കറിവേപ്പില

by News Desk
0 comments

എല്ലാ ഞായറാഴ്ച്ചകളെയും പോലെ, അന്നും പകലിന്റെ ആരംഭം വൈകിയിട്ടായിരുന്നു. പതിവായ ദ്രുതഗതിയിലുള്ള പ്രവൃത്തികൾ അദൃശ്യമായിരുന്നു. അടുത്തുള്ള സോഫായിലിരുന്നു കൊച്ചുമോൻ അപ്പു കണ്ണടയും ധരിച്ചു ഡിസ്നി ചാനലിലെ കാർട്ടൂൺ കാണുന്നുണ്ടായിരുന്നു. ഇക്കാലത്തു കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അപാരംതന്നെ, നാരായണ കുറുപ്പ് ആലോചിച്ചുപോയി.

അദ്ദേഹം എഴുന്നേറ്റു ടോയ്ലെറ്റിലേക്കു പോയി. തുടർന്ന് പല്ലു തേച്ചു മുഖം കഴുകി തിരിച്ചു വന്നപ്പോഴേക്കും, ഇരുപതു മിനുട്ടെങ്കിലും കഴിഞ്ഞിരിക്കണം, അപ്പു സോഫയിൽ ചുരുണ്ടുകൂടി ശ്രദ്ധാപൂർവം ടെലിവിഷൻ കാണുന്നുണ്ടായിരുന്നു. അവന്റെ അച്ഛൻ ബാലചന്ദ്രനും അമ്മ പത്മിനിയും ഇതുവരെയായിട്ടും ബെഡ്‌റൂമിൽനിന്നു പുറത്തു വന്നിട്ടില്ല.

കുറുപ്പ് പുറത്തേക്കുള്ള വാതിൽ തുറന്ന് പുറത്തു വെച്ചിരുന്ന പാൽപാക്കറ്റുകൾ എടുത്തു തിരിച്ചു വന്നു. പാല് തിളപ്പിച്ച് എല്ലാവർക്കും കുടിക്കാനുള്ള ചായയും അപ്പുവിന്ന് കുടിക്കാനുള്ള പാലും തയ്യാറാക്കണം.

“അപ്പൂ, എഴുനേറ്റ് പല്ല് തേയ്ക്ക്.” അപ്പു കേട്ടതായി നടിച്ചില്ല.

കുറുപ്പ് വാഷ് ബേസിനു മേലെയുള്ള കേബിനെറ്റ് തുറന്ന് അപ്പുവിന്റെ ബ്രഷിന്മേൽ അല്പം ടൂത്ത്പേസ്റ്റ് പുരട്ടി. അപ്പുവിനെ വാത്സല്യപൂർവ്വം പൊക്കിയെടുത്തു ബ്രഷ് നൽകി.

മനസില്ലാമനസ്സോടെ അപ്പു എഴുനേറ്റുനിന്ന് പല്ലു തേക്കാൻ തുടങ്ങിയപ്പോഴും അവന്റെ കണ്ണുകൾ ടെലിവിഷൻ സ്‌ക്രീനിൽത്തന്നെയായിരുന്നു.

കുറുപ്പ് അടുക്കളയിൽ കയറി തനിക്കുള്ള ചായയും അപ്പുവിന്നുള്ള പാലും എടുത്തുവന്നു.

ഒന്നുരണ്ട് കൊല്ലമായി ഞായറാഴ്ച ചായ ഉണ്ടാക്കേണ്ട ജോലി കുറുപ്പിന്റേതായി മാറിയിരുന്നു. ഒരിക്കൽ പത്മിനിക്ക് അല്പം പനിയുണ്ടായപ്പോൾ കുറുപ്പ് ചായ ഉണ്ടാക്കിയത് മുതൽക്കാണ് അതാരംഭിച്ചത്. അന്നത് കുടിച്ചിട്ട് അവൾ പറഞ്ഞു, ന്യൂ ഭാരത് ഹോട്ടലിലെ ചായയുടെയത്ര സ്വാദുണ്ടെന്ന്. ആ അഭിനന്ദനമാണ് ആ ജോലി കുറുപ്പിന്റേതാക്കി തീർത്തത്.

