ഹർത്താൽ

by News Desk
0 comments

കണ്ണ് തുറന്നപ്പോൾ ട്രെയിൻ കാസർഗോഡ് സ്റ്റേഷൻ വിടുകയാണ്. രാത്രി പത്തു മണിക്ക് ഉറങ്ങാൻ കിടന്നതാണ്. ഇപ്പോൾ പുലർന്ന് ആറു മണിയായിരിക്കുന്നു. ഒരു ഭയവും ഇല്ലാത്ത അഖണ്ഡ നിദ്ര. അടുത്തകാലത്തൊന്നും ഇത്രയും സുഖകരമായ ഉറക്കം കിട്ടിയിട്ടില്ല .

തീവണ്ടിയാത്ര എപ്പോഴും വ്യത്യസ്തമാണ്. മുംബൈയിൽ, വീട്ടിലാകുമ്പോൾ അഞ്ചു നിമിഷംപോലും ഒരിടത്ത് സ്വസ്ഥമായി ഇരിക്കാൻ അവസരം ലഭിക്കാറില്ല. എപ്പോഴും എന്തെങ്കിലും കാര്യത്തിനായി ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക്. അവിടെ എത്തുമ്പോഴേക്കും അവിടെ വന്നെത്താനുള്ള കാരണം മറന്നുപോയിരിക്കും. കുറച്ചു നേരം മേല്പോട്ടും കീഴ്പ്പോട്ടും നോക്കി ആലോചിച്ചുനിൽക്കും. ഒടുവിൽ യത്‌നം വൃഥാവിലായി മുന്നിലെ മുറിയിലെ സോഫയിലേക്ക് മടങ്ങും. അപ്പോഴാണ് എന്തിനായിരുന്നു മറ്റേ മുറിയിലേക്ക് പോയത് എന്ന കാര്യം ഓർമ്മയിൽ വരിക. എനിക്ക് വാർദ്ധക്യമായി വരികയാണോ?

എന്നാൽ തീവണ്ടിയിൽ കയറിയാലോ? (തീവണ്ടി എന്നൊന്നും ഇക്കാലത്ത് പറഞ്ഞു കൂടാ. കൽക്കരിയിലല്ല ഇപ്പോൾ വണ്ടി ഓടുന്നത്; ഡീസലിലും വൈദ്യുതിയിലും അല്ലേ? വർഷങ്ങൾ ഏറെയായി ഈ മാറ്റങ്ങൾ വന്നിട്ട്. തീവണ്ടിയെ എന്തു പേരിലാണ് ഇനി വിളിക്കുക?)

ജനലിന്നുതൊട്ട ഇരിപ്പിടത്തിൽ, വണ്ടിയിൽ കയറിയ ഉടനെ ഇരുന്നു കഴിഞ്ഞാൽ അപൂർ വമായേ എഴുന്നേൽക്കേണ്ടിവരൂ. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ കയ്യും വായും കഴുകാൻ; രണ്ടോ മൂന്നോ തവണ മൂത്രമൊഴിക്കാൻ. അത്രതന്നെ. ഓരോരുത്തർ എത്ര തവണയാണ് എഴുന്നേറ്റ് പോകുന്നതും വരുന്നതും?

