“ഇപ്പൊഴും ഉണ്ടോ ഡോ തന്റെ കപ്പടാ മീശ? എന്ന പഴയ ഒരു സുഹൃത്തിന്റെ ഫോണില്‍ കൂടിയുള്ള അന്വേഷണത്തിനു, “എന്റെ മീശയോട് തനിക്കു എന്താഡോ ഇത്ര ശത്രുത” എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍, ചങ്ങായി ഉറക്കെ ചിരിച്ചുപോയീ . ഞങ്ങളുടെ ഈ പ്രഭാതസംവാദം, പുരുഷന്മാരുടെ മാത്രം “കുത്തകയായ” മീശയെക്കുറിച്ചു സ്വല്പം ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചു .
ജന്തുശാസ്ത്രം പഠിക്കുന്ന കാലത്ത്, സ്പെഷല്‍ വിഷയമായി കയറി വന്ന “ഭ്രൂണ ശാസ്ത്രം” (Embryology) പഠിക്കുമ്പോള്‍ പ്രോഫസ്സറായിരുന്ന അച്ചന് പറഞ്ഞു തന്നത് ഇപ്പോഴും ഓര്‍മ്മിക്കുന്നു. മനുഷ്യനില്‍ രണ്ടു തരo ലൈംഗിക ദശകള്‍ കാണപ്പെടുന്നു. ഇതില്‍ രണ്ടാമത്തേതില്‍ – സെക്കണ്ടറി സെക്ഷ്വല്‍ കാരക്ക്ട്ടെര്സില് – പെട്ടതാണ് പുരുഷന്റെ മീശയും താടിയും, പരുക്കന്‍ ശബ്ദവും എല്ലാം.
അതുകൊണ്ട്, പ്രീ യൂനിവേര്‍സിറ്റി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ മിക്കവാറും എല്ലാ ചെറു ബാല്യക്കാരും,, മൂക്കിനു താഴെ വളര്‍ന്നു തുടങ്ങുന്ന “പട്ടു പോലെ നനുത്ത ചെമ്പന്‍ രോമങ്ങളെ” താലോലിച്ചു തുടങ്ങുന്നു.
അത്യാവശ്യത്തിനു കത്തിക്കരിഞ്ഞ തീപ്പെട്ടി കമ്പുകളില്‍ ഉള്ള കരി തേച്ചുo ,കിളുത്തു വരുന്ന പൊടി രോമങ്ങളെ മോഡി പിടിപ്പിച്ചുo മറ്റുമാണ് ഇവര്‍ മീശയെ താലോലിക്കുന്നത്..
ഒരു കാല് ബാല്യത്തിലും,മറ്റൊരു കാല് യൌവനത്തിലും ആയിരുന്ന ദശയില്‍, ഇത്തരം “പൊടി മീശ”ക്കാരോട് ഹൈസ്കൂള്‍ പെണ്‍കുട്ടികള്‍ക്ക് “ഒരിത്” (അത് എന്താണെന്നു ആര്‍ക്കും അപ്പോള്‍ അറിയില്ലായിരുന്നു) തോന്നും എന്നായിരുന്നു അന്നത്തെ ധാരണ. ബ്രൌണ്‍ നിറത്തില്‍ നല്ല പട്ടു പോലത്തെ മീശയുണ്ടായിരുന്നിട്ടും, ഒറ്റപ്പെണ്ണിനും കൂട്ടുകാര്‍ പറയാറുള്ള “ഒരിത്” എന്നോട് തോന്നിയതായി അറിവില്ല എന്നത് വേറെ കാര്യം. വല്ല പെണ്‍കുട്ടിക്കും നിര്‍ഭാഗ്യവശാല്‍ ആ ഒരിത് തോന്നിയിരുന്നാലും, അവരുടെ കാരണവത്തികള്‍ അതെല്ലാം മുളയില്‍ തന്നെ നുള്ളി കളഞ്ഞിരിക്കും എന്നത് അന്നത്തെ നാട്ടുനടപ്പുമാത്രം.
ഇരുപതുകളില്‍ പ്രവേശിക്കുമ്പോള്‍ ആയിരുന്നു, ഏകദേശം ഒന്നു രണ്ടു മില്ലിമീറ്റര്‍ വീതിയുള്ള പെന്‍സില്‍ കൊണ്ട് വരച്ച പോലെയുള്ള മീശകള്‍ പരിഷ്ക്കാരമാകുന്നത്. കാരണം,അക്കാലത്ത് പ്രസിദ്ധരായിരുന്ന രാജ് കപൂര്‍, ഗുരുദത്ത്, അജീത്, പ്രാണ്‍ തുടങ്ങിയ സിനിമാ സ്റ്റാറുകള്‍ ഇത്തരം “സ്ക്കെച്-പെന്‍ മീശകളോടെയാണ് വെള്ളിത്തിരയില്‍ ശോഭിച്ചിരുന്നത്.