അവരിരുവരും കപ്പ് കാലിയാക്കിയപ്പോഴേക്കും ബാലചന്ദ്രൻ എഴുനേറ്റു വന്നു. അയാൾ തന്റെ ചായ എടുക്കാനായി അടുക്കളയിലേക്കു നീങ്ങി

മുംബൈ വാർത്തകളറിയാനായി കുറുപ്പ് ഫ്രീ പ്രസ് ജേർണൽ നിവർത്തി. അമ്പത്തഞ്ചു വർഷങ്ങൾക്കുമുൻപ് ബോംബയിലെത്തിയപ്പോൾ ഇവിടെ അന്നന്നത്തെ മലയാളപത്രം ലഭിക്കാറില്ലായിരുന്നു. ചർച്ചുഗേറ്റ്, വി ടി സ്റ്റേഷനുകളിൽ ഉച്ച കഴിഞ്ഞാൽ കിട്ടുമായിരുന്നു. ഗൃഹവാതിൽക്കൽ ലഭിക്കുന്നത് അടുത്ത പ്രഭാതത്തിൽ മാത്രം. അതിനാൽ വളരെ കുറച്ചു പേർ മാത്രമേ മലയാളപത്രം വാങ്ങിച്ചിരുന്നുള്ളു. അപ്പോഴേക്കും വാർത്തകളുടെ ചൂട് നഷ്ടപ്പെട്ടിരുന്നു. കുട്ടിക്കാലം മുതൽക്കേ ചൂടോടെ വാർത്തകൾ വായിച്ചുശീലിച്ച കുറുപ്പിന് അതൊരു പ്രയാസമായിത്തോന്നി.ഇംഗ്ലീഷ് കാര്യമായി പഠിക്കാത്ത മലയാളികളുടെ ഇംഗ്ലീഷ് പത്രമായി അപ്പോഴേക്കും ഫ്രീ പ്രസ് ജേർണൽ അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യൻ വാർത്തകൾക്കും അവർ പ്രാധാന്യം നൽകിയിരുന്നത് മറ്റൊരു ആകർഷണമായിരുന്നു. സ്വാമിനാഥൻ സദാനന്ദൻ, പി കെ രവീന്ദ്രനാഥ്, ടി ജെ എസ് ജോർജ്ജ്, എം വി കമ്മത്ത് , എടത്തട്ട് നാരായണൻ മുതലായവരെല്ലാം അവിടെ ജോലി ചെയ്തിരുന്നു

ഇപ്പോഴും ആ പത്രം തന്നെയാണ് വായിക്കുന്നത് എന്നതിൽ മകനും മരുമകൾക്കും സന്തോഷമാണ്. ഒരു രൂപയല്ലേ വിലയുള്ളൂ. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ പത്രം.

കുറുപ്പ് കുളിമുറിയിൽ നിന്ന് തിരിച്ചു വരുമ്പോൾ ബാലചന്ദ്രൻ, പത്മിനി, അപ്പു എന്നിവർ ഞായറാഴ്ചത്തെ പ്രാതലായ റവ ഉപ്പുമാവ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറുപ്പിന് ഈ ഭക്ഷണം തീരെ ഇഷ്ടപ്പെട്ടതായിരുന്നില്ല. പക്ഷേ മരുമകളുടെ അപ്രീതിയെ ഭയന്ന് അ നിഷ്ടം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രം. ഒരു ഒഴിവുദിവസത്തിൽ കനത്ത സമയമെടുത്തുള്ള പാചകം ഒന്നും സാധ്യമല്ലത്രെ.

അവരുടെ ഭക്ഷണം കഴിയാറായിരുന്നു. കുറുപ്പിന്റെ പ്ലേറ്റ് മേശപ്പുറത്ത് വെച്ചിട്ടുണ്ട്. ഉപ്പുമാവിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട കറിവേപ്പില അതിന്റെ അടുത്ത് തന്നെ കിട പ്പുണ്ട്.

