കൂട്ടുകാരോട് വിടപറഞ്ഞ് വത്സലൻ വീട്ടിലെത്തിയപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. നല്ല വിശപ്പ്, വേഗത്തിൽ ഊണ് കഴിക്കാം എന്ന വിചാരത്തോടെ കിണറ്റിൻകരയിലേക്ക് നടന്നു. മഗ്ഗിൽ വെള്ളം എടുത്ത് കാലിന്മേൽ ഒഴിക്കാൻ തുടങ്ങിയപ്പോഴേക്കും അകത്തുനിന്ന് അമ്മയുടെ ശബ്ദം പൊങ്ങി.
“എന്നാണ് ഇവന് ഉത്തരവാദിത്തം ഉണ്ടാവുക ? ഇപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം .”
പ്രതികരിക്കണം എന്നു തോന്നിയില്ല. അമ്മ എപ്പോഴും അങ്ങനെയാണ് , എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും.
കുറച്ചുനേരത്തേക്ക് ഒന്നും കേട്ടില്ല. അല്പം കഴിഞ്ഞ് , “നിന്റെ നാവ് ഇറങ്ങി പോയോ ?”
“അമ്മയ്ക്ക് എന്താ വേണ്ടത് ? ഞാനിപ്പോ ങ്ങട്ട് കേറി വന്നതല്ലേ ഉള്ളൂ ?”
കാലുകൾ കഴുകി അടുക്കളയിലേക്ക് കയറി. പലകയുടെ മുമ്പിൽ ചോറും കറിയും വിളമ്പി വച്ചിരിക്കുന്നു . ഒന്നും മിണ്ടാതെ പലകമേൽ ചമ്രം പടിഞ്ഞിരുന്നു.
കനത്ത നിശബ്ദത.
“നീ എവിടെയായിരുന്നു ഇത്രയും നേരം? കയ്യിൽ ഒരു വെളക്ക് പോലും ഇല്ലാതെ രാത്രീല് തെണ്ടി തിരിഞ്ഞു നടന്നിട്ട് വല്ല അപകടോം പറ്റിയാല് ആർക്കാ നഷ്ടം ?”
“ആർക്കാ ? എനിക്ക് തന്നെ.”
” വേണ്ടാത്തരം പറയേണ്ട. ഈ വീട്ടില് ആർക്ക് എന്തെങ്കിലും പറ്റിയാൽ നഷ്ടം എനിയ്ക്കാ.”
“അമ്മ ഇങ്ങനെ വളച്ചുതിരിച്ചു പറയാണ്ട് കാര്യത്തിലേക്ക് വന്നാട്ടെ.”
അമ്മ കുറച്ചുനേരത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല.
“നീ കല്യാണത്തിന് പോണില്യേ ?”
“കല്യാണോ ? ആര് ടെ, എപ്പോ ?”
“അപ്പോ നീയ്യ് കേട്ടിട്ടില്യാ അല്ലേ? നീ അച്ഛൻ എന്ന് വിളിക്കുന്ന ആളിന്റെ തന്നെ.”
“അച്ഛന്റെയോ? ഈ വയസ്സുകാലത്തോ ?”
“ആണുങ്ങൾക്ക് അമ്പതു ഒരു വയസ്സാ ?”
“അപ്പോ അമ്മയ്ക്ക് അത്രേം ആയിട്ടില്ലല്ലോ. അമ്മയ്ക്കും ആയിക്കൂടെ ഒരു കല്യാണം ?”
“ചെക്കാ , നീ എന്നെ കൊണ്ട് പറയിക്കേണ്ടാ.”
“അമ്മ ഇതൊക്കെ ഇപ്പൊ പറയാൻ എന്താ കാര്യം ? ആരാ അമ്മയോട് അച്ഛന്റെ കല്യാണക്കാര്യം പറഞ്ഞത് ?”
“ഇവിടെ പറമ്പ് കിളയ്ക്കാൻ വരുന്ന പറങ്ങോടൻതന്നെ.”
“നാളെ അവൻ ഇങ്ങോട്ട് വരട്ടെ , അവന്റെ ചെകിടത്ത് ഞാൻ രണ്ടു പൊട്ടിക്കുന്നുണ്ട് .”
വത്സലൻ എഴുന്നേറ്റ് കൈകഴുകി. മുഖം തുടച്ചു കൊണ്ട് കിടപ്പു മുറിയിലേക്ക് കയറി.