എന്താണ് എനിക്ക് പറ്റിയത് ? ഇത്തരം കാര്യങ്ങളൊക്കെ ഈ അവസരത്തിൽ എനിക്ക് ആലോചിക്കാമോ? രണ്ടുമൂന്ന് ആഴ്ചയായി ആസ്പത്രിയിൽ ആയിരുന്ന അമ്മ മരിച്ച വിവരം ഇന്നലെയാണ് നാട്ടിൽനിന്ന് ഫോണിൽ വിളിച്ചു പറഞ്ഞത്. നാലഞ്ചു വർഷങ്ങളായി ഇടയ്ക്കിടെ അമ്മയെ ആസ്പത്രിയിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. ആദ്യത്തെ തവണ പണം കടം വാങ്ങി വിമാനത്തിലാണ് നാട്ടിലെത്തിയത്. പിന്നീട് ജീവനോടെ കാണാൻ പറ്റിയില്ലെങ്കിലോ എന്ന ചിന്തയായിരുന്നു അന്ന്. അമ്മ കിടക്കുന്ന സ്പെഷ്യൽ മുറിയിൽ എത്തിയപ്പോൾ വേലക്കാരി ജാനു എല്ലാവരോടുമായി പറഞ്ഞു, “ഞാൻ അപ്പോഴും പറഞ്ഞില്ലേ, വേണുവേട്ടൻ വന്നാൽ അമ്മയ്ക്ക് സുഖം ആവുംന്ന്. നോക്കിക്കോളൂ, അമ്മ നാളെ ഡിസ്ചാർജ് ആവും.”

ജാനു പറഞ്ഞപോലെ, പിറ്റേന്ന് അമ്മ ആശുപത്രി വിടുകയും ചെയ്തു. ശരീരത്തിൽ രക്തം കുറയുന്നതായിരുന്നു അമ്മയുടെ അസുഖം. അമ്മയുടെ കൂടെയാണ് വീട്ടിലെത്തിയത്. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ വണ്ടിയിൽ മുംബൈക്ക് മടങ്ങി. ഏതാനും തവണ ഇത് ആവർത്തിച്ചപ്പോൾ അനിയനോട് പറഞ്ഞു, “അമ്മയ്ക്ക് അസുഖം അധികം ഉണ്ടെങ്കിൽ മാത്രം അറിയിക്കണം. അപ്പോൾ വരാം. വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, കൊല്ലത്തിൽ രണ്ടു മൂന്നു തവണ വരുമ്പോഴേക്കും എന്റെ ബജറ്റ് ആകെ തകരാറാകുന്നു.”

അനിയന് അല്പം എതിർപ്പ് ഉണ്ടാകാതിരുന്നില്ല. ആശുപത്രി ബില്ല് കൊടുക്കാറാകുമ്പോ ഴേക്കും മുംബൈയിൽ നിന്ന് ഏട്ടൻ വന്നെത്തിയില്ലെങ്കിൽ പണം സ്വന്തം കീശയിൽ നിന്ന് കൊടുക്കേണ്ടി വരുമല്ലോ എന്നായിരുന്നു അവന്റെ പേടി.

ഇപ്പോഴിതാ അമ്മ പരലോകം പ്രാപിച്ചിരിക്കുന്നു. ആസ്പത്രി ബില്ല് കൊടുത്തു മൃതദേഹം അവൻ വീട്ടിലെത്തിച്ചിരിക്കുന്നു. ഇനി ഞാൻ വീട്ടിലെത്തിയിട്ടുവേണം ശവസംസ്കാരം നടത്താൻ. ഏർപ്പാടുകൾ എല്ലാം അവൻ ചെയ്തിട്ടുണ്ടാകും. അമ്മയുടെ ദേഹം അവസാനമായി ഒന്ന് കണ്ട് വെട്ടിക്കൂട്ടിയവർക്ക് വേതനം കൊടുത്ത് പിരിച്ചയക്കൽ മാത്രമാണ് എന്റെ ജോലി.

അത്തരം ഒരു അവസരത്തിലാണ് എന്റെ മനസ്സിന്റെ കാടുകയറ്റം.

പാൻട്രികാറിലെ ജോലിക്കാർ ചായയും കൊണ്ടുവന്നു. ഒരാളോട് ചായ വാങ്ങിയപ്പോഴേക്കും മറ്റൊരാൾക്ക് അറിയണം ബ്രേക്ക്ഫാസ്റ്റ് വേണമോ എന്ന്. വേണ്ടെന്നു പറഞ്ഞപ്പോൾ അയാൾ പറയുന്നു, “നല്ലവണ്ണം ആലോചിച്ചു പറയണം സാറെ, കുറച്ചു കഴിഞ്ഞാൽ കിട്ടീന്ന് വരില്ല. എല്ലാ സ്റ്റേഷനിലും സാധനം കിട്ടീന്ന് വരില്ല. ഇന്ന് ഹർത്താൽ ആണ്.”