കുറുപ്പ് അടുത്ത് എത്തിയപ്പോൾ അവരുടെ സംസാരം പെട്ടെന്നു നിന്നു. അടുത്ത കാലത്തായി വെറും വർത്തമാനങ്ങൾ ഒന്നും കുറുപ്പിന്റെ സാന്നിധ്യത്തിൽ പതിവില്ല.

പത്മിനി ഉപയോഗിച്ചു കഴിഞ്ഞ പ്ലേറ്റുകളും പുറത്തിട്ട കറിവേപ്പിലയും എടുത്ത് അടുക്കള യിലേക്ക് പോയി. ഏകനായപ്പോൾ വായന പൂർത്തിയാക്കാത്ത പത്രമെടുത്തു കുറുപ്പ് വായനയും തീറ്റയും ഒരുമിച്ചാക്കി.

അടുക്കളയിലെ പ്രാഥമികജോലികൾ കഴിഞ്ഞപ്പോൾ പത്മിനി കുളിമുറിയിലേക്ക് പോകുന്നത് കുറുപ്പ് കണ്ടു. വരുംവാരത്തിലേക്ക് ആവശ്യമായ ഗൃഹസാധനങ്ങൾ വാങ്ങിക്കാനായി ബാലചന്ദ്രനും ബാഗുമായി വാതിലിന്ന് പുറത്തേക്ക് പോയി. ചങ്ങാതിമാരോട് കൂടി കളിക്കാൻ അപ്പുവും പുറത്തേക്കു പോയി.

പാവം കുട്ടി! ചങ്ങാതികളുടെ കൂടെ ചിലവാക്കാൻ അവനു ഞായറാഴ്ചയും മറ്റു പൊതു അവധി ദിനങ്ങളും മാത്രമേ ലഭിക്കുന്നുള്ളൂ. കോളനിയിൽ അവന്റെ പ്രായത്തിലുള്ള കുട്ടികൾ വ്യത്യസ്ത സ്കൂളുകളിലാണ് പോകുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതിയാണ് കുട്ടികളുടെ സ്കൂളുകളെ നിർണ്ണയിക്കുന്നത്. സ്റ്റേറ്റ് ബോർഡ് , സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ബി എന്നിങ്ങനെ വിവിധ പാശ്ചാത്യരീതികൾ ഉള്ള സ്കൂളുകളിലേക്കാണ് അവർ പോകുന്നത്. അഞ്ചും പത്തും കിലോമീറ്ററുകൾ യാത്ര ചെയ്യണം സ്കൂളിലെ ത്താൻ.

ഒന്നും ചെയ്യാനില്ലാതെ കൂറുപ്പ് മേൽപ്പോട്ട് നോക്കി കിടന്നു. ഫാനിന്റെ കരകര ശബ്ദം
കേൾക്കാം. അതിനും വയസ്സായിരിക്കുന്നു. റിപ്പയർ ചെയ്തിട്ടൊന്നും ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല .

ആരോ വാതിലിന്മേൽ മുട്ടുന്ന ശബ്ദം കേട്ടു. ആരായിരിക്കാം കോളിംഗ് ബെൽ ഉണ്ടാ യിട്ടും വാതിലിന്മേൽ മുട്ടുന്നത് ?

കുറുപ്പ് എഴുന്നേറ്റ് അഴിയാറായ മുണ്ട് വീണ്ടും അഴിച്ചുടുത്തു. വാതിൽ സാവധാനം തുറന്നു .

സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ അയാൾക്ക് ആയില്ല. ക്ഷൗരം ചെയ്യാത്ത മുഖം, കുറുക്കി വെട്ടിയ നരച്ച മുടി, ഉള്ളിലേക്ക് താഴ്ന്ന കണ്ണുകൾ, ചുളിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ, ഇടതു തോളത്ത് തൂങ്ങുന്ന വലിയ സഞ്ചി. വളരെ ക്ഷീണിതനായ ഒരു വൃദ്ധൻ.

സന്ദർശകൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ, കുറുപ്പ് അറിയാതെ പറഞ്ഞുപോയി , “രാവുണ്ണി നായർ ….”

പുഞ്ചിരി അതിന്റെ പൂർണ്ണതയിൽ എത്തി . “അതെ കുറുപ്പെ, രാവുണ്ണി നായര് തന്നെ. നിങ്ങളെ കാണാൻ ആകുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു.”