ലൈറ്റ് കെടുത്തിയ ശേഷവും തുറന്നിട്ട ജാലകത്തിൽ കൂടി ചന്ദ്രിക മുറിക്കകത്ത് വന്നുകൊണ്ടിരുന്നു. ചീവീടുകളുടെ ശബ്ദം കർണ്ണപുടങ്ങളെ ഭേദിക്കുന്ന വിധത്തിൽ അലസോര പ്പെടുത്തി കൊണ്ടിരുന്നു.
നിദ്ര എവിടെയോ അലഞ്ഞു തിരിയാൻ പോയിരിക്കുന്നു . എപ്പോഴാണ് ആവോ മടങ്ങിവരുന്നത് ?
പതിനഞ്ചു കൊല്ലം മുമ്പാണ് അഞ്ചു വയസ്സുകാരനായ തന്നെയും അമ്മയെയും വിട്ടുപോയ അച്ഛൻ, പെട്ടെന്ന് ഒരു ദിവസം രാത്രി വീട്ടിൽ വന്ന് കയറിയതും ഉറങ്ങിക്കിടന്ന താൻ ഉണരുന്ന വിധത്തിൽ അമ്മയുമായി വഴക്കിട്ടതും ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു.
പിറ്റേന്ന് അമ്മ ആരോടോന്നും ഇല്ലാതെ വിലപിക്കുന്നതും കോപിഷ്ഠയാകുന്നതും എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. അച്ഛൻ രാത്രി തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോയെന്ന് മാത്രം മനസ്സിലായി . പിന്നീട് അമ്മയോട് അന്വേഷിച്ചപ്പോൾ, അമ്മ ശകാരിക്കുകയാണ് ചെയ്തത്.
ഏതാനും വർഷങ്ങൾക്ക് ശേഷം മറ്റുള്ളവരിൽ നിന്നാണ് അൽപ്പാൽപ്പമായി വിവരങ്ങൾ ചോർന്നു കിട്ടിയത് . അച്ഛന്റെ അസാന്നിധ്യത്തിൽ അമ്മയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതായി ആളുകൾ പറഞ്ഞു കേട്ടിരുന്നു.
വീട് വിട്ടു പോയ ശേഷവും അച്ഛന് തന്നോട് സ്നേഹം ആയിരുന്നു. അച്ഛൻ പിന്നീട് തിരിച്ച് ഗൾഫിലേക്ക് പോയില്ല. അമ്മയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞിട്ടില്ല.
മറ്റു ഗൾഫ് ജോലിക്കാരെപ്പോലെ കിട്ടിയ പണം ധൂർത്തടിച്ചു കളയുന്ന സ്വഭാവം അച്ഛനില്ലാത്തത് കാരണം എട്ടുപത്തു ഏക്ര ഭൂമി വാങ്ങിച്ചിരുന്നു .പകുതി അച്ഛന്റെ വീടിന്നടുക്കലും ബാക്കി അമ്മയുടെ വീടിന്നടുക്കലും ആയിട്ടാണ് വാങ്ങിച്ചത്. രണ്ടിടത്തും വീടും വെച്ചു .
അമ്മയുടെ വീട് അമ്മാവൻ വിറ്റു തുലച്ചപ്പോൾ, അച്ഛനാണ് അമ്മയെയും അമ്മമ്മയെയും ഈ വീട്ടിലേക്ക് കൊണ്ടുവന്ന് താമസിപ്പിച്ചത്. താൻ ജനിച്ചു കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അമ്മമ്മ മരിച്ചു. പരസഹായം ഇല്ലാതെയായെങ്കിലും, അച്ഛന്റെ വീട്ടിൽ പോയി താമസിക്കാൻ അമ്മയ്ക്ക് സമ്മതം ആയിരുന്നില്ല.
അച്ഛൻ പിന്നീട് ഒരിക്കലും ഈ വീട്ടിലേക്ക് വന്നിട്ടില്ല.
ഉറങ്ങാൻ വൈകിയത് കൊണ്ടാവണം രാവിലെ എഴുന്നേറ്റപ്പോഴേക്കും സമയമേറെയായിരുന്നു.
കുളിമുറിയിൽനിന്നു വെള്ളം ഒഴുകുന്നതിന്റെ ശബ്ദത്തിൽനിന്ന് അമ്മ കുളിക്കുകയാണെന്നു മനസ്സിലായി.
അടുക്കളയിൽ കയറി നോക്കിയപ്പോൾ ദോശ ചുട്ട് അടച്ചുവച്ചിരിച്ചിരിക്കുന്നു.
