വായിച്ചിട്ടില്ലേ?” ശേഖരൻ നായർ സൗദാമിനിയോട് ചോദിച്ചു.

“അതേ സർ. ഞാനും സാറിന്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്.” അവൾ സമ്മതിച്ചു.

സവിത ചായയും കുറച്ചു പലഹാരങ്ങളും കൊണ്ടുവന്നു. കുറച്ചുകഴിഞ്ഞ് ഫോട്ടോഗ്രാഫർക്കും ഡ്രൈവർക്കും കിട്ടി ചായയും പലഹാരവും.

“ചായ കുടിക്കൂ. കൂടുതലായിട്ട് എന്തെങ്കിലും തരാൻ ഇവിടെയൊന്നും ഇല്ല.” ഒന്ന് നിർത്തിയ ശേഷം ശേഖരൻ നായർ തുടർന്നു, “ഈ പുരസ്കാരം വേണ്ട സമയത്ത് ലഭിച്ച ഒരു അനുഗ്രഹമാണ്. ഞങ്ങൾക്ക് കുറച്ചു കാലമായി ചീത്ത കാലമായിരുന്നു. എന്റെ വാർദ്ധക്യം, സവിതയുടെ അനാരോഗ്യം, മൂന്നു പെൺകുട്ടികളുടെ ഭാരം, ഞങ്ങളുടെ സാമ്പത്തികനിലയിൽ ഇതിനെല്ലാം വലിയ പ്രാധാന്യമുണ്ട്.” ശേഖരൻ നായർ സംസാരി ക്കാനുള്ള ഒരു മനോനിലയിൽ ആയിരുന്നു.

“അവരിപ്പോൾ എന്തു ചെയ്യുന്നു?” സൗദാമിനി ചോദിച്ചു.

“ആര്, എന്റെ മക്കളോ? അവരെല്ലാം വിവാഹിതരായി, അമ്മമാരുമായി. ഏറ്റവും ചെറിയ മകൾ വിധവയാണ്. മറ്റു രണ്ടുപേരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചു. എന്റെ മരു മക്കളെല്ലാം നല്ല മദ്യപാനികൾ ആയിരുന്നു. ഏറ്റവും ചെറിയവൻ മരിച്ചത് ലിവർ സംബന്ധമായ അസുഖം കൊണ്ടാണ്.” കൈപ്പ് നിറഞ്ഞ ശബ്ദത്തിലാണ് ശേഖരൻ നായർ പറഞ്ഞത്.

“സോറി, ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു.” സൗദാമിനി എഴുന്നേറ്റു യാത്രാനുമതി തേടി. രാംമോഹനും എഴുന്നേറ്റു.

“അതെ, നിങ്ങളുടെ ജോലി കഴിഞ്ഞുവല്ലോ. നിങ്ങൾക്ക് മടങ്ങി പോകാറായി.” ശേഖരൻ നായർ തീവ്രവേദനയോടെ സൗദാമിനിയുടെ നേത്രങ്ങളിലേക്ക് നോക്കി. “പക്ഷെ സൗദാമിനി, എന്റെ മോളെ, നീ ചിലപ്പോഴെല്ലാം എന്റടുത്തു വരണം. എനിക്ക് ചാരി നിൽക്കാൻ ഇപ്പോൾ ഒന്നുമില്ല. എന്റെ എല്ലാ മക്കളിലും നീ മാത്രമാണ് എവിടെയെങ്കിലും എത്തിയത്.” അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടുന്നത് സൗദാമിനി കണ്ടു.

“എന്നെ മനസ്സിലായി, അല്ലേ?” സൗദാമിനിക്ക് അത്ഭുതം അടക്കിവെക്കാൻ ആയില്ല.

“അതേ മോളെ, നിന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചയും ഞാൻ അറിയുന്നുണ്ടായിരുന്നു. ഈശ്വരനു നന്ദി. എനിക്ക് അറിയാമായിരുന്നു, സംസ്കാരിക കാര്യവകുപ്പ് സെക്രട്ടറി എന്ന നിലയിൽ നീ വരുമായിരുന്നെന്ന്. അതുകൊണ്ടാണ് ഈ ചടങ്ങ് വളരെ ലളിതമായിരിക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചത്. “

രാംമോഹൻ അത്ഭുതപൂർവ്വം സൗദാമിനിയെ നോക്കി. “അതെ, അദ്ദേഹമാണ് എന്റെ അച്ഛൻ. ഞാൻ വിചാരിച്ചു അദ്ദേഹം എന്നെ തിരിച്ചറിയില്ലെന്ന്.”

“ദയവായി ഇടയ്ക്കിടയ്ക്ക് വരൂ. സാവിത്രിയെയും കൊണ്ടുവരൂ. ചെയ്യാൻ പാടില്ലാത്തത് ഞാനവളോട് ചെയ്തു. എന്റെ വിഡ്ഢിത്തത്തിൽ എനിക്ക് ഖേദമുണ്ട്.”

“അമ്മ വരില്ല. എനിക്ക് ഉറപ്പാണ്. ഞാൻ ചിലപ്പോൾ എല്ലാം വരാം.” സൗദാമിനി എഴുന്നേറ്റ് കാറിന്റെ അടുത്തേക്ക് നീങ്ങി. രാം മോഹനും മറ്റുള്ളവരും അവരെ പിന്തുടർന്നു.

By…… സത്യനാഥൻ
Mob.: 098336 77962


You may also like