“രാവുണ്ണി അകത്തേക്ക് വരൂ . ഞാൻ തീരെ പ്രതീക്ഷിച്ചില്ല …”

“നമ്മൾ തമ്മിൽ കണ്ടിട്ട് ഇപ്പോഴേക്ക് എത്ര കാലമായിട്ടുണ്ടാവും? നിങ്ങളുടെ അഡ്രസ്സ് കൂടി ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരു ധാരണമാത്രം. നന്നായി, കണ്ടെത്താൻ കഴിഞ്ഞല്ലോ.” രാവുണ്ണി നായർ വിശദീകരിക്കാൻ ശ്രമിച്ചു .

പെട്ടെന്നുള്ള ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം കുറുപ്പിന് മനസ്സിലാക്കാനായില്ല. അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചു പോയോ? ഏതാനും വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ പത്നി മരിച്ച കാര്യം അറിഞ്ഞിരുന്നു. തദവസരത്തിൽ പോയി കാണുകയും ചെ യ്തിരുന്നു.

കുറുപ്പ് പഴയ സുഹൃത്തിനെ സോഫയിലേക്ക് ആനയിച്ചു. രണ്ടുപേരും ഇരുന്നു. അന്യോന്യം കണ്ണുകളിലേക്ക് നോക്കി. ഇനിയെന്തു പറയണം എന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു.

മുറിക്കകത്തെ അന്തരീക്ഷം ഭൂതകാലസ്മരണകളിലും ഉൽക്കണ്ഠകളിലും പ്രതീക്ഷകളിലും ചുറ്റിപ്പറ്റി നിന്നു.

“കുറുപ്പേ, ഞാനിപ്പോൾ ഒറ്റയാനാണ്. മോഹൻ എന്നെ ഇറക്കി വിട്ടു, ഇന്ന് രാവിലെ….” കുറച്ചു നേരത്തെ മൗനത്തിന് ശേഷം അദ്ദേഹം തുടർന്നു, “കുറച്ചുകാലമായി എനിക്കവിടെ മനസ്സമാധാനം ഉണ്ടായിട്ടില്ല…. ഇപ്പോൾ എനിക്ക് പോകാൻ ഒരു ഇടം ഇല്ല.”

“എന്ത്? മകൻ ഇറക്കിവിട്ടെന്നോ? എനിക്ക്….” കുറുപ്പിന് അത്ഭുതവും ഞെട്ടലും അടക്കാനായില്ല.

“അതെ, അവൻ അങ്ങനെ ചെയ്തു. തെരുവിലെക്കിറങ്ങുന്നതിനുമുമ്പ് നിങ്ങളെ ഒന്ന് കാണാം ഒന്ന് കരുതി തിരിച്ചതാ. എനിക്ക് കേരളത്തിലേക്ക് പോകാനാകില്ലെന്നു അറിയാമല്ലോ. എനിക്ക് അവിടെ ഒരു സ്വത്തുമില്ല അടുത്ത ബന്ധുക്കളും ഇല്ല. അകന്ന ബന്ധത്തിലുള്ളവരെ ഉള്ളൂ. ഇവിടെ വീട് വാങ്ങാനായി അവിടെ ഉള്ളതെല്ലാം ഞാൻ വിറ്റെന്ന് അറിയാമല്ലോ.” നായരുടെ കവിളുകളിലേക്ക് കണ്ണീർ ഒഴുകി. അയാൾ തേങ്ങുന്നുണ്ടായിരുന്നു. “മോഹനന് ഇപ്പോൾ അവന്റെ ഭാര്യ പറയുന്നതാണ് പ്രധാനം. അവൾക്കാണെങ്കിൽ എന്നെ തീരെ കണ്ടുകൂടാ.”

“അവൻ ശരിക്കും നിങ്ങളോട് ഇറങ്ങി പോകാൻ പറഞ്ഞോ?” കുറുപ്പ് യാഥാർത്ഥ്യം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു.