നിത്യവൃത്തികൾ കഴിച്ചു ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അമ്മ അടുത്തു വന്നിരുന്നു. കുറച്ചു നേരം ആരും ഒന്നും ഉരിയാടിയില്ല.
“ഇന്നലെ ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ചു നീ ആലോചിച്ചോ ?
“എന്ത് കാര്യം?”
“നിന്റെ അച്ഛന്റെ വിവാഹം.”
“അതിനെക്കുറിച്ചു എന്താണിത്ര ആലോചിക്കാനുള്ളത് ? അച്ഛൻ വിവാഹം കഴിക്കട്ടെ. അമ്മയെ ഉപേക്ഷിച്ചിട്ട് പത്തു പതിനഞ്ചു വർഷമായില്ലേ? ഇനിയിപ്പോൾ ആലോചിക്കാനെന്താ?”
“എന്തായാലും എനിക്കൊന്നുമില്ല. നിന്നെ കുറിച്ച് ആലോചിക്കുമ്പോ….”
“എനിക്കെന്താവാനാണ് ? എനിക്ക് പഠിക്കാനുള്ള ചിലവ് അച്ഛൻ തന്നിരുന്നുവല്ലോ. ഇപ്പോഴും ഞാൻ ചോദിച്ചാൽ തരുമെന്നു എനിക്കുറപ്പാ..”
“അത്ര ഉറപ്പാക്കൊന്നും വേണ്ട. കല്യാണം കഴിച്ചു അതില് ഒന്നോ രണ്ടോ കുഞ്ഞുങ്ങളും ഉണ്ടായാൽ പിന്നേം തരുമെന്ന് ഉറപ്പാക്കൊന്നും വേണ്ടാ. തരണമെന്ന് വിചാരിച്ചാൽ തന്നെ, അവൾ സമ്മതിച്ചില്ലെങ്കി…”
“‘അമ്മ എന്താ ഇങ്ങനെയൊക്കെ പറയണത് ?”
“പറയുന്നതിലെന്താ തെറ്റ് ? പത്തു പതിനഞ്ചു കൊല്ലം കല്യാണം കഴിക്കാത്ത ആൾക്കെന്തിനാ ഇപ്പൊ ഒരു കല്യാണം ?”
“അച്ഛമ്മക്ക് വയസ്സായില്ലേ? അച്ഛമ്മ മരിച്ചാൽ അച്ഛന് ആരാ ഉള്ളത്? അമ്മ അതാലോചിച്ചോ ?”
“എനിക്ക് അതാലോചിക്കേണ്ടതായിട്ട് ഒന്നും ഇല്ല. എനിക്ക് നിന്നെ കുറിച്ച് മാത്രേ ആലോചിക്കേണ്ടൂ. ഓർത്തോ, അച്ഛന് ഇപ്പൊ മൂന്നു നാല് കോടീടെ ആസ്തിണ്ട്. അച്ഛൻ മരിച്ചാ നീയാ അതിന്റെ ഒടമസ്ഥൻ.”
വത്സലൻ അത്ഭുതപ്പെട്ടു, അമ്മ എല്ലാം മുൻകൂട്ടി കണ്ടിരിക്കുന്നു.
വത്സലനെ തനിച്ചാക്കിയിട്ടു അമ്മ എഴുനേറ്റു പോയി.
അമ്മ പറയുന്നതിലും കാര്യമുണ്ട്. ഇത്രയും കാലം അച്ഛൻ തന്നെകാണുമ്പോഴെല്ലാം കാര്യങ്ങളന്വേഷിച്ചിരുന്നു, അമ്മയുടെ കാര്യമൊഴിച്ചു. ഒരിക്കൽപോലും അമ്മയെ കുറിച്ച് അന്വേഷിക്കയുണ്ടായിട്ടില്ല. തനിക്കു പഠനത്തിന് വേണ്ട ഫീസും മറ്റു ചിലവുകളും വസ്ത്രങ്ങളും എല്ലാം മേടിച്ചു തരുന്നതിൽ അച്ഛൻ ഒരു മുടക്കവും വരുത്തിയിട്ടില്ല. ഒറ്റ മകനാണല്ലോ. പക്ഷെ അച്ഛന് വേറെ
മക്കളുണ്ടാവുകയാണെങ്കിൽ, അമ്മ പറയുന്നതുപോലെ പഴയ നില തുടരണമെന്നില്ല.