ഒരു സീനിയര്‍ ഓഫീസ്സറും, മധ്യവയസ്ക്കനും മറ്റും ആയതോടെ, നല്ല വീതിയുള്ള വലിയ മീശയാണ് എനിക്ക് ചേര്‍ന്നത് എന്ന് അല്പം സുന്ദരിയായ ഒരു മേലധികാരിണി (ബോസ്) പറഞ്ഞപ്പോള്‍ (അവരുടെ സന്തോഷത്തിനായി), എന്റെ മീശയെ ഞാന്‍ വളര്‍ത്തി തുടങ്ങി. നിനക്ക്, ഒരു മേജറുഡേ യോ ലെഫ്ടനന്റ്റ് കേണലിന്റെയോ ലുക്ക് ഉണ്ടെന്നു അവര്‍ ഇടയ്ക്കിടെ പറയുമ്പോള്‍ അഭിമാനം തോന്നുമായിരുന്നു. ഒന്നാം പാക്കിസ്ഥാന് യുദ്ധകാലത്താണ്, അവര്‍ പറഞ്ഞതില്‍ സ്വൽപ്പം കാര്യമുണ്ടെന്നു മനസ്സിലായത്.
ഒരു പെണ്ണിനു മറ്റൊരു പെണ്ണിനെ കണ്ടൂടാ എന്നും,ഒരുത്തിയുടെ ഇഷ്ടം മറ്റവള്‍ക്കു ഹറാം ആണെന്നും ശുദ്ധഗതിക്കാരനായ എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട്, പഴയ “ബോസിനിക്ക്” ( ബോസ് എന്ന പദത്തിന്റെ സ്ത്രീലിംഗം) സ്ഥലം മാറ്റം സംഭവിച്ചു, പുതിയ ഒരു കൊച്ചു ഐ.ഏ.എസ്. കാരി ബോസിനി ആയി വന്നപ്പോഴാണ് ഈ തത്വശാസ്ത്രം മനസ്സിലാവുന്നത് .
അവരെ റിസ്സീവ് ചെയ്തു, ഓഫീസ്സിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോള്‍ ഗൌരവക്കാരിയായ അവര്‍ ചോദിച്ചു: “ആര് യു ആന്‍ എക്സ് സര്‍വീസ് ഓഫീസ്സര്‍?”
“നോ മേം; ഐ ആം ഏ സയന്റിസ്റ്റ്ഫിക്ക് ഓഫീസ്സര്‍ ” എന്ന മറുപടി കേട്ടപ്പോള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, അവര്‍ പറഞ്ഞു : “ദെന്‍ വൈ ദിസ് ആര്‍മി മുഷ്? ഐ ഡോണ്ട് ലൈക് ഇറ്റ് ”എന്റെ തകര്‍പ്പന്‍ മീശ അവര്‍ക്ക് ഇഷ്ടമല്ലത്രേ!
സര് വിന്സ്റ്റന് , ലേഡി ആസ്റ്റരോട് പറഞ്ഞ “യു ആര് നോട്ട് ലൈകിലി ടു കം ഇന്‍ കോണ്ടാക്റ്റ് വിത്തിറ്റ്” എന്ന മറുപടിയാണ് മനസ്സില്‍ വന്നതെങ്കിലും, പുത്തന്‍ പെണ്ണിനെ ശുണ്ടി പിടിപ്പിച്ചു,സ്വന്തം ഭാവി നശിപ്പിക്കെണ്ടാ എന്ന് കരുതി, അച്ചടക്കത്തോടെ പറഞ്ഞു: “യെസ്, മാം”.
മീശയുടെ വീതി സ്വല്പ്പം കുറച്ചു. ബോസിനിയുടെ മുഖത്തു ചെറിയ ഒരു പുഞ്ചിരി കണ്ടപ്പോള്‍, അവര്‍ക്ക് ഈ നേര്‍ത്ത മീശയോട് വിരോധം ഒന്നും ഇല്ലെന്നു തോന്നി.