“അങ്ങനെ അവൻ പറഞ്ഞില്ല. കുറച്ചുകാലമായി ഞാൻ എന്തു ചെയ്താലും അവൻ അതിൽ കുറ്റമേ കാണൂ. ഞാൻ മുഴുമടിയനാണെന്ന് അവൾ പറയുന്നു. എൺപതു കഴിഞ്ഞ എനിക്ക് ഇനി എന്ത് ജോലിയാണ് ചെയ്യാൻ കഴിയുക? എനിക്ക് പുറത്ത് പോകാൻ പാടില്ല. ആരെയും കാണാനോ സംസാരിക്കാനോ പാടില്ല. എനിക്ക് വായിക്കാൻ ഒന്നുമില്ല. ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്താവും… എന്റെ മോൻ ഭാര്യയുടെ ചൊൽപ്പടിയിലാണ്. ഇന്ന് രാവിലെ ഒരു കാരണവുമില്ലാതെ അവൻ എന്നോട് ബഹളത്തിന് വന്നി രിക്കുന്നു. ഒരുപക്ഷേ അവൾ അവനെ ചൂട് പിടിപ്പിച്ചിട്ടുണ്ടാകും. സഹിക്കവയ്യാതായപ്പോൾ ഞാൻ പറഞ്ഞു, “നീ ഇങ്ങനെ പെരുമാറുകയാണെങ്കിൽ ഞാൻ വീടു വിട്ടു പോകും.” അപ്പോൾ അവൻ പറയുകയാണ്, “തിരഞ്ഞു പിടിച്ച് തിരിച്ചുകൊണ്ടുവരാൻ ഞാൻ വരുമെന്ന് കരുതേണ്ട.” അപ്പറഞ്ഞതിന്റെ അർത്ഥം ഞാൻ വീട് വിടണമെന്നുതന്നെയല്ലേ? നിങ്ങൾ പറയൂ, കൂറുപ്പേ. നായർ തേങ്ങി കരയാൻ തുടങ്ങി. “നിങ്ങൾ പറയൂ, ഞാൻ കുറ്റക്കാരൻ ആണോ?”

കുറുപ്പ് മറുപടി പറഞ്ഞില്ല. വയസ്സാകുന്നത് ഒരു തെറ്റ് തന്നെയാണ്, അയാൾ ആലോചിച്ചു.

“നിങ്ങൾ ധൃതി കൂട്ടി,” കുറുപ്പ് മോഹന്റെ ഭാഗം പിടിച്ചു.

“നിങ്ങൾക്ക് അങ്ങനെ പറയാം കുറുപ്പേ, ഞാൻ പാക്ക് ചെയ്യുമ്പോൾ അവൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വേണമെങ്കിൽ അവന് എന്നെ തടയാമായിരുന്നു. പക്ഷേ, അതുണ്ടായില്ല.” നായർ സ്വയം ന്യായീകരിച്ചു. “എന്തൊക്കെയായാലും വീട് എന്റേതാണല്ലോ. എന്റെ സ്വന്തം പണം കൊണ്ട് വാങ്ങിച്ചതാണത്.”

“അതൊന്നും ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല, നായരെ. നിങ്ങൾക്ക് എങ്ങനെ മകനെ അതൃപ്തിപ്പെടുത്താൻ കഴിഞ്ഞു? അതും പോകാൻ വേറെ ഒരു ഇടം ഇല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.” കുറുപ്പിന് നായരുടെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു കുറുപ്പേ .”

“ഇനി ഇപ്പോൾ എന്ത് ചെയ്യാനാണ് ഭാവം ?”

“നേരു പറഞ്ഞാൽ എനിക്കറിയില്ല. എന്നെപ്പോലെ ആവശ്യക്കാരില്ലാത്ത വയസ്സന്മാരെ സംരക്ഷിക്കുന്ന വൃദ്ധസദനങ്ങൾ ബോംബെയിൽ ഇല്ലാതിരിക്കുമോ? ശ്രമിച്ചു നോക്കാം.” നായരുടെ കണ്ണുകളിൽ പ്രതീക്ഷ തളം കെട്ടിയിട്ടുണ്ടായിരുന്നു.