വത്സലന്നു മനസ്സ് അസ്വസ്ഥമാകുന്നതുപോലെ തോന്നി. അച്ഛൻ എന്തിനിങ്ങനെ ഒരു തീരുമാനം എടുത്തു ?
അച്ഛന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും തന്റെ വശത്തുനിന്നുണ്ടായോ ? വെറുപ്പ് തോന്നാൻ എന്തെങ്കിലും കാരണം ?
ബിരുദം എടുത്തെങ്കിലും ഒരു ജോലി ഇതുവരെയായി ശരിയായിട്ടില്ല. ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ….
“പിന്നെ ഒരു കാര്യം …” പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ അമ്മ പിന്നിൽനിന്ന് പറഞ്ഞു .
തിരിഞ്ഞു നിന്നു.
ഒരു നിമിഷത്തെ മൗനത്തിനുശേഷം അമ്മ ബോംബ് പൊട്ടിച്ചു.
“പിന്നെ അയാൾ നിന്റെ അച്ഛനൊന്നുമല്ല .”
ഭൂമി ചുറ്റും കറങ്ങുന്നതുപോലെ തോന്നി.
“അമ്മ പറയുന്നത് …..” വാക്കുകൾ മെല്ലെ പുറത്തുവന്നു
“അതുതന്നെ. അയാൾ അല്ല നിന്റെ അച്ഛൻ .”
“ആരാണെന്റെ അച്ഛൻ ?”
“അതറിഞ്ഞിട്ട് ഇനി എന്തു കാര്യം ? അയാൾ മരിച്ചിട്ട് അഞ്ചട്ടു വർഷമായി .”
അമ്മ അകത്തേക്ക് കയറി പോയി.
വീട്ടിൽ നിന്ന് നിന്നിറങ്ങി നിരത്തിൽകൂടി നടക്കുമ്പോൾ എതിരെ വരുന്നവരെയോ പാർശ്വങ്ങളിൽ കൂടി സഞ്ചരിക്കുന്നവരെയോ ശ്രദ്ധിക്കയുണ്ടായില്ല.
കുറച്ചു ദൂരം ചെന്നപ്പോൾ പേര് വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി. കരുണൻ. അടുത്തകാലത്ത് കിട്ടിയ കൂട്ടുകാരനാണ്. അവനെ ഒഴിവാക്കണമെന്ന് പലരും ഉപദേശിച്ചിട്ടുള്ളതാണ്. ഒരു കാര്യത്തിനും അങ്ങോട്ട് പോയിട്ടില്ലല്ലോ . തുടർച്ചയായി കൂട്ടുകൂടാറുമില്ല. പിന്നെ എന്തിന് ഒഴിവാക്കണം?
“എവിടേക്കാ മിണ്ടാപൂച്ചയെപ്പോലെ പോണത് ?” ഒരു കുശലം.
“ങും ….” വെറുതെ മൂളി. അടുത്ത നിമിഷത്തിൽ തന്നെ അങ്ങനെ പറയേണ്ടായിരുന്നു എന്ന് തോന്നി. ഇനി നിവൃത്തിയില്ല.
ഒഴിഞ്ഞുവരുന്ന ഒരു ഓട്ടോ കരുണൻ കൈകാണിച്ചു നിറുത്തിച്ചു. കയറിയശേഷം തന്നെയും വിളിച്ചു കയറ്റി.
“എവിടേക്കാ ?”
“അതൊക്കെ പറയാം .ഒന്നും രണ്ടു ഫ്രണ്ട്സ് ഒരിടത്ത് കാത്തിരിപ്പുണ്ട് . ഒറ്റയ്ക്ക് പോകുന്നതിൽ ഒരു രസോം ഇല്ല. അതോണ്ടാ തന്നേം കൂട്ടീത്.”
ആളൊഴിഞ്ഞ ഒരിടത്ത് ഒരു കുടിലിന്നു മുമ്പിൽ ഓട്ടോ നിറുത്തി ഇരുവരും ഇറങ്ങി. കുടിലിന്നകത്തേക്ക് കയറി. രണ്ടുപേർ ഉണ്ടായിരുന്നു ഉള്ളിൽ. ഏറെക്കുറെ തന്റെ പ്രായം തന്നെ. കണ്ടാൽ നല്ല കുടുംബത്തിലെ അംഗങ്ങൾ തന്നെ.
“എന്തേ വൈകി? ” പെട്ടെന്ന് ചോദ്യം നിന്നു പോയി, തന്നെ കണ്ടതുകൊണ്ടാകണം . അപരിചിതൻ ആണല്ലോ.