“ഇബ്ടെ ഉള്ളോർക്ക് വേറെ പണി ഒന്നും ഇല്ല്യല്ലോ. എപ്പോ നോക്കിയാലും ഒരു ബന്തും ഹർത്താലും.” തിരൂർക്കാരനായ സഹയാത്രികന്റെ കമന്റ് .

“എന്തു വകയാണാവോ ഈ ഹർത്താൽ ?” മറ്റൊരാൾക്ക് അതറിയണം.

“അതിനിപ്പോ പ്രത്യേകിച്ച് കാരണം വല്ലതും വേണോ? ദൈവത്തിന്റെ സ്വന്തം നാടായിരുന്നത് ഇപ്പോ ഹർത്താലിന്റെ സ്വന്തം നാടായില്ലേ ?” മറ്റൊരാൾ.

“നിങ്ങൾക്ക് ബ്രേക്ക്ഫാസ്റ്റ് വേണോ? അത് പറയിൻ.” പാൻട്രി ജോലിക്കാരൻ ധൃതി വെക്കുന്നു .

“വേണ്ട, ഞാൻ കോഴിക്കോട് ഇറങ്ങാണ്.” അവനെ ഒഴിവാക്കി.

വണ്ടിയിൽനിന്ന് ലഭ്യമായ ന്യൂസ് പേപ്പറിൽ നിന്ന് മനസ്സിലായി, ടാക്സിയുടെയും, ഓട്ടോ വിന്റേയും ലൈസൻസ് ഫീ വർദ്ധിപ്പിച്ചതും മത്സ്യ പ്രജനനസമയത്തു മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും മൂലമാണ് ഹർത്താൽ എന്നത്. അപ്പോൾ അതുമായി ബന്ധപ്പെട്ടവരുടെ ഹർത്താൽ മതിയായിരുന്നില്ലേ? എന്തിനാണ് ബസ് സർവീസും ഹോട്ടലുകളും ഭീഷണിപ്പെടുത്തി അടപ്പിക്കുന്നത്? പൊതുജനത്തെ ഉപദ്രവിച്ചതുകൊണ്ട് അവരുടെ കാര്യം നേടാനാകുമോ? എല്ലാ ഹർത്താലുകൾക്കും സർക്കാരുകൾ കീഴടങ്ങിയാൽ നികുതിയിലും നികുതിയിതരവരുമാനങ്ങളിലും സർക്കാരിന് വരുമാനം കൂട്ടാൻ സാധിക്കുമായിരുന്നില്ലല്ലോ.” ഇങ്ങനെ പോയി യാത്രക്കാരുടെ ചർച്ചാവിഷയങ്ങൾ.

കോഴിക്കോട് വണ്ടി കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. ഇപ്പോൾ തന്നെ സ്റ്റേഷൻ വിട്ടാൽ പന്ത്രണ്ട് മണിക്ക് മുമ്പ് വീട്ടിൽ എത്താൻ പറ്റിയെന്നു വരും. ഹർത്താൽ ഒരു വിധത്തിൽ നന്നായി. വഴിക്ക് ബസ്സിൽ കയറാൻ യാത്രക്കാർ കുറവായാൽ എളുപ്പത്തിൽ എത്തിച്ചേരാം.

സ്റ്റേഷനിലെ കാന്റീനിൽ കയറി സമയം വ്യർത്ഥമാക്കേണ്ട എന്നും കരുതി ധൃതിയിൽ വെളിയിൽ എത്തി. അവിടെയുണ്ടായിരുന്ന ഓട്ടോകൾ എല്ലാം യാത്രക്കാരെയും കൊണ്ട് സ്ഥലം വിട്ടിരുന്നു.