“ആധി പിടിക്കേണ്ട ആവശ്യമില്ല നായരേ. നിങ്ങൾക്ക് ഇവിടെ താമസിക്കാം. ബാലചന്ദ്രനും പത്മിനിക്കും എതിർപ്പൊന്നും ഉണ്ടാകില്ല. മറിച്ചു അവർക്കു സന്തോഷമാകും ഉണ്ടാകുക. എന്റെ പഴയൊരു കടം വീട്ടാനുള്ള അവസരമാണല്ലോ ഇത്. പണ്ടൊരിക്കൽ ഞാൻ വീട് അന്വേഷിച്ചുകൊണ്ടിരിക്കെ രണ്ട് മാസം നിങ്ങളുടെ ഒറ്റമുറിയിൽ താമസിപ്പിച്ചിട്ടുണ്ടല്ലോ. നിങ്ങളും ഭാര്യയും മകനും ഞാനും എന്റെ ഭാര്യയും മകനും ഒരു മുറിയിൽ രണ്ടു മാസം. ആര് ചെയ്യും അങ്ങനൊരു സഹായം, നായരേ? അന്ന് നിങ്ങൾ അത് ചെയ്തില്ലിരുന്നെങ്കിൽ എന്റെ സ്ഥിതി എന്താവുമായിരുന്നു? എനിക്ക് ആലോചിക്കാനുംപോലും വയ്യ. ബാലചന്ദ്രന് അന്ന് ഏഴു വയസ്സാണ്. അവനു ഒരുപക്ഷെ ഓർമ്മ ഉണ്ടാകും, തീർച്ചയാണ്.” വളരെ ലഘുവായിട്ടാണ് കുറുപ്പ് അത് പറഞ്ഞതെങ്കിലും ശബ്ദത്തിൽ അല്പം സന്ദേഹം ഉണ്ടായിരുന്നില്ലേ എന്ന് നായർ സംശയിച്ചു.

രാവുണ്ണി നായർ അല്പനേരം നിശ്ശബ്ദനായിരുന്നു. കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കം കാണായി.

ബാലചന്ദ്രൻ പുറത്തുനിന്നു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കയറി. രാവുണ്ണി നായരെ കണ്ട് ഒരുനിമിഷം സംശയിച്ചു നോക്കി. ആളെ തിരിച്ചറിഞ്ഞു ചിരിച്ചുകൊണ്ട് ചോദിച്ചു, “ഹൌ ആർ യൂ അങ്കിൾ?”

“സുഖം തന്നെ മോനേ. സുഖം തന്നെയല്ലേ?” രാവുണ്ണി നായർ പ്രതികരിച്ചു.

മകനോട് നായരുടെ കാര്യം പറയണമെന്ന് കുറുപ്പിന് തോന്നി.

“മോനേ, നിനക്ക് രാവുണ്ണി നായരെ ഓർമ്മ വന്നത് നന്നായി. നീ കുട്ടിയായിരുന്നപ്പോൾ കുറച്ചു കാലം നായരുടെ ചെറിയ മുറിയിൽ നാമെല്ലാം ഒന്നിച്ചു താമസിച്ചത് നിനക്ക് ഓർമ്മ യില്ലേ?” കുറുപ്പ് വിഷയം അവതരിപ്പിക്കാനൊരുങ്ങി.

“ഉവ്വ്, ഓർമ്മയുണ്ട്.”

“ഇന്ന് രാവിലെ രാവുണ്ണി നായർ വീട് വിട്ടിറങ്ങി. അദ്ദേഹത്തിന് ഇനി പോകാൻ ഒരിടമില്ല. അപ്പോൾ ഞാൻ പറയുകയായിരുന്നു, ഇവിടെ താമസിക്കാമെന്ന്.”

ബാലചന്ദ്രൻ അച്ഛനെ തീക്ഷണമായൊന്ന് നോക്കി, പിന്നീട് നായരുടെ മുഖത്തേക്കും. പരിചയത്തിന്റെ ഭാവം അപ്പോൾ അയാളുടെ മുഖത്ത് കാണ്മാനുണ്ടായിരുന്നില്ല. അയാൾ പതുക്കെ അച്ഛന്റെ നേരെ തിരിഞ്ഞു.