“ഇതു വത്സലൻ, എന്റെ ഒരു അടുത്ത ഫ്രണ്ട് ആണ് .” കരുണൻ പരിചയപ്പെടുത്തി. “ഇത് പപ്പൻ, ഇത് ബിജു. നിന്നെപ്പോലെ തന്നെ എന്റെ ഫ്രണ്ട്സ്.”
പുതു ചങ്ങാതിമാർ തന്റെ സാന്നിധ്യത്തിൽ അല്പം അസ്വസ്ഥരായി കണ്ടു. കുറച്ചുനേരം നിശബ്ദത.
ബിജു കണ്ണുകൾ കൊണ്ട് കരുണന് ഒരു സന്ദേശം അയക്കുന്നത് വത്സലൻ കണ്ടു. അയാൾ വത്സലന്റെ നേരെ തിരിഞ്ഞു.
“നീ കുറച്ചുനേരം പുറത്തുനിൽക്ക്.”
വത്സലൻ പുറത്തേക്ക് ഇറങ്ങി.
പിറുപിറുത്തു കൊണ്ടുള്ള സംസാരം അകത്തുനിന്ന് കേൾക്കാം. ഒന്നും വ്യക്തമല്ല.
കരുണന്റെ കൂടെ വരേണ്ടായിരുന്നു. അവരെന്താണ് അകത്ത് ചെയ്യുന്നത് ? കുറച്ചു കഴിഞ്ഞ് കരുണൻ പുറത്തു വന്നു.
“വാ. പോകാം.” കരുണൻ മുമ്പിൽ നടന്നു. വത്സലൻ പിറകേയും .
“അവരെന്താണ് ചെയ്യുന്നത് ? അവർക്കെന്താ ജോലി ?” വത്സലൻ ചോദിച്ചു.
“അവർക്ക് കാര്യമായ ജോലിയൊന്നുമില്ല. അവർക്ക് അതിന്റെ ആവശ്യമൊന്നുമില്ല.”
“പണക്കാരാ ?”
“ങ്ഹാ. നീ തെറ്റിദ്ധരിക്കില്ലെങ്കിൽ പറയാം. മറ്റുള്ളവരുടെ പണി ചെയ്യുന്നവരാണവർ.”
“എന്നുവച്ചാൽ ?”
“പത്രക്കാർ കൊട്ടേഷൻ എന്ന് പറയും. ആർക്കെങ്കിലും ഒരാളെ സ്വന്തം വഴിയിൽ നിന്ന് മാറ്റിനിർത്തണമെന്നുണ്ടെങ്കിൽ പണം വാങ്ങി അവരതു ചെയ്യും.”
“അവർക്ക് പോലീസിനെ ഭയമില്ലേ ?’
“അവർക്കോ ? പോലീസിന് അവരെയാണ് ഭയം .”
“പക്ഷേ പോലീസിൽ പരാതിപ്പെട്ടാലോ ?”
“അതിനു പരാതിക്കാരൻ ജീവിച്ചിരുന്നിട്ട് വേണ്ടേ ?”
“എന്ത്, കൊല്ലുകയോ?” വത്സലന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“എന്താ സംശയം ?’
ആ രാത്രി എങ്ങനെ കഴിച്ചുകൂട്ടി എന്ന് പറയാനാവില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
പിറ്റേദിവസം പുലർന്നപ്പോഴേക്കും വത്സലന്റെ മനസ്സിൽ സംശയം ബാക്കിയുണ്ടായിരുന്നില്ല. അയാളെ വിവാഹത്തിനു മുമ്പ് വഴിയിൽ നിന്ന് ഒഴിവാക്കുക തന്നെ.
തീരുമാനത്തെ കുറിച്ച് അമ്മയോട് ഒന്നും സൂചിപ്പിച്ചില്ല. പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
കരുണനെ കണ്ടേ മതിയാവൂ.
വത്സലൻ കരുണനെ അന്വേഷിച്ച് നടന്നു. കണ്ടെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു.
മകൻ വന്നു കയറിയപ്പോൾ അമ്മ ആകെ പതറിപ്പോയി. ഇവന്ന് എന്തു പറ്റി ? രണ്ടു ദിവസമായി അവനെ കാണാനില്ലായിരുന്നു. മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. വസ്ത്രങ്ങൾ മുഷിഞ്ഞിരി ക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ശരിക്കു ഭക്ഷണം കഴിക്കയോ ഉറങ്ങുകയോ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു . നെറ്റിയിൽ മുടി ചിതറി കിടക്കുന്നു.