എട്ടു പത്തു മിനുട്ട് കഴിഞ്ഞിട്ടും ഓട്ടോകൾ ഒന്നും വന്നില്ല. നടക്കുകയായിരിക്കും എളുപ്പം എന്ന പോലീസുകാരന്റെ ഉപദേശം കൈക്കൊണ്ട് നടന്നുതുടങ്ങി. ഭാഗ്യത്തിന് ലഗേജ് കാര്യമായിട്ടൊന്നും ഇല്ലാത്തതിനാൽ നടത്തം പ്രയാസമുണ്ടായില്ല. എന്നെ കടന്നുപോയ ഒരു ബൈക്കുകാരൻ അൽപ്പദൂരം പോയി തിരിച്ചുവന്നിട്ട് ചോദിച്ചു, “അങ്കിളിന്ന് എങ്ങോട്ടാണ് പോകേണ്ടത് ?”

“ബസ് സ്റ്റാൻഡിലേക്ക്.”

“കയറിക്കോളു. ഞാൻ ആ വഴിക്കാണ്.”

നന്ദി പറഞ്ഞുകൊണ്ട് ഞാൻ പിന്നിൽ കയറി.

സംസാരിച്ചപ്പോൾ മനസ്സിലായി അയാൾ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി ആണെന്നും ക്ലാസ് ഇല്ലെന്നറിഞ്ഞ് മടങ്ങി പോവുകയാണ് എന്നും.

ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ട് അയാൾ പോയി.

വളരെ വലിയ ആ സ്റ്റാൻഡിൽ വളരെ കുറച്ചു വാഹനങ്ങളേ ഉണ്ടായിരുന്നുള്ളൂ. കാത്തു നിൽക്കുന്ന യാത്രക്കാരും വളരെ കുറവ്. നൂറ്റമ്പതോളം പോലീസ് ട്രെയിനികൾ റെഗുലർ പോലീസുകാരെ സഹായിക്കാനായി അവിടെ ഉണ്ടായിരുന്നു.

ഒരു ചായക്കട തുറന്നിട്ടുണ്ട്. അവിടെ പോലീസുകാരും കാത്തുനിൽക്കുന്ന യാത്രക്കാരും ഹർത്താൽ അനുകൂലികളും ചായയും പലഹാരവും കഴിക്കുന്നു. അവിടെ കയറി ഒരു ചായ ആവശ്യപ്പെട്ടു. അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെയുണ്ടായിരുന്നു പോലീസുകാരനോട് ബസ്സിന്റെ സാധ്യത ആരാഞ്ഞു.

“ഇന്ന് ബസുകൾ കുറവാണ്. ചിലപ്പോൾ കെ എസ് ആർ ടി സി വരാനും മതി. ആറു മണിക്ക് ശേഷം ചിലപ്പോൾ ബസ് കിട്ടിയേക്കും.”

“എന്റെ അമ്മ ഇന്നലെ രാവിലെ മരിച്ചു. അതറിഞ്ഞ് ഞാൻ മുംബൈയിൽ നിന്ന് വരികയാണ്. ഞാൻ ചെന്നിട്ട് വേണം മൃതദേഹം അടക്കം ചെയ്യാൻ.” ഞാൻ വിശദീകരിച്ചു.

“എങ്കിൽപ്പിന്നെ വല്ല ഓട്ടോയും പിടിച്ച് പോകുകയാകും നല്ലത് .”

“അതിന് ഓട്ടോ എവിടെ കിട്ടും ?”

പോലീസുകാരൻ പുറത്തേക്ക് നോക്കി. ഒടുവിൽ ‘ശൂ’ എന്നൊരു ശബ്ദം ഉണ്ടാക്കി. എന്നിട്ട് കൈകൊണ്ട് ‘ഇവിടെ വാ …’എന്ന് ആംഗ്യം കാണിച്ചു. അപ്പോൾ കള്ളിമുണ്ടും ടീഷർട്ടും ധരിച്ച ഒരുത്തൻ വന്നെത്തി. ”കൂലിയെല്ലാം നിങ്ങൾ സംസാരിച്ചു തീരുമാനിച്ചോ.”