ഞങ്ങളുടെ വകുപ്പിന്റെ അദ്ധ്യക്ഷനെ ഒരു ഫുള്‍ സെക്രട്ടറിയുടെ അന്തസ്സിലേക്ക് ഉയര്‍ത്തിയപ്പോള്‍, ഞങ്ങള്‍ക്ക് കിട്ടിയത് വളരെ സീനിയറും വടക്ക്-പടിഞാറന്‍ ഇന്ത്യയിലെ നാട്ടുരാജ്യത്തെ ഇളയരാജാവായ വളരെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനെ ആയിരുന്നു.ഒന്നാം തരം ആംഗലേയ സാഹിത്യത്തിലും, ഉര്‍ദുവിലും, രാജധാനിയിലെ അന്തസ്സുള്ള ഹിന്ദുസ്ഥാനിയിലും പ്രവീണനായിരുന്ന തമ്പുരാന് ആറടിയിലധികം പൊക്കവും, ഉയര്‍ന്നു കൂര്‍ത്ത നാസികയും, വലിയ തേള് വാളന്‍ കൊമ്പന് മീശയും ഒക്കെ ഉണ്ടായിരുന്നു.
പൊതുവേ എല്ലാവര്ക്കും സ്വല്പ്പം ഭയം ആയിരുന്ന തമ്പുരാന് സാഹിത്യത്തിന്റെ സുഗന്ധമുള്ള ഇംഗ്ലിഷില്‍ ഞാന്‍ എഴുതിക്കൊടുക്കുന്ന നോട്ടുകള്‍ വളരെ ഇഷ്ടമായിരുന്നു. ഈ ഇഷ്ടം അദ്ദേഹം പലപ്പോഴും ഫയലില്‍ “വീ അപ്പ്രീഷിയെറ്റ് യുവര്‍ ലാന്ഗ്വേജ്ജ്“, “മാര്‍ വേലസ്”, വാറ്റ് ഏ സ്ടയില് ?” എന്നെല്ലാം റിമാര്‍ക്ക് എഴുതുമായിരുന്നു.അങ്ങിനെ ഞങ്ങള്‍ അടുത്തപ്പോള്‍, എന്റെ രാജകീയ മീശ കണ്ട് ഞാനും ഒരു രജപുത്ര വംശജനാണോ എന്ന് ചോദിച്ചു. പക്ഷെ, ശുദ്ധ ബ്രാഹ്മണന് ആണെന്നു പറഞ്ഞപ്പോള്‍, താങ്കള്‍ക്കു ഈ ക്ഷത്രിയ മീശ യോജിക്കില്ല എന്നായിരുന്നു തമ്പുരാന്റെ അഭിപ്രായം.
എത്ര വലിയ കൊല കൊമ്പനും വയസ്സാകുമ്പോള്‍ മീശ നരക്കും. അതുപോലെ, എന്റെ മീശയും,കാലക്രമത്തില്‍, ഗ്രേ, കറുപ്പു ചേർന്ന വെള്ള, എന്നീ നിറങ്ങളില്‍ കൂടി വെളുത്തു വെഞ്ചാമരം പോലെ ആയിത്തീര്‍ന്നു.കറുത്ത ചായം പൂശി കുറച്ചു കാലം കൊണ്ട് നടന്നെങ്കിലും, മീശയെ പ്രകൃതിക്ക് വിട്ടു കൊടുത്തില്ലെങ്കില്‍, അല്ലെര്ജ്ജിക് ലാരിന്ജൈറ്റിസ് കൊണ്ട് എന്റെ കനത്ത ശബ്ദം പുറത്തു വരാതെയാകും എന്നു തൊണ്ട വൈദ്യന് പറഞപ്പോള്, പ്രകൃതിക്ക് കീഴടങ്ങി വെഞ്ചാമരം പോലെ നരച്ച മീശയുള്ള ഒരു മുതിര്‍ന്ന പൌരനായി ത്തീരാന് തന്നെ തീരുമാനിച്ചു.
മൈ പൂവര്‍ ബോയ്, വെയര്‍ ഹാസ് യുവര്‍ ഹാന്‍സം മുഷ് ഗോണ്? എന്ന് പരിഭവിച്ച പഴയ ബോസ്സിനിയുടെ ഗോദ്രെജ് ചായം അടിച്ച കൊഴിഞ്ഞു തുടങ്ങിയ തലമുടി കണ്ടപ്പോള്‍ വന്ന ചിരി അടക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.

By K.R. നാരായണൻ
+91 9594053133