“നീ എവിടെയായിരുന്നു രണ്ടുദിവസമായിട്ട് ? നീയെന്നെ തീ തീറ്റിക്കയായിരുന്നല്ലേ? ” അവർ അവരുടെ തീവ്രമായ മനോനില പ്രകടിപ്പിച്ചു.
“അമ്മ എന്തിന് അതൊക്കെ അറിയണം ? ഞാൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ.’
“ഞാനിവിടെ ജീവനോടെ ഇരിക്കുന്നുവെന്ന വിചാരം ഉണ്ടോ നിനക്ക് ?”
ഇനി അമ്മയുടെ സംസാരം കേൾക്കാൻ വയ്യ.
“ചോറ് ഉണ്ടോ? വിശന്നിട്ടു വയ്യാതായിരിക്കുന്നു .”
വത്സലൻ കിണറ്റിൻ കരയിലേക്ക് നടന്നു. അത് നോക്കി അല്പനേരം നിന്നശേഷം അവർ അടുക്കളയിലേക്ക് കയറി.
കുളികഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോൾ മകൻ എന്തെങ്കിലും പറയുമെന്ന് കരുതി അമ്മ അവിടെ തന്നെ നിൽപ്പായി. അല്പനേരത്തിനുശേഷം ചോദിച്ചു :
“നീ എന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ?”
“അമ്മ ഒന്നു മിണ്ടാതിരിക്കുന്നോ ? എനിക്കല്പം സ്വൈരം വേണം .” കർക്കശമായിരുന്നു സ്വരം.
കൈ കഴുകിയശേഷം വത്സലൻ കിടപ്പുമുറിയിൽ കയറി വാതിലടച്ചു.
അമ്മയുടെ കണ്ണീർ അവൻ കാണാതിരുന്നില്ല.
കണ്ണടക്കുമ്പോൾ അച്ഛന്റെ ചോര ചീറ്റുന്ന, പിടയുന്ന ശരീരം കാണുന്നു. ഇതൊരിക്കലും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല, അച്ഛന്റെ അവസാനത്തെ രോദനവും.
“മോനേ, നീയോ ഇവരോടൊപ്പം …?”
നേരം വെളുക്കാറായിട്ടുണ്ടാകും കണ്ണടഞ്ഞപ്പോൾ.
വാതിൽക്കൽ ആരോ തട്ടുന്നത് കേട്ട് ഞെട്ടി ഉണർന്നു.
“വത്സലാ, വാതിൽ തുറക്ക്. ആരോ നിന്നെ അന്വേഷിച്ചു വന്നിരിക്കുന്നു.”
വത്സലൻ ഉറക്കച്ചടവോടെ എണീറ്റ് വാതിൽ തുറന്നു.
“എന്താ? ആരാ? “
“അറിയില്ല . പോലീസുകാരാണ് എന്നാ പറഞ്ഞത്. അവരെന്തിനാ നിന്നെ അന്വേഷിച്ചു വരുന്നത് ?”
മുഖത്ത് ഭയം കൊടിക്കുത്തി. വരാനുള്ളതിനെ വരവേൽക്കുകതന്നെ.
പുറത്തേക്കുള്ള വാതിൽ തുറന്നു. ഇളം നിലാവിൽ പോലീസുകാരുടെ തൊപ്പി കാണാം .
ഒരു പോലീസുകാരൻ മുഖത്തേക്ക് ടോർച്ച് അടിച്ചു.
“നീയാണോ വത്സലൻ ?”
“ഉം .”
” നടക്ക് സ്റ്റേഷനിലേക്ക്. ” അവർ അവനെ പുറത്തേക്കു വലിച്ചു. അമ്മ നിലവിളിച്ചു. “ബിജുവിനെ കയ്യിൽ കിട്ടിയപ്പോൾ അവനെല്ലാം മണിമണിയായി പറഞ്ഞു. അല്ലെങ്കി ഇവനെ കിട്ടുമായിരുന്നോ?”
പോലീസുകാരൻ നിലവിളിച്ചു കൊണ്ടിരുന്ന അമ്മയെ നോക്കി പറഞ്ഞു .” സ്വന്തം തന്തയെ വടിവാൾ കൊണ്ട് വെട്ടിക്കൊന്ന ഇവനേതാ മോൻ!”

By K V സത്യനാഥൻ