മഞ്ചേരിവരെ പോകാൻ അവന് 1200 രൂപ വേണം, വഴിക്ക് ആരെങ്കിലും തടഞ്ഞെന്നു
വരാം. കല്ലെറിഞ്ഞു ഗ്ലാസ്പൊട്ടിച്ചെന്നു വരാം. റിട്ടേൺട്രിപ്പ് കിട്ടില്ല. പിന്നെ പോലീസുകാരന്റെ കമ്മീഷനും അടക്കം.

കാര്യം പറയാമെന്ന് വിചാരിച്ചു നോക്കിയപ്പോൾ പോലീസുകാരനെ കാണാനില്ല. അവസാനം അവൻ കൊണ്ടുവന്ന ഓട്ടോയിൽ കയറി. അപ്പോൾ അവിടുന്നുമിവിടുന്നുമായി ഏതാനും പേർ വന്ന് എവിടെ പോകുന്നെന്നും എന്താണ് ചാർജ് എന്നും അന്വേഷിച്ചു. തുക കേട്ടപ്പോൾ അവരെല്ലാം മിണ്ടാതെ സ്ഥലം വിട്ടു.

തിരക്കൊഴിഞ്ഞ നിരത്തുകളിൽ കൂടിയായിരുന്നു യാത്ര. നാട്ടിലെ ചൂടിനെക്കുറിച്ചും ഹർത്താലിനെ കൊണ്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും ഞങ്ങൾ വിസ്തരിച്ചു ചർച്ച ചെയ്തു.

ഇരുപത്തഞ്ചോളം കിലോമീറ്റർ യാത്ര ചെയ്തു കാണണം, ഒരു കൂട്ടം യുവാക്കൾ നിരത്തിന്റെ മധ്യത്തിൽ നിന്ന് കൈ കാണിച്ച് ഓട്ടോയെ നിർത്തിച്ചു.

”ഇന്ന് ഹർത്താൽ ആണെന്ന് അറിയില്ലേ?” ഡ്രൈവറോട് ആയിരുന്നു ചോദ്യം.

”അറിയാം. ഇയാളെ മഞ്ചേരിയിൽ കൊണ്ടുവിടാൻ പോലീസ് പറഞ്ഞിട്ട് കൊണ്ടുപോവാണ്.”

ഗ്യാങ്ങ് ലീഡർ എന്നു തോന്നിപ്പിക്കുന്നവൻ എന്നെ നോക്കി. പന്തി അല്ലെന്ന് കണ്ട് ഞാൻ സത്യം പറയാം എന്ന് കരുതി.

”എന്റെ അമ്മ ഇന്നലെ രാവിലെ മരിച്ചു. അതറിഞ്ഞ് ഞാൻ മുംബൈയിൽ നിന്ന് വരികയാണ്. ഞാൻ ചെന്നിട്ട് വേണം മൃതദേഹം അടക്കം ചെയ്യാൻ.” ഞാൻ വിശദീകരിച്ചു.

“ഇന്ന് യാത്ര ചെയ്യുന്ന എല്ലാവരുടെയും ആരെങ്കിലും മരിച്ചിട്ടുണ്ടാകും. ആ എക്സ്ക്യൂസ് പറയുന്ന ആദ്യത്തെ ആളല്ല നിങ്ങൾ. വേല കയ്യിലിരിക്കട്ടെ.”

”ഞാൻ പറയുന്നത് സത്യമാണ്. നോക്കൂ, എന്റെ അൺറിസർവ്ഡ് ടിക്കറ്റ്. ലഗേജ് ആയി ഒരു ബാഗ് മാത്രമേ ഉള്ളൂ. എന്റെ മുഷിഞ്ഞ ഡ്രസ്സ് നോക്കൂ.” എന്റെ നിസ്സഹായത ഞാൻ വെളിവാക്കി.