“എന്നോടോ പത്മിനിയോടോ ചോദിക്കാതെ എങ്ങനെയാണു അച്ഛനതു പറയാൻ കഴിയുക? നമ്മുടെ വീട് അത്ര വലുതൊന്നുമല്ല കണ്ടവർക്കൊക്കെ വന്നു താമസിക്കാൻ. അച്ഛനതു അറിയാമല്ലോ. അച്ഛൻതന്നെ ലിവിങ്‌റൂമിലാണല്ലോ കിടക്കുന്നത്? ആർക്കെങ്കിലും വന്നു താമസിക്കാൻ ഇതൊരു ഹോട്ടലുമല്ല.” ബാലചന്ദ്രന്റെ കനത്ത എതിർപ്പ് സ്പഷ്ടമായിരുന്നു.

മകന്റെ കനത്ത എതിർപ്പ് കുറുപ്പിന് ദഹിക്കുന്നതല്ലായിരുന്നു. ഇത് ജീവിതത്തിൽ ആദ്യമായി കാണുകയാണ്?

“നീയെന്താണീ പറയുന്നത്? നമ്മെ സീജിയെസ്സ് ക്വർട്ടേഷ്സിൽനിന്നു പുറത്താക്കിയപ്പോൾ നായരല്ലേ നമുക്ക് അഭയം തന്നത്? എത്ര തവണ ഞാനതിനെക്കുറിച്ചു നിന്നോട് പറഞ്ഞിട്ടുണ്ട്!” മകന്റെ മാനുഷികവശത്തെ ഉണർത്താൻ കുറുപ്പ് ശ്രമിച്ചു.

മകൻ തനിക്കൊരു അപരിചിതനായി തീർന്നുവോ? കുറുപ്പ് സംശയിച്ചു.

‘അരുതു മോനേ, അങ്ങനെ പറയരുത് …. ഇപ്പോഴെനിക്ക് മനസ്സിലായി, വയസ്സായിട്ടും ജീവിച്ചിരിക്കുന്നത് എന്റെ കുറ്റമാണെന്ന്. മക്കൾ വളർന്നു വലുതായാൽ അച്ഛനമ്മമാർ ജീവിച്ചിരിക്കരുത്. അവർ ഭൂമിയിൽനിന്നു അപ്രത്യക്ഷമായേ പറ്റൂ…. ഇനി ഞാൻ എത്ര കാലം ഇരിക്കും? ഒന്നോ രണ്ടോ വർഷം. നായർക്ക് താമസിക്കാൻ പറ്റില്ലെങ്കിൽ, ഞാനും പൊയ്ക്കോളാം.”

കുറുപ്പ് അകത്തേക്ക് പോയി. നായർ ഇതികർത്തവ്യതാമൂഢനായി ഇരുന്നു. ഇതിനെല്ലാം കാരണം താനാണല്ലോ എന്നോർത്ത്.

അധികം താമസിയാതെ കുറുപ്പ് ഷർട്ടിന്റെ ബട്ടനിട്ടുകൊണ്ടു വെളിയിലേക്കു വന്നു.

ബാലചന്ദ്രനു എന്ത് ചെയ്യണമെന്ന് അറിയാതെയായി. തന്റെ ഏതാനും വാക്കുകൾ തനിക്കുതന്നെ എതിരായി വന്നിരിക്കുന്നു.

“അച്‌ഛാ, അയാം സോറി. അച്ഛനെങ്ങോട്ടാണ് പോകുന്നത്?”

“സോറിയൊന്നും പറയേണ്ടാ മോനെ. ഒരു ദിവസം ഇത് സംഭവിക്കേണ്ടതാണ്. എഴുന്നേൽക്കു നായർ!”

കുറുപ്പും നായരും വാതിലിനപ്പുറം കടന്ന് വാതിൽ അടയ്ക്കുമ്പോൾ മരുമകളുടെ ശബ്ദം കേട്ടു.

“ഒരു ശല്യം ഒഴിവായി കിട്ടി.”

by സത്യനാഥൻ
Mob.:098336 77962

You may also like