അപ്പോൾ എതിർവശത്തുനിന്ന് പാർട്ടിയുടെ പതാക പറപ്പിച്ചുകൊണ്ട് ഒരു കാർ വന്നു. കുട്ടിനേതാക്കന്മാർ കൈ കാണിച്ച് കാർ നിർത്തിച്ചു. ഡോർ തുറന്ന് ഒരാൾ പുറത്തേക്കു വന്നു. ആളെ കണ്ടപ്പോൾ നേതാക്കന്മാർ ബഹുമാനിച്ച് മാറി നിന്നു.

”ഞാൻ ധൃതിയിലാണ്. അമ്മ കുളിമുറിയിൽ വീണ് അരയിലെ എല്ല് പൊട്ടി. ആസ്പത്രി യിൽ കൊണ്ടുപോവ്വാണ്.” അയാൾ വിശദീകരിച്ചു. നേതാവാണെന്ന് കണ്ടപ്പോൾ ഞാൻ മുന്നിലേക്ക് മാറിനിന്ന് പറഞ്ഞു. ”നിങ്ങളുടെ അമ്മ വീണ് പരിക്കുപറ്റി അല്ലേ? എന്റെ അമ്മ ഇന്നലെ രാവിലെ മരിച്ചു. ഞാൻ ചെന്നെത്തിയിട്ട് വേണം മൃതദേഹം അടക്കം ചെയ്യാൻ. പക്ഷേ ഇവരെന്നെ പോകാൻ വിടുന്നില്ല. ”

”നിങ്ങളുടെ അമ്മ മരിച്ചതിന് തെളിവുണ്ടോ? എന്റെ അമ്മ അതാ കാറിൽ കിടക്കുന്നു. എന്നാൽ ഞാൻ പോയിട്ട് വരട്ടെ.” അയാൾ കുട്ടിനേതാക്കന്മാരോട് കൈവീശി യാത്രയായി.
നേതാക്കന്മാർ തിരിച്ചു കൈവീശി യാത്രയാക്കി.

”ആസ്പത്രിയിൽ പോയിട്ട് ഒന്നും കാര്യമില്ല അവര് മരിക്കും.” എനിക്ക് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. അയാൾ അത് കേട്ടിരിക്കണം, എന്നെ അയാൾ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

”അപ്പോൾ അയാളെപോലെ ഞാനും പൊയ്ക്കോട്ടെ ?”

നേതാക്കന്മാരുടെ നേതാവ് എന്നെ ഒന്ന് ഇരുത്തിനോക്കി. “ഞങ്ങൾ ഇന്ന് പത്തു പന്ത്രണ്ട് പേരെ പോകാൻ സമ്മതിച്ചിട്ടുണ്ട്. അവരെല്ലാം സ്വമനസ്സാലെ പാർട്ടി ഫണ്ടിലേക്ക് 100 രൂപ വീതം തന്നിട്ടുണ്ട്. അങ്ങനെ ചെയ്തിട്ട് നിങ്ങളും പൊയ്ക്കോളൂ.”

ഞാനും മുൻയാത്രക്കാർ അനുവർത്തിച്ച മാർഗം പിന്തുടർന്നു.

മഞ്ചേരിയിൽ എത്തി മറ്റൊരു ഓട്ടോ പിടിച്ച് ഞാൻ മുപ്പതോളം കിലോമീറ്റർ യാത്ര ചെയ്തു ഒരു മണിയോടെ വീട്ടിലെത്തി.

പിറ്റേദിവസത്തെ ന്യൂസ്പേപ്പറിൽ ഞാൻ മുംബൈയിൽനിന്ന് വന്ന വാർത്ത ഉണ്ടായിരു ന്നില്ല. എങ്കിലും നേതാവിന്റെ മാതാവ് കുളിമുറിയിൽ വീണുപരിക്കുപറ്റി കോഴിക്കോട്ടെ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരിച്ച വാർത്ത ഉണ്ടായിരുന്നു.

By….സത്യനാഥൻ
Mob +9198336 77962

You may